Current Date

Search
Close this search box.
Search
Close this search box.

ന്യായാധിപനും കുറ്റവാളിയോടൊപ്പം വിമര്‍ശിക്കപ്പെടുന്നു

ഈജിപ്തില്‍ ക്രിസ്തുമതത്തെ നിന്ദിച്ച മുസ്‌ലിം പണ്ഡിതന് 11 വര്‍ഷവും അയാളുടെ മകന് 8 വര്‍ഷവും തടവ് വിധിച്ചു. അതേ സമയം ഇസ്‌ലാമിനെ നിന്ദിച്ച അധ്യാപികക്ക് പതിനായിരം പൗണ്ട് പിഴയാണ് ചുമത്തിയിരിക്കുന്നത്. ഈ രണ്ട് വിധികളും നല്‍കുന്ന സന്ദേശമെന്താണ്? ഇത്തരം ഒരു പകരം വീട്ടല്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, മുസ്‌ലിംകളും കോപ്റ്റിക് ക്രിസ്ത്യാനികളും പരസ്പരം വ്രണപ്പെടുത്തുകയും ആരോപണമുന്നയിക്കുകയും ചെയ്യുന്നതും ആഗ്രഹിക്കാത്തത് തന്നെയാണ്. ഇതര വിശ്വാസികളുടെ വിശ്വാസത്തെ ആക്ഷേപിക്കുന്നത് ഖുര്‍ആന്‍ തന്നെ വിലക്കിയിട്ടുള്ള കാര്യമാണ്. സൂറത്തുല്‍ അന്‍ആമിലെ 108-ാം സൂക്തം പറയുന്നത് പോലെ ‘അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാന്‍ അത് കാരണമായേക്കും’ എന്നെങ്കിലും പരിഗണിച്ച് ഉപേക്ഷിക്കേണ്ടതാണത്.

മതവിശ്വാസികള്‍ പരസ്പരം ആക്ഷേപിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നത് നമുക്കെല്ലാവര്‍ക്കും അപമാനമാണ്. സമൂഹത്തിന്റെ നിലവാര തകര്‍ച്ചയെയാണത് കാണിക്കുന്നത്. സമാധാനത്തോടെ ഒരുമിച്ച് ജീവിക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നാം മുസ്‌ലിം – ക്രിസ്ത്യന്‍ സംവാദത്തിന്റെ പാതയില്‍ വളരെ മുന്നോട്ട് പോയിരുന്നു. എന്നാല്‍ നാമിന്ന് അതിന് എതിര് പ്രവര്‍ത്തിക്കുയും പിന്നോട്ട് പോവുകയുമാണ്. ആക്ഷേപങ്ങളും മുസ്‌ലിം – കോപ്റ്റിക് ഏറ്റുമുട്ടലുകളും അതാണ് തെളിയിക്കുന്നത്.

വിഷയം വളരെ വൈകാരികവും സൂക്ഷമവുമാണെന്ന് എനിക്കറിയാം. കോപവും ആക്ഷേപവും മനസുകളെ അടച്ചുവെച്ചിരിക്കുകയാണ്. ഇരുപക്ഷത്തും പക്ഷപാതിത്വങ്ങളുണ്ടെന്നും അറിയാവുന്നതാണ്. എന്നാല്‍ ശാന്തതക്കും സമാധാനത്തിനും നേരെയുള്ള ഭീഷണികളെ നീക്കുന്നതില്‍ ഭൂരിപക്ഷത്തിനാണ് കൂടുതല്‍ ഉത്തരവാദിത്വമുള്ളത്. ഈജിപ്തില്‍ മുസ്‌ലിംകള്‍ക്കും കോപ്റ്റിക്കുകള്‍ക്കും ഇടയിളുള്ള ധ്രുവീകരണത്തെ അവഗണിക്കാനാവില്ല. ബുദ്ധിമാന്‍മാരും നിഷ്പക്ഷമതികളും പിന്‍വാങ്ങിയതിനനുസരിച്ച് തീവ്രവാദികളുടെ ശബ്ദം ഉയരുകയാണുണ്ടായത്. വംശീയ വിരോധങ്ങളും വിയോജിപ്പുകളും സാധ്യമായ രീതിയിലെല്ലാം കത്തിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്ന സംഘങ്ങളും അവിടെയുണ്ടെന്നത് നിഷേധിക്കാനാവില്ല.

വിഷയം ഉയര്‍ത്തികൊണ്ടു വരുന്നതിലും മുകളില്‍ പറഞ്ഞ വിധികളുടെ താരതമ്യവും നടത്താന്‍ ആദ്യം മടിച്ചു എന്ന കാര്യം മറച്ച് വെക്കുന്നില്ല. എന്നാല്‍ വൈകാരികമായ അന്തരീക്ഷത്തില്‍ വ്യാഖ്യാനങ്ങള്‍ക്കും തെറ്റിധാരണകള്‍ക്കും അത് കാരണമായേക്കും. 1985-ല്‍ ‘മുവാത്വിനൂന്‍ ലാ ദിമ്മിയൂന്‍’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടതിന് ശേഷമുള്ള കാല്‍നൂറ്റാണ്ടിലധികം കാലം കോപ്റ്റിക് ക്രിസ്ത്യാനികളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അത് കൈകാര്യം ചെയ്യാന്‍ എനിക്കാണ് മറ്റാരെക്കാളും സാധ്യമാവുകയെന്ന ചിന്തയുണ്ടായി. ക്രിസ്തുമതത്തെ നിന്ദിച്ചതിന്റെ പേരില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട അഹ്മദ് അബ്ദുല്ല (അബൂ ഇസ്‌ലാം)യുടെ സംഭവം ഞാന്‍ എഴുതിയതിന്റെ സ്വീകാര്യതക്കുള്ള മാര്‍ഗമായി ഉപയോഗപ്പെടുത്താനും വിചാരിക്കുന്നില്ല. ഖിബ്തികളെ എതിര്‍ക്കുക എന്നത് തന്റെ മുഖ്യ ചുമതലയായി സ്വീകരിച്ച ഒരു തീവ്രനിലപാടുകരനായിട്ടാണ് അദ്ദേഹത്തെ മനസിലാക്കുന്നത്. ‘കനീസത്തീ അല്‍-മിസ്‌രിയ’ എന്ന ഒരു മാസികയിലൂടെയായിരുന്നു ആദ്യ പോരാട്ടം. അതിന്റെ രണ്ടാം ഘട്ടമായിട്ടാണദ്ദേഹം ഒരു ടെലിവിഷന്‍ ചാനല്‍ അദ്ദേഹം തുടങ്ങുന്നത്. ഈ രണ്ട് പദ്ധതികള്‍ക്കും അയാള്‍ക്കെവിടെ നിന്ന് ഫണ്ട് ലഭിക്കുന്നു എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്ന കാര്യമാണ്.

കോപ്റ്റിക്കുകളുടെ അവകാശത്തില്‍ അദ്ദേഹം നടത്തിയ അതിക്രമത്തെ ന്യായീകരിക്കുകയോ പ്രതിരോധിക്കുകയോ അല്ല. അതിന്റെ പേരില്‍ അദ്ദേഹത്തിന് 11 വര്‍ഷവും മകന് 8 വര്‍ഷവും തടവ് ശിക്ഷ നല്‍കിയത് കൂടുതലാണെന്നാണ് എന്റെ വാദം. ന്യായാധിപന്‍ ഒരു വശത്തേക്ക് ചായ്‌വ് കാണിച്ചിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന വിധിയാണിത്. പ്രസ്തുത സഹോദരന്‍ ക്രിസ്ത്യാനികളോടും അവരുടെ വിശുദ്ധ ഗ്രന്ഥത്തോടും അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു എന്ന കാര്യം ഞാന്‍ ആവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്ന അത്. ഇസ്‌ലാമിനെ നിന്ദിച്ച അധ്യാപികക്ക് പതിനായിരം പൗണ്ട് പിഴ ചുമത്തിയതും സമാനമായ കുറ്റത്തിന് അബൂ സലാമിന് പതിനൊന്ന് വര്‍ഷം തടവ് വിധിച്ചിരിക്കുന്നതും പക്ഷപാത സമീപനത്തിന്റെ സൂചനയായിട്ടാണ് ഞാന്‍ കാണുന്നത്. കുറ്റവാളിയേക്കാള്‍ ജഡ്ജി വിമര്‍ശിക്കപ്പെടുന്ന ഒരു വിധിയാണിത്.

വിവ : നസീഫ് തിരുവമ്പാടി

Related Articles