Current Date

Search
Close this search box.
Search
Close this search box.

തോക്കിന്‍ കുഴലിന് കീഴില്‍ നടക്കുന്ന അനുരഞ്ജന ചര്‍ച്ചകള്‍

ഫലസ്തീനും ഇസ്രയേലിനും ഇടയില്‍ ശാശ്വത സമാധാനം സ്ഥാപിക്കുന്ന എന്ന ലക്ഷ്യത്തിനായിട്ടാണ് സമാധാന ചര്‍ച്ചകള്‍ തുടരുന്നത്. എന്നാല്‍ അതിന് നേതൃത്വം നല്‍കുന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി കരാറിന്റെ രേഖാമൂലമുള്ള ഒരു രൂപവും ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. എന്നാല്‍ അമേരിക്കയിലെയും ഇസ്രയേലിലെയും ഉദ്യോഗസ്ഥരില്‍ നിന്നും ചോര്‍ന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് കരാര്‍ ഫലസ്തീനികളുടെ എല്ലാ അടിസ്ഥാനങ്ങള്‍ക്കും വിരുദ്ധവും ഇസ്രയേലിന്റെ എല്ലാ ആവശ്യങ്ങളും സാക്ഷാല്‍കരിക്കുന്നതുമാണെന്നാണ്. ഭാവി ഫലസ്തീനിലെ അതിര്‍ത്തികളിലെ ആധിപത്യം, ഫലസ്തീന്‍ ചെക്‌പോസ്റ്റുകളിലെ ഇസ്രയേല്‍ മേധാവിത്വം, ഇസ്രയേലിനെ ജൂതരാഷ്ട്രമായി അംഗീകരിക്കല്‍, ഇസ്രയേല്‍ ഭരണകൂടവുമായി സഹകരിക്കുന്നിന്റെ ഭാഗമായി ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ മടക്കത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളാണ് അവയില്‍ പ്രധാനം. ജറൂസലേം ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായിരിക്കണമെന്ന ആവശ്യത്തിന് പകരം ‘ജറൂസലേമില്‍’ ആയിരിക്കും ഫലസ്തീന്‍ തലസ്ഥാനം എന്നാണ് അതില്‍ പറയുന്നത്.

ഇസ്രയേലിനെ ജൂതരാഷ്ട്രമായി അംഗീരിക്കാന്‍ തയ്യാറാല്ലെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ന്യൂയോര്‍ക് ടൈംസിനോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇസ്രയേലിന്റെ ഫലസ്തീനും ജോര്‍ദാനുമായി പങ്കിടുന്ന അതിര്‍ത്തിയില്‍ നേറ്റോ സൈന്യത്തിന് അനുമതി നല്‍കാനുള്ള സന്നദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. അന്തിമ കരാറില്‍ എത്തിയാല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ വെസ്റ്റ്ബാങ്കില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്‍മാറുമെന്നുമുള്ള കാര്യവും അദ്ദേഹം അംഗീകരിച്ചു.

പ്രഖ്യാപിച്ചിട്ടുള്ള കാര്യം ഇതാണെങ്കിലും അന്തിമമായി സംഭവിക്കുന്നത് തികച്ചും വ്യത്യസ്ഥമായ മറ്റൊന്നായിരിക്കും. അബ്ബാസുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥന്റെ പ്രസ്താവന സൂചിപ്പിക്കുന്നത് അതാണ്. ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിനകത്തും അതിര്‍ത്തികളിലും നേറ്റോ സൈന്യത്തിന് നിലകൊള്ളാനുള്ള അനുവാദത്തിന്റെ പരിധിയില്‍ ഇസ്രയേലികള്‍ അവിടെ അവശേഷിക്കുന്നതും രാഷ്ട്രം അംഗീകരിക്കേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. നേറ്റോ സൈന്യത്തിനും ഇസ്രയേല്‍ സൈന്യത്തിനും ഇടയില്‍ വലിയ വ്യത്യാസമൊന്നും നമുക്ക് കാണാനാവില്ല. വ്യത്യാസങ്ങളുണ്ടെങ്കില്‍ തന്നെ, ഈ വിഷയത്തില്‍ ഉണ്ടാക്കുന്ന കരാറുകളെ ന്യായീകരിക്കുന്നതിന് ഫല്‌സ്തീന്‍ ഭരണകൂടവും ഔദ്യോഗിക വക്താക്കളും അവ ഉയര്‍ത്തിപ്പിടിക്കും. ഓസ്‌ലോ കരാറിന് ശേഷമുണ്ടായ വഞ്ചന തന്നെയായിരിക്കും ഇതിലും ആവര്‍ത്തിക്കുക. നേറ്റോ സൈന്യത്തിന്റെ തണലില്‍ അവിടെയുണ്ടാവുക ഇസ്രയേല്‍ സൈനികര്‍ തന്നെയായിരിക്കും.

അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഈ മാസത്തിന്റെ അവസാനത്തില്‍ അധിനിവേശ പ്രദേശങ്ങളിലേക്ക് മടങ്ങും. കരാര്‍ വ്യവസ്ഥകള്‍ രേഖയായി തന്നെ ഇരുപക്ഷത്തിനും അദ്ദേഹം സമര്‍പ്പിക്കുമെന്നാണ് ചില വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്. സമാധാന ചര്‍ച്ചകളും ശ്രമങ്ങളും പരാജയപ്പെട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്വം അതിനെ തള്ളിക്കളയുന്നവര്‍ക്ക് മേല്‍ ചുമത്തുകയും ചെയ്യും. അതിന്റെ അനന്തരഫലങ്ങളും പുറകെയുണ്ടാവും.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇപ്പോള്‍ തന്നെ കൊടുങ്കാറ്റുകള്‍ ഇളക്കിവിടാന്‍ തുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പമുള്ള യകൂദ് പാര്‍ട്ടിക്കാരായ മന്ത്രിമാര്‍ ശക്തമായ ആക്രമണമാണ് കെറിക്ക് നേരെ നടത്തുന്നത്. സെമിറ്റിക് വിരോധമെന്ന ആരോപണവും അദ്ദേഹത്തിന് നേരെ അവര്‍ ഉയര്‍ത്തിയിരിക്കുകയാണ്. കെറി പ്രവര്‍ത്തിക്കുന്നത് ഇസ്രയേല്‍ ജനതയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായാണെന്നും അവര്‍ പ്രചരിപ്പിക്കുന്നു. ഇതുകൊണ്ടെല്ലാം ലക്ഷ്യമാക്കുന്നത് അദ്ദേഹത്തെ ഭയപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യുകയെന്നതാണ്. അന്തിമകരാര്‍ രൂപപ്പെടുന്നതിന് മുമ്പ് തന്നെ അവരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെടാനും ഫലസ്തീനികളുടെ ഭാഗത്ത് നിന്ന് വലിയ വിട്ടുവീഴ്ച്ചകള്‍ ഉണ്ടാക്കിയെടുക്കുന്നതിനും വേണ്ടിയാണവരത് ചെയ്യുന്നത്.

ഫല്‌സതീനികളുടെ ഭാഗത്തു നിന്നുണ്ടാവേണ്ട മൂന്ന് സുപ്രധാന വിട്ടുവീഴ്ച്ചകള്‍ നെതന്യാഹു നേരത്തെ ഉറപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ ഭരണകൂടത്തെയും വിദേശകാര്യ സെക്രട്ടറിയെയും ഉപയോഗപ്പെടുത്തി കൂടുതല്‍ നേടാനുള്ള ശ്രമത്തിലുമാണദ്ദേഹം. രാഷ്ട്രത്തിന്റെ ജൂത അസ്ഥിത്വം, ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനം ‘അബൂദീസില്‍’ ആയിരിക്കും, മടങ്ങി വരാനുള്ള അവകാശം ഇല്ലാതാക്കും തുടങ്ങിയവയില്‍ തുടങ്ങിയവ നെതന്യാഹു ഉറപ്പു നല്‍കിയ കാര്യങ്ങളാണ്. ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിലും അതിന്റെ അതിര്‍ത്തികളിലും പൂര്‍ണ ആധിപത്യം ഇസ്രയേലിനായിരിക്കുമെന്ന ആവശ്യം നേടാനാണ് ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിലൂടെ മാത്രമേ ഇസ്രയേലിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനാവൂ എന്ന ന്യായമാണ് അവര്‍ അതിന് ഉയര്‍ത്തുന്നത്.

ഇസ്രയേലിന്റെയും അമേരിക്കയുടെയും വിട്ടുചെയ്യാനുള്ള ഈ ആവശ്യം നിരസ്സിക്കാനുള്ള അവസ്ഥയിലല്ല പ്രസിഡന്റ് മഹ്മൂദ് അബ്ബാസുള്ളത്. ഫലസ്തീന്‍ വിഷയം അടിസ്ഥാനപരമായി ഒരു അറബ് വിഷയം കൂടിയാണ്. പ്രധാന അറബ് രാഷ്ട്രങ്ങള്‍ (ഇറാഖ്, സിറിയ, ഈജിപ്ത്) ആഭ്യന്തര പ്രശ്‌നങ്ങളിലും ഏറ്റുമുട്ടലുകളിലുമാണ് കഴിയുന്നത്. അദ്ദേഹവും അദ്ദേഹം നേതൃത്വം വഹിക്കുന്ന ഭരണകൂടവും അധികാരം നിലനിര്‍ത്തുന്നതിന് പൂര്‍ണമായും ആശ്രയിക്കുന്നത് അമേരിക്കന്‍ സഹായവും സംരക്ഷണവുമാണ്. നിലവിലുള്ള സമാധാനപരമായ പ്രതിരോധം പൊട്ടിത്തെറിച്ച് ഒരു മൂന്നാം ഇന്‍തിഫാദയായി രൂപപ്പെടുമെന്ന് അദ്ദേഹം ഭയക്കുന്നുണ്ട്. അത് ഇസ്രയേലിനെതിരെയായിരിക്കുമെങ്കിലും തന്റെ ഭരണകൂടത്തിനും എതിരെയായിരിക്കുമതെന്ന് അദ്ദേഹം ഭയക്കുന്നു. അതിനെ നിയന്ത്രിക്കാനോ അതിന്റെ ഫലങ്ങളെ തടഞ്ഞു വെക്കാനോ അദ്ദേഹത്തിന് കഴിയുകയില്ല. കൂടുതല്‍ സമയം അനുവദിച്ചു കിട്ടുന്നതിന് ഒന്നും ചെയ്യാതിരിക്കുക എന്ന നിലപാടായിരിക്കും ഏറ്റവും നന്നാവുക.

ഇസ്രയേലിന്റെ നിബന്ധനകള്‍ അംഗീകരിക്കുന്നതിന് അബ്ബാസിനെ നിര്‍ബന്ധിക്കുന്നതിന് നിരവധി ഭീഷണികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. വരുനാളുകളില്‍ അത് കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യും. രണ്ടു ഭാഗങ്ങളില്‍ നിന്നാണ് ഭീഷണികള്‍ വരുന്നത്. ഒന്ന് അമേരിക്കയുടെ ഭാഗത്ത് നിന്നാണ്. താന്‍ മുന്‍കയ്യെടുത്ത് നടത്തുന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ മുന്‍ പ്രസിഡന്റ് യാസിര്‍ അറഫാത്തിനുണ്ടായതിന് സമാനമായ പരിണതിയായിരിക്കും ഉണ്ടാവുകയെന്ന് കെറി അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ഇസ്രയേലിന് മേല്‍ ഉപരോധം സ്വീകരിക്കുമെന്ന് മാത്രം പറഞ്ഞ് നെതന്യാഹുവിനുള്ള മുന്നറിയിപ്പ് അവസാനിപ്പിച്ചു.

അബ്ബാസിന് നേരെയുള്ള രണ്ടാമത്തെ ഭീഷണി ഇസ്രയേലിന്റെ ഭാഗത്ത് നിന്നാണ്. ഇസ്രയേല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള പരോക്ഷമായിട്ടുള്ള ഭീഷണികള്‍ വര്‍ഷങ്ങളായി തുടരുന്നതാണ്. ഹമാസിന്റെ മിസൈലുകളേക്കാള്‍ ഇസ്രയേിന് അപകടം അബ്ബാസാണെന്ന് വിശേഷിപ്പിച്ച അവിഗ്ഡര്‍ ലിബര്‍മാന്‍ അദ്ദേഹത്തെ സമാധാനത്തില്‍ പങ്കാളിയാക്കാന്‍ പറ്റില്ലെന്നും പ്രസ്താവിച്ചു. അതിന് പുറമെ അബ്ബാസിന് പകരക്കാരനായി മുഹമ്മദ് ദഹ്‌ലാലെ നിര്‍ദേശിച്ചു കൊണ്ട് അദ്ദേഹത്തെ രാഷ്ട്രീയമായി വകവരുത്താനുള്ള ശ്രമവും നെതന്യാഹു തുടങ്ങിയിരിക്കുന്നു. മുന്‍ പ്രതിരോധ മന്ത്രിയായ ദഹ്‌ലാന്‍ ഫതഹ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതാണ്.

