Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കി : തെരഞ്ഞെടുപ്പിനെ ഭയക്കുന്നവര്‍ അട്ടിമറി ആയുധമാക്കുകയാണ്

തുര്‍ക്കിയിലെ ഇസ്തംബൂള്‍ പട്ടണത്തില്‍ ഗാസി പാര്‍ക്ക് പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങള്‍ സമീപ പ്രദേശങ്ങളിലേക്കും പടര്‍ന്നിരിക്കുകയാണ്. പൂന്തോട്ടം മാറ്റുന്നതുമായി ബന്ധപ്പെട്ട ചെറിയ ചില പ്രശ്‌നങ്ങളെല്ലാം ഭരണകൂടം പ്രതീക്ഷിച്ചതാണ്. പ്രക്ഷോഭകര്‍ക്കെതിരെ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ കടുത്ത സമീപനം അതിരുവിട്ട പ്രവര്‍ത്തനത്തിന് ചിലരെ പ്രേരിപ്പിച്ചിട്ടുണ്ടാകാം. ആയിരങ്ങള്‍ റോഡില്‍ ഒത്തുകൂടിയതും വാഹനങ്ങള്‍ തകര്‍ത്തതുമെല്ലാം ഇതിന്റെ പ്രതിധ്വനികളായിരിക്കാം. പക്ഷെ, തുര്‍ക്കിയിലെ പ്രക്ഷോഭങ്ങള്‍ അന്തിമമായി ലക്ഷ്യം വെക്കുന്നത് ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയുടെ ഗവണ്‍മെന്റിനെ പടിയിറക്കലാണ്.
തീവ്ര മതേതര വിഭാഗത്തിന്റെ കീഴില്‍ നടക്കുന്ന അട്ടിമറിശ്രമങ്ങളാണ് യഥാര്‍ഥത്തില്‍ ഇപ്പോള്‍ തുര്‍ക്കിയില്‍ സംഭവിക്കുന്നത്. പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നതു പോലെ തുര്‍ക്കിയില്‍ ഒരു വ്യവസായ പാര്‍ക്ക് സ്ഥാപിക്കുകയല്ല ഗാസി പാര്‍ക്ക് പൊളിച്ചുമാറ്റുന്നതിനു പിന്നിലെ ലക്ഷ്യം. മറിച്ച്, കമാല്‍ അത്താതുര്‍ക്ക് തകര്‍ത്ത ഉസ്മാനിയകോട്ട പുനസ്ഥാപിക്കുകയാണ് ഇസ്തംബൂള്‍ പട്ടണത്തിലെ നവീകരണ പ്രക്രിയയിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. അവിടെയുള്ള പൂന്തോട്ടവും മരങ്ങളും പിഴുതുമാറ്റാനുള്ള അനുവാദമല്ല യഥാര്‍ഥത്തില്‍ പ്രക്ഷോഭകാരികളെ ചൊടിപ്പിച്ചത്, മറിച്ച് കോട്ട പുതുക്കി പണിയുന്നതിലൂടെ ഇസ്‌ലാമിക ഭരണകൂടത്തിന്റെ പൈതൃകം വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങളാണ്. തുര്‍ക്കി സമൂഹത്തില്‍ അതിന്റെ വേരുകള്‍ അവശേഷിക്കുന്ന കാലത്തോളം തങ്ങള്‍ക്ക് അത് വെല്ലുവിളിയായിരിക്കും എന്ന് തീവ്രമതേതര വാദികള്‍ ഭയപ്പെടുന്നതാണ് പ്രശ്‌നത്തിന്റെ കാതലായ വശം.

മദ്യത്തിന്റെ രാഷ്ട്രീയം
കമാലിസ്റ്റുകള്‍ക്ക് ഭരണത്തിലേക്ക് തിരിച്ചു വരാനുള്ള പഴുതുകളെല്ലാമടച്ചുകൊണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തുര്‍ക്കിയില്‍  വിപ്ലവകരമായ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മതേതര ശക്തികളുടെ വാദഗതികളെ ദുര്‍ബലമാക്കുന്ന നിയമങ്ങളും നടപടികളുമാണ് പൊതുജനാംഗീകാരത്തോടെ ഉര്‍ദുഗാന്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെ തടയിടാനും ഭരണകൂടത്തെ തകര്‍ക്കാനുമുള്ള ഒരു സുവര്‍ണാവസരമായിട്ടാണ് കമാലിസ്‌ററുകളുടെ കീഴിലുള്ള പ്രതിപക്ഷം ഈ നവീകരണ പ്രക്രിയയെ കാണുന്നത്.
ആല്‍ക്കഹോളുകള്‍ വില്‍പന നടത്തുന്ന കമ്പനികള്‍ക്കെതിരെ തുര്‍ക്കി പാര്‍ലമെന്റ് ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചത് സമീപകാലത്താണ്. പൊതുസ്ഥലങ്ങളില്‍ പരസ്യമായി മദ്യം  പ്രദര്‍ശിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും വിലക്കുകയും സിനിമകളിലൂടെയും ടിവി ചാനലുകളിലൂടെയും മദ്യത്തിന്‌റെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് തടയുകയും ചെയ്യുന്ന നിയമം മദ്യലോബികള്‍ക്ക് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിട്ടുള്ളത്. മദ്യ വില്‍പനക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിനു പുറമേ രാത്രി പത്തിനും രാവിലെ ആറിനുമിടയില്‍ മദ്യഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് വിലക്കുകയും ചെയ്യുന്നതാണ് പുതിയ നിയമം. അതിനാല്‍ തന്നെ പ്രക്ഷോഭകര്‍ മദ്യകുപ്പികളുമായി പ്രതിഷേധം നടത്തിയതിന്റെ താല്‍പര്യം എല്ലാവര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാണ്. മരത്തിന്റെ പേരില്‍ മദ്യരാഷ്ട്രീയമാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്.

സൈനിക ഇടപെടല്‍
ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ മതേതര സൈനികരാണെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. നീണ്ടകാലത്തെ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളിലൂടെ സൈന്യത്തിന്റെ അപ്രമാദിത്വവും പദവികളും ഉര്‍ദുഗാന്‍ വെട്ടിക്കുറച്ചതിലൂടെ അധികാരത്തില്‍ പിടിമുറുക്കാനുള്ള സൈനികരുടെ സാധ്യതകള്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. ഭരണകൂടത്തിനെതിരെ ഗൂഢാലോചനകളിലേര്‍പ്പെട്ടതിന്റെ പേരില്‍ 250 സൈനികരെ 2003-ല്‍ പിടികൂടിയിരുന്നു. തുര്‍ക്കിയിലെ സൈന്യവും ഭരണകൂടവും തമ്മിലെ സംഘട്ടനചരിത്രത്തിന് 1960- വരെ പഴക്കമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട നാല് ഭരണകൂടത്തെ അത് അട്ടിമറിച്ചിട്ടുണ്ട്. വന്‍ഭൂരിപക്ഷത്തില്‍ ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട അദ്‌നാന്‍ മുന്‍ദരീസിന്റെ ഗവണ്‍മെന്റായിരുന്നു ഇതിന്റെ പ്രഥമ ഇര. അറബി ഭാഷയില്‍ ബാങ്കു കൊടുക്കാനുള്ള അവകാശം പുനസ്ഥാപിക്കാന്‍ വേണ്ടി പരിശ്രമിക്കുകയും ഗള്‍ഫ് സന്ദര്‍ശന വേളയില്‍ രഹസ്യമായി ഹജ്ജ് നിര്‍വഹിക്കുകയും ചെയ്ത കാരണത്താല്‍ സൈന്യം അട്ടിമറി നടത്തുകയായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണകൂടം ഉണ്ടാക്കാന്‍ പരിശ്രമിച്ചു എന്നാരോപിച്ച് സൈനിക ഭരണകൂടം അദ്ദേഹത്തെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയും ചെയ്തു!. സൈന്യത്തിന്റെ ഈ അപകടം തിരിച്ചറിഞ്ഞ ഉര്‍ദുഗാന്‍ രാഷ്ട്രീയപരമായ സൈന്യത്തിന്റെ ഇടപെടല്‍ അവസാനിപ്പിക്കുകയുണ്ടായി. നിരന്തരമായ പുരോഗമന പരിഷകരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തുര്‍ക്കിക്ക് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഉര്‍ദുഗാന്‍ അതിനു മുതിര്‍ന്നത്. ഭരണഘടന ഭേദഗതി കൊണ്ടുവന്നത് അതിനു ശേഷമാണ്. ഇതിലൂടെ പാര്‍ലമെന്റിനും ഭരണകൂടത്തിനും കൂടുതല്‍ ശക്തിയും കരുത്തും കൈവരുകയുണ്ടായി. ഇതിനാല്‍ തന്നെ തീവ്ര മതേതരന്മാരെ ഉപയോഗപ്പെടുത്തി രാജ്യത്ത് അരാചകത്വവും കലാപങ്ങളും വ്യാപിപ്പിക്കുക എന്നത് സൈന്യത്തിന്റെ തന്നെ പ്രധാന അജണ്ടകളിലൊന്നാണ്.
മാധ്യമ പിന്തുണ
ഈജിപ്തിലും തുണീഷ്യയിലും തുര്‍ക്കിയിലും പ്രക്ഷോഭം നടത്തുന്ന മതേതരവാദികള്‍ക്ക് മാധ്യമങ്ങളുടെയും നിരീക്ഷകന്മാരുടെയും അന്ധമായ പിന്തുണ ലഭിക്കുന്നത് അവിടങ്ങളിലെ ഇസ് ലാമിസ്റ്റുകളെ ഭരണത്തില്‍ നിന്ന് താഴെയിറക്കുക എന്നലക്ഷ്യത്തോടെയാണ്. അല്‍ ജമാഅ അല്‍ ഇസ്ലാമിയ്യയുടെ നേതാവ് താരിഖ് സുമറിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ദേയമാണ്. ‘തുണീഷ്യയിലും ഈജിപ്തിലും പരീക്ഷിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഘട്ടനത്തിന്റെ ആവര്‍ത്തനം തന്നെയാണ് തുര്‍ക്കിയിലെയും സംഭവവികാസങ്ങള്‍. തെരഞ്ഞെടുപ്പിലൂടെയല്ലാതെ അധികാരത്തിലെത്താനുള്ള മതേതര ശക്തികളുടെ കുല്‍സിത ചിന്തകളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഈജിപ്തിലും തുര്‍ക്കിയിലും ഏതര്‍ഥത്തിലുമുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനെ മതേതരര്‍ ഭയപ്പെടുന്നു. അതിനാല്‍ തന്നെ ഇസ്‌ലാമിസ്റ്റുകളെ ഭരണത്തില്‍ നിന്നും പുറത്താക്കാനായി അട്ടിമറിശ്രമങ്ങളെയാണ് അവര്‍ മാധ്യമമാക്കുന്നത്.’

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles