Current Date

Search
Close this search box.
Search
Close this search box.

ദുരന്തങ്ങളുടെ തീമഴ പെയ്യുന്ന സിറിയന്‍ അഭയാര്‍ഥി ക്യാമ്പുകള്‍

‘അതിശൈത്യം കാരണം ഞങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു… നിങ്ങള്‍ അല്ലാഹുവിന്റെ ശിക്ഷയെ കരുതിയിരിക്കുക!’ -ജോര്‍ദാനിലെ സഅ്തരി ടെന്റില്‍ കഴിയുന്ന സിറിയന്‍ അഭയാര്‍ഥിയായ ഒരു വിദ്യാര്‍ഥിയുടെ രോദനമാണിത്.
സിറിയന്‍ അഭയാര്‍ഥികള്‍ ഒരേ സമയം നിരവധി ദുരന്തങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ദുരന്തങ്ങള്‍ പെയ്തിറങ്ങുന്ന സാഹചര്യത്തിലൂടെയാണ് അവര്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അവരില്‍ ഭൂരിഭാഗവും മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുകയാണ്. ഓരോ നിമിഷത്തിലും നൂറ് നൂറ് വഴികളിലൂടെ മരണം അവരെ വലയം ചെയ്ത് കൊണ്ടിരിക്കുന്നു. മരണത്തെ അഭിമുഖീകരിക്കാത്ത ഒരു നിമിഷം പോലും അവരുടെ നയനങ്ങള്‍ക്കുണ്ടാകാനിടയില്ല.

ദീര്‍ഘകാലത്തെ സ്വപ്‌നസാക്ഷാല്‍ക്കാരമായി നെയ്‌തെടുത്ത നാടും വീടും ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു. സ്വമേധയാ ഉപേക്ഷിച്ചതല്ല, മറിച്ച് അവരുടെ വീടിനുമുകളില്‍ മരണത്തിന്റെ ഗന്ധമുള്ള ക്രൂരമിസൈലുകളും യന്ത്രങ്ങളും ദീര്‍ഘമായി പാറിപ്പറക്കുകയും, കണ്‍മുമ്പില്‍ വെച്ച് അരുമസന്താനങ്ങളെ നിഷ്ഠൂരമായി വേട്ടയാടുകയും, സംരക്ഷണത്തിനും സുരക്ഷക്കും ബാധ്യതയുള്ളവര്‍ മരണത്തിന്റെ വില്ലനായി പ്രത്യക്ഷപ്പെടുകയും ചെയ്തതാണ് അവരെ തങ്ങളുടെ ഭവനങ്ങളുപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്.

ആഗ്രഹമില്ലാഞ്ഞിട്ടും വീടും നാടുമുപേക്ഷിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. രാഷ്ട്രത്തിന്റെ മതിലിനപ്പുറത്ത് അല്‍പ്പം സമാധാനം തേടി പുറപ്പെട്ടവരാണവര്‍. സ്വദേശത്ത് നിന്ന് സുരക്ഷ തേടി ഇതര രാഷ്ട്രങ്ങളിലേക്ക് ഓടേണ്ടി വരിക എന്നത് വല്ലാത്ത ദുര്യോഗമാണ്. പക്ഷെ, അവരുടെ അവസ്ഥ അതാണ്. താല്‍ക്കാലികാശ്വസത്തിനായി തുറന്നുവെച്ച ചില രാഷ്ട്രാതിര്‍ത്തികളില്‍ നിന്ന് ലഭിച്ച അവഗണന എരിതീയില്‍ എണ്ണയൊഴിച്ചതിന് സമാനമായിരുന്നു.

പിന്നീട് ക്രൂരരായ വെള്ളക്കാര്‍ അവിടെ സന്ദര്‍ശകരായി വന്നു. രാപ്പകല്‍ അവര്‍ക്കിടയില്‍ താമസിച്ചു, വ്യത്യസ്തമായ ശിക്ഷകള്‍ അവര്‍ നടപ്പിലാക്കിക്കൊണ്ടേയിരിക്കുന്നു, അവര്‍ അനുഭവിക്കുന്ന പീഡനത്തിന്റെ ഫലമായി മരണം കൊതിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. തങ്ങളുടെ നാട്ടിലേക്ക് തന്നെ തിരിച്ചുചെന്ന് ക്രൂരരായ ഭരണാധികാരിയുടെ കരങ്ങളാല്‍ കൊല്ലപ്പെട്ടെങ്കില്‍ ഇത്ര പ്രയാസമുണ്ടാകുമായിരുന്നില്ല എന്നുവരെ അവര്‍ ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. കാരണം അഭയാര്‍ഥി ക്യാമ്പില്‍ എല്ലാ അര്‍ഥത്തിലുമുള്ള പീഢനവുമേറ്റു മരണത്തെ ഓരോ നിമിഷവും അവര്‍ മുഖാമുഖം നേരിടുകയാണ് അവര്‍.  
അതിശൈത്യമാണ് അവര്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം. അപരവല്‍ക്കരണത്തിന്റെ എല്ലാ കാഠിന്യതകള്‍ക്കുമപ്പുറമാണത്. ഇതുസംബന്ധിച്ച് അറബികളും ലോകമുസ്‌ലിംകളും അജ്ഞത നടിക്കുകയാണ്. എല്ലാവരും സ്വന്തം കാര്യങ്ങളുടെ പിറകെ നെട്ടോട്ടമോടുകയാണ്. മുസ്‌ലിമിന്റെ ഏതെങ്കിലുമൊരവയവത്തിന് അസുഖം ബാധിച്ചാല്‍ ഉറക്കമൊഴിച്ചു താദാത്മ്യം പ്രകടിപ്പിക്കുന്ന ഇതര അവയവങ്ങളെ പോലെയെന്ന് മുസ്‌ലിം സമൂഹത്തിലെ അംഗങ്ങളെ പ്രവാചകന്‍ വിശേഷിപ്പിച്ചിരുന്നത്.

മനുഷ്യരുടെ ആദരണീയതക്കും സ്വാതന്ത്രത്തിനും വേണ്ടി നിലകൊള്ളുന്നവരാണ് തങ്ങളെന്ന് വാദിക്കുന്ന അന്താരാഷ്ട്ര സംഘങ്ങള്‍ വ്യാജങ്ങളും കള്ളത്തരങ്ങളും കെട്ടിച്ചമക്കുകയാണ് ചെയ്യുന്നത്. അഭയാര്‍ഥികളുടെ പ്രശ്‌നം പരിഹരിക്കുന്നതിനപ്പുറം മറ്റു താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ നിലകൊള്ളുന്നത്. സിറിയയിലെ ചോരചിന്തല്‍ അവസാനിപ്പിക്കുന്നതിന് പകരം മാലിയിലെ മരുഭൂമിയിലേക്ക് പോകാനാണ് അവര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. ഫ്രാന്‍സ്, ജര്‍മനി, അമേരിക്ക, ബ്രിട്ടന്‍, എല്ലാവരും ഇപ്പോള്‍ രാഷ്ട്രത്തില്‍ സ്വാധീനം നേടിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമിസ്റ്റുകളില്‍ നിന്ന് മാലിയെ സ്വതന്ത്രമാക്കാനുള്ള നെട്ടോട്ടത്തിലാണ്. നിരപരാധികളെ അറുകൊല ചെയ്തും പീഡിപ്പിച്ചും അഭയാര്‍ഥികളെ നരകീയ ജീവിതത്തിന് നിര്‍ബന്ധിച്ചും കൊണ്ടിരിക്കുന്ന രക്തക്കൊതിയനെ അവര്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു എന്ന കപടതയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles