Current Date

Search
Close this search box.
Search
Close this search box.

ട്രംപില്‍ നിന്ന് ഒരു നന്മയും ഫലസ്തീനികള്‍ പ്രതീക്ഷിക്കുന്നില്ല

abbas-trump.jpg

മെയ് മൂന്നിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുമ്പോള്‍ ശ്വാസമടക്കിപ്പിടിച്ചിരിക്കുകയായിരുന്നു ഫലസ്തീനികള്‍. സമാധാനമുണ്ടാക്കുന്നതില്‍ വല്ല പുരോഗതിയും ഉണ്ടാകുമോ എന്ന പ്രതീക്ഷയിലായിരുന്നില്ല അത്. മറിച്ച് അതിന് വിരുദ്ധമായി വല്ലതും സംഭവിക്കുമോ എന്നാലോചിച്ചായിരുന്നു അത്.

ഒന്നാമതായി, ഇസ്രയേലിലെ തീവ്രവലതുപക്ഷ അധിനിവേശ, വംശീയവിവേചന ഭരണകൂടത്തോടുള്ള ട്രംപിന്റെ ചായ്‌വ് അന്താരാഷ്ട്ര നിയമത്തെയും മനുഷ്യാവകാശ തത്വങ്ങളെയും മാനിക്കുന്ന കാര്യത്തില്‍ ശുഭ സൂചനയല്ല നല്‍കുന്നത്. ഫലസ്തീനികള്‍ക്കും അറബികള്‍ക്കും നേരെയുള്ള യുദ്ധങ്ങളില്‍ ഇസ്രയേലിന് ആയുധം നല്‍കുകയും ഇസ്രയേലിന്റെ അടിച്ചമര്‍ത്തല്‍ സംവിധാനങ്ങളെ സംരക്ഷിക്കുകയും അവക്ക് വേണ്ട ഫണ്ടൊരുക്കുകയും ചെയ്യുന്നത് ട്രംപിന് മുമ്പ് തന്നെ അമേരിക്ക ചെയ്യുന്ന കാര്യമാണ്. അമേരിക്കയുടെ ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെല്ലാം വെട്ടിചുരുക്കലുകള്‍ വരുത്തിയെങ്കിലും പത്തുവര്‍ഷത്തിനുള്ളില്‍ ഇസ്രയേലിന് 38 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം നല്‍കാനാണ് ഒബാമ കരാറുണ്ടാക്കിയിരിക്കുന്നത്.

എന്നാല്‍ ട്രംപ് ഒരുപടി കൂടി മുന്നോട്ടു പോവുകയാണ്. അധിനിവിഷ്ട ഫലസ്തീനിലും സിറിയന്‍ ഭൂമിയിലും നിര്‍മിക്കപ്പെട്ട ഇസ്രയേല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ അതിന് ഒരു ഉദാഹരണമായിട്ടെടുക്കാം. ഈയടുത്ത് നടത്തിയ വാചകകസര്‍ത്തുകള്‍ക്ക് വിരുദ്ധമായി, അവയെ രാഷ്ട്രീയമായും സാമ്പത്തികമായും സഹായിക്കുന്ന നിലപാടാണ് ട്രംപിന്റേത്. മുഴുലോകവും അവയെ അന്താരാഷ്ട്ര നിയമ പ്രകാരം നിയമവിരുദ്ധവും സമാധാനത്തിന്റെ പാതയിലുള്ള ഏറ്റവും വലിയ പ്രതിബന്ധവുമായി കാണുമ്പോഴാണിത്.

തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ ട്രംപ് ഇടക്കിടെ ഇസ്രയേല്‍ നയങ്ങളുദ്ധരിക്കാറുണ്ട്. വംശീയമായ വേര്‍തിരിവ്, അഭയാര്‍ഥികള്‍ക്കും മുസ്‌ലിംകള്‍ക്കുമുള്ള വിലക്ക്, മെക്‌സിക്കോക്ക് ഇടയിലെ മതില്‍ തുടങ്ങിയ അദ്ദേഹത്തിന്റെ നയങ്ങളൊക്കെ പരസ്യമായി പയറ്റുന്ന ആളാണ് ബെന്യമിന്‍ നെതന്യാഹു. അമേരിക്കന്‍ ‘സമാധാനസ്ഥാപന’ ചരിത്രത്തില്‍ തന്നെ ഏറ്റവും ആത്മാര്‍ത്ഥതയില്ലാത്ത സംഘമായിരിക്കും ട്രംപിന്റെ മിഡിലീസ്റ്റ് സംഘം. കുടിയേറ്റത്തെ അനുകൂലിക്കുന്ന ഇസ്രയേല്‍ ഭരണകൂടത്തെ വ്യക്തമായി തന്നെ പിന്തുണക്കുന്നവരാണ് അതിലെ ജാരേദ് കുഷ്‌നറും ജേസണ്‍ ഗ്രീന്‍ബ്ലാറ്റും ഡേവിഡ് ഫ്രീഡ്മാനും. മാത്രമല്ല, കുഷ്‌നും ഫ്രീഡ്മാനും തീവ്രകുടിയേറ്റ ഗ്രൂപ്പുകളുടെ പദ്ധതികളില്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയിട്ടുള്ളവരുമാണ്. ഇങ്ങനെയുള്ള ഒരു ഭരണകൂടത്തില്‍ നിന്ന് ഫലസ്തീനികളുടെ സ്വാതന്ത്ര്യത്തിനും നീതിക്കും തുല്യഅവകാശങ്ങള്‍ക്കും വേണ്ടിയുള്ള വല്ല പ്രവര്‍ത്തനവും ഉണ്ടാവുമെന്ന് ബുദ്ധിക്ക് തകരാറുമുള്ളവരല്ലാതെ പ്രതീക്ഷിക്കില്ല.

രണ്ടാമതായി, ഇസ്രയേലിന്റെ ചരിത്രത്തിലെ ‘ഏറ്റവും കടുത്ത വംശീയവാദി’യായിട്ടാണ് നെതന്യാഹു പൊതുവെ അറിയപ്പെടുന്നത്. അനധികൃത കുടിയേറ്റങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ പേരില്‍ മാത്രമല്ല അത്. ഫലസ്തീനികളെ ക്രമേണ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ് അദ്ദേഹം. ഇന്ന് ഇസ്രയേല്‍ ചെയ്തു കൊണ്ടിരിക്കുന്ന, വെസ്റ്റ്ബാങ്കില്‍ വിശിഷ്യാ കിഴക്കന്‍ ഖുദ്‌സിലെ ഭൂമി കണ്ടുകെട്ടുന്നതും, ഫലസ്തീന്‍ അഭയാര്‍ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതും ഗസ്സക്ക് മേലുള്ള ഉപരോധം കനപ്പിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമായിട്ടാണ്. അധികാരവും ശിക്ഷിക്കപ്പെടില്ലെന്ന വിശ്വാസവും ഉന്മത്തരാക്കിയ ഇസ്രേയല്‍ ഭരണകൂടത്തിലെ മന്ത്രിമാര്‍ ‘ദ്വിരാഷ്ട്ര പരിഹാരം’ സംബന്ധിച്ച നിലപാടും തുറന്നു കാട്ടി. ട്രംപിന്റെ അധികാരാരോഹണം ഫലസ്തീനികളുടെ സ്വയംനിര്‍ണയാവകാശത്തെ കുഴിച്ചുമൂടാനുള്ള അപൂര്‍വ അവസരമായി കണ്ട് അവര്‍ ആഹ്ലാദിച്ചു.

നിലവിലെ ഫലസ്തീന്‍ നേതൃത്വത്തിനുള്ള ജനാധിപത്യപരമായ അധികാരത്തിന്റെ അഭാവമാണ് മൂന്നാമത്തെ കാര്യം. അബ്ബാസിന്റെ കാലാവധി 2009ല്‍ അവസാനിച്ചിട്ടുണ്ട്. അന്തസ്സിനും സ്വാതന്ത്ര്യത്തിനും വേണ്ടി ആയിരത്തിലേറെ ഫലസ്തീന്‍ രാഷ്ട്രീയ തടവുകാര്‍ നടത്തുന്ന നിരാഹാര സമരം അധിനിവേശത്തിനെതിരെയുള്ള ജനകീയ പ്രതിരോധത്തിന് പോഷണം നല്‍കുന്നതോടൊപ്പം തന്നെ അബ്ബാസിന്റെ ജനപ്രീതിക്ക് വന്നിട്ടുള്ള വമ്പിച്ച ഇടിവിനെയും എടുത്തുകാട്ടുന്നു.

ഇസ്രയേലിനും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും ഇടയില്‍ 1993ല്‍ ഉണ്ടാക്കിയ ഓസ്‌ലോ ഉടമ്പടിയിലൂടെ അധിനിവേശത്തിന്റെ കീഴ്ക്കരാറുകാരന്‍ എന്ന തലത്തിലേക്ക് പി.എല്‍.ഒ മാറ്റപ്പെടുകയാണ് ചെയ്തത്. തുടര്‍ന്നു കൊണ്ടിരിക്കുന്ന വഞ്ചനാത്മകമായ ‘സമാധാന പ്രക്രിയകള്‍’ സമാധാനത്തെ വിദൂരത്താക്കിയിരിക്കുന്നു. ഇസ്രയേലിന്റെ കോളനിവല്‍കരണത്തെ ശക്തപ്പെടുത്തുന്നതിനപ്പുറം ഒന്നുമത് ചെയ്യുന്നില്ല. നിരവധി ഫലസ്തീനികളുടെ ഭാഗത്തു നിന്നും ശക്തമായ എതിര്‍പ്പുണ്ടായിട്ടും ട്രംപിന് പാദസേവ ചെയ്യാനാണ് ഫലസ്തീന്‍ അതോറിറ്റി നേതൃത്വം താല്‍പര്യമെടുക്കുന്നത്. ഇസ്രയേല്‍ അധിനിവേശകരുമായുള്ള സുരക്ഷാ സഹകരണത്തോടുള്ള അതോറിറ്റിയുടെ കൂറ് എടുത്തുപറയേണ്ടതാണ്. ‘അവിശ്വസനീയമായ നല്ലകാര്യം’ എന്നാണ് ട്രംപ് അതിനെ പുകഴ്ത്തിയത്. ഫലസ്തീന്‍ ദേശീയ അനുരഞ്ജനത്തിന് തടസ്സം നില്‍ക്കുന്നതും 2015 മാര്‍ച്ചിലെ പി.എല്‍.ഒയുടെ തന്നെ തീരുമാനത്തിന് വിരുദ്ധവുമാണ് ഈ സഹകരണം.

ശരിയായ അര്‍ഥത്തില്‍ ഫലസ്തീനികളെ പ്രതിനിധീകരിക്കുന്ന ഉത്തരവാദിത്വമുള്ള ഒരു നേതൃത്വം ഉയര്‍ന്നുവരികയും ഇസ്രയേലിന് മേല്‍ അര്‍ത്ഥവത്തായ ഉപരോധം ഏര്‍പ്പെടുത്തുന്നതിലേക്ക് രാഷ്ട്രങ്ങളെയും ക്രമേണ ഐക്യരാഷ്ട്രസഭയെയും എത്തിക്കുന്ന ശക്തമായ നയതന്ത്ര നീക്കങ്ങള്‍ അവരുടെ ഭാഗത്തു നിന്നുണ്ടാവുകയും ചെയ്യേണ്ടതുണ്ട്. ദക്ഷിണാഫ്രിക്കയിലെ വംശീയ വിവേചനത്തിന് സംഭവിച്ച പോലെ മുഴുവന്‍ ഫലസ്തീനികളുടെയും ഐക്യരാഷ്ട്രസഭ വ്യവസ്ഥ ചെയ്യുന്ന അവകാശങ്ങള്‍ അംഗീകരിച്ചു കൊടുക്കാന്‍ അവര്‍ അതിലൂടെ നിര്‍ബന്ധിതരാവണം.

ജനാധിപത്യ മുഖംമൂടി അഴിഞ്ഞുവീണതോടെ ഇസ്രയേലിന് അമേരിക്കയിലെ ജൂതസമൂഹത്തിന്റെ അടക്കമുള്ള പിന്തുണയും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. 2016 ഡിസംബറില്‍ ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ നടത്തിയ സര്‍വേഫലം അതാണ് സൂചിപ്പിക്കുന്നത്. അനധികൃത കുടിയേറ്റം അവസാനിപ്പിക്കുന്നതിന് ഇസ്രയേലിന് മേല്‍ ഉപരോധമോ കടുത്ത നടപടികളോ സ്വീകരിക്കുന്നതിനെ 46 ശതമാനം അമേരിക്കക്കാരും 60 ശതമാനം ഡെമോക്രാറ്റുകളും പിന്തുണക്കുന്നു എന്നാണ് പ്രസ്തുത ഫലം വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടിയില്‍ ഫലസ്തീനികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ബി.ഡി.എസ് (Boycott, Divestment and Sanctions movement) പ്രസ്ഥാനത്തിനുണ്ടായിട്ടുള്ള വമ്പിച്ച സ്വീകാര്യത ഫലസ്തീനികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നതെങ്ങനെയെന്നതിന്റെ ഉദാഹരണം മാത്രമല്ല. അഭയാര്‍ഥികള്‍, കറുത്തവര്‍ഗക്കാര്‍, സ്ത്രീകള്‍, തൊഴിലാളികള്‍, കുടിയേറ്റക്കാര്‍, മുസ്‌ലിംകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ തുടങ്ങി ഓരോ പ്രദേശത്തെയും ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുള്ള അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുന്ന വിഭാഗങ്ങള്‍ക്ക് പരസ്പരം ഐക്യദാര്‍ഢ്യപ്പെടുന്നതിനുള്ള പൊതു പ്രേരകവുമായിട്ടത് മാറുന്നു.

മേല്‍പറഞ്ഞ മൂന്ന് ഘടകങ്ങളുടെ പശ്ചാത്തലത്തില്‍, വംശീയമേല്‍ക്കൊയ്മയുടെ ഉയര്‍ച്ചക്കും കൂടുതല്‍ കിരാതമായ ലോകക്രമത്തിന് വേണ്ടിയുള്ള അശാന്തശ്രമങ്ങള്‍ക്കുമെതിരെ അന്താരാഷ്ട്ര തലത്തിലുള്ള ഒരു പ്രതിരോധ പ്രവര്‍ത്തനത്തിലാണ് മിക്ക ഫലസ്തീനികളും പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത്. ഒറ്റപ്പെട്ടാല്‍ തങ്ങള്‍ പരാജയപ്പെടുമെന്നും അതേസമയം ഒന്നിച്ചു നിന്നാല്‍ അതിജീവിക്കാനാവുമെന്നുമുള്ളത് ഫലസ്തീനികളും നീതിക്ക് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊരുതിക്കൊണ്ടിരിക്കുന്നവരും തിരിച്ചറിഞ്ഞിരിക്കുന്ന യാഥാര്‍ഥ്യമാണ്.

മൊഴിമാറ്റം: നസീഫ്

Related Articles