Current Date

Search
Close this search box.
Search
Close this search box.

നമ്മുടെ തന്നെ മറവികളാണ് ബാബരി മസ്ജിദ് തകര്‍ത്തത്

babri.jpg

ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥയെയും രാഷ്ട്രീയവും സാംസ്‌കാരികവുമായ അധികാര കേന്ദ്രങ്ങളെയും പുനര്‍വായനക്ക് വിധേയമാക്കിയത് മണ്ഡല്‍ കമ്മീഷനും ബാബരി മസ്ജിദുമാണ്. പിന്നാക്ക വിഭാഗങ്ങളുടെ അധികാര പങ്കാളിത്തത്തിന് സാധ്യമാകുന്ന സംവരണത്തെ മുഖ്യധാരാ പാര്‍ട്ടികളെല്ലാം എതിര്‍ത്തു. പുരോഗമന കാമ്പസിന്റെ പ്രതീകമായ ജെ എന്‍ യുവില്‍ നിന്ന് ഇതിനെതിരെ ധാരാളം പ്രതിഷേധങ്ങള്‍ അരങ്ങേറി. ഇടതുപക്ഷ കേന്ദ്രങ്ങള്‍ സംവരണം കഴിവില്ലാത്തവരുടെ അധികാരത്തിന് വഴിവെക്കുമെന്ന ഭാഷ്യത്തെയാണ് അനുകൂലിച്ചത്. മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭം സാധ്യമാക്കിയ സമൂഹത്തില്‍ ബാബരി മസ്ജിദ് തകര്‍ക്കുക എന്നത് അത്രമേല്‍ ഞെട്ടലുളവാക്കുന്നതായിരുന്നില്ല. യഥാര്‍ഥത്തില്‍ ഡിസംബര്‍ 6 ബാബരിയുടെ അനുസ്മരണമല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അനുസ്മരണ ദിനമാണ്. ഒരു രാഷ്ട്രം ഇതുവരെ അവകാശപ്പെട്ടിരുന്ന ഭരണഘടനയുടെയും മൂല്യങ്ങളുടെയും മിനാരങ്ങളെയാണ് സംഘ്പരിവാര്‍ തകര്‍ത്തത്. 1992ന് ശേഷം ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ അസ്തിത്വ പ്രതിസന്ധിയിലായി. മുഖ്യധാരാ പാര്‍ട്ടികളില്‍ നിന്നും വിഘടിച്ചു നില്‍ക്കുവാനും സ്വയം നിര്‍ണയാവകാശം സാധ്യമാകുന്ന രാഷ്ട്രീയ സാംസ്‌കാരിക ഇടങ്ങളിലേക്ക് ചേക്കേറാനും അവര്‍ തയ്യാറായി. മണ്ഡല്‍ കമ്മീഷന്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ അണിനിരന്ന പുരോഗമന മതേതര വ്യവഹാരങ്ങളെല്ലാം ബാബരി വിഷയത്തിലും സംഘ് പ്രചരണത്തിന്റെ കൂടെ നിന്നു. ചിലര്‍ക്ക് തര്‍ക്കമന്ദിരമായി. മറ്റുചിലര്‍ക്ക് രാമക്ഷേത്രവും. അതു നാലര പതിറ്റാണ്ടു കാലം പള്ളിയായിരുന്നുവെന്ന് വിളിച്ചു പറഞ്ഞവര്‍ ഭീകരവാദികളായി. ഇന്ത്യയില്‍ അനുദിനം രൂപപ്പെട്ടു വരുന്ന പൊതുബോധം വീണ്ടും ബാബരികള്‍ തകര്‍ക്കാന്‍ പര്യാപ്തമാണ്. നമ്മുടെ തന്നെ മറവികളാണ് ബാബരി മസ്ജിദിനെ തകര്‍ത്തത്. ലിബര്‍ഹാന്‍ കമ്മീഷന്‍ കുറ്റക്കാരുടെ നേരെ വിരല്‍ ചൂണ്ടിയിട്ടും അവരെ തൊടാന്‍ പോലും ഭരണകൂടത്തിനായില്ല. മുസ്‌ലിംകളെ കടലിലിറങ്ങാന്‍ സമ്മതിക്കില്ലെന്ന് തെരുവുകളില്‍ അലറുന്ന തൊഗാഡിയയും സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കലാപത്തിന് നേതൃത്വം നല്‍കിയ നരേന്ദ്ര മോഡിയും മുസ്‌ലിം വിരുദ്ധ കേസുകളുമായി നിരന്തരം കോടതി കയറുന്ന സുബ്രഹ്മണ്യ സാമിയും മീഡിയയിലും ജനാധിപത്യ രാഷ്ട്ര സംവിധാനത്തിലും എങ്ങനെയാണ് പരിപാലിക്കപ്പെടുന്നത്. ഇതിനെതിരെ എഴുന്നേറ്റു നിന്നവരെയെല്ലാം ആസൂത്രിതമായി വേട്ടയാടി. അതെ, ഡിസംബര്‍ 6 ഒരു പള്ളിയുടെ മാത്രം ഓര്‍മ ദിനമല്ല. തകര്‍ന്നടിഞ്ഞ നിയമവാഴ്ചയുടെയും കിനാവു കാണുന്ന നീതിയുടെയും കൂടി ഓര്‍മകളാണ്. ബാബരിയാനന്തരം ഇന്ത്യയിലെ ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളില്‍ ശക്തിപ്പെട്ടുവന്ന രാഷ്ട്രീയ ഉണര്‍വുകള്‍, പത്രപ്രസിദ്ധീകരണങ്ങളുടെ വര്‍ദ്ധനവ് എന്നിവയെയും കോര്‍ണര്‍ ചെയ്യാനുള്ള ശ്രമമാണ് നടന്നത്. കുറ്റവാളികളെ പിടികൂടി ശിക്ഷിക്കുന്നതിനു പകരം അധികാരം നല്‍കി ആദരിച്ചു. നിലനിന്നിരുന്ന പള്ളി തകര്‍ത്ത് ഉണ്ടോ ഇല്ലയോ എന്ന് സംശയമുള്ളതിനുവേണ്ടി ഭൂമി വീതം വെക്കാനാണ് നീതിപീഠം പോലും തയ്യാറായത്. രാമക്ഷേത്രത്തിനുവേണ്ടി ആയിരക്കണക്കിന് തൂണുകള്‍ തയ്യാറാക്കിയിട്ടുണ്ട്. പള്ളി പുനര്‍നിര്‍മിക്കാന്‍ സാധിക്കില്ലെന്നത് മാറ്റി നിര്‍ത്തിയാലും ക്ഷേത്രം പണിയില്ലെന്ന് ഉറപ്പു വരുത്താന്‍ ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കുവേണ്ടി ഉല്‍ഖനനം നടത്താനും അധികാരികള്‍ തയ്യാറായി.

യഥാര്‍ഥത്തില്‍ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രത്യേകിച്ച് മുസ്‌ലിം സമൂഹത്തിന്റെ ദേശസ്‌നേഹത്തെയും പൗരത്വത്തെയുമാണ് ഉല്‍ഖനനത്തിലൂടെ തുരന്നു നോക്കിയത്. ബാബരി ഒരു ദേശീയ ഉരക്കല്ലായി വര്‍ത്തിക്കുന്നു. ബാബരിയെക്കുറിച്ച് പറയാത്തവരും മൗനം പാലിക്കുന്നവരും മതേതരവാദികളും ബാബരിയെ ഓര്‍ക്കുന്നതും അതിനെ കുറിച്ച് സംസാരിക്കുന്നതും വര്‍ഗീയ വാദമാക്കാവുന്ന പ്രതീകമായിട്ട് നിലനില്‍ക്കുന്നു.  1992ന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തീവ്രവാദികളെയും മതേതര നാട്യക്കാരെയും തിരിച്ചറിയാന്‍ മാത്രം ബാബരി മസ്ജിദിനെ ഉപയോഗിക്കുന്നു. ബാബരിയെ നിരന്തരം ഓര്‍ക്കുന്നതിലൂടെയാണ് നിയമവാഴ്ചയിലേക്കും നീതിബോധത്തിലേക്കും വഴിനടക്കാന്‍ സാധിക്കുകയുള്ളൂ. ഇനിയും നമ്മുടെ മറവികള്‍ ചാര്‍മിനാറും ശ്രീരംഗപട്ടണവുമെല്ലാം തകര്‍ക്കപ്പെടുന്നതിലേക്ക് നയിക്കും. മറക്കാനവകാശമില്ലാത്ത വിധം ജനാധിപത്യ ഇടങ്ങളില്‍ ജ്വലിച്ചു നില്‍ക്കുമ്പോഴാണ് ബാബരി ഓര്‍മകള്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി മാറുന്നത്. ഇന്ത്യയിലെ സാമൂഹിക ധ്രുവീകരണത്തില്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ച വലിയ പങ്കാണ് വഹിച്ചത്. ഒരു രാഷ്ട്രം എല്ലാവിധ സംവിധാനങ്ങളോടെയും നോക്കിനില്‍ക്കെയാണ് മസ്ജിദ് തകര്‍ക്കപ്പെട്ടത്. രാജ്യത്തിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംഘ്പരിവാരം ഈ ആചാരം നിര്‍വഹിച്ചത്! വ്യാജ ഏറ്റുമുട്ടലുകള്‍, സ്‌ഫോടന പരമ്പരകള്‍, ഗുജറാത്ത് കലാപം തുടങ്ങിയ ന്യൂനപക്ഷ ഹിംസയില്‍ ഭരണകൂടം ഒരു കാഴ്ചക്കാരന്‍ മാത്രമായിരുന്നു. ബാബരി മസ്ജിദ് പൊളിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് പ്രസംഗിച്ചു നടക്കുന്നവരുടെ കൂട്ടത്തില്‍ ഒരു ആത്മസുഖം ഭരണകൂടത്തിനും അനുഭവേദ്യമാണ്. ഒരു യാദൃശ്ചിക വൈകാരിക പ്രകടനത്തിലൂടെ തകര്‍ന്നടിഞ്ഞതല്ല ബാബരി മസ്ജിദ്. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ഡോ. അംബേദ്കറുടെ ചരമദിനമായ ഡിസംബര്‍ 6 തെരഞ്ഞെടുത്തതിലൂടെ സംഘ്പരിവാര്‍ പ്രതിനിധാനം ചെയ്യുന്ന മുസ്‌ലിം പിന്നാക്ക വിരുദ്ധ രാഷ്ട്രീയത്തെയാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്. അതുകൊണ്ടുതന്നെയാണ് മുസ്‌ലിം-പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ വളര്‍ച്ചയില്‍ ഇത് വളരെ വലിയ പങ്കുവഹിച്ചത്. ഭരണകൂടത്തെ ചലിപ്പിക്കുവാന്‍ രാഷ്ട്രീയവും വൈജ്ഞാനികവുമായ ഓര്‍മകള്‍ നിരന്തരം നിര്‍വഹിച്ചു കൊണ്ടേയിരിക്കണം.  
 

Related Articles