Current Date

Search
Close this search box.
Search
Close this search box.

‘ഞാന്‍ അധികാരമോഹിയല്ല, ആധിപത്യം ആഗ്രഹിക്കുന്നുമില്ല’

പുതിയ ഭരണഘടനയെ അനുധാവനം ചെയ്ത് തുടങ്ങുന്ന ഈ ദിവസം ഈജിപ്തിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ മുഹൂര്‍ത്തമാണ്. ഈജിപ്തിനും, ഈജിപ്തുകാര്‍ക്കും സ്വതന്ത്രമായ ഒരു ഭരണഘടനയുണ്ടായിരിക്കുന്നു. ഭരണാധികാരിയില്‍ നിന്നുള്ള സമ്മാനമോ, പ്രസിഡന്റിന്റെ ഔദാര്യമോ അല്ല ഇത്. ഈജിപ്ഷ്യന്‍ ജനത സുബോധ്യത്തോടും പൂര്‍ണസ്വാതന്ത്ര്യത്തോടും കൂടി തെരെഞ്ഞെടുത്ത ഭരണഘടനയാണിത്. ചരിത്രത്തിലെ എല്ലാ സന്ധികളിലും വേരുറച്ച തങ്ങളുടെ നാഗരികത ജീവനോടും, പ്രസരിപ്പോടും കൂടി ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് ഈജിപ്ഷ്യന്‍ ജനത ലോകത്തിന് പഠിപ്പിച്ച സന്ദര്‍ഭം കൂടിയാണിത്. പൂര്‍ണ സുതാര്യതയോടെ ഹിതപരിശോധന അവസാനിച്ചിരിക്കുന്നു. നിപുണരായ ജഡ്ജുമാരുടെ മേല്‍നോട്ടത്തിലും, മാധ്യമങ്ങളുടെയും സിവില്‍ സൊസൈറ്റിയിലെ സംഘടനകളുടെയും നിരീക്ഷണത്തിന് കീഴിലുമാണ് അത് നടന്നത്. ഈജിപ്തിലെ പൗരന്മാരുടെ പിന്തുണയും, സഹകരണവും, പങ്കാളിത്തവും സൈന്യത്തിന്റെയും പോലീസിന്റെയും സംരക്ഷണവും അതിലുണ്ടായിരുന്നു.

ഈജിപ്ഷ്യന്‍ ജനതക്ക് അഭിവാദ്യങ്ങള്‍. അവര്‍ തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നു. ജഡ്ജുമാര്‍ നേതൃത്വം നല്‍കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനും ഞാന്‍ അഭിനന്ദനമറിയിക്കുകയാണ്. അവര്‍ തങ്ങളുടെ ഉത്തരവാദിത്തം പരിപൂര്‍ണമായി ഭംഗിയോടെ നിര്‍വഹിച്ചിരിക്കുന്നു. ഈ ജനതയുടെ മനസാക്ഷിയെ പ്രതിനിധീകരിക്കുന്ന അവബോധത്തോടും ദൃഢനിശ്ചയത്തോടും കൂടിയാണ് അവരത് ചെയ്തത്. അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന, ഈജിപ്തിന്റെ ആഭ്യന്തരവും വൈദേശികവുമായ സുരക്ഷ ഉറപ്പ് വരുത്തുന്ന ആയുധധാരികളും, ധീരരുമായ നമ്മുടെ സൈന്യത്തിനും അഭിവാദ്യങ്ങള്‍. തങ്ങളുടെ ഉത്തരവാദിത്തം യഥാവിധത്തില്‍ നിര്‍വഹിച്ച് കൊണ്ടിരിക്കുന്ന ഈജിപ്ഷ്യന്‍ പോലീസിന് നന്ദി. നിര്‍ഭയത്വം കാത്ത് സൂക്ഷിക്കുകയും, അവകാശങ്ങള്‍ സംരക്ഷിക്കുകയും, നിയമങ്ങള്‍ മുറുകെപിടിക്കുകയും ചെയ്യുന്നു അവര്‍.

സ്ത്രീകളും കുട്ടികളുമുള്‍പെടെ രാഷ്ട്രത്തിന്റെ ഈ മഹത്തായ പ്രവര്‍ത്തനത്തില്‍ കര്‍മനിരതരായി പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി. രാഷ്ട്രത്തിന്റെ നിര്‍ണായക ഘട്ടം തരണം ചെയ്യുന്നതിലും പുതിയ ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കുന്നതിലും അവര്‍ ഭാഗവാക്കായിരിക്കുന്നു. ഇനിയുള്ളത് ഈജ്പ്തിന്റെ മക്കള്‍ക്ക് എല്ലാവര്‍ക്കും കൂടുതല്‍ സുരക്ഷയും, നിര്‍ഭയത്വവും, സുസ്ഥിരതയും നല്‍കുന്ന ഘട്ടമാണ്.

അസ്വസ്ഥതകളും ആശങ്കയും നിറഞ്ഞ ഏതാനും ആഴ്ചകളാണ് കഴിഞ്ഞ് പോയത്. ഈജിപ്ഷ്യന്‍ ജനതക്കും ചരിത്രത്തിനും എല്ലാറ്റിലുമുപരിയായി അല്ലാഹുവിന് മുന്നിലും എന്റെ ഉത്തരവാദിത്തം നിര്‍വഹിക്കാനാണ് ആ ദിനങ്ങളില്‍ ഞാന്‍ ജാഗ്രത പുലര്‍ത്തിയത്. രാഷ്ട്രത്തെ നിര്‍ഭയതീരത്തെത്തിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ഞാന്‍ ശ്രമിച്ചു. രണ്ട് വര്‍ഷത്തോടടുക്കുന്ന ഇടക്കാലഘട്ടം അവസാനിപ്പിക്കാനും ഞാന്‍ ആഗ്രഹിച്ചു. രാഷ്ട്രത്തിന്റെ സാമ്പത്തികാവസ്ഥക്കും, സുരക്ഷക്കും പോറലേറ്റ ഘട്ടമാണിത്. ഭരണഘടനാ രൂപവല്‍ക്കരണ പ്രക്രിയയെ സംബന്ധിച്ച് അതിന്റെ വിവിധ ഘട്ടങ്ങളില്‍ വലിയ തരത്തിലുള്ള ചൂടുള്ള രാഷ്ട്രീയ വാഗ്വാദങ്ങള്‍ നടന്നു. തദ്വിഷയകമായി രാഷ്ട്രീയ ശക്തികള്‍ക്ക് വ്യത്യസ്തമായ നിലപാടുകളാണ് ഉണ്ടായിരുന്നത്. ജനാധിപത്യത്തിലേക്കും, ബഹുസ്വരതിയിലേക്കും നടന്നടുക്കുന്ന ഈജിപ്ത് പോലുള്ള വലിയൊരു സമൂഹത്തെ സംബന്ധിച്ചിടത്തോളം അത് കേവലം സാധാരണമാണ് താനും. അഭിപ്രായ വൈവിധ്യങ്ങളും, ചിന്താപരമായ വൈചാത്യങ്ങളും ആരോഗ്യകരമായ ഒരു പ്രതിഭാസമാണ്. സ്വതന്ത്ര സമൂഹങ്ങള്‍ അതില്‍ നിന്ന് പ്രയോജനമെടുക്കുന്നു. ഈജിപ്തുകാരും അങ്ങനെ തന്നെയാണ്. അതിന്റെ പ്രകൃതവും ചരിത്രവും വര്‍ത്തമാനവും പഠിപ്പിക്കുന്നത് അതുതന്നെയാണ്. സമൂഹത്തില്‍ അഭിപ്രായാന്തരങ്ങളുണ്ടാവുകയും, തങ്ങളുടെ ആഗ്രഹങ്ങളും, താല്‍പര്യങ്ങളും പൂര്‍ത്തീകരിക്കാനാവുന്ന തീരുമാനം ജനങ്ങള്‍ അതില്‍ നിന്ന് ഉരുത്തിരിച്ചെടുക്കുകയും ചെയ്യും.

സമാധാനപൂര്‍വം അഭിപ്രായം രേഖപ്പെടുത്തുന്നതിനും അക്രമത്തിലേക്കും, ധിക്കാരത്തിലേക്കും അഭയം തേടുന്നതിനും ഇടയിലെ വ്യത്യാസം ഇനിയും ചിലയാളുകള്‍ മനസ്സിലാക്കിയില്ലെന്നത് ദുഖകരമാണ്. ജനുവരി 25-ലെ വിപ്ലവം സ്ഥിരപ്പെടുത്തിയ അവകാശമാണത് ആദ്യത്തേത്. പൊതുസ്ഥാപനങ്ങളെ റദ്ദാക്കിയും പൗരന്മാരെ ഭയപ്പെടുത്തിയും വ്യക്തികളുടെ അഭിപ്രായം അടിച്ചേല്‍പിക്കാനുള്ള ശ്രമമാണ് രണ്ടാമത്തേത്. നാമെല്ലാവരും അഭിപ്രായഭിന്നതകളെ സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ അക്രമത്തെയും, ബലപ്രയോഗത്തെയും നിയമത്തിന് മേലുള്ള കടന്ന്കയറ്റത്തെയും നിരാകരിക്കുകയും ചെയ്യുന്നു. ജനുവരി 25-ലെ വിപ്ലവം സമാധാനപരമായ വിപ്ലവ-രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയും, നാഗരികതയുടെയും സ്വാഭവത്തിന്റെയും ഉന്നതമായ മൂല്യങ്ങള്‍ മുറുകെ പിടിച്ചതിലൂടെയും ലോകത്തിന് മുന്നില്‍ മഹത്തായ മാതൃക സമര്‍പിച്ചിരിക്കുന്നുവെന്ന് ഞാന്‍ ഉറപ്പിച്ച് പറയുന്നു.

ഇക്കഴിഞ്ഞ ഘട്ടത്തിന്റെ പ്രയാസങ്ങള്‍ എത്ര തന്നെ കഠിനമായിരുന്നുവെങ്കിലും പുതിയ പ്രഭാതത്തിന്റെ ജനനത്തെക്കുറിക്കുന്ന വേദനയായിരുന്നു അതെന്നാണ് ഞാന്‍ വിലയിരുത്തുന്നത്. ഇത് ഈജിപ്തിന്റെ പുതിയ പ്രഭാതമാണ്. പുലര്‍ന്ന്, വെട്ടിത്തിളങ്ങി പ്രഭപരത്തിക്കൊണ്ടിരിക്കുകയാണ് നാം. ഈജിപ്തിന്റെ പുതിയ പകല്‍ തങ്ങളുടെ ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് അതിന്റെ അവസാനം വരെ മുന്നോട്ട് ഗമിച്ച് കൊണ്ടിരിക്കും.

ഇടക്കാലഘട്ടത്തില്‍ വീഴ്ചകളും അബദ്ധങ്ങളും സംഭവിച്ചിട്ടുണ്ട്. അവയുടെ ഉത്തരവാദിത്തം നിങ്ങളുടെ കൂടെ ഞാനും ഏറ്റെടുക്കുന്നു. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് കൊണ്ടും ഈജിപ്തിന്റെ താല്‍പര്യം പരിഗണിച്ചുമല്ലാതെ ഞാനൊരു തീരുമാനവുമെടുത്തിട്ടില്ല എന്ന് അല്ലാഹുവിന് അറിയാം. നിങ്ങള്‍ക്ക് അറിയാവുന്നത് പോലെ ഞാന്‍ ഒരു അധികാരമോഹിയോ, ആധിപത്യം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവനോ അല്ല. അധികാരം ഈജിപ്ഷ്യന്‍ ജനതക്കാണ്. അവരുദ്ദേശിക്കുവര്‍ക്ക് അത് നല്‍കുകയോ, അതില്‍ നിന്ന് അത് തടയുകയോ ചെയ്യും. പൂര്‍ണമായ ജനാധിപത്യ പ്രക്രിയയിലൂടെയാണ് അത് നടക്കുക. എന്റെ രാഷ്ട്രത്തിന്റെ നവോത്ഥാനവും, അതിനെ പുതിയ ഘട്ടത്തിലേക്ക് നടത്തലുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിര്‍മാണത്തിന്റെയും ഉല്‍പാദനത്തിന്റെയും ഘട്ടമാണത്.

ഈജിപ്തിലെ സ്ഥിതിവിഗതികള്‍ക്ക് സുസ്ഥിരിത നല്‍കുന്ന ഒരു ഭരണഘടന വേണമെന്ന ജനങ്ങളുടെ ആവശ്യമാണ് ഇപ്പോള്‍ നടപ്പാക്കപ്പെട്ടിരിക്കുന്നത്. അത് പുരോഗതിയുടെയും വികസനത്തിന്റെയും സാമൂഹിക നീതിയുടെയും മുന്നില്‍ വിശാലമായ കവാടങ്ങള്‍ തുറന്നിടുന്നതാണ്. ഈയൊരു മാര്‍ഗത്തില്‍ ഞാന്‍ മുമ്പ് എടുത്തിട്ടുള്ള എല്ലാ വിഷമകരമായ തീരുമാനങ്ങളുടെയും ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ഈ ഭരണഘടന ശക്തമായ ഒരു കരാറായി മാറണമെന്ന അനിവാര്യബോധം കാരണത്താലായിരുന്നു അപ്രകാരം ചെയ്തത്. നാമെല്ലാവരും അതിലേക്ക് മടങ്ങുകയും, അതിനെ മാനിക്കുകയും നടപ്പാക്കുകയും ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷ. റിപ്പബ്ലിക്കിന്റെ പ്രസിഡന്റിനെ ജനസേവകനാക്കി മാറ്റുന്ന ഭരണഘടനയാണ് അത്. അല്ലാതെ നിരുപാധികമായ അധികാരമുള്ള നേതാവോ, സ്വേഛാധിപതിയായി ഭരണാധികാരിയോ ആക്കി മാറ്റുന്നതല്ല.

ഈ ഭരണഘടന അംഗീകരിക്കപ്പെട്ടതിന് ഞാന്‍ അല്ലാഹുവിനെ സ്തുതിക്കുന്നു. ഇന്നലെ ഫലം പ്രഖ്യാപിച്ചതോടെ നിയമനിര്‍മാണം കൂടിയാലോചനാ സമിതിയിലെ ജനപ്രതിനിധികളിലേക്ക് പൂര്‍ണമായും നീങ്ങിയിരിക്കുന്നു. നിയമനിര്‍മാണസഭ പൂര്‍ണാര്‍ത്ഥത്തില്‍ നിലവില്‍ വരുന്നത് വരെ നാം മുന്നേറിക്കൊണ്ടിരിക്കും. ഇനിയുള്ളത് അതിനാവശ്യമായ പാര്‍ലിമെന്റ് സ്ഥാപിക്കുകയെന്നതാണ്. നാമിനി അതാണ് ചെയ്യാന്‍ പോകുന്നത്. പൂര്‍ണമായ ജനാധിപത്യവും, നാഗരികതയും സ്വാതന്ത്ര്യവും അവകാശപ്പെടുന്ന ഒരു സമൂഹം അതോട് കൂടി ജനനം കൊള്ളുന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്, നിയമം നിര്‍മിക്കുകയും, നിരീക്ഷിക്കുകയും ചെയ്യുന്ന ശക്തമായ പാര്‍ലിമെന്റ്, സ്വതന്ത്രമായ അധികാരമുള്ള ജുഡീഷ്യറി, ജനങ്ങള്‍ രൂപീകരിച്ച ഗവണ്‍മെന്റ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണ ജനാധിപത്യ ഈജിപ്ത് അതോട് കൂടി നിലവില്‍ വരുന്നതാണ്.

ഉന്നതമായ ഒരു നിലപാടിനെ പ്രശംസിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്. വൈസ്പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സ്വമേധയാ രാജിവെച്ച മഹ്മൂദ് നക്കിയുടെ മാതൃകയാണ് അത്. വളരെ ആത്മാര്‍ത്ഥതയോടും, സത്യസന്ധതയോടും കൂടി തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിപ്ലവ ഈജിപ്തിന്റെ ഭരണഘടന അംഗീകരിക്കുന്നതിനായാണ് അദ്ദേഹം രാജി സമര്‍പിച്ചത്. കാരണം പുതിയ ഭരണഘടന വൈസ്പ്രസിഡന്റ് എന്ന സ്ഥാനം അനുവദിക്കുന്നില്ല. പ്രശംസനീയമായ ഒരു പിന്‍വാങ്ങലായിരുന്നു അദ്ദേഹത്തിന്റേത്. അതിന്റെ പേരില്‍ ഞാന്‍ അദ്ദേഹത്തോട് നന്ദി രേഖപ്പെടുത്തുന്നു. ഈജിപ്ഷ്യന്‍ ജനത അദ്ദേഹത്തിന്റെ നിലപാടിനെ ആദരിക്കുകയും ചെയ്യുന്നു.

ജനുവരി വിപ്ലവത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ഭരണഘടനയാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. രാഷ്ട്രത്തിലെ എല്ലാവരെയും യാതൊരു വിധ വേര്‍തിരിവുമില്ലാതെ ഉള്‍ക്കൊള്ളുന്നതാണ് അത്. ഈജിപ്തുകാരനാവട്ടെ, അല്ലാത്തവനാവട്ടെ ഈജിപ്തിന്റെ മണ്ണില്‍ ജീവിക്കുന്ന എല്ലാവരുടെയും സ്വാതന്ത്ര്യം സംരക്ഷിക്കുന്ന, മനുഷ്യന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന ഭരണഘടനയാണത്. വ്യക്തിയുടെ മഹത്വം രാഷ്ട്രത്തിന്റെ മഹത്വമാണെന്നും, മനുഷ്യന്‍ ആദരിക്കപ്പെടാത്ത രാഷ്ട്രത്തിന് ഒരു മഹത്വവുമില്ലെന്നും അത് പ്രഖ്യാപിക്കുന്നു. അവശരായവര്‍ക്ക് ജീവിതമാര്‍ഗം തരപ്പെടുത്തിക്കൊടുക്കുന്ന, പൗരന്മാരുടെ ജോലി, ആരോഗ്യം, താമസം, വിദ്യാഭ്യാസം തുടങ്ങിയവ ഭരണകൂടത്തിന്റെ ബാധ്യതയായി കണക്കാക്കന്ന നിയമങ്ങളാണ് അതിലുള്ളത്. മാന്യമായവിധത്തില്‍ ചിന്താ-ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ ഉറപ്പ് വരുത്തുകയും, പൊതുസ്വത്തുക്കളും സ്വകാര്യ സ്വത്തുക്കളും ഒരുപോലെ സംരക്ഷിക്കുകയും ചെയ്യുന്നു. പാര്‍ട്ടികളുണ്ടാക്കാനും, പത്രങ്ങളിറക്കാനും അത് അനുവാദം നല്‍കുന്നു. ലോകത്ത് നാഗരികവും, മാനവികവുമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ ഈജിപ്തിനെ പ്രാപ്തമാക്കുന്ന ഭരണഘടനയാണിത്.

ഇതാണ് ഈജിപ്ത്. ഈജിപ്ഷ്യന്‍ ജനത അര്‍ഹിക്കുന്നതും ഇത് തന്നെയാണ്. മൊത്തം പോളിംഗ് ശതമാനത്തിന്റെ ഏകദേശം മൂന്നില്‍ രണ്ടോളം വരുന്ന ഭൂരിപക്ഷത്തില്‍ ഭരണഘടന അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതോടൊപ്പം തