Current Date

Search
Close this search box.
Search
Close this search box.

തൂക്കുമരങ്ങളുടെ യുഗത്തിലേക്കാണ് ഈജിപ്ത് മടങ്ങുന്നത്

ഈജിപ്തില്‍ മുര്‍സി അനുകൂലികളായ 528 പേര്‍ക്കെതിരെയുള്ള മിന്‍യാ കോടതിയുടെ വധശിക്ഷ ഈജിപ്ഷ്യന്‍ വിപ്ലവത്തെ ദയാവധം നടത്തുന്ന വെടിയുണ്ടയുടെ സ്ഥാനത്താണ്. സ്വാതന്ത്ര്യത്തെയും നീതിയെയും ന്യായവും സ്വതന്ത്രവുമായ വിചാരണയെയും കുറിച്ചുള്ള എല്ലാ പ്രതീക്ഷകളുമാണ് അതിലൂടെ ഇല്ലായ്മ ചെയ്യപ്പെട്ടിരിക്കുന്നത്. വരാനിരിക്കുന്ന കോടതി വിധികളുടെ മാനദണ്ഡമായി നാമിതിനെ മനസ്സിലാക്കിയാല്‍ ഈജിപ്ത് പ്രസിഡന്റ് മുര്‍സിയടക്കമുള്ള ഇഖ്‌വാന്റെ മുന്‍നിര നേതാക്കളും പ്രവര്‍ത്തകരുമായ 16,000 ല്‍ പരം തടവുകാരെയും കാത്തിരിക്കുന്ന വിധിയും ഇത് തന്നെയായിരിക്കും.

ജഡ്ജി അക്രമപരമായി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത് വിചാരണ ആരംഭിച്ച് രണ്ടു ദിവസത്തിനുള്ളിലാണ്. വിധിയുടെ പകര്‍പ്പ് മുഫ്തിയുടെ അംഗീകാരത്തിനായി അയക്കുകയും ചെയ്തു. ഇവരെയെല്ലാം തൂക്കികൊല്ലണമെന്ന് നേരത്തെ ഉദ്ദേശ്യമുണ്ടായിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ഈജിപ്ഷ്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഇടപെടാനും ഭരണഘടനാ കോടതിയിലെ ജഡ്ജിമാരെ മാറ്റാനും പ്രസിഡന്റ് മുര്‍സി ശ്രമം നടത്തിയപ്പോള്‍ അതിനെതിരെ ആദ്യമായി രംഗത്ത് വന്നത് നാം തന്നെയായിരുന്നു. നീതിന്യായ വ്യവസ്ഥയെ കുറിച്ച് നമ്മില്‍ അവശേഷിച്ചിരുന്ന വിശ്വാസത്തിന്റെ കണികകളായിരുന്നു അതിന് കാരണം. എന്നാല്‍ നമുക്ക് തെറ്റുപറ്റിയിരിക്കുന്നു. നമുക്ക് മാത്രമല്ല, നമ്മെ പോലെ തെറ്റുപറ്റിയ വേറെയും ആളുകളുണ്ട്. നമ്മുടെ വിശ്വാസം അസ്ഥാനത്തായിരുന്നു എന്നത് ഖേദകരം തന്നെ.

അന്യായമായ ഈ വിധിയെ കുറിച്ച് മാത്രമല്ല നാം ചര്‍ച്ച ചെയ്യുന്നത്. അപ്പീല്‍ കോടതി ഒരു പക്ഷേ ആ വിധിയെ റദ്ദാക്കുകയും പുനര്‍വിചാരണക്ക് വിധേയമാക്കുകയും ചെയ്‌തേക്കാം. എന്നാല്‍ നാം സംസാരിക്കുന്നത് ഈജിപിതിന്റെ ഭാവിയെ കുറിച്ചാണ്. താല്‍ക്കാലിക ഘട്ടത്തിന് ശേഷം ഉണ്ടാകാനിരിക്കുന്ന ഭരണസംവിധാനത്തിന്റെയും പ്രസിഡന്റ് തെരെഞ്ഞെടുപ്പിന്റെ ചിത്രത്തെയും കുറിച്ചാണ് നമുക്ക് പറയാനുള്ളത്. ഈ നാളുകളില്‍ വളരെയധികം സംസാര വിഷയമായി മാറിയ മാര്‍ഗ രേഖ മറ്റൊരു സ്വേച്ഛാധിപത്യ ഭരണത്തിലേക്കാണ് നയിക്കുക.

ലജ്ജാകരമായ ഇത്തരം പ്രവര്‍ത്തനങ്ങളും അത് പ്രതിഫലിപ്പിക്കുന്ന പ്രതികാരത്തിനുള്ള ഉദ്ദേശ്യങ്ങളും ഈജിപ്ഷ്യന്‍ ജനതക്കിടയില്‍ വലിയൊരു വിടവായിരിക്കും ഉണ്ടാക്കുക. തങ്ങള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ ആയുധമെടുത്തു പ്രതികരിക്കാനും അവരെയത് പ്രേരിപ്പിച്ചേക്കും. എപ്പോഴും സമാധാനത്തെ മുറുകെ പിടിക്കുകയും എല്ലാതരത്തിലുള്ള അതിക്രമങ്ങളെയും എതിര്‍ക്കുന്ന ഈജിപ്ഷ്യന്‍ ജനതയില്‍ നിന്ന് അത്തരം ഒരു പ്രവര്‍ത്തനം നാം ആഗ്രഹിക്കുന്നില്ല. അത് ചെയ്യുന്നത് ഭരണകൂടമായാലും പ്രതിപക്ഷമായാലും ശരി.

കൊലപാത കുറ്റത്തിന്‍മേല്‍ 700 ല്‍ പരം പേര്‍ ഇന്ന് വിചാരണക്ക് വിധേയരാകുന്നുണ്ട്. വധശ്രമം, ഉദ്യോഗസ്ഥര്‍ക്കെതിരെ അതിക്രമം കാണിക്കല്‍, രാഷ്ട്രത്തിന്റെ സമ്പത്ത് കൊള്ളയടിക്കല്‍, ലൈസന്‍സില്ലാതെ ആയുധം കൈവശം വെക്കല്‍, മിന്‍യയിലെ രണ്ട് പോലീസുകാരുടെ മരണത്തിനിരയായ അക്രമപ്രവര്‍ത്തനം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് കഴിഞ്ഞ ദിവസം വധശിക്ഷ വിധിക്കപ്പെട്ട 528 പേരുടെ മേലുള്ളത്. അതേസമയം റാബിഅ അദവിയ്യയിലും റിപബ്ലിക്കന്‍ ഗാര്‍ഡ് ആസ്ഥാനത്തിന് മുന്നിലും പ്രകടനക്കാരെ ഒഴിപ്പിക്കുന്നതിനിടയില്‍ ആയിരത്തില്‍ പരം മനുഷ്യജീവന്‍ ഹനിച്ചവര്‍ എല്ലാവിധ സുഖസൗകര്യങ്ങളും അനുഭവിച്ച് ജീവിക്കുകയാണ്. തങ്ങള്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ ഫലമെന്നോണം സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നവരാണവര്‍.

സ്വാതന്ത്ര്യത്തിന്റേയും സുസ്ഥിരതയുടെയും കാലത്തിലേക്കല്ല, തൂക്കുമരങ്ങളുടെ യുഗത്തിലേക്കാണ് ഈജിപ്ത് മടങ്ങുന്നത്. സ്വേച്ഛാധിപത്യത്തെയും അക്രമത്തെയും എന്നെന്നേക്കുമായി തുടച്ചു നീക്കുന്നതിന് നിരവധി യുവാക്കള്‍ തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ചത് സ്വാതന്ത്ര്യത്തിനും സുസ്ഥിരതക്കും വേണ്ടിയായിരുന്നു.

അഴുകി നാറുന്നതും പരിഹാസ്യവുമായ വിധിയാണിത്. അതിന്റെ ഭൂരിഭാഗം ജഡ്ജിമാരും ഹൃദയശൂന്യരുമാണ്. നീതിയുടെ അര്‍ഥമെന്തെന്ന് പോലും അറിയാത്ത അവര്‍ ഈജിപ്തിനെ ദുഷിപ്പിക്കുകയാണ് ചെയ്യുന്നത്. അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണവര്‍ ചെയ്യുന്നത്. ഭാവിയില്‍ നിരവധി നിരപരാധികളുടെ ജീവനെടുക്കുന്ന രക്തരൂഷിത ഏറ്റമുട്ടലുകളിലേക്കാണവര്‍ ഈജിപ്തിനെ വലിച്ചിഴക്കുന്നത്.

ഇഖ്‌വാനുല്‍ മുസ്‌ലിമൂനെ നിങ്ങളുദ്ദേശിക്കുന്ന പോലെയെല്ലാം വെറുത്തോളൂ, എന്നാല്‍ ഈജിപ്തിനെ നിങ്ങള്‍ വെറുക്കരുത്. അതിന്റെ ചിത്രവും സംവിധാനവും വിപ്ലവവും നിങ്ങള്‍ തകര്‍ത്തെറിയരുത്. അതിനും അവിടത്തെ ജനതക്കും നന്മ ആഗ്രഹിക്കാത്ത ആളുകള്‍ക്ക് വേണ്ടി പ്രശ്‌നങ്ങളുടെ കവാടങ്ങള്‍ നിങ്ങള്‍ തുറന്നു കൊടുക്കുകയും അരുത്.

എല്ലാ തരം പ്രഹസനങ്ങള്‍ക്കും അറുതി വരുത്തി നിര്‍ഭയമായ ഒരിടത്തേക്ക് ഈജിപ്തിനെ നയിക്കുന്ന ശക്തനും ധീരനുമായ ഒരു നേതാവിനെയാണിന്ന് ആവശ്യം. നിലവിലെ വിയോജിപ്പുകള്‍ ഇല്ലാതാക്കി ദേശീയ അനുരഞ്ജനം സാധ്യമാക്കണം. പകയും വിദ്വേഷവും പ്രതികാര മനസ്സും ഇല്ലാതാക്കി, ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താന്‍ സാധിക്കുന്ന ഒരാളായിരിക്കണമത്. നിലവില്‍ അത്തരത്തില്‍ ഒരാളില്ലെന്നതാണ് ഏറെ ദുഖകരം. അതുകൊണ്ടു തന്നെ ശുഭപ്രതീക്ഷയോടെ ഈജിപ്തിന്റെ ഭാവിയിലേക്ക് നമുക്ക് നോക്കാനാവില്ലെന്നത് ഏറെ ദുഖകരമാണ്.

വിവ : അഹ്മദ് നസീഫ്‌

Related Articles