ദുബൈയില്‍ ദഹ്‌ലാനുമായി കൂടിക്കാഴ്ച്ച നടത്തുന്നതിന് നെതന്യാഹു തന്റെ കൂടിയാലോചകനായ ഇസ്ഹാഖ് മോര്‍ഗെയെ നിരവധി തവണ അയച്ചുവെന്ന് ഇസ്രയേല്‍ പത്രങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയ വാര്‍ത്ത അബ്ബാസിന് വ്യക്തമായ ഒരു മുന്നറിയിപ്പാണ്. ഇസ്രയേലിന്റെ നിബന്ധനകള്‍ പാലിക്കുന്നില്ലെങ്കില്‍ പകരക്കാരന്‍ റെഡിയാണന്ന മുന്നറിയിപ്പാണത് നല്‍കുന്നത്. ദഹ്‌ലാന്‍ കഴിഞ്ഞ വ്യാഴാഴ്ച്ച നടത്തിയ പത്രസമ്മേളനത്തില്‍ വാര്‍ത്ത ശക്തമായി നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ നിഷേധത്തോടെ കൂടുതല്‍ ശക്തിയായി വാര്‍ത്ത ആവര്‍ത്തിക്കുകയാണ് ഇസ്രയേല്‍ പത്രമായ ‘മആരീവ്’ ചെയ്തത്. പുറത്തു വന്ന വാര്‍ത്തകള്‍ അബ്ബാസിന്റെ നിലപാടിനെ കൂടുതള്‍ ദൃഢമാക്കുകയും അദ്ദേഹത്തിന്റെ എതിരാളി ദഹ്‌ലാന്റെ നിലപാടിനെ ദുര്‍ബലപ്പെടുത്തുകയുമാണ് ചെയ്തതെന്ന് വിലയിരുത്തുന്നവരുണ്ട്.

ഇത്തരം നീക്കങ്ങളും കരാറിനുള്ള ഒരുക്കങ്ങളുമെല്ലാം നടക്കുമ്പോള്‍ ഫലസ്തീന്‍ ജനത എവിടെയാണ്? ഈ ജനത പൂര്‍ണമായും മറഞ്ഞിരിക്കുകയാണെന്നത് ദുഖകരമാണ്. എല്ലാ വിധ മുന്നേറ്റങ്ങളും നഷ്ടപ്പെട്ട് ഇരുട്ടില്‍ ജീവിക്കുകയാണവര്‍. ഫലസ്തീന് അകത്ത് കഴിയുന്നവര്‍, എടുത്തു പറഞ്ഞാല്‍ വെസ്റ്റ്ബാങ്കിലുള്ളവര്‍ക്ക് പ്രകടനങ്ങളോ പ്രതിഷേധങ്ങളോ നടത്തി തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ പോലും സാധിക്കുന്നില്ല. തങ്ങളുടെ ശമ്പളം നിലച്ചു പോകുമെന്ന ഭയമാണവരെ തടയുന്നത്. ഇതൊരിക്കലും ന്യായമായ ഒരു കാരണമല്ല. ശമ്പളത്തേക്കാള്‍ പ്രധാനമാണ് പിറന്ന നാട്. ഭരണകൂടത്തിന്റെ അധികാര കേന്ദ്രത്തിന് പുറത്ത് അതിനെ ആശ്രയിക്കാതെ ജീവിക്കുന്ന ആറു ദശലക്ഷത്തോളം വരുന്ന ഫലസ്തീനികള്‍ എന്തു കൊണ്ട് ഒരു നീക്കം നടത്തുന്നില്ല?

അതിന്റെ ഉത്തരം ഞങ്ങള്‍ക്കറിയില്ലെന്ന് വേദനയോടെ ഞങ്ങള്‍ പറയുന്നു. മുകളില്‍ പറഞ്ഞതിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതില്‍ ഞങ്ങള്‍ അശക്തരാവുകയാണ്. ഫലസ്തീന്‍ പ്രശ്‌നം ഇപ്പോള്‍ അന്തിമമായ ഒരു പരിഹാരത്തിന്റെയല്ല, ഒരു അന്തിമമായ തുടച്ചു നീക്കലിന്റെ വക്കിലാണെന്ന് നമുക്ക് പറയാന്‍ സാധിക്കുന്ന അവസ്ഥയാണുള്ളത്.

വിവ : അഹ്മദ് നസീഫ്‌

Related Articles