Current Date

Search
Close this search box.
Search
Close this search box.

‘ഡോ. മുര്‍സി നടത്തേണ്ട പ്രഭാഷണം’

ഹിതപരിശോധനയുടെ ഫലം പ്രഖ്യാപിച്ചതിന് ശേഷം പ്രസിഡന്റ് ഡോ. മുഹമ്മദ് മുര്‍സി ഈജിപ്ഷ്യന്‍ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കുമോ എന്ന് എനിക്കുറപ്പില്ല. പക്ഷെ, അദ്ദേഹത്തില്‍ നിന്ന് കേള്‍ക്കാനാഗ്രഹിച്ച പ്രഭാഷണം എന്റെ പേനയിലൂടെ ഇവിടെ രേഖപ്പെടുത്താന്‍ ഞാന്‍ സാഹസം കാണിച്ചിരിക്കുകയാണ്.

ഈജിപ്ഷ്യന്‍ സമൂഹമേ, നിങ്ങള്‍ക്ക് മേല്‍ അല്ലാഹുവിന്റെ കരുണയും, അനുഗ്രഹവുമുണ്ടാവട്ടെ,
നാമിപ്പോള്‍ ഒരു ചുവട് കൂടി മുന്നോട്ട് വെച്ചിരിക്കുന്നു. നമ്മുടെ ജനത ഏറെക്കാലമായി കൊതിയോടെ കാത്തിരിക്കുന്ന ജനാധിപത്യ വ്യവസ്ഥയുടെ ജനനത്തിലേക്ക്. സ്വാതന്ത്ര്യം, മാനവികത, സാമൂഹികനീതി തുടങ്ങിയവ മുന്നില്‍ വെച്ച് അവര്‍ വിപ്ലവം നടത്തിയിരുന്നത് അതിന് വേണ്ടിയായിരുന്നു. പ്രയാസത്തിന്റെയും, സംഘര്‍ഷത്തിന്റെയും കഠിനമായ പേറ്റുനോവ് അനുഭവിച്ചതിന് ശേഷമാണ് ഈജിപ്തില്‍ അതിന്റെ ജനനം. എല്ലാരാഷ്ട്രീയ ശക്തികളും, വിഭാഗങ്ങളും -അനുകൂലിച്ചോ, പ്രതികൂലിച്ചോ- അതില്‍ ഭാഗവാക്കാണ്. കഴിഞ്ഞ അരനൂറ്റാണ്ടിനിടിയല്‍ ഈജിപ്ത് സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ആരോഗ്യകരായ പോരാട്ടമായിരുന്നു അത്. ഈജിപ്ഷ്യന്‍ ജനത തങ്ങളുടെ ആത്മാവും, സ്വാതന്ത്ര്യവും തിരിച്ച് പിടിച്ചിരിക്കുന്നുവെന്നും, തങ്ങളുടെ മണ്ണില്‍ ഫറോവമാരെയും, ദൈവംചമയുന്ന മറ്റ് സ്വേഛാധിപതികളെയും കാല്‍കുത്താന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ച പ്രായോഗിക നടപടിയായിരുന്നു അത്. സര്‍വഅധികാരങ്ങളും, അന്തിമതീരുമാനങ്ങളും ഇനി ഈജിപ്ഷ്യന്‍ ജനതക്കായിരിക്കുമെന്നും അതിലൂടെ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ മാസങ്ങളില്‍ നടന്ന പോരാട്ടങ്ങളില്‍ ധിക്കാരത്തിന്റെയും, അക്രമത്തിന്റെയും കലര്‍പ്പുണ്ടായിരുന്നുവെന്നതില്‍ സംശയമില്ല. അങ്ങനെ സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. നാം അന്തസ്സോടും അഭിമാനത്തോടും കൂടി കൊട്ടിഘോഷിച്ചിരുന്ന സമാധാന വിപ്ലവത്തിന്റെ മുഖത്ത് ചെളിതേക്കുന്നതായിരുന്നു അത്. മാത്രമല്ല, മറ്റ് ചില കുറ്റകൃത്യങ്ങളും അതില്‍ സംഭവിക്കുകയുണ്ടായി. ഭരണഘടനാ കോടതി ഉപരോധിച്ചതും, അറ്റോര്‍ണി ജനറലിനെ ആക്രമിച്ചതും ഉദാഹരണങ്ങളാണ്. സാധാരണഗതിയില്‍ സംഭവിക്കാന്‍പാടില്ലാത്തതും, പൊറുക്കപ്പെടേണ്ടതുമായ കാര്യമായിരുന്നില്ല അവ. ഇതുവരെ സംഭവിച്ചതിനെ വിലയിരുത്തുന്ന പക്ഷം അഭിപ്രായഭിന്നതകളെ സമീപിക്കുന്നതിന്റെ സംസ്‌കാരവും പരിജ്ഞാനവും നാം ആര്‍ജ്ജിക്കേണ്ടിയിരിക്കുന്നുവെന്നാണ് ബോധ്യപ്പെടുക.

ഈജിപ്തിന്റെ ധാരാളം മൂല്യങ്ങളും, അടിസ്ഥാനങ്ങളും തകര്‍ത്ത് കളഞ്ഞതില്‍ മുന്‍കഴിഞ്ഞ ഭരണകൂടത്തിന്റെ ശേഷിപ്പുകള്‍ക്ക് സുപ്രധാന പങ്കുണ്ട്. വൈരുദ്ധ്യങ്ങളും നിഗൂഢതകളും നിറഞ്ഞ സമൂഹത്തെയും, അധികാരത്തെയും ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രത്തിന്റെ ഭാരമേറിയ അവശിഷ്ടമാണ് അവര്‍ നമുക്ക് തന്നത്. കേവലം ആഭ്യന്തരമേഖലയില്‍ മാത്രം പരിമിതമല്ല ഇത്. മറിച്ച് ഈജിപ്തിന്റെ വൈദേശിക ബന്ധത്തിലും പ്രസ്തുത വൈകൃതങ്ങള്‍ കടന്ന് കൂടി. തല്‍ഫലമായി എണ്ണമറ്റ വെല്ലുവിളികള്‍ നമുക്ക് നേരിടേണ്ടി വരികയും, പര്‍വതങ്ങള്‍ക്ക് മാത്രം വഹിക്കാന്‍ സാധിക്കുന്ന ഭാരം ചുമക്കേണ്ടി വരികയും ചെയ്തു. രാഷ്ട്രത്തിന്റെ സ്ഥാപനങ്ങളെ പുനര്‍നിര്‍മിക്കുകയോ, പൗരന്മാരുടെ മഹത്വം തിരിച്ച് പിടിക്കുകയോ മാത്രമല്ല, മറിച്ച് രാഷ്ട്രത്തിന് അതിന്റെ മഹത്വവും, പ്രതാപവും, സ്ഥാനവും മടക്കിക്കൊണ്ട് വരേണ്ടതും നമ്മുടെ ബാധ്യതയാണ്.

ഒന്നാമത്തെ നിമിഷം മുതല്‍ നാനാഭാഗത്ത് നിന്നും നാം ആക്രമിക്കപ്പെടുന്നതായും, ധാരാളം പേര്‍ നമ്മോട് മത്സരിക്കുന്നതായും നാം കണ്ടു. നാം ധാരാളമായി കഠിനാധ്വാനം ചെയ്യുകയും, കുറച്ച് മാത്രം സംസാരിക്കുകയും ചെയ്തു. നന്നായി പരിശ്രമിച്ചപ്പോള്‍ തന്നെ ഒട്ടേറെ ശരികള്‍ ചെയ്യുകയും ചില്ലറെ തെറ്റുകളും വീഴ്ചകളുമുണ്ടാവുകയും ചെയ്തു. പക്ഷെ നാം ഇതുവരെ ലക്ഷ്യസ്ഥാനം നഷ്ടപ്പെടുത്തുകയോ, വിപ്ലവത്തിന്റെ ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുകയോ ചെയ്തില്ല.

സഹോദരീ-സഹോദരന്മാരെ, വിപ്ലവ ഈജിപ്ത് പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. അതിനാല്‍ ഏതാനും കാര്യങ്ങള്‍ നിങ്ങളെ ഉണര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
-ഫലം കൊയ്‌തെടുക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കുകയെന്നത് അന്യായമാണ്. കേവലം ആറ് മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തത്. വിത്തെറിയും മുമ്പ് നിലം വൃത്തിയാക്കാനും, അതിനെ ഒരുക്കാനും, അതിലുള്ള പാറക്കെട്ടുകള്‍ നീക്കാനുമുള്ള സമയമായിരുന്നു അത്. ഈ സന്ദര്‍ഭത്തില്‍ നാം ധൃതി കാണിച്ചാല്‍ അത് ഭാവിയെ അപകടപ്പെടുത്തുന്ന സാഹസികതയായിരിക്കും.

-മുന്‍ഭരണകൂടം നമുക്ക് തന്ന അനന്തരസ്വത്തിന്റെ ഭാരവും, ഉത്തരവാദിത്തത്തിന്റെ കനവും സര്‍വവിധ സന്നാഹത്തോടും കൂടി നാം ഒരുമിച്ച് നില്‍ക്കുകയും, സര്‍വമനശക്തിയും സംഭരിച്ച് എഴുന്നേല്‍ക്കുകയുമാണ് വേണ്ടത്. എല്ലാവരുടെയും ഉടമസ്ഥതയിലുള്ള രാഷ്ട്രം എപ്പോഴും ഉയര്‍ന്ന് നില്‍ക്കും. അതിന് വിരുദ്ധമായി ചിന്തിക്കുന്നവര്‍ക്ക് തെറ്റുപറ്റിയിരിക്കുന്നു. എല്ലാ പ്രശ്‌നങ്ങളിലും അഭിപ്രായഭിന്നതയും, വിയോജിപ്പുമുണ്ടായെന്നിരിക്കും. ഒരു ചെറുസംഘത്തിലാണെങ്കിലും അത് സംഭവിക്കും. എന്നാല്‍ രാഷ്ട്രത്തിന്റെ ഉന്നതതാല്‍പര്യവുമായി ബന്ധപ്പെടുമ്പോള്‍ കാര്യം തീര്‍ത്തും വ്യത്യസ്തമാണ്.

-ഞാന്‍ സ്വീകരിച്ച എല്ലാ നടപടികളും, ഞാനെടുത്ത എല്ലാ തീരുമാനങ്ങളും, വിപ്ലവലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ചുള്ളവയായിരുന്നു. കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടയില്‍ എന്നില്‍ നിന്ന് സംഭവിച്ച എല്ലാകാര്യങ്ങളും തീര്‍ത്തും നീതിപൂര്‍വം എല്ലാവരും പരിശോധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതിന് സ്വീകരിച്ച മാര്‍ഗത്തില്‍ ഒരു പക്ഷെ ഞങ്ങള്‍ക്ക് തെറ്റിയേക്കാം. പക്ഷെ അവക്ക് പിന്നിലുള്ള സുദുദ്ദേശ്യം ആ തെറ്റുകള്‍ ഞങ്ങള്‍ക്ക് പൊറുത്ത് തരാന്‍ വഴിവെക്കുമെന്ന് കരുതുന്നു.

-ജനാധിപത്യസരണിയില്‍ നവജാതശിശുക്കളാണ് നാമെന്നത് സമ്മതിച്ചേ പറ്റൂ. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതി മുതല്‍ നമുക്ക് അപരിചിതമായ സംവിധാനമാണത്. ഈ മാര്‍ഗത്തില്‍ നവാഗതരായിരിക്കെ നാം പരസ്പരം ചേര്‍ന്ന് നില്‍ക്കുകയാണ് വേണ്ടത്. കേവലം ശക്തിപ്പെടുന്നതിനോ, ഐക്യപ്പെടുന്നതിനോ വേണ്ടിയല്ല, മറിച്ച് പരസ്പരം പഠിക്കുകയും, പൂര്‍ണത കൈവരിക്കുന്നതിനുമാണ് നാമത് ചെയ്യുന്നത്. നിരാശ്രയത്തിന്റെയോ, ഔന്നത്യത്തിന്റെയോ സുഭിക്ഷതയിലല്ല നാമുള്ളത്. അവ രണ്ടും വിപ്ലവത്തിന്റെയും ഭാവിയുടെയും കാര്യത്തില്‍ വീഴ്ചയാണ് വരുത്തുക. നാം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന പ്രതിസന്ധികളും, വൈതരണികളും അതിജയിക്കുമെന്ന് നമുക്ക് ദൃഢബോധ്യമുണ്ട്. നാമെല്ലാവരും നമ്മുടെ കയ്യിലുള്ളതില്‍ ഏറ്റവും ഉത്തമമായത് ഏറ്റവും ഉത്തമമായതിലേക്ക് ചേര്‍ക്കുകയാണെങ്കിലെ അത് സംഭവിക്കുകയുള്ളൂ. പക്ഷെ നമുക്കിടയില്‍ നടക്കുന്ന വടംവലി ഏറ്റവും മോശമായതിനെ പുറത്തെടുക്കാന്‍ കാരണമാവുമോ എന്നാണ് എന്റെ ഭയം.

-ജനാധിപത്യസംവിധാനം അപ്രത്യക്ഷമാവുകയോ, വികൃതമാക്കപ്പെടുകയോ ചെയ്ത കാലത്ത് തന്നെയാണ് സമൂഹത്തിന്റെ ഉന്നത താല്‍പര്യങ്ങള്‍ ബലികഴിക്കപ്പെട്ടതെന്നും നമുക്കറിയാം. സമൂഹത്തെ എല്ലാവരാലും അവഗണിക്കപ്പെടുന്ന വിധത്തില്‍ അരിക് വല്‍ക്കരിച്ച ഏര്‍പാടായിരുന്നു അത്. ഈ അവസ്ഥ തുടര്‍ന്നപ്പോള്‍ നാം പരസ്പരം അവഗണിക്കുക മാത്രമല്ല, ദുര്‍വിചാരം പുലര്‍ത്തുകയും ചെയ്തു. അതിനാല്‍ അപകര്‍ഷതാബോധമുള്ള, അജ്ഞതമുറ്റിയ ഒരു സമൂഹം ഇവിടെ രൂപപ്പെട്ടു. അതിന്റെ ഫലങ്ങളും, അലയൊലികളുമാണ് നാം ഇപ്പോഴനുഭവിക്കുന്ന പ്രശ്‌നങ്ങളും.

-ഇപ്പോല്‍ ഈജിപ്തില്‍ നടന്ന് കൊണ്ടിരിക്കുന്ന വടംവലിക്ക് അര്‍ഹമായതിനേക്കാള്‍ കൂടുതല്‍ ഊന്നല്‍ നല്‍കരുത്. അങ്ങനെയാവുമ്പോള്‍ രാഷ്ട്രീയതര്‍ക്കമായും, ശത്രുക്കള്‍ക്കിടയിലെ സംഘട്ടനമായും അത് വിലയിരുത്തപ്പെടും. വളരെ നേരിയ തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വിപ്ലവഗ്രൂപ്പുകള്‍ക്കിടിയിലുണ്ടാവുമെന്ന് എനിക്കറിയാം. പക്ഷെ ആഭ്യന്തരമായ ഈ അഭിപ്രായ ഭിന്നതകള്‍ യഥാര്‍ത്ഥ പോരാട്ടം മുന്‍വ്യവസ്ഥയോടും അതിന്റെ വക്താക്കളോടുമാണെന്ന കാര്യം വിസമരിപ്പിക്കരുത്.

ജനങ്ങളെ,
ഇരുഘട്ടങ്ങളിലായി നടന്ന ഹിതപരിശോധനാപ്രക്രിയകള്‍ ഞാന്‍ നിരീക്ഷിക്കുകയുണ്ടായി. ഭരണഘടനയെ അനുകൂലിക്കുകയും, പ്രതികൂലിക്കുകയും ചെയ്യുന്നവര്‍ക്കിടയിലുണ്ടായ സംഘട്ടനം എന്നെ വേദനപ്പിച്ചു. ചില രാഷ്ട്രീയപാര്‍ട്ടികള്‍ ഹിതപരിശോധനയില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ചതും, അതിന്റെ സുതാര്യതയെ ചോദ്യം ചെയ്തതും ഏറെ വിഷമിപ്പിക്കുകയുണ്ടായി. വിവരത്തിലും, പരിജ്ഞാനത്തിലും, പരിശുദ്ധിയിലും ഉയര്‍ന്ന് നില്‍ക്കുന്ന ഒരു സംഘമാണ് തെരഞ്ഞെടുപ്പ്് കൈകാര്യം ചെയ്തിരുന്നതെന്ന് നമുക്കറിയാം.

എന്തൊക്കെയാണെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം രണ്ട് കാര്യങ്ങളാണ് സുപ്രധാനമായിട്ടുള്ളത്. ഭരണഘടന ഭൂരിപക്ഷ പിന്തുണയോടെ പാസ്സായി എന്നതാണ് അതിലൊന്ന്. ജനാധിപത്യ നിര്‍മാണസരണിയില്‍ മുന്നോട്ട് പോവാനും ജനകീയ പങ്കാളിത്തം വശാലമാക്കാനും അത് നമ്മെ സഹായിക്കുകയും, രാഷ്ട്രത്തിന്റെ അഖണ്ഡത പുനസ്ഥാപിക്കാന്‍ കാരണമാവുകയും ചെയ്യും. 40% പേര്‍ ഭരണഘടനയോട് വിയോജിച്ച് കൊണ്ട് നമ്മുടെ നിലവിലുള്ള അവസ്ഥയില്‍ അസംതൃപ്തരാണെന്ന സന്ദേശം നമ്മെ അറിയിച്ചിരിക്കുന്നുവെന്നതാണ് രണ്ടാമത്തേത്. അവരുടെ വിയോജിപ്പ് കേവലം ഭരണഘടനയോട് മാത്രമല്ല, താങ്ങാനാവാത്ത പ്രാരാബ്ദം പോലുള്ള മറ്റ് കാരണങ്ങളും അവക്ക് പിന്നിലുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ആ സന്ദേശത്തിന് പ്രത്യേകമായ പരിഗണന ഞാന്‍ നല്‍കുമെന്ന കാര്യം മറച്ച് വെക്കുന്നില്ല. നാല്‍പത് ശതമാനത്തോളം പേര്‍ അസംതൃപ്തരായി ജീവിക്കുമ്പോള്‍ ഒരു പ്രസിഡന്റിനും ആശ്വാസത്തോടെ കിടന്നുറങ്ങാന്‍ സാധിക്കില്ല.

അടുത്തഘട്ടത്തിലെ പരിപാടികളില്‍ മുന്‍പന്തിയിലുണ്ടായിരിക്കുക പ്രസ്തുത സന്ദേശം തന്നെയായിരിക്കുമെന്ന് എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാര്‍ക്ക് ഞാന്‍ വാഗ്ദാനം നല്‍കുന്നു. താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാന്‍ പരിജ്ഞാനമുള്ള ആളുകളോട് ഞാന്‍ ചര്‍ച്ച നടത്തുന്നതാണ്.
പ്രസിഡന്റിന്റെ വീഴ്ചകള്‍ ഈ ഫലത്തില്‍ എത്രമാത്രം പങ്ക് വഹിച്ചിട്ടുണ്ട്? ഈ അവസ്ഥയില്‍ ഭരണകൂടത്തിന് എന്ത് പങ്കാണുള്ളത്? രാഷ്ട്രത്തിലെ മറ്റ് ശക്തികളുമായി ഐക്യപ്പെടുന്നതില്‍ എന്ത് കൊണ്ട് ഭരണകൂടം വിജയിച്ചില്ല? നിലവിലുള്ളതിനേക്കാള്‍ വലിയ ലക്ഷ്യങ്ങളായിരുന്നു വിപ്ലവത്തിനുണ്ടായിരുന്നുവെന്നതാണോ ഈ അസംതൃപ്തി സൂചിപ്പിക്കുന്നത്? അത് കൊണ്ടാണോ അവര്‍ക്ക് പരാജയം തോന്നുകയും, രോഷം പ്രകടിപ്പിക്കുകയും ചെയ്തത്? ഈ അവസ്ഥ പര്‍വതീകരിക്കുന്നതില്‍ പത്രമാധ്യമങ്ങള്‍ക്ക് എത്രത്തോളം പങ്കാണുള്ളത്? സമൂഹവുമായുള്ള ഇടപാടുകളില്‍ ആവശ്യമായ സുതാര്യത പുലര്‍ത്തുന്നതില്‍ നാം വിജയിക്കാതിരിക്കുന്നത് എന്ത് കൊണ്ട്? ആഭ്യന്തരവും, ബാഹ്യവുമായ കാരണങ്ങള്‍ എത്രമാത്രം ഈ അവസ്ഥയില്‍ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട്?

