Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യയിലെ രാഷ്ട്രീയ മാറ്റങ്ങളെ ഗന്നൂശി എങ്ങനെ വിലയിരുത്തുന്നു?

rashid-gannooshi.jpg

ബിന്‍ അലിയെ അധികാരഭ്രഷ്ടനാക്കിയ തുനീഷ്യന്‍ വിപ്ലവത്തിന്റെ പ്രഥമ ‘ഗുണഭോക്താവ്’ അന്നഹ്ദ പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ റാശിദുല്‍ ഗന്നൂശിയാണെന്ന് പറയുന്ന ഒരു റിപോര്‍ട്ട് സ്പാനിഷ് പത്രമായ ‘എല്‍ പൈസ്’ (El Pais) പ്രസിദ്ധീകരിച്ചിരുന്നു. 2011ല്‍ ബിന്‍ അലി ഭരണത്തിന് അന്ത്യം കുറിച്ച വിപ്ലവം കൊണ്ട് ഏറ്റവും അധികം ഗുണമുണ്ടായത് അന്നഹ്ദ പ്രസ്ഥാനത്തിനാണെന്ന് റിപോര്‍ട്ട് പറയുന്നു. ബിന്‍ അലി ഭരണകാലം മുഴുവന്‍ രാജ്യത്ത് പ്രവേശനം നിഷേധിക്കപ്പെട്ടവരുടെ കൂട്ടത്തിലെ ഒരാളായിരുന്നു ഗന്നൂശി. ലണ്ടനിലെ ലളിതമായ സൗകര്യങ്ങളുള്ള ഒരു ഫഌറ്റില്‍ കഴിഞ്ഞിരുന്ന അദ്ദേഹം അവിടെയായിരുന്നു മാധ്യമ പ്രവര്‍ത്തരെ സ്വീകരിച്ചിരുന്നതും. അതേസമയം ഇന്ന് അന്നഹ്ദയുടെ ബോര്‍ഡ് വെച്ച ഒന്നാന്തരം ഓഫീസിലിരുന്നാണ് അദ്ദേഹം പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത്.

എഴുപതുകള്‍ മുതല്‍ ബിന്‍ അലി വന്യമായ മാര്‍ഗങ്ങളിലൂടെ തുടച്ചുനീക്കാന്‍ ശ്രമിച്ച ഇസ്‌ലാമിക പ്രസ്ഥാനം ഇന്ന് തുനീഷ്യന്‍ രാഷ്ട്രീയ സംവിധാനത്തിലെ അച്ചുതണ്ടായി മാറിയിരിക്കുന്നു എന്നും പത്രം അഭിപ്രായപ്പെടുന്നു. അറബ് വസന്തത്തിന് ശേഷം ജനാധിപത്യത്തിലേക്ക് മാറുന്നതില്‍ വിജയിച്ച ഏകരാഷ്ട്രം തുനീഷ്യയാണെന്നതും ശ്രദ്ധേയമാണ്.

2014ല്‍ നടന്ന തെരെഞ്ഞെടുപ്പില്‍ വിജയിച്ച സെക്യുലര്‍ പാര്‍ട്ടിയായ നിദാഅ് തൂനിസിലെ പിളര്‍പ്പുകള്‍ക്ക് ശേഷം അന്നഹ്ദ പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. പാര്‍ലമെന്റില്‍ 69 അംഗങ്ങളുണ്ടായിരുന്ന അന്നഹ്ദ കൂട്ടുകക്ഷി സര്‍ക്കാറുണ്ടാക്കുന്നതിന്, മുമ്പ് ബദ്ധവൈരികളായിരുന്ന മറ്റ് രണ്ട് കക്ഷികളുമായി സഖ്യം സ്ഥാപിച്ചു. ഇസ്‌ലാമിസ്റ്റുകള്‍ക്കും മതേതരര്‍ക്കുമിടയിലെ സംഘര്‍ഷത്തിന്റെ തീവ്രത കുറക്കുന്നതിന് ഈ യോജിപ്പ് സഹായിച്ചെങ്കിലും രാജ്യത്തെ സാമ്പത്തികമായി മുന്നോട്ടു നയിക്കുന്നതില്‍ കാര്യമായ സംഭാവനയൊന്നും നല്‍കിയില്ല. രാജ്യം ‘തെറ്റായ ദിശയിലാണ്’ സഞ്ചരിക്കുന്നതെന്നാണ് 70 ശതമാനം തുനീഷ്യക്കാരും വിശ്വസിക്കുന്നതെന്നും പത്രം അഭിപ്രായപ്പെടുന്നു.

ഈയൊരു പശ്ചാത്തലത്തില്‍ സാമ്പത്തിക നിയന്ത്രണം കൈവിട്ടു പോയതിന് പിന്നിലെ പ്രധാന കാരണമായി ഗന്നൂശി കാണുന്നത് ലിബിയയിലെ പ്രതിസന്ധി പോലുള്ള മറ്റുചില ഘടകങ്ങളാണ്. നിരന്തരമുള്ള ഭീകരാക്രമണങ്ങള്‍ ടൂറിസം മേഖലക്ക് ഏല്‍പിച്ച ആഘാതം അത്തരത്തിലുള്ള മറ്റൊന്നാണ്. വിപ്ലവത്തിന് ശേഷം വന്ന വിവിധ ഭരണകൂടങ്ങള്‍ക്ക് മേലാണ് ഗന്നൂശി ഈ അവസ്ഥകളുടെ ഉത്തരവാദിത്വം കെട്ടിവെക്കുന്നത്. കോണ്‍ഗ്രസ് ഫോര്‍ ദ റിപബ്ലിക്, ഡെമോക്രാറ്റിക് ഫോറം, അന്നഹ്ദ എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നുണ്ടാക്കിയ ത്രികക്ഷി സര്‍ക്കാറും അക്കൂട്ടത്തിലുണ്ട്.

അദ്ദേഹം പറഞ്ഞു: ”സാമൂഹികാവശ്യങ്ങളെ നിശബ്ദമാക്കാന്‍ ഭരണകൂടം വായ്പയെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. കൂടുതല്‍ പരിഷ്‌കരണങ്ങളുണ്ടാവേണ്ടത് നമുക്ക് ആവശ്യമാണ്. നിലവിലെ ഭരണകൂടം അതിനുള്ള ധൈര്യം കാണിക്കണം.” ഈ അര്‍ഥത്തില്‍ എഴുപത് പിന്നിട്ടിരിക്കുന്ന ഈ രാഷ്ട്രീയക്കാരന്‍ ഭരണപരിഷ്‌കരണത്തിന് ആഹ്വാനം ചെയ്ത് അവസാനിപ്പിക്കുന്നില്ല. അതോടൊപ്പം തന്നെ അതിന്റെ ഭാരം നീതിയുക്തമായി പങ്കിട്ടെടുക്കേണ്ടത് അനിവാര്യമാണെന്നും വ്യക്തമാക്കുന്നു. അഥവാ ”ജോലിക്കാര്‍ മാത്രം ഈ ബില്ലിന്റെ വിലയൊടുക്കേണ്ടി വരരുത്, മറിച്ച് ബിസിനസുകാര്‍ കൂടി അതിലുണ്ടാവണം.”

ആറ് വര്‍ഷം പിന്നിടുമ്പോള്‍ പല തുനീഷ്യക്കാരുടെയും ക്ഷമ നഷ്ടപ്പെട്ടിരിക്കുന്നു എന്നും പത്രം പറയുന്നു. തുനീഷ്യന്‍ ഫോറം ഫോര്‍ എകണോമിക്‌സ് ആന്റ് സോഷ്യല്‍ റൈറ്റ്‌സിന്റെ റിപോര്‍ട്ടനുസരിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം ആയിരത്തിലേറെ പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ ഏറെയും അഴിമതിക്കും തൊഴിലില്ലായ്മക്കും എതിരെയായിരുന്നു. 30 ശതമാനം യുവാക്കള്‍ തൊഴില്‍ രഹിതരാണ്. അവയില്‍ ഏറെയും ഉന്നത ബിരുദങ്ങള്‍ ഉള്ളവരുമാണ്. അത് വലിയ സാമൂഹിക പൊട്ടിത്തെറികളിലേക്ക് നയിക്കുമെന്നാണ് ചില നിരീക്ഷകര്‍ ഭയക്കുന്നത്.

”വിപ്ലവത്തിനെതിരെ മറ്റൊരു വിപ്ലവം ഉണ്ടാവുകയില്ല. രണ്ടുപാധികളുമായി ബന്ധപ്പെട്ടാണ് അത് സംഭവിക്കുന്നത്. സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധിയും സ്വേച്ഛാധിപത്യവുമാണവ. ഭാഗ്യവശാല്‍ സ്വേച്ഛാധിപത്യം രാജ്യത്തില്ല.” ഗന്നൂശിയുടെ വാക്കുകള്‍ പത്രം ഉദ്ധരിക്കുന്നു.

അന്നഹ്ദയുടെ പ്രത്യയശാസ്ത്ര പരിവര്‍ത്തനത്തെ കുറിച്ചും പത്രം വിവരിക്കുന്നുണ്ട്. 75കാരനായ ഗന്നൂശി ഇസ്‌ലാമിക ലോകത്ത് വലിയ സ്വാധീനമുള്ള ചിന്തകനാണ്. തുനീഷ്യക്ക് പുറത്തും പ്രസിദ്ധനാണ് അദ്ദേഹം. നാല് പതിറ്റാണ്ട് മുമ്പ് അദ്ദേഹം സ്ഥാപിച്ച പ്രസ്ഥാനത്തിലെ അംഗങ്ങള്‍ ഏറെ ആദരിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹം. അക്കാരണത്താലാണ് 2011ല്‍ അദ്ദേഹത്തിന് പിന്‍ഗാമിയെ കണ്ടെത്താന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടത്.

ആഴത്തിലുള്ള പ്രത്യയശാസ്ത്ര പരിഷ്‌കരണത്തിലൂടെ ശൈഖ് (അനുയായികള്‍ ഗന്നൂശിയെ വിളിക്കുന്നത്) തുനീഷ്യയെ ഇസ്‌ലാമിക കാഴ്ച്ചപ്പാടിലേക്ക് മാര്‍ഗദര്‍ശനം ചെയ്തു. അതിന്റെ പ്രവര്‍ത്തനങ്ങള്‍ എണ്‍പതുകളുടെ അവസാനത്തില്‍ തന്നെ തുടങ്ങിയിരുന്നു. ഗന്നൂശിയുടെ നിലപാടുകളെ മുന്‍നിര്‍ത്തി, അന്നഹ്ദ പരമ്പരാഗത ഇസ്‌ലാമിക കക്ഷികളുടെ അതിര്‍വരമ്പുകള്‍ക്ക് പുറത്തു കടന്നിരുന്നു എന്നും പത്രം സൂചിപ്പിക്കുന്നു. ദേശരാഷ്ട്രത്തിന്റെ അതിരുകള്‍ അംഗീകരിച്ച്, നീതിന്യായ രംഗത്ത് ശരീഅത്ത് അവലംബിക്കാത്ത സങ്കല്‍പമാണതിന്റേത്.

മൊറോക്കോയിലെ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിയും തുര്‍ക്കിയിലെ ജസ്റ്റിസ് ആന്റെ ഡെവലപ്‌മെന്റ് പാര്‍ട്ടിയും (അക് പാര്‍ട്ടി) അന്നഹ്ദയുടെ പാതയില്‍ തന്നെയാണ് നീങ്ങുന്നത്. മുഴുവന്‍ ഭാവി ഇസ്‌ലാമിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു മാനദണ്ഡമായിരിക്കണം തന്റെ പാര്‍ട്ടി എന്ന ആഗ്രഹം ഗന്നൂശി മറച്ചു വെക്കുന്നില്ല. അദ്ദേഹം പറയുന്നു: ”ഓരോ രാഷ്ട്രീയ പാര്‍ട്ടിയും അവ നിലനില്‍ക്കുന്ന നാട്ടിലെ സാഹചര്യത്തിനനുസരിച്ച് നീങ്ങേണ്ടത് അനിവാര്യമാണെങ്കിലും, മറ്റ് പാര്‍ട്ടികളും ഞങ്ങളുടെ പാത പിന്തുടരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.”

ദീനിന്റെ ശരിയായ വായനയുടെ അടിസ്ഥാനത്തിലുള്ളതല്ല ഭീകരത എന്നാണ് ഗന്നൂശി അഭിപ്രായപ്പെടുന്നത്. ഗന്നൂശി പറയുന്നു: ”വഹാബി, സലഫി ഗ്രന്ഥങ്ങള്‍ പുതുതായി ഉണ്ടായതല്ല. എന്നാല്‍ അവരുടെ എഴുത്തുകള്‍ക്ക് ഇന്ന് എന്തുകൊണ്ട് കൂടുതല്‍ പ്രചാരം ലഭിച്ചു?” നിലവിലെ സാമൂഹികവും രാഷ്ട്രീയവുമായ പ്രേരകങ്ങള്‍ക്ക് ഉത്തരം ചെയ്യുന്നതായി അവ മാറിയിരിക്കുന്നു എന്നതാണ് അതിനുള്ള ഉത്തരമെന്നും ഇറാഖിലെ സുന്നികള്‍ക്ക് നേരെയുള്ള അടിച്ചമര്‍ത്തലുകളിലേക്ക് സൂചന നല്‍കി കൊണ്ട് അദ്ദേഹം വിശദീകരിച്ചു.

സിറിയയിലേക്കും ഇറാഖിലേക്കും ഏറ്റവുമധികം പോരാളികളെ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായി തുനീഷ്യ മാറിയിരിക്കുന്നു. പ്രസിഡന്റ് ഹബീബ് ബൂര്‍ഖീബയുടെ കാലത്തെ ‘തീവ്രമതേതരത്വം’ സൃഷ്ടിച്ച ഒഴിവിലാണ് ഗന്നൂശി അതിന്റെ കാരണം തേടുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം മതസംവിധാനങ്ങള്‍ കടുത്ത അടിച്ചമര്‍ത്തലിന് വിധേയമാക്കപ്പെട്ട കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ചില മതചിഹ്നങ്ങള്‍ക്ക് പോലും വിലക്കേര്‍പ്പെടുത്തപ്പെട്ടു. അതുണ്ടാക്കിയ വിടവ് പിന്നീട് തീവ്ര സ്വഭാവമുള്ള സംഘങ്ങള്‍ ഉപയോഗപ്പെടുത്തി. യുവാക്കള്‍ക്കിടയില്‍ തീവ്രവാദ ചിന്തകളെ തടയാന്‍ സാധിച്ചു എന്നതാണ് തുനീഷ്യയുടെയും അന്നഹ്ദ പ്രസ്ഥാനത്തിന്റെയും വിജയത്തിന്റെ അടിസ്ഥാനം.

വിവ: നസീഫ്‌

Related Articles