Current Date

Search
Close this search box.
Search
Close this search box.

തിരിച്ചുവരവിന്റെയും വീണ്ടെടുപ്പിന്റെയും ആഹ്വാനമായി ‘നക്ബ- 65’

Nakba1948.jpg

ഇസ്‌റായേല്‍ അധിനിവേശത്തിലൂടെ തങ്ങളുടെ രാജ്യം കൈയടക്കിയതിന്റെ ദുഖ സ്മരണയില്‍ വിസമ്മതത്തിന്റെയും വീണ്ടെടുപ്പിന്റെയും ആഹ്വാനവുമായി  ഫലസ്തീന്‍ ജനത ബുധനാഴ്ച നക്ബ ദിനം ആചരിക്കുകയാണ്.   7,60,000 ത്തിലേറെ ഫലസ്തീനികളെ ഒറ്റയടിക്ക് തങ്ങളുടെ നാടുകളില്‍ നിന്നും വീടുകളില്‍ നിന്നും കുടിയിറക്കപ്പെട്ടുകൊണ്ട് 1948 മെയ് 14 നായിരുന്നു ഇസ്‌റായേല്‍ രാജ്യം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ഇന്നവരുടെ പിന്‍മുറക്കാരെയെല്ലാം ചേര്‍ത്ത് അംഗബലം ചുരുങ്ങിയത് 4.8 മില്യനെങ്കിലും വരും. തങ്ങളെ നിഷ്‌കരുണം അടിച്ചിറക്കി സയണിസ്റ്റുകള്‍ ഇസ്‌റായേല്‍ രാഷ്ട്രം സ്ഥാപിച്ചതിന്റെ ദുഖസ്മരണക്കാണ് നക്ബ ദിനം ഓരോ വര്‍ഷവും ആചരിച്ചു വരുന്നത്. ലോകത്തിന്റെ നാനാ ഭാഗത്ത് അഭയാര്‍ഥികളും കുടിയേറ്റവുമായി കഴിഞ്ഞു കൂടുന്ന ഫലസ്തീനികള്‍ തങ്ങളുടെ വീടുകളിലേക്ക് തിരിച്ചുവരുമെന്നതിന്റെ പ്രതീക്ഷയുമായി തകര്‍ക്കപ്പെട്ട വീടുകളുടെ താക്കോലുകള്‍ ഇന്നും സൂക്ഷിച്ചുകൊണ്ടിരിക്കുകയും തലമുറകള്‍ക്ക് കൈമാറിക്കൊണ്ടിരിക്കുകയുമാണ്. ഞങ്ങളുടെ രാജ്യത്തിന് രോഗം ബാധിച്ചിട്ടുണ്ടാകാം. പക്ഷെ, ഒരിക്കലുമത് മരിക്കുകയില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നവരാണവര്‍.

7,60,000 ഫലസ്തീനികളെ സ്വാതന്ത്ര മണ്ണില്‍ നിന്നും അഭയാര്‍ഥിത്വത്തിന്റെ അടിമത്വത്തിലേക്ക് ഒറ്റയടിക്ക് അടിച്ചിറക്കുകയായിരുന്നു ഇസ്രായേല്‍. ഇതിനെ തുടര്‍ന്ന് പത്തോളം നിഷ്ഠൂരമായ കൂട്ടക്കൊലകള്‍ അരങ്ങേറുകയുണ്ടായി. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമടങ്ങുന്ന പതിനായിരങ്ങള്‍ ഇതിന്റെ ഇരകളായിത്തീര്‍ന്നു. 500-ലേറെ ഫലസ്തീന്‍ ഗ്രാമങ്ങള്‍ തകര്‍ക്കുകയും ഫലസ്തീനിന്റെ സുപ്രധാന പട്ടണത്തെ ജൂതന്മാരുടെ ആസ്ഥാനവുമാക്കി മാറ്റുകയുണ്ടായി. ഫലസ്തീന്‍ ഗോത്രങ്ങളെ ആട്ടിയിറക്കിയതിനു പുറമെ ഫലസ്തീനികളുടെ ഐഡന്റിറ്റി മായ്ച്ചുകളയാനുള്ള പ്രവര്‍ത്തനങ്ങളും അരങ്ങേറി. അപ്രകാരം ഭൂമിശാസ്ത്രപരമായ പേരുകളുടെയും അറബി നാമങ്ങളുടെയും സ്ഥാനത്ത് ഹീബ്രു നാമങ്ങള്‍ എഴുതിച്ചേര്‍ക്കുകയും അറബികളുടെ ചരിത്ര പാരമ്പര്യമുള്ള ഭൂമിയെ നാശോന്മുഖമാക്കി ജൂത ഐഡന്റിറ്റി സ്ഥാപിക്കാനും അവര്‍ തയ്യാറായി. ഫലസ്തീനിനകത്തു സ്ഥാപിച്ച ടെന്റുകളിലും അയല്‍ രാജ്യങ്ങളായ ജോര്‍ദാന്‍, ലബനാന്‍, സിറിയ, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളിലെ അഭയാര്‍ഥി കേന്ദ്രങ്ങളിലുമായി ആയിരങ്ങള്‍ നരകീയ ജീവിതം നയിച്ചുവരുന്നു. ലോകത്ത് വ്യത്യസ്ത രാഷ്ട്രങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടു കൊണ്ട് അഭയാര്‍ഥി ജീവിതം നയിക്കേണ്ടി വന്നവരെ നമുക്ക് കാണാം. എന്നാല്‍ മിക്ക രാഷ്ട്രങ്ങളിലും ഇതൊരു താല്‍ക്കാലിക പ്രതിഭാസമായിരുന്നു. ചിലര്‍ രാഷ്ട്രം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിലൂടെയോ ശക്തമായ പ്രക്ഷോഭങ്ങളിലൂടെയോ തങ്ങളുടെ രാഷ്ട്രങ്ങളിലേക്ക് തിരിച്ചുപോയിക്കൊണ്ടിരിക്കുന്നു. എന്നാല്‍ 65 വര്‍ഷങ്ങളായി മില്യന്‍ കണക്കിന് ഫലസ്തീനികള്‍ ഗസ്സ, വെസ്റ്റ്ബാങ്ക്, ജോര്‍ദാന്‍, ലബനാന്‍, സിറിയ തുടങ്ങിയ രാഷ്ട്രങ്ങളിലെ ടെന്റുകളില്‍  നരകീയ ജീവിതം നയിച്ചുകൊണ്ടിരിക്കുകയാണ്.

ഇസ്രായേല്‍ അധിനിവേശം ചെയ്ത ഭൂമി അറബികളായ ഫലസ്തീനികളുടേതാണ് എന്നത് പകല്‍വെളിച്ചം പോലെ സര്‍വരും അംഗീകരിച്ചതാണ്. അല്ലെങ്കില്‍ ചരിത്രത്തെ നിഷ്പക്ഷമായ വായനക്കും പഠനത്തിനും വിധേയമാക്കുന്നവര്‍ക്ക് എളുപ്പത്തില്‍ ബോധ്യപ്പെടുന്നതാണ്. അറുപത്തി അഞ്ചാം ദുരന്തവര്‍ഷം വീണ്ടെടുപ്പിന്റെ പുത്തന്‍ സ്മരണകളുമായിട്ടാണ് ഫലസ്തീനികള്‍ ആചരിച്ചുകൊണ്ടിരിക്കുന്നത്. ഹമാസിന്റെ കരുത്തനായ സാരഥി ഖാലിദ് മിശ്അല്‍ ഈ സന്ദര്‍ഭത്തില്‍ തങ്ങളുടെ ദൗത്യത്തെ ഓര്‍മിപ്പിച്ചുകൊണ്ടു പറഞ്ഞു: ‘തിരിച്ചുവരവിന്റെയും വിസമ്മതത്തിന്റെയും ആഹ്വാനമായിട്ടാണ് നാം നക്ബയുടെ 65-ാം വാര്‍ഷത്തിന്റെ സ്മരണ പുതുക്കുന്നത്. ഫലസ്തീനികളുടെ അവകാശത്തില്‍ വീഴ്ചവരുത്തുന്ന ഒരു രാഷ്ട്രീയ സമവായത്തിനും ഞങ്ങള്‍ തയ്യാറല്ല. അധിനിവേശത്തെ തൃപ്തിപ്പെടുത്തുന്നതും അവര്‍ക്കനുകൂലമാകുന്നതുമായ എല്ലാ അനുരജ്ഞനശ്രമങ്ങളും അധിനിവേശത്തിനുള്ള പാദസേവയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിനാല്‍ തന്നെ അത്തരത്തിലുള്ള എല്ലാ ശ്രമങ്ങളെയും ഞങ്ങള്‍ പൂര്‍വാധികം ശക്തിയോടെ നിരാകരിക്കുകയാണ്. അതേ സമയം ഫലസ്തീനികള്‍ക്ക് തങ്ങളുടെ ഭൂമി വീണ്ടെടുക്കാനുള്ള ഏക മാര്‍ഗം ചെറുത്തുനില്‍പും ജിഹാദുമാണെന്നും ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു.’. അഭയാര്‍ഥി ടെന്റില്‍ കഴിയുന്ന ഹാജി സുലൈമാന്റെ പ്രതികരണം ശ്രദ്ദേയമാണ്. ‘ഫലസ്തീനിന്റെ ഒരു തുണ്ട് ഭൂമിയും സയണിസ്റ്റുകള്‍ക്ക് വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഞങ്ങളുടെ രാഷ്ട്രത്തിലേക്കുള്ള മടക്കം നിയമപരമായ ഞങ്ങളുടെ അവകാശമാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അധിനിവേശ ശക്തികള്‍ തൂത്തെറിയപ്പെടുകയും ജിഹാദിലൂടെ ഞങ്ങള്‍ ഞങ്ങളുടെ ഭൂമികളിലേക്ക് തിരിച്ചുവരുകയും ചെയ്യും’.

‘നക്ബ’യുടെ 65-ാം വാര്‍ഷികം ഫലസ്തീനികള്‍ക്ക് വീണ്ടെടുപ്പിന്റെ പുത്തന്‍ പ്രതീക്ഷകള്‍ പകര്‍ന്നുനല്‍കുന്നതാണ്. അവസാനത്തെ ഗസ്സ യുദ്ധത്തില്‍  ഇസ്രായേലിനെതിരെ നേരിയ വിജയം നേടാന്‍ സാധിച്ചും അറബ് വസന്തത്തിലൂടെ പശ്ചിമേഷ്യയില്‍ ഇസ്‌ലാമിസ്റ്റുകള്‍ തിരിച്ചുവന്നതും വിമോചന സ്വപ്‌നങ്ങള്‍ക്ക് നിറപ്പകിട്ടേകുന്നതാണ്. ഇന്ന് രാഷ്ട്രത്തലവന്മാരും മന്ത്രിമാരും മുസ്‌ലിം പണ്ഡിതന്മാരും ചെറുത്തുനില്‍പ്പിനു കൂടുതല്‍ കരുത്തുപകരാനും ഫലസ്തീന്‍ വിഷയം അന്താരാഷ്ട്ര ശ്രദ്ധയില്‍ കൊണ്ടുവരാനുമായി ഫലസ്തീനിലേക്ക് തീര്‍ഥയാത്ര നടത്തിക്കൊണ്ടിരിക്കുന്ന നയനാനന്ദകരമായ കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമും ശൈഖ് അഹ്മദ് യാസീനും അബ്ദുല്‍ അസീസ് റന്‍തീസിയുമെല്ലാം ഫലസ്തീന്‍ വിമോചനത്തിനായി ഒഴുക്കിയ രക്തത്തുള്ളികളില്‍ നിന്നും ഒരായിരം പോരാളികള്‍ പുനര്‍ജ്ജനിക്കുമ്പോള്‍ അധിനിവേശ ശക്തികളില്‍ നിന്ന് ഫലസ്തീന്‍ സ്വതന്ത്രമാകും. ഇന്‍ശാ അല്ലാഹ്!

Related Articles