സഹോദരീ സഹോദരന്മാരെ,
രാഷ്ട്രീയശക്തികള്‍ക്കിടയിലെ ഭിന്നതകളുടെ ശബ്ദകോലാഹലങ്ങള്‍ ദൈനംദിന ജീവിതത്തിലെ പ്രശ്‌നങ്ങളെ നമ്മില്‍ നിന്ന് മറച്ചിരിക്കുന്നു. പ്രസ്തുത പ്രശ്‌നങ്ങള്‍ ഭരണകൂടം മനസ്സിലാക്കുകയും, അത് പരിഹരിക്കാന്‍ നിശബ്ദമായി പണിയെടുക്കുകയും ചെയ്യുകയാണെന്ന് എനിക്കറിയാം. അതോടൊപ്പം തന്നെ രാഷ്ട്രത്തിലെ പ്രവര്‍ത്തനത്തിന്റെ മുന്‍ഗണനാക്രമം യാതൊരു അവ്യക്തതയുമില്ലാതെ എല്ലാജനങ്ങളും അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. രോഷാകുലരായ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവരുടെ സംതൃപ്തി വീണ്ടെടുക്കലും, ശാന്തമായ സമൂഹത്തെ സൃഷ്ടിക്കലുമാണ് എന്റെ പ്രഥമ ലക്ഷ്യം. അതോടൊപ്പം തന്നെ രാഷ്ട്രത്തിലെ മറ്റ് ഉത്തരവാദിത്തങ്ങള്‍ ഒന്നിച്ച് നിന്ന് ധൈര്യത്തോടും, തന്റേടത്തോടും കൂടി നേരിടാന്‍ തയ്യാറാവണമെന്ന് ഞാന്‍ നിങ്ങളോട് ആഹ്വാനം ചെയ്യുന്നു.

മുന്‍കഴിഞ്ഞ സ്വേഛാധിപത്യ വ്യവസ്ഥയെ താഴെയിറക്കുന്നതില്‍ വിജയിച്ച ഐക്യസമൂഹത്തെ തിരിച്ച് കൊണ്ടുവരാന്‍ സാധിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. പ്രഥമദൗത്യത്തില്‍ വിജയിച്ച ആ ഐക്യസമൂഹത്തിന് ജനങ്ങളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും പ്രതിനിധീകരിക്കുന്ന പുതിയ ചുവരുകള്‍ പണിയാന്‍ സാധിക്കേണ്ടതുണ്ട്.

ഞാനെന്റെ കൈകള്‍ നിങ്ങളിലേക്ക് നീട്ടുകയാണ്. നമുക്കെല്ലാവര്‍ക്കും ഈ രാഷ്ട്രത്തെ മുറുകെ പിടിക്കാം. വീഴ്ചകളില്‍ അതിനെ താങ്ങി നിര്‍ത്താം. എനിക്ക് അവകാശങ്ങളില്ല, ബാധ്യതകളാണ് ഉള്ളതെന്ന് അധികാരമേറ്റ പ്രഥമ ദിനത്തില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. ഈജിപ്തില്‍ ഐക്യസമൂഹത്തെ രൂപീകരിക്കുകയെന്നത് അടുത്തഘട്ടത്തിലെ പ്രഥമ ഉത്തരവാദിത്തമായി ഞാന്‍ ഗണിക്കുന്നു. അതിന് വേണ്ടി അല്ലാഹുവിനോട് സഹായം തേടുകയും ചെയ്യുന്നു.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles