Current Date

Search
Close this search box.
Search
Close this search box.

നേവീയാഡില്‍ നിന്നും പാകിസ്ഥാന്‍ വഴി കെനിയയിലേക്ക്

2013 സപ്തമ്പര്‍ ക്രൂരമായൊരു മാസമായിരുന്നു. യാദൃശ്ചികമായി, മൂന്നു ഭൂഖണ്ഡങ്ങളിലായി, മൂന്നു ഭീകരാക്രമണമാണതിലുണ്ടായത്. വാഷിംഗ്ടണ്‍ ഡി. സിയിലെ നേവിയാഡില്‍ 12 പേര്‍ വെടിയേറ്റ് മരിച്ച സംഭവവും, പാകിസ്താനില്‍, പെഷവാറിലെ ഒരു ചര്‍ച്ചില്‍, രണ്ട് ആത്മഹത്യാ ബോംബിങ്ങിലൂടെ, 75 പേര്‍ കൊല്ലപ്പെടുകയും 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മറ്റൊരു സംഭവവും, കെനിയയിലെ, നൈറോബിയില്‍, ഒരു ഷോപ്പിംഗ് മാള്‍ ആക്രമണത്തില്‍ 60 ലധികം പേര്‍ കൊല്ലപ്പെട്ട മൂന്നാമതൊരക്രമണവും നടന്നത് ഈ മാസത്തിലായിരുന്നു.

ഈ ആക്രമണങ്ങളും സമാനമായ മറ്റ് ആക്രമണങ്ങളും പ്രതിഷേധാര്‍ഹങ്ങളും നീതീകരിക്കാന്‍ പറ്റാത്തവയുമാണ്. ഒരേ നിലയില്‍ നടന്നതാകയാല്‍, അവയെ മനസ്സിലാക്കി പരിഹാരം കാണുന്നതിന്നും ഇല്ലായ്മ ചെയ്യുന്നതിന്നും, അവയുടെ സാഹചര്യങ്ങള്‍ വിലയിരുത്തുകയാവശ്യമാണ്.

മൂന്നും ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങളായിരിക്കെ, മൂന്നിനെയും ഭിന്ന തരങ്ങളായി തിരിക്കാന്‍ കഴിയുകയില്ല. വാഷിംഗ്ടണ്‍ ഡി. സിയിലെ നേവിയാഡില്‍ കൂട്ടക്കുരുതി നടത്തിയത് ആര്‍സോണ്‍ അലക്‌സിസ് എന്നയാളാണ്. ഏകാകിയായി, തോക്കെടുത്ത് ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ഒരു പ്രവണത അമേരിക്കന്‍ സമൂഹത്തില്‍ ഇന്ന് സുരിചിതമാണ്. ജൂഗുപ്‌സാവഹമായ ഈ പ്രവണതയുടെ ഒരു മാതൃകയത്രെ അലക്‌സിസ്. ഇയാളുടെ പ്രവര്‍ത്തിക്കു പിന്നില്‍, യുക്തിപരമോ, രാഷ്ട്രീയമോ, സാമൂഹികമോ, മതപരമോ ആയ യാതൊരു വാദഗതികളുമില്ല. തികച്ചും ആക്ഷേപാര്‍ഹമെങ്കിലും, മാനസികാസ്വസ്ത്യമുള്ള ഒരു താന്തോന്നിയുടെ പ്രവൃത്തി മാത്രമായാണ് വിശദീകരിക്കപ്പെടുന്നത്. അമേരിക്ക ശരിയായ വെളിപ്പെടുത്തലുകള്‍ നടത്തി. പ്രസിഡണ്ട് ശരിയായ വാക്കുകള്‍ പറയുകയും ചെയ്തു. അതോടെ എല്ലാം കഴിഞ്ഞു.

