Current Date

Search
Close this search box.
Search
Close this search box.

ടോയ്‌ലറ്റും മോഡിയും ആര്‍. എസ്സ്. എസ്സ് തന്ത്രം തന്നെ

നീണ്ട പ്രചാരണത്തിനൊടുവില്‍ 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ക്കുന്ന വിഷയത്തില്‍ ആര്‍. എസ്സ്. എസ്സ് കൂട്ടാളികള്‍ വിജയിക്കുകയുണ്ടായി. അദ്വാനിയായിരുന്നു ഈ സംഭവങ്ങളുടെയെല്ലാം നേതൃത്വമായിട്ടുണ്ടായിരുന്നതെങ്കിലും ഈയൊരു പ്രവര്‍ത്തനത്തിന് കച്ചകെട്ടി ഇറങ്ങിയവരില്‍ ഇപ്പോഴത്തെ ബി. ജെ. പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുള്‍പ്പെടെ നിരവധി സ്വയം സേവകര്‍ ഉണ്ടായിരുന്നു. രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഈ പ്രത്യേക വിഷയത്തിനു നല്‍കിയ അമിത പ്രാധാന്യം സമൂഹത്തില്‍ വ്യാപിച്ചു കിടക്കുന്ന പരിഹരിക്കപ്പെടേണ്ട പല പ്രശ്‌നങ്ങളെയും അട്ടിമറിച്ചു. അദ്വാനി- മോഡി ഗ്രൂപ്പിന്റെ ആവശ്യമായിരുന്നു ഈ ക്ഷേത്ര വിഷയം. സമൂഹത്തില്‍ സാധാരണക്കാരന്റെ അതിജീവനവുമായി ബന്ധപ്പെട്ട വിഷയങ്ങളെ അത് മറച്ചു വച്ചു. ആ സന്ദര്‍ഭത്തില്‍ വളരെയധികം മാഗസിനുകള്‍ തര്‍ക്കസ്ഥലത്ത് എന്താണ് നിര്‍മ്മിക്കാന്‍ പോകുന്നതെന്നതിനെക്കുറിച്ച് നിരവധി സര്‍വേകള്‍ നടത്തുകയുണ്ടായി. ഒന്നുകില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനമോ, ആശുപത്രിയോ, ശുചീകരണ സംവിധാനങ്ങളോ ഒക്കെ അവിടെ ഒരുക്കാമെന്ന് കുറെയധികം ജനങ്ങള്‍ അഭിപ്രായപ്പെട്ടു.
ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ നേതാവ് കാന്‍ശി റാം അവിടെ ഒരു മൂത്രപ്പുര പണിയണെന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയുണ്ടായി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്രമന്ത്രി ജയറാം രമേശ് നമ്മുടെ രാജ്യത്ത് ക്ഷേത്രങ്ങളേക്കാള്‍ പ്രാധാന്യം ടോയലറ്റുകള്‍ക്കാണെന്നു പറയുകയുണ്ടായി. അതേ രീതിയില്‍ മോഡി അടുത്തിടെ ടോയ്‌ലറ്റുകളാണ് ക്ഷേത്രങ്ങളേക്കാള്‍ നമ്മുടെ രാജ്യത്തിന് ആവശ്യമെന്ന് പറയുകയുണ്ടായി. രമേശ് ഈ പ്രസ്താവന നടത്തിയ സന്ദര്‍ഭത്തില്‍ മോഡി കൂട്ടാളികളും ആര്‍. എസ്സ്. എസ്സ് പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ വീടിന്റെ മുമ്പില്‍ മൂത്രക്കുപ്പികള്‍ കൊണ്ടിടുകയുണ്ടായി. രാജ്യത്ത് നിലനില്‍ക്കുന്ന വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതായിരുന്നു രമേശിന്റെ പ്രസ്താവനയെന്ന് ബി. ജെ. പി വാക്താക്കള്‍ വാര്‍ത്താ സമ്മേളങ്ങളില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ആ വാക്താക്കളെല്ലാം മോഡി ഈ അഭിപ്രായം മുന്നോട്ട് വച്ചപ്പോള്‍ നിശ്ശബ്ദരായി. അതേ സമയം തൊഗാഡിയ മോഡിയുടെ പ്രസ്താവനയെ വിമര്‍ശിച്ചു രംഗത്തെത്തി. മറ്റെല്ലാ സംഘ് സന്തതികളും വിഷയത്തില്‍ മൗനം പാലിച്ചു. പലരും മോഡിയുടെ പ്രസ്താവനയെ വ്യാഖ്യാനിച്ചു കൊണ്ട് രംഗത്തുവരുകയും ഇത് ഹിന്ദുത്വയുെട മൃദുവായ വശമാണെന്നും ബി. ജെ. പി ക്ക് തെരഞ്ഞെടുപ്പില്‍ വോട്ട് വര്‍ദ്ധിക്കാന്‍ ഇത്തരം പ്രസ്താവനകള്‍ കാരണമാകുമെന്നും പറയുകയുണ്ടായി. വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് ആര്‍. എസ്സ്. എസ്സിനോടാണെന്നും ബി. ജെ. പിയോടല്ലെന്നും ജയറാം രമേശ് പറയുകയുണ്ടായി. ഇത് വ്യക്തമാക്കിത്തരുന്നത് തെരഞ്ഞെടുപ്പ് പദ്ധതികള്‍ തയ്യാറാക്കുന്നത് ബി. ജെ. പിയല്ല മറിച്ച് ആര്‍. എസ്സ്. എസ്സ് സന്തതികളാണ് എന്നാണ്. ബാബരി മസ്ജിദ് തകര്‍ച്ചയുടെ രണ്ടു ദശകങ്ങള്‍ക്കു ശേഷം രാജ്യത്ത് അമ്പലങ്ങളേക്കാള്‍ ടോയ്‌ലറ്റുകളാണ് വേണ്ടതെന്ന മോഡിയുടെ പ്രസ്താവന അത്തരമൊരു പശ്ചാത്തലത്തലാണ് നാം കാണേണ്ടത്. ഇത് തീര്‍ച്ചയായും തന്ത്രപരമായ ഒരു നീക്കമാണ്. ഒരേ സമയം പല തലങ്ങളില്‍ ആര്‍. എസ്സ്. എസ്സ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. വി. എച്ച്. പിയുടെ നേതൃത്വത്തില്‍ രാമക്ഷേത്രം കത്തിച്ചു നിര്‍ത്തുന്ന ഒരു ടീം, സമൂഹത്തില്‍ ധ്രുവീകരണം നടത്തി വര്‍ഗീയ ലഹളകള്‍ സംഘടിപ്പിക്കുന്ന മറ്റൊരു ടീം, വികസനത്തിന്റെ നായകന്‍, നല്ല സംഘാടകന്‍, കഴിവുള്ള മനുഷ്യന്‍ തുടങ്ങി മോഡിയുടെ പ്രതിഛായ നന്നാക്കാന്‍ പാടുപെടുന്ന മറ്റൊരു ടീം എന്നിങ്ങനെ അവര്‍ അതിനെ തരം തിരിച്ചിരിക്കുന്നു.
അടുത്ത തെരഞ്ഞെടുപ്പില്‍ പലനിലക്കുള്ള തന്ത്രങ്ങളായിരിക്കും ആര്‍. എസ്സ്. എസ്സ് നടപ്പിലാക്കാന്‍ പോകുന്നത്. വര്‍ഗീയ കലാപത്തിലൂടെയും രാമക്ഷേത്രവിവാദം കത്തിക്കുന്നതിലൂടെയും ജനങ്ങളില്‍ ധ്രുവീകരണം സൃഷ്ടിക്കലാണ് ഒന്ന്. രണ്ടാമത് ഗുജറാത്ത് മാതൃകയിലുള്ള വികസനം, മോഡിയുടെ നേതൃഗുണം, ഇഛാശക്തി തുടങ്ങിയവയെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള മോഡിയുടെ പ്രതിഛായയുമായി ബന്ധപ്പെട്ട പ്രചാരണം. ഈയൊരാവശ്യത്തിനായി മോഡി ടോയ്‌ലറ്റുകളെക്കുറിച്ചും വികസനത്തെക്കുറിച്ചും സംസാരിക്കുന്നു. ഗോധ്രാനന്തര ഗുജറാത്തില്‍ സമൂഹത്തെ ധ്രുവീകരിക്കുന്നതില്‍ മോഡി സുപ്രധാന പങ്ക് വഹിച്ചു. ഗുജറാത്തില്‍ ഇന്ന് നിലനില്‍ക്കുന്ന അവസ്ഥയിലേക്ക് എത്തിപ്പെടുന്ന രീതിയില്‍ കുറെ വര്‍ഷങ്ങള്‍  ഹിന്ദുത്വ അജണ്ട നടപ്പില്‍ വരുത്തുകയും ന്യൂനപക്ഷങ്ങളെ അരികുവല്‍ക്കരിക്കുകയും ചെയ്തു. ഇത്തരം ധ്രുവീകരണം ഒരു നയമായി മാറിയപ്പോള്‍ അയാള്‍ തന്റെ ഗിയര്‍ മാറ്റി. അയാള്‍ വികസനം എന്ന വിഷയത്തിലേക്ക് പതിയെ ട്യൂണ്‍ ചെയ്യാന്‍ തുടങ്ങി. ഈ വികസന വാദങ്ങളൊക്കെയും വ്യാജമാണെന്ന് പല കേന്ദ്രങ്ങളില്‍ നിന്നുമുള്ള നിരവധി കണക്കുകളില്‍ നിന്നും വ്യക്തമാണ്. ഏറ്റവും അവസാനം വന്ന കണക്കനുസരിച്ച് ഗുജറാത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ഒരോ മൂന്നാമത്തെ കുട്ടിയും പോഷകാഹാരക്കുറവുള്ള കുഞ്ഞാണ്. കംട്രോളര്‍ ആന്റ് ഒഡിറ്റര്‍ ജനറലിന്റെ കണ്ടെത്തലാണിത്. ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ മിഥ്യയെ തുറന്നു കാണിക്കുന്ന  വളരെയധികം കണക്കുകള്‍ പിന്നെയും  ലഭ്യമാണ്. ജയറാം രമേശിന്റെ പ്രസ്താവനയില്‍ കാര്യങ്ങള്‍ വളരെ വ്യക്തമാണ്. ആര്‍. എസ്സ്. എസ്സ് ആണ് തെരഞ്ഞെടുപ്പില്‍ ബി. ജെ. പിയെ നിയന്ത്രിക്കുക. ആ പാര്‍ട്ടിയുടെ മുഖ്യ നേതൃനിരയിലുള്ളവരെല്ലാം തന്നെ ആര്‍. എസ്സ. എസ്സ് സ്വയം സേവകരാണ്. അമേരിക്കയില്‍ വച്ച് നടത്തിയ പ്രഭാഷണത്തില്‍ അടല്‍ ഭിഹാരി വാച്ച് പേയി ഇത് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം ഒന്നാമതായി ആര്‍. എസ്സ്. എസ്സ് ആണെന്ന് അന്നദ്ദേഹം പറയുകയുണ്ടായി. ഹിന്ദു രാജ്യം നിര്‍മ്മിക്കാന്‍ പരിശീലനം ലഭിച്ച സ്വയം സേവകരാണ് ആര്‍. എസ്സ്. എസ്സിനുള്ളത്. അവര്‍ വിവിധ തലങ്ങളില്‍ ഇരുന്നു കൊണ്ട് ഹിന്ദു രാജ്യം നിര്‍മ്മിക്കാന്‍ ശ്രമിക്കുകയും ചെയ്യും. എല്ലാ ആര്‍. എസ്സ്. എസ്സ് ഘടകങ്ങളിലും ഇത്തരം സ്വയം സേവകരാണുള്ളത്. അവയുടെയൊക്കെയും നേതൃനിരയെ നിയന്ത്രിക്കുന്നത് ആര്‍. എസ്സ്. എസ്സ് ആണ്. അപ്പോള്‍ മോഡിക്ക് ടോയ്‌ലറ്റുകളെക്കുറിച്ച് സംസാരിക്കാം, തൊഗാഡിയക്ക് രാമക്ഷേത്രത്തില്‍ ഉറച്ചു നില്‍ക്കാം, മറ്റു ചിലര്‍ക്ക് വീഡിയോ പ്രദര്‍ശനത്തിലൂടെയും മറ്റും വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിക്കാം, ഇനിയും ചിലര്‍ക്ക് പാഠപുസ്തകങ്ങള്‍ കാവിവല്‍ക്കരിക്കാം. ദേശീയ സംഘടനകളിലൊക്കെയും ഇത്തരം സ്വയം സേവകര്‍ നുഴഞ്ഞു കയറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ആര്‍. എസ്സ്. എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍. വ്യത്യസ്ത സംവിധാനങ്ങളിലൂടെ നടപ്പിലാക്കപ്പെടുന്നതാണത്. കുഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വന്‍വാസി കല്യാണ്‍ ആശ്രമം, സമാജിക് സംരാഷ്ട്ര മഞ്ച് തുടങ്ങിയ ആശ്രമങ്ങളൊക്കെ പുതിയ സ്വയംസേവകരെ വളര്‍ത്തിയെടുക്കുകയാണ്. അങ്ങനെ നോക്കിയാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം എന്നത് ആര്‍. എസ്സ്. എസ്സിന്റെ വളരെ ചെറിയ ഇടപെടല്‍ മാത്രമാണ്. അവര്‍ രാജ്യത്തെ രാഷ്ട്രീയ സാമൂഹിക, എന്നു വേണ്ട മുഴു സംവിധാനങ്ങളിലും വിഷം വിതക്കുകയാണ്.നമ്മുടെ രാജ്യത്തിന്റെ വൈവിധ്യപൂര്‍ണ്ണമായ അന്തരീക്ഷത്തിന് കടക്ക് കത്തിവക്കുന്ന ഹിന്ദുരാഷ്ട്രം എന്ന സങ്കല്‍പമാണ് ആര്‍. എസ്സ്. എസ്സ് മുന്നോട്ടു വക്കുന്നത്. എല്ലാ ഹിന്ദുവിന്റെയും താല്‍പര്യം എന്ന രീതിയില്‍ അവര്‍ മുന്നോട്ടു വക്കുന്നത് അവരില്‍പെട്ട ചിലരുടെ മാത്രം സങ്കുചിത താല്‍പര്യങ്ങളാണ്. കഴിഞ്ഞ മൂന്ന് ദശകങ്ങളായി സജീവമായി തുടരുന്ന അവരുടെ ഈ പ്രവര്‍ത്തനത്തില്‍ ബി. ജെ. പി അധികാരത്തില്‍ ഇരുന്ന സന്ദര്‍ഭം രാജ്യത്തിന്റെ എല്ലാ സംവിധാനങ്ങളിലും വേരുറപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. 1998 മുതല്‍ 2004 വരെ ബി. ജെ. പിയുടെ നേതൃത്വത്തിലുള്ള എന്‍. ഡി. എ ഭരിച്ചപ്പോള്‍ സംഭവിച്ചത് അതാണ്. ബി. ജെ. പി ഭരിക്കുന്ന വ്യത്യസ്ത സംസ്ഥാനങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതാണ്. തെരഞ്ഞെടുപ്പ് കാലയളവിലും അല്ലാത്തപ്പോഴും വര്‍ഗീയ ശക്തികളുടെ ഈ കുടില തന്ത്രത്തെ അതിന്റെ എല്ലാ തലങ്ങളിലും എതിര്‍ത്ത് തോല്‍പിക്കാന്‍ ജാഗ്രത കാണിക്കുകയെന്നതാണ് നാം ചെയ്യേണ്ടത്.

വിവ: അത്തീഖുറഹ്മാന്‍

Related Articles