Current Date

Search
Close this search box.
Search
Close this search box.

ടോണി ബ്ലയര്‍ ക്ലാസെടുക്കുന്നു ; പാഠം ഒന്ന് വിട്ടുവീഴ്ച്ച

മതങ്ങളെ ആദരിക്കുന്നതിനെ കുറിച്ചും തീവ്രവാദത്തിന്റെ വേരുകള്‍ക്കെതിരെ പോരാടുന്നതിനെ കുറിച്ചുമുള്ള മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിന്റെ ലേഖനം തികഞ്ഞ വിരോധാഭാസം തന്നെ. ബുധനാഴ്ച്ച ബി.ബി.സിയാണ് അത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മിഡിലീസ്റ്റ് ക്വാര്‍ട്ടറ്റിന്റെ സമാധാന ദൂതനായി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ബ്ലയര്‍ ഒരു സുപ്രഭാതത്തില്‍ മൂല്യങ്ങളെയും നീതിയെയും കുറിച്ച് സംസാരിക്കുന്ന ഉപദേശകനായി മാറിയിരിക്കുന്നു. തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുക മാത്രമല്ല, തീവ്രവാദ ചിന്തയെ പിഴുതെറിയുക കൂടി വേണം. കാരണം, അസഹിഷ്ണുതക്ക് യാതൊരു വിലങ്ങുമിടാതെ ബില്യണ്‍ കണക്കിന് ഡോളര്‍ ചെലവഴിച്ച് ഇസ്‌ലാമിക തീവ്രവാദത്തിനെതിരെ സൈനിക നടപടികള്‍ സ്വീകരിക്കുന്നത് വിഡ്ഢിത്തമാണെന്നും ബ്ലയര്‍ പറയുന്നു.

ബ്ലയറിന്റെ ദൃഷ്ടിയിലുള്ള തീവ്രവാദം ഇസ്‌ലാമിക തീവ്രവാദം മാത്രമാണ്. അതിനെതിരെ ആശയപരമായും സൈനികമായും യുദ്ധം നടത്താനാണ് അദ്ദേഹം ആഗ്രഹിക്കുന്നതും. മതങ്ങള്‍ വേറെയും ഉണ്ടെങ്കിലും അവയെ കുറിച്ചോ, ഭീകരതയുടെ യഥാര്‍ത്ഥ കാരണങ്ങളെ കുറിച്ചോ ഒരക്ഷരം ഉരിയാടുന്നില്ല. ബ്ലയര്‍ അതിനെ കുറിച്ച് സംസാരിച്ചില്ലെന്നത് പോകട്ടെ, കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ജറൂസലേമില്‍ സമാധാന ദൂതന്റെ കുപ്പായമിട്ടു നടക്കുന്ന അദ്ദേഹം ഒരു ഉദാഹരണത്തിന് പോലും ജൂത തീവ്രവാദത്തെ കുറിച്ച് മിണ്ടിയിട്ടില്ല. അവിടെ നിരന്തരം വളരെ മോശമായ രീതിയില്‍ മസ്ജിദുല്‍ അഖ്‌സയില്‍ അവര്‍ കടന്നു കയറ്റം നടത്തുന്നു, ഹറം ഇബ്‌റാഹീമിയെ വിഭജിച്ചു, നിരായുധരായ ഫലസ്തീനികള്‍ക്ക് നേരെ ആക്രമണം നടത്തുന്നു, സൈത്തൂന്‍ വൃക്ഷങ്ങള്‍ പിഴുതെറിയുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്യുന്നു. ഇസ്രയേലിന്റെ അവസാന ഗസ്സ ആക്രമണത്തില്‍ മാത്രം പൊലിഞ്ഞത് 2200 ജീവനുകളാണ്. അതിന് പുറമെ 15,000-ലേറെ ആളുകളെ പരിക്കേല്‍പ്പിക്കുകയും എണ്‍പതിനായിരത്തില്‍ പരം വീടുകള്‍ തകര്‍ക്കുകയും ചെയ്ത് ആക്രമണമാണത്. ഇത്രയും വന്യമായ യുദ്ധകുറ്റം നടത്തിയിട്ടും അതിനെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ബ്ലയര്‍ തയ്യാറായിട്ടില്ല.

ഇപ്പോള്‍ ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരെ യുദ്ധകാഹളം മുഴക്കുന്ന ഉപദേശകനായ ബ്ലയറും കൂട്ടാളി ജൂനിയര്‍ ബുഷുമാണ് ഈ സ്റ്റേറ്റിന്റെ ജനനത്തിനും വളര്‍ച്ചക്കും ആവശ്യമായ അന്തരീക്ഷവും ചുറ്റുപാടും ഒരുക്കി കൊടുത്തത്. ഇറാഖിനെതിരെ യുദ്ധം ചെയ്ത് ലക്ഷക്കണക്കിന് ഇറാഖി മക്കളെ കൊന്നൊടുക്കിയതിലൂടെയാണത്. നാല് ദശലക്ഷത്തിലധികം അനാഥകളെയാണത് സൃഷ്ടിച്ചത്. മാത്രമല്ല ഇറാഖിന്റെ മണ്ണിലും സാമൂഹ്യഘടനയിലും രാഷ്ട്രീയത്തിലും വിഭാഗീയതയുടെ വിത്തുകള്‍ പാകാനും അവര്‍ മറന്നില്ല. എന്നാല്‍ ഈ തെറ്റ് അംഗീകരിക്കാനോ ക്ഷമാപണം നടത്താനോ ഈ നിമിഷം വരെ അവര്‍ തയ്യാറല്ല.

നശീകരണായുധങ്ങളുണ്ടെന്ന കളവിന്റെ മറവില്‍ ബ്ലയര്‍ തകര്‍ത്ത ഇറാഖ് തീവ്രവാദത്തിനെതിരെ സുന്നികളും ശിയാക്കളും തോളോട് തോള്‍ ചേര്‍ന്ന് നിന്ന് പോരാടിയ രാഷ്ട്രമായിരുന്നു. വടക്കന്‍ അയര്‍ലന്റില്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ സഹവര്‍ത്തിത്വത്തിന്റെയും സഹകരണത്തിന്റെയും വിട്ടുവീഴ്ച്ചയുടെയും ഉദാഹരണമായി ഉദ്ധരിച്ചിരുന്നത് ഇറാഖിനെയും സിറിയയെയും ആയിരുന്നു എന്നത് നാം മറക്കരുത്. ഒരാള്‍ സുന്നിയാണോ ശീഇയാണോ എന്ന് ചോദിക്കുന്നത് പോലും തെറ്റായി ഗണിക്കപ്പെട്ടിരുന്ന കാലം അവിടെയുണ്ടായിരുന്നു.

ബ്ലയറും കൂട്ടാളികളും ഇടപെടല്‍ നടത്തിയിട്ടുള്ള എല്ലാ അറബ് രാഷ്ട്രങ്ങളെയും പോലെ ഇറാഖും ഒരു പരാജിത രാഷ്ട്രമായി മാറി. എങ്ങും അരാജകത്വവും രക്തചൊരിച്ചിലും വ്യാപകമായി. വിഭാഗീയ പ്രശനങ്ങള്‍ക്ക് മുമ്പില്‍ തങ്ങളുടെ കവാടങ്ങള്‍ കൊട്ടിയടച്ച, അത്തരം രോഗങ്ങളില്‍ നിന്ന് തങ്ങളുടെ സമൂഹത്തെ സംരക്ഷിച്ചു നിര്‍ത്തിയിരുന്ന രാഷ്ട്രങ്ങളാണ് ഇത്തരം ദുരന്താവസ്ഥയിലേക്ക് എത്തിയിരിക്കുന്നത്.

ഇറാഖിലേക്ക് വിഭാഗീയതയുടെ ചീളുകള്‍ കടത്തിയത് അമേരിക്കന്‍ അധിനിവേശമാണ്. ഒരു വിഭാഗത്തിനെതിരെ മറുവിഭാത്തോടൊപ്പം അവര്‍ പക്ഷം പിടിച്ചു. ഒരൊറ്റ ഇറാഖെന്ന സ്വത്വം പേറിയിരുന്ന ഇറാഖി സൈന്യത്തെ പിരിച്ചു വിട്ടു. അമേരിക്കന്‍ നയത്തിനും നിലപാടുകള്‍ക്കും റാന്‍ മൂളുന്ന അമേരിക്കയുടെ അറബ് സഖ്യകക്ഷികളുടെ അനുഗ്രഹവും പ്രോത്സാഹനവും അവര്‍ക്കതിന് ലഭിച്ചു. വിട്ടുവീഴ്ച്ചയുടേയോ സാഹോദര്യത്തിന്റെയോ മാനദണ്ഡങ്ങളല്ല അവരും പരിഗണിച്ചത്.

ഇപ്പോള്‍ അമേരിക്ക നേതൃത്വം നല്‍കുന്ന സഖ്യത്തിന് ഇസ്‌ലാമിക് സ്‌റ്റേറ്റിനെ പരാജയപ്പെടുത്താനാവില്ലെന്ന് തീര്‍ച്ച. മിസൈലുകളും ബോംബുകളും വീണ് ആയിരക്കണക്കിന്, ചിലപ്പോള്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടമാകും. അതിന് തീവ്രവാദത്തിന്റെ കഥകഴിക്കാനാവില്ലെന്ന് മാത്രമല്ല, ഒരുപക്ഷെ അതിനെ കൂടുതല്‍ ശക്തിപ്പെടുത്താനും വ്യാപിപ്പിക്കാനും സഹായിക്കുകയും ചെയ്യും. കാരണം പ്രദേശത്തെ വലിയൊരു വിഭാഗം ആളുകള്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എതിരായ കുരിശുയുദ്ധമായിട്ടതിനെ കാണുന്നുണ്ട്. അതില്‍ ഭാഗവാക്കാകുന്ന അറബികളെയും മുസ്‌ലിംകളെയും മതപരിത്യാഗികളായിട്ടാണവര്‍ കാണുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഇതിനെ കാണുന്നവരുടെ സോഷ്യല്‍ മീഡിയകളിലെ ഇടപെടലുകളെ ബ്ലയറോ അയാളുടെ അറബ് സഖ്യങ്ങളോ വായിച്ചെടുക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്.

അമേരിക്കന്‍ അധിനിവേശം ഇറാഖി അസ്ഥിത്വത്തില്‍ നിന്ന് പിഴുതെടുത്ത് പല കാരണങ്ങള്‍ പറഞ്ഞ് മാറ്റി നിര്‍ത്തിയവരാണ് ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ അണിനിരന്ന് സിറിയയിലും ഇറാഖിലും പോരാടുന്നവര്‍. വിഭാഗീയതക്കപ്പുറമുള്ള അറബ് അസ്ഥിത്വത്തില്‍ അഭിമാനം കൊള്ളുന്നവരാണവര്‍. പ്രസ്തുത അസ്ഥിത്വത്തിന് കീഴില്‍ സഹവര്‍ത്തിത്വത്തില്‍ ജീവിക്കുന്നതിനാണവര്‍ ശ്രമിക്കുന്നത്.

വിമാനങ്ങളും റോക്കറ്റുകളും നടത്തുന്ന ആക്രമണങ്ങളോടൊപ്പം തീവ്രവാദ ചിന്തയെയും തീവ്രവാദ സംഘങ്ങളെയും നേരിടാന്‍ ‘ബൗദ്ധികമായ യുദ്ധ’ത്തിന് ആഹ്വാനം നടത്തുന്നവര്‍ വളരെയേറെ വൈകിയിരിക്കുന്നു. കാരണം വ്യാജ വിജയലഹരി യാഥാര്‍ത്ഥ്യം കാണുന്നതില്‍ നിന്നും അവരെ അന്ധരാക്കിയിരിക്കുകയായിരുന്നു. അറബ് രാഷ്ട്രങ്ങളില്‍, പ്രത്യേകിച്ചും ഇറാഖിലും സിറിയയിലും തീവ്രവാദ പ്രവണത അതിവേഗം വളരുകയാണ്.

ബ്ലയറിന്റെയും അയാളുടെ അമേരിക്കന്‍ – അറബ് സഖ്യങ്ങളുടെയും ദുഷിച്ചതും വിഷമയവുമായ ഈ ഉല്‍പന്നത്തിന്റെ ഏറ്റവും നല്ല വിപണിയായി അറബ് സര്‍ക്കാറുകള്‍ മാറുന്നത് ഏറെ ഖേദകരമാണ്. അതിലൂടെ അവര്‍ കോടിക്കണക്കിന് ഡോളറുകള്‍ കൊയ്യും. വിഡ്ഢികളായ അറബികള്‍ തങ്ങളുടെ എയര്‍പോര്‍ട്ടുകളില്‍ അവര്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുകയാണ്. തങ്ങളുടെ നാടുകളില്‍ ആള്‍ നാശവും ഭൗതിക നാശവും വരുത്തിയതിന് പ്രതിഫലമായി വേണ്ട സഹായമെന്ന പോലെയാണിത്. ടോണി ബ്ലയറിനെ പോലത്തെ യുദ്ധ ദല്ലാള്‍മാരോടൊപ്പം ചേര്‍ന്ന ദീര്‍ഘവീക്ഷണമില്ലാത്ത വിഡ്ഢികളായ അറബ് സര്‍ക്കാറുകള്‍ തകര്‍ക്കുന്നത് നമ്മുടെ തന്നെ സമ്പത്തും രാഷ്ട്രവും തന്നെയാണ്.

വിവ : നസീഫ്‌

Related Articles