എന്തെങ്കിലും ഭീകരബന്ധമുണ്ടോ എന്ന് മണത്തു നോക്കിയ അമേരിക്കന്‍ മീഡിയകള്‍, ഒന്നും കണ്ടെത്താന്‍ കഴിയാതായപ്പോള്‍, നേവിയാഡിലെ സംഭവം വിവരിച്ചപ്പോള്‍, ‘ഭീകരത’ എന്ന വാക്കുപയോഗിച്ചില്ല. മുസ്‌ലിം ആക്രമണത്തിന്റെ ഒരു ഷോര്‍ട്ട് ഹാന്റായി തീര്‍ന്നിരിക്കുകയാണല്ലോ, ദൗര്‍ഭാഗ്യവശാല്‍, ‘ഭീകരത’ എന്ന പദം. ഇത്തരം ഒരു കൃത്യം നിര്‍വഹിക്കുന്ന മുസ്‌ലിമില്‍ നിന്നും വ്യത്യസ്തമായി, അലക്‌സിന്റെ മുന്‍ മതമായ ക്രിസ്തുമതത്തിന്റെയോ, ഇപ്പോഴത്തെ മതമായ ബുദ്ധമതത്തിന്റെയോ, വിശുദ്ധ ഗ്രന്ഥങ്ങളിലൂടെയും വാക്യങ്ങളിലൂടെയും, ‘ഭീകരത’ നിര്‍ഗ്ഗളിക്കുന്നത് കാുന്നില്ല. അതിനാല്‍, അയാളുടെ മനോരോഗത്തിന്റെയും ചിത്തഭ്രമത്തിന്റെയും ചരിത്രമാണ് അവര്‍ സൂചിപ്പിച്ചത്. ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക, ഒരു സൂക്ഷ്മതരംഗ ഉപകരണവുമായി ഒരാള്‍ തന്നെ പിന്തുടരുന്നുവെന്ന വാദം തുടങ്ങിയവയുടെ റിപ്പോര്‍ട്ടുകളായിരുന്നു ഉദാഹരണം.

നൈറോബിയിലും പെഷവാറിലും സംഭവച്ചത് തികച്ചും വ്യത്യസ്തമായിരുന്നു. ഗോത്രപ്രദേശങ്ങളില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തിന്നു പ്രതികാരമായാണ്, ആള്‍ സെയ്ന്റ്‌സ് ചര്‍ച്ചില്‍ തങ്ങള്‍ ആത്മഹത്യാ ബോംബിംഗ് നടത്തിയതെന്നായിരുന്നു, പെഷവാര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത ത്വാലിബാന്‍ വ്യക്തമാക്കിയത്. ‘ഡോണ്‍ ആക്രമണം നിറുത്തിയിട്ടില്ലെങ്കില്‍, സന്ദര്‍ഭം കിട്ടുമ്പോഴെല്ലാം തങ്ങളുടെ ആക്രമണം തുടരുമെ’ന്നാണ് ത്വാലിബാന്‍ പറയുന്നത്. തെക്കന്‍ സോമാലിയയുടെ നിയന്ത്രണത്തില്‍ നിന്നും അശ്ശബാബിനെ ഇല്ലായ്മ ചെയ്യാനായി, 2011 ല്‍, കെനിയ നടത്തിയ സൈനികാക്രമണത്തിന്റെ പ്രതികരണമായാണ്, നൈറോബിയിലെ വെസ്റ്റ് ഗേറ്റ് മാള്‍ തങ്ങള്‍ ആക്രമിച്ചതെന്ന്, അക്രമികളായ അശ്ശബാബ് പറയുന്നു. സ്ഥലത്ത് കെനിയന്‍ സേന ഇപ്പോഴും താവളമടിച്ചിരിക്കുകയാണ്. ‘ഒന്നുകില്‍ ഞങ്ങളുടെ നാട് വിടുക, അല്ലെങ്കില്‍ സ്ഥിരമായ അക്രമണങ്ങള്‍ സഹിച്ചു ജീവിക്കുക.’ ഒരു അശ്ശബാബ് വക്താവ് പറഞ്ഞു.

ആഭിജാത്യ നീതി ശാസ്ത്രമുള്ള പക്തൂണ്‍, സോമാലി ഗോത്ര സമൂഹങ്ങളില്‍ നിന്നും ഉയിരെടുത്തവരാണ്, ത്വാലിബാനും അശ്ശബാബും. മതമായിരുന്നില്ല, പ്രത്യുത, ഗോത്രസമൂഹത്തിന്റെ ഒരു ഉള്‍പരിവര്‍ത്തനമായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം. ‘ഭീകര നിപുണര്‍’ ഖുര്‍ആന്‍ സൂക്തങ്ങള്‍ ചൂണ്ടിക്കൊണ്ട്, വിപല്‍ സൂചനകള്‍ നല്‍കുന്നുണ്ടെങ്കിലും, പ്രതികാരത്തിലൂന്നിയ അവരുടെ അക്രമ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ, യഥാര്‍ത്ഥത്തില്‍, തങ്ങളുടെ ഗോത്രപരവും ഇസ്‌ലാമികവുമായ പാരമ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്.

ഇത്തരം ആക്രമണങ്ങളെ തള്ളിക്കളയുന്ന ഇസ്‌ലാം, പരമാവധി അനുകമ്പയോടെ വര്‍ത്തിക്കാന്‍ മുസ്‌ലിംകളോട് ആഹ്വാനം നടത്തുന്നു. ഖലീഫ അബൂബക്കര്‍ സമര്‍പ്പിച്ച യുദ്ധ നിയമങ്ങളില്‍, നിപരാധികളെ വധിക്കുന്നത് നിരോധിച്ചിട്ടുണ്ട്. അത് പോലെ, ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണത്തെ പ്രവാചകന്‍ വ്യക്തമായി അധിക്ഷേപിച്ചിട്ടുണ്ട്. സീനായിലെ, സെയന്റ് കാഥറൈന്‍സ് മൊണാസ്റ്ററിക്കയച്ച ഒരു കത്തില്‍, അവരുടെ മതാലയം ആരും നശിപ്പിക്കുകയില്ലെന്നും, അതിന്‍നിന്നും ഒന്നും തന്നെ മുസ്‌ലിം ഭവനങ്ങളിലേക്കെടുത്തു കൊണ്ടു പോവുകയില്ലെന്നും പ്രവാചകന്‍ എഴുതിയിരുന്നു. പെഷവാറിലും നൈറോബിയിലും നടന്ന ആക്രമണങ്ങളും ഇസ്‌ലാമും തമ്മില്‍ യാതൊരു ബന്ധവുമില്ല. പ്രത്യുത, കേന്ദ്ര ഭരണവും ഗോത്രപ്രദേശവും തമ്മിലെ ബന്ധ വിച്ഛേദമായിരുന്നു.

ഗോത്രപ്രദേശങ്ങളുടെ അഡ്മിനിസ്‌ട്രേറ്റീവ് ഘടന പെളിച്ചു മാറ്റല്‍, 2004 ല്‍ ആരംഭം കുറിച്ച പാകിസ്ഥാന്‍ സൈനികാക്രമണം – അഫ്ഘാനിസ്ഥാനിലെ അമേരിക്കന്‍ ആക്രമണത്തില്‍ നിന്നും അതിര്‍ത്തി പ്രദേശത്തേക്ക് ഒളിച്ചോടിയ തീവ്രവാദികളെ പിടികൂടാനായിരുന്നു ഇത് – എന്നിവ മുതല്‍, കേന്ദ്രവും ഗോത്ര പ്രദേശവും തമ്മിലുള്ള ബന്ധം, ഭീകരവും ഇടക്കിടയിലുള്ളതുമായ ആക്രമണങ്ങളാല്‍ വഷളായിരുന്നു. അതേ വര്‍ഷം തന്നെ പരിചയപ്പെടുത്തപ്പെട്ട ഡോണ്‍ ആക്രമണമാകട്ടെ, സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനെ സഹായകമായുള്ളു. ഗോത്ര പ്രദേശങ്ങളില്‍ നിന്ന് ഉദയം കൊണ്ട ത്വാലിബാന്‍ ഗ്രൂപ്പുകള്‍ ആക്രമണത്തിന്നുള്ള പ്രതികാരത്തിന്ന് മാരകമായ ആത്മഹത്യാ ബോംബിംഗാണ് ആശ്രയിച്ചത്. രാജ്യത്തെ രൂക്ഷതയില്ലാത്ത, നിരപരാധികള്‍, ന്യൂനപക്ഷവിഭാഗങ്ങള്‍, ശീഈ, അഹ്മദിയ്യാ തുടങ്ങിയ മറ്റു വിഭാഗങ്ങള്‍ എന്നിവരെ അവര്‍ ഉന്നം വെക്കുകയായിരുന്നു. അത് പോലെ, സിയാദ് ബറെയുടെ പതനത്തോടെ, 1990 കളില്‍ നടന്ന സോമാലി സിവില്‍ യുദ്ധത്തിന്റെ കാലുഷ്യത്തില്‍ നിന്നും ഉടലെടുത്ത അശ്ശബാബും, ആത്മഹത്യാ ബോംബിംഗിലൂടെ, നിരപരാധികളെ, വലിയ തോതില്‍ ഉന്നം വെക്കുകയുണ്ടായി. 2010 ല്‍, ഉഗാണ്ടയിലെ കമ്പാലയില്‍ നടന്ന ബോംബിംഗ് ഇതില്‍ പെടുന്നു. സോമാലിയയില്‍ നടന്ന ഉഗാണ്ടന്‍ സൈനികാക്രമത്തിന്റെ പ്രതികാരമായി നടത്തിയ ഇതില്‍ 74 പേരാണ് വധിക്കപ്പെട്ടത്.

മിക്കവാറും സ്റ്റേറ്റ് ഘടനക്കപ്പുറത്തുള്ള, ഗോത്ര സമൂഹങ്ങളിലെ പ്രതികാര പ്രയോഗം, പ്രത്യക്ഷമായ ഒരനീതിയെ തിരുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു നിശ്ചിത പ്രതികരണമാണ്. ‘കണ്ണിന്നു പകരം കണ്ണ്’ എന്ന ബൈബിള്‍ വാക്യം പോലെ, കണിശമായ വിധിവിലക്കുകളുള്ള നിയമങ്ങള്‍ അതിന്നുണ്ട്. പലപ്പോഴും, ആക്രമണ മാര്‍ഗ്ഗം അവലംബിക്കാതെ തന്നെ, സംഘര്‍ഷത്തിന്ന് മാധ്യസ്ഥം വഹിക്കാന്‍ ഗോത്ര നേതാക്കള്‍ക്കും മതനേതൃത്വത്തിന്നും കഴിയും. പക്ഷെ, ഒരു പതിറ്റാണ്ട് കാലത്തോളം നടന്ന സൈനികാക്രമണങ്ങള്‍, ഡ്രോ്ണ്‍ ആക്രമണം, ആത്മഹത്യാ ബോംബിംഗുകള്‍ എന്നിവയാല്‍ ഇടിച്ചു തകര്‍ക്കപ്പെട്ട ശേഷം, നീതിയുടേതായ ഈ പാരമ്പര്യ മാര്‍ഗ്ഗം തിരോധാനം നടത്തിക്കഴിഞ്ഞു. അക്രമികള്‍ ചാട്ടവാര്‍ ചുഴറ്റി പ്രതികാരം ചെയ്യുന്നു. ഭരണകൂടമാകട്ടെ, മൃഗീയമായി പ്രതികരിക്കുകയും ചെയ്യുന്നു. കേന്ദ്രത്തിന്നും ഗോത്രത്തിന്നുമിടയിലെ, ഈ അതിവേഗ ചക്രഗതിയാണ്, സമാധാനം കണ്ടെത്തുന്നതിന്നു മുമ്പ് നിറുത്തല്‍ ചെയ്യേണ്ടത്.

നിയമവ്യവസ്ഥിതികളുടെ ചുമതലക്കാര്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നത് വരെ, ദൗര്‍ഭാഗ്യവശാല്‍, ഇത്തരം കൃത്യങ്ങള്‍, ഭാവിയിലും നാം കണ്ടുകൊണ്ടിരിക്കും.

വിവ : കെ.എ. ഖാദര്‍ ഫൈസി
അവലംബം : The Washington Post

Related Articles