Current Date

Search
Close this search box.
Search
Close this search box.

നമ്മുടെ നയതന്ത്ര കാഴ്ച്ചപാടിലെ അട്ടിമറി

യമനില്‍ ഓപറേഷന്‍ ഡെസിസീവ് സ്റ്റോം ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് ഞാന്‍ അതിനെ കുറിച്ച് വിവരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വിഷയത്തിലേക്ക് ഞാന്‍ ഇറങ്ങാതിരുന്നത് ബോധപൂര്‍വം തന്നെയായിരുന്നു. കാരണം ആ രംഗം ഉള്‍ക്കൊള്ളാന്‍ എനിക്ക് സാധിച്ചിരുന്നില്ല. നമ്മുടെ രാഷ്ട്രീയ മാധ്യമ ചുറ്റുപാടില്‍ നടക്കുന്നത് യാഥാര്‍ത്ഥ്യമാണെന്ന് ഉള്‍ക്കൊള്ളാന്‍ പോലും പരിഭ്രമം എന്നെ അനുവദിച്ചില്ല. ഇതൊരു സ്വപ്‌നമാണോ യാഥാര്‍ഥ്യമാണോ എന്ന് ദീര്‍ഘനേരം കൈകള്‍ പരസ്പരം കൂട്ടിത്തിരുമ്മി സ്വന്തത്തോട് ഞാന്‍ ചോദിച്ചു.

ശറമുശ്ശൈഖില്‍ അറബ് ഉച്ചകോടി ചേരുന്നതിന് ഒരു ദിവസം മുമ്പ് മാര്‍ച്ച് 27-ന് ഈജിപ്ഷ്യന്‍ പത്രമായ ‘അത്തഹ്‌രീര്‍’ ഇപ്രകാരം വിവരിച്ചു: മാര്‍ച്ച് 25 ബുധനാഴ്ച്ച കെയ്‌റോ യൂണിവേഴ്‌സിറ്റിയുടെ മീഡിയ ഫാക്കല്‍റ്റിയില്‍ ബിരുദാനന്തര ബിരുദ പ്രബന്ധങ്ങള്‍ക്ക് മേല്‍ ചര്‍ച്ച നടക്കാന്‍ നിശ്ചയിച്ചിരുന്നു. ‘ഇസ്രയേലിന്റെ പൊതു നയതന്ത്രം’ എന്നതാണ് വിഷയം. ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡീയകളില്‍ പ്രസിദ്ധപ്പെടുത്തിയ കാര്യങ്ങളെ അപഗ്രഥനം നടത്തിയാണ് ആലാഅ് ഫഹ്മിയെന്ന ഗവേഷക പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. ഇസ്രയേല്‍ രാഷ്ട്രീയ അഭിസംബോധനകളിലെ കാപട്യവും ശത്രുതയും വെളിപ്പെടുത്തുന്ന തരത്തിലുള്ള പഠനമായിരുന്നു അത്. സ്വന്തത്തെ മഹത്വവല്‍കരിക്കുന്നതിനും അപരരെ വികൃതമായി ചിത്രീകരിക്കുന്നതിനും ഇസ്രയേല്‍ രാഷ്ട്രീയക്കാര്‍ സ്വീകരിക്കുന്ന ശൈലികള്‍ക്കായിരുന്നു ഗവേഷക ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഇന്നത്തെ അവസ്ഥയില്‍ അവര്‍ക്ക് അപരര്‍ ഫലസ്തീനികളും മുഴുവന്‍ അറബികളുമാണ്.

ഇസ്രയേലിനോട് അനുഭാവം പുലര്‍ത്തുന്നതോ സന്ധിയാവുന്നതോ ആയിരുന്നില്ല പ്രബന്ധം. അതിനാലായിരിക്കാം നിലവിലെ ഈജിപ്ഷ്യന്‍ ചുറ്റുപാടില്‍ ഒഴുക്കിനെതിരെയുള്ള നീന്തലായിട്ടാണ് ഫാക്കല്‍റ്റി ഡീന്‍ അതിനെ കണ്ടത്. യൂണിവേഴ്‌സിറ്റികളും അക്കാദമിക രംഗത്ത് നേതൃത്വം നല്‍കുന്നവരും സുരക്ഷാ കാര്യങ്ങള്‍ക്കും നിലവിലെ രാഷ്ട്രീയ സാഹചര്യവുമായി താദാത്മ്യപ്പെടുന്നതിനും വലിയ പ്രധാന്യം നല്‍കിയിരുന്നു എന്നത് തന്നയാണതിന് കാരണം. അതുകൊണ്ട് തന്നെ നേരത്തെ നിശ്ചയിച്ച സമയത്ത് അത് ചര്‍ച്ച ചെയ്യാന്‍ അവര്‍ വിസമ്മതിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നാണ് പത്രം അതിനെ കുറിച്ച് എഴുതിയത്. അക്കാരണത്താല്‍ ബന്ധപ്പെട്ടവരെ (സുരക്ഷാ വിഭാഗത്തെ) കാണിച്ചതിന് ശേഷം മാത്രമേ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാവൂ!

ബാലിശവും പരിഹാസ്യവുമായ ഈ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും ദേശീയ സുരക്ഷയെ ഒരു തരത്തിലും അത് ബാധിക്കുന്നില്ലെന്നും ബോധ്യപ്പെടുത്തുന്നതിനായി കെയ്‌റോ യൂണിവേഴ്‌സിറ്റി മേധാവിയും ഏതാനും പ്രൊഫസര്‍മാരും രംഗത്തിറങ്ങേണ്ടി വന്നു. അവസാനം ഒത്തുതീര്‍പ്പിലൂടെ നിശ്ചയിച്ച സമയത്ത് തന്നെ ചര്‍ച്ച നടത്താമെന്ന് ഫാക്കല്‍റ്റി ഡീന്‍ സമ്മതിച്ചു. ചര്‍ച്ച നടക്കുന്ന ഹാളില്‍ വിദ്യാര്‍ഥികള്‍ ഉണ്ടാവരുതെന്നും ഹാളിന് ചുറ്റും സുരക്ഷാ വിഭാഗം സുരക്ഷാവലയം തീര്‍ക്കണമെന്ന വ്യവസ്ഥയിലായിരുന്നു ഒത്തുതീര്‍പ്പ്. ഇസ്രയേല്‍ രാഷ്ട്രീയ നയത്തെ ആക്ഷേപിക്കുന്നതിനോടുള്ള ഫാക്കല്‍റ്റി ഡീനിന്റെ നിലപാടില്‍ ആശ്ചര്യം ഉണ്ടാവേണ്ടതില്ല. അവര്‍ ചര്‍ച്ചയില്‍ തന്നെ പങ്കെടുത്തില്ല. അതില്‍ പങ്കെടുത്ത പ്രൊഫസര്‍മാര്‍ വളരെ ഭംഗിയായി തന്നെയാണ് അത് കൈകാര്യം ചെയ്തത്. അവര്‍ പ്രബന്ധത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി ഗവേഷകയുടെ ശ്രമങ്ങള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് നല്‍കി ആദരിക്കുകയും ചെയ്തു. ‘അത്തഹ്‌രീര്‍’ പുറത്തുവിട്ട ഈ സംഭവം സത്യസന്ധമാണെങ്കില്‍ ഇസ്രയേല്‍ ഫലസ്തീന്‍ വിഷയങ്ങളില്‍ ഈജിപ്ഷ്യന്‍ സാംസ്‌കാരിക പൊതുബോധം എത്രത്തോളം മാറിയിരിക്കുന്നു എന്നതാണിത് കാണിക്കുന്നത്. ഇതത്ര ആകസ്മിക സംഭവമൊന്നുമല്ല. സാംസ്‌കാരിക രംഗത്ത് മാത്രം പരിമിതപ്പെട്ടു കിടക്കുന്നതല്ല ഈ പൊതുബോധം. രാഷ്ട്രീയ രംഗത്തും അവരുടെ കുഴലൂത്തുകാരായ മാധ്യമ രംഗത്തു നിന്നുമാണ് അതിന് തുടക്കം കുറിച്ചത്. അറബ് ലോകത്ത് ജനങ്ങളുടെ ധാരണയെ വികൃതമാക്കി കൊണ്ടിരിക്കുകയാണ് ഇപ്പോഴും അത്തരം മാധ്യമങ്ങള്‍ ചെയ്യുന്നത്. അതിന്റെ സ്വാഭാവിക ഫലമാണ് അറബ് ലോകത്തിന്റെ ‘കേന്ദ്രവിഷയം’ ഏറ്റവും അവസാനത്തെ വിഷയമാക്കി മാറ്റികൊണ്ടുള്ള നയതന്ത്ര കാഴ്ച്ചപാടിലെ അട്ടിമറി. ഇപ്പോഴത് കേവലം ഫലസ്തീന്‍ – ഇസ്രയേല്‍ സംഘട്ടനമായി മാറിയിരിക്കുന്നു. ഈ കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഇസ്രയേലും സയണിസ്റ്റുകളും അറബികളുടെ ഒന്നാമത്തെ ശത്രുവല്ല, ഒന്നാമത്തെ ശത്രു ഇറാനും ശിയാക്കളുമായി മാറിയിരിക്കുന്നു. ചില ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിയിരിക്കുന്ന ചിന്താ അട്ടിമറിയുടെ ചെറിയൊരു പ്രതിധ്വനി മാത്രമാണ് കെയ്‌റോ യൂണിവേഴ്‌സിറ്റിയിലെ മിഡിയ ഫാക്കല്‍റ്റിയിലെ പ്രതിസന്ധി.

ശറമുശ്ശൈഖിലെ ഉച്ചകോടിയും സംയുക്ത അറബ് സൈന്യം എന്ന ചിന്തയും എന്റെ വാദത്തെ ശക്തിപ്പെടുത്തുന്ന തെളിവുകളാണ്. കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി ഇസ്രയേല്‍ ഫലസ്തീനികളോട് കാണിക്കുന്ന അനീതിക്കെതിരെ സമാനമായ തരത്തിലൊരു അറബ് കൂട്ടായ്മക്ക് നാം സാക്ഷ്യം വഹിച്ചിട്ടില്ല. എന്നാല്‍ യമന്റെ കാര്യം വന്നപ്പോള്‍ തികച്ചും വ്യത്യസ്തമായതാണ് നാം കാണുന്നത്. അഭിമാനബോധവും ജാഗ്രതാ നിര്‍ദേശവും പ്രകടമാവുകയും നിയമസാധുതയെ പ്രതിരോധിക്കാനുള്ള സഖ്യം രൂപപ്പെടുകയും ചെയ്യുന്നു. അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ ഇറാന്റെ സ്വാധീനം നേരിടാന്‍ അറബ് ഭരണാധികാരികളും ജനതയും ഇറങ്ങിയിരിക്കുന്നു. ശറമുശ്ശൈഖ് ഉച്ചകോടിയുടെ ഉദ്ഘാടന സെഷനില്‍ ഫലസ്തീന്‍ പ്രശ്‌നത്തെ കുറിച്ച് പരാമര്‍ശങ്ങളുണ്ടായിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍ അതിലെ മിക്ക സൂചനകളും ആക്ഷേപം ഒഴിവാക്കാനുദ്ദേശിച്ചുള്ളതും മുസ്‌ലിം സമൂഹം നേരിടുന്ന പ്രശ്‌നങ്ങളുടെ അനുബന്ധമായി ചേര്‍ക്കപ്പെട്ടതുമായിരുന്നു.

യമന്‍ ഇന്നനുഭവിക്കുന്ന അരാജകത്വത്തില്‍ ഇറാനുള്ള പങ്ക് ഞാന്‍ നിഷേധിക്കുന്നില്ല. അതിനെ ഈ അവസ്ഥയില്‍ എത്തിച്ചത് ഇറാന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ച്ചകളാണെന്ന് തന്നെയാണ് എന്റെ വാദം. സെപ്റ്റംബര്‍ 21-ന് ഹൂഥികള്‍ സന്‍ആയുടെ നിയന്ത്രണം കൈവശപ്പെടുത്തിയതിന് ശേഷം പലതവണ അക്കാര്യം ഞാന്‍ സൂചിപ്പിച്ചിട്ടുണ്ട്. ‘നാം സൃഷ്ടിച്ച ശൂന്യതയിലേക്കാണ് അവര്‍ ഇടിച്ചു കയറുന്നത്‘ എന്ന ഈയടുത്തെഴുതിയ ലേഖനത്തിലും അക്കാര്യം വന്നിട്ടുണ്ട്. ഹൂഥികളോടും യമനോടുമുള്ള സമീപനത്തില്‍ ഇറാനെ നാം വിമര്‍ശിക്കുന്നത് ഒരിക്കലും നയതന്ത്ര കാഴ്ച്ചപാടില്‍ വന്നിരിക്കുന്ന അട്ടിമറിക്ക് ന്യായീകരണമല്ല. അറബ് സമൂഹങ്ങള്‍ക്ക് മൊത്തത്തില്‍ വെല്ലുവിളിയായിരിക്കുന്ന ഇസ്രയേലിന് നേരെ കണ്ണടക്കുകയും അതേസമയം ഇറാനെ മുസ്‌ലിം സമൂഹത്തെ മുഖ്യ ശത്രുവായി ഉയര്‍ത്തി നിര്‍ത്തുന്നതും ഒട്ടും ശരിയായ കാഴ്ച്ചപാടല്ല. ഇറാന്‍കാര്‍ വീഴ്ച്ചപറ്റിയവരാണെങ്കില്‍ ഇസ്രയേലികള്‍ കുറ്റവാളികളാണ്. ഇറാനെ ആക്ഷേപിക്കലും എതിര്‍ക്കലും നിര്‍ബന്ധമാണെങ്കില്‍ അതിലേറെ നിര്‍ബന്ധമാണ് ഇസ്രയേലിന്റെ കാര്യത്തിലത്. ദൈവഹിതം അനുകൂലമെങ്കില്‍, ഓപറേഷന്‍ ഡെസിസീവ് സ്റ്റോമിനെ കുറിച്ച് നാളം ചര്‍ച്ച ചെയ്യാം.

മൊഴിമാറ്റം: നസീഫ്‌

Related Articles