Current Date

Search
Close this search box.
Search
Close this search box.

നെതന്യാഹുവും വാലാട്ടികളുമാണ് പരാജയപ്പെട്ടത്

ഗസ്സയും അതിന്റെ പ്രതിരോധവും വിജയിച്ചിരിക്കുന്നു. ലോകത്തിന്റെ വെറുപ്പ് മാത്രം സമ്പാദിച്ച് ഇസ്രയേല്‍ പരാജിതരായി അവിടെ നിന്ന് പിന്‍വാങ്ങിയിരിക്കുന്നു. അവരുടെ ആക്രമണത്തില്‍ മൗനം പാലിച്ച് അതിന് കൂട്ടുനിന്ന മുഴുന്‍ അറബികള്‍ക്കും കൂടി അവകാശപ്പെട്ടതാണ് ഈ പരാജയം. തങ്ങളുടെ മനസാക്ഷിയെയും സഹോദരങ്ങളെയും വിറ്റവരാണവര്‍. അവരുടെ അവസ്ഥ യേശുവിനെ ഒറ്റിക്കൊടുത്ത ജൂദാസിന്റേതാണ്. എന്നാല്‍ അക്രമിയായ അധിനിവേശകന് ദീനാറും ദിര്‍ഹമും നല്‍കിയായിരുന്നു എന്ന് മാത്രം.

വെടിനിര്‍ത്തലിന് മുമ്പ് കുട്ടികളോട് പോലും നെതന്യാഹു കാരണ്യം കാണിച്ചിട്ടില്ല. അവര്‍ കഴിഞ്ഞ സ്‌കൂളുകളും ആശുപത്രികളും വരെ ആക്രമിച്ചു. ഭീരുക്കളായ അവര്‍ തങ്ങളോട് യുദ്ധം ചെയ്യുന്ന പോരാളികളെയല്ല കണ്ടത്. തങ്ങള്‍ക്ക് നേരെ വരുന്ന റോക്കറ്റുകളുടെ കേന്ദ്രങ്ങളോ ലിസ്റ്റ് ചെയ്ത ലക്ഷ്യങ്ങളോ അവര്‍ക്ക് കണ്ടെത്താനായില്ല.

സൈനിക ശക്തിയില്‍ ലോകത്ത് നാലാം സ്ഥാനത്തുള്ള ഇസ്രയേല്‍ സൈന്യത്തിന് ഗസ്സയില്‍ ഒരു മീറ്റര്‍ പോലും മുന്നോട്ട് നീങ്ങാന്‍ സാധിച്ചില്ല. ഇസ്രയേല്‍ വലിയ പെരുമ നടിക്കുന്ന മിര്‍ക്കാവ് ടാങ്കുകളോ മറ്റ് സംവിധാനങ്ങളോ അവരെയതിന് തുണച്ചില്ല. പേടിയും ഭയവും അവിടെ പ്രവേശിക്കുന്നതില്‍ നിന്ന് അവരെ തടഞ്ഞു. കാരണം ഏത് ഭാഗത്ത് നിന്നാണ് ധീരരായ പോരാളികളുടെ കരിങ്കല്‍ ചീളുകളും വെടിയുണ്ടകളും വരുന്നതെന്ന് അവര്‍ക്ക് അറിയില്ല. തങ്ങള്‍ പഠിച്ചിറങ്ങിയത് ‘വെസ്റ്റ്‌പോയന്റ’, അമേരിക്കയുടെ ‘സാന്‍ഡ്‌ഹേസ്റ്റ്’ പോലുള്ള പാശ്ചാത്യ സൈനിക അക്കാഡമികളില്‍ നിന്നാണെന്ന് അഭിമാനം കൊള്ളുന്ന അറബ് സൈന്യത്തിലെ ജനറല്‍മാരെയും സൈന്യാധിപന്‍മാരെ നമുക്ക് കാണാം. പേടിയും ഭയവും മാത്രമാണ് അവരെ പഠിപ്പിച്ചിട്ടുള്ളത്. ഇസ്രയേല്‍ ഒരിക്കലും പരാജയപ്പെടില്ല എന്നും അവിടെ അവരെ ചൊല്ലിപ്പഠിപ്പിച്ചു.

എന്നാല്‍ ഗസ്സയില്‍ പോരാളികള്‍ പഠിച്ചിറങ്ങിയത് അന്തസിന്റെയും പ്രതാപത്തിന്റെ ദൈവവിശ്വാസത്തിന്റെയും അക്കാദമികളില്‍ നിന്നാണ്. അല്ലാഹുവിന്റെ ശക്തിയില്‍ വിശ്വസിക്കുന്ന അവരുടെ വിജയം രക്തസാക്ഷിത്വമാണ്. നശ്വരമായ ഈ ലോകത്ത് നിന്നും അനശ്വരമായ ലോകത്തേക്കാണ് അവര്‍ ഉറ്റുനോക്കുന്നത്. അവര്‍ തേടുന്നത് ശഹാദത്തിലേക്കുള്ള കുറുക്കുവഴികളും. അത് നേടാനാണ് അവര്‍ യുദ്ധം ചെയ്യുന്നത്. അവരുടെ അന്തസും പദവിയും ഉയരുന്നതിന്റെ കാരണവും ഇത് തന്നെ. അതേസമയം മറ്റുള്ളവര്‍ നിന്ദ്യതയും അപമാനവുമാണ് ഏറ്റുവാങ്ങുന്നത്.

ഇക്കാലത്തിനിടക്ക് ശക്തമായ ഒരു അറബ് സൈന്യത്തെയും നേരിടാത്ത നെതന്യാഹുവാണ് പരാജയപ്പെട്ടിരിക്കുന്നു. നെതന്യാഹു പരാജയപ്പെട്ടിരിക്കുന്നു, കാരണം ഖസ്സാമിന്റെയും ഖാലിദ് ബിന്‍ വലീദിന്റെയും സലാഹുദ്ദീന്‍ അയ്യൂബിയുടെയും അബൂഉബൈദത്തുല്‍ ജര്‍റാഹിന്റെയും താരിഖ് ബിന്‍ സിയാദിന്റെയും പേരക്കുട്ടികളുടെ പേരകുട്ടികളോടാണയാള്‍ യുദ്ധം ചെയ്തത്. ചരിത്രത്തില്‍ വലിയ ധീരതയുടെയും മനുഷ്യത്വത്തിന്റെയും വിശ്വാസത്തിന്റെയും വിജയത്തിന്റെയും കവാടങ്ങള്‍ തുറന്ന അവരെല്ലാം അറബ്-മുസ്‌ലിം പ്രതീകങ്ങളാണ്. വിജയം നേടുന്നത് വരെ അവര്‍ പോരാടി അല്ലെങ്കില്‍ അതിന് വേണ്ടി രക്തസാക്ഷികളായി. രണ്ടവസ്ഥയിലും അവര്‍ക്ക് വിജയം തന്നെയായിരുന്നു.

ചെറുത്തുനില്‍പിന്റെ നാലാഴ്ച്ചക്കിടയില്‍ ഗസ്സക്കാര്‍ നിലവിളിച്ചിട്ടില്ല. വെടിനിര്‍ത്തലിന് വേണ്ടി യാചിച്ചിട്ടുമില്ല. അവരുടെ കീഴടങ്ങലാണ് ചില അറബികളും കാത്തിരുന്നത്. എന്നാല്‍ അഭിമാനികളായ അവര്‍ അല്ലാഹുവല്ലാത്ത ആരുടെയും സഹായം തേടിയില്ല. കോടിക്കണക്കിന് ഡോളറുകള്‍ മുടക്കി തയ്യാറാക്കിയ സൈന്യം അവര്‍ക്ക് നിസ്സാരമായിരുന്നു. അവരുടെ റോക്കറ്റുകള്‍ ഉയന്ന് തന്നെ നില്‍ക്കുകയാണ്. പോരാളികളുടെ സ്ഥൈര്യവും ഒട്ടും ചോര്‍ന്നിട്ടില്ല. അടുത്ത യുദ്ധത്തിനായി കാത്തുനില്‍ക്കുകയാണവര്‍. തീര്‍ച്ചയായും അതുണ്ടാകും, എന്നാല്‍ എപ്പോള്‍ എന്നതില്‍ മാത്രമേ ചോദ്യമുള്ളൂ. കല്ലും മണ്ണും മാത്രമാണ് തകര്‍ക്കപ്പെട്ടത്, എന്നാല്‍ അവരുടെ മനസ്സുകള്‍ വിശ്വാസവും വിജയത്തിലുള്ള പ്രതീക്ഷയും രക്തസാക്ഷിത്വത്തോടുള്ള ദാഹത്താലും നിറഞ്ഞുനില്‍ക്കുകയാണ്.

മറുവശത്ത് ഇസ്രയേല്‍ കുടിയേറ്റക്കാര്‍ ജീവിക്കുന്നത് ഭയപ്പോടോട് കൂടിയാണ്. കഴിഞ്ഞ അറുപതിലേറെ വര്‍ഷത്തിനിടയില്‍ അങ്ങനെയല്ലാതെ അവര്‍ക്ക് ജീവിക്കാന്‍ സാധിച്ചിട്ടില്ല. കൊച്ചുപ്രദേശമായ ഗസ്സയും പോരാളികളുമാണ് അവരെ അസ്വസ്ഥപ്പെടുത്തുന്നത്. ധീരന്‍മാരായിട്ടാണ് അവിടത്തെ ആണ്‍കുട്ടികള്‍ ജനിക്കുന്നത്. അവിടത്തെ ഉമ്മമാര്‍ മക്കളെ ഊട്ടുന്നത് ധീരതയുടെയും അന്തസിന്റെയും നെഞ്ചുറപ്പിന്റെയും മുലപ്പാലാണ്. ഇന്ന് പല അറബ് നേതാക്കളുടെയും അവരുടെ സൈനിക മേധാവികളുടെയും നിഘണ്ടുവില്‍ നിന്ന് കൈമോശം വന്ന വാക്കുകളാണവ. ധീരമായ പോരാട്ടത്തിന്റെ അക്ഷരങ്ങളും ചിത്രങ്ങളും തീര്‍ത്ത നമ്മുടെ സഹോദരങ്ങളെയും സഹോദരിമാരെയും കുഞ്ഞുമക്കളെയും വളരെ അഭിമാനത്തോടെ സ്മരിക്കുകയാണ്.

ഇസ്രയേലിന് ഗസ്സയില്‍ അധിനിവേശം നടത്താനായില്ല. അവര്‍ക്കതിന് സാധിക്കുകയുമില്ല. അവരുടെ കരയുദ്ധമെന്നത് കള്ളപ്രചരണം മാത്രമായിരുന്നു. അവരുടെ അമേരിക്കന്‍ നിര്‍മിത വിമാനങ്ങള്‍ കുട്ടികളെ മാത്രമാണ് കൊന്നൊടുക്കിയത്. ഒരൊറ്റ റോക്കറ്റ് വിക്ഷേപണ കേന്ദ്രം പോലും അവര്‍ക്ക് തകര്‍ക്കാനായില്ല. ധാര്‍മിക മൂല്യങ്ങളുടെ ഏറ്റവും ഉന്നതമായ മാനദണ്ഡങ്ങളാണ് സ്വീകരിക്കുന്നതെന്ന് അവകാശപ്പെടുന്ന സൈന്യം – അവരെ പിന്തുണക്കുന്ന പാശ്ചാത്യരും പിന്തുണക്കുന്നവരും ഇത്തരത്തില്‍ വിശേഷിപ്പിക്കുന്ന – കുട്ടികളെയല്ലാതെ കൊന്നൊടുക്കിയിട്ടില്ല. അവര്‍ തകര്‍ത്തത് വിഗലാംഗ കേന്ദ്രവും ആശുപത്രികളും സ്‌കൂളുകളുമാണ്. എന്നാല്‍ അവരോട് പൊരുതുന്ന ‘ഭീകരന്‍മാര്‍’ സൈനികരെയല്ലാതെ ആരെയും വധിച്ചിട്ടില്ല. മിര്‍ക്കാവ് ടാങ്കുകളല്ലാത്ത മറ്റൊന്നും അവര്‍ തകര്‍ക്കുകയും ചെയ്തില്ല. ഉന്നതമായ മൂല്യങ്ങളിലും ധാര്‍മികതയിലുമുള്ള വ്യത്യാസത്തിന്റെ വിടവാണ് നാമതില്‍ കാണുന്നത്. ഗസ്സയുടെ വിജയത്തിന്റെയും ശത്രുവിന്റെ പരാജയത്തിന്റെയും രഹസ്യം അതുതന്നെ.

പ്രതിരോധ നേതാക്കള്‍ പേരുകള്‍ ചേര്‍ത്ത് നെതന്യാഹു തയ്യാറാക്കിയ ഹിറ്റ്‌ലിസ്റ്റ് എവിടെപ്പോയെന്നാണ് നാമിപ്പോള്‍ ചോദിക്കുന്നത. അവരെല്ലാം ഇന്നും ജീവനോടെ ചെറുത്ത് നില്‍ക്കുന്നു. ചെറുത്തുനില്‍പിന്റെ സൂത്രധാരന്‍ മുഹമ്മദ് ദൈഫ്, ഇസ്മാഈല്‍ ഹനിയ്യ, മഹ്മൂദ് സഹാര്‍, ഖലീല്‍ അല്‍-ഹയ്യ ഇങ്ങനെ വിവിധ പോരാട്ട ഗ്രൂപ്പുകളുടെ നേതാക്കളുടെ വലിയൊരു ലിസ്റ്റ് തന്നെയുണ്ടായിരുന്നല്ലോ… അവരെല്ലാം പുതിയ പാഠങ്ങളും തന്ത്രങ്ങളും പഠിച്ചു കൊണ്ടിരിക്കുകയും അടുത്ത യുദ്ധത്തിന് ശേഷി ആര്‍ജ്ജിക്കുകയുമാണ്.

ഗസ്സക്കാരേ നിങ്ങള്‍ക്ക് നന്ദി.. ഇത് ഞങ്ങളുടെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളാണ്. ഞങ്ങളുടെ തലഉയര്‍ത്തിപ്പിടിക്കാന്‍ സഹായിച്ച ധീരപോരാളികളേ നിങ്ങള്‍ക്ക് നന്ദി… രക്തസാക്ഷികളും പരിക്കേറ്റവരുമായവരുടെ ഉമ്മമാരേ.. ഉപ്പമാരേ നിങ്ങള്‍ക്ക് നന്ദി… ശത്രുവിനോടൊപ്പം കൂടിയ ഇപ്പോഴും അവര്‍ക്കൊപ്പം നില്‍ക്കുന്ന നാണമില്ലാത്തവരേ.. എല്ലാ പ്രതാപവും ഈ സമുദായത്തിനും ആദര്‍ശത്തിനും അവകാശപ്പെട്ടതാണ്.

വിവ : അഹ്മദ് നസീഫ്

Related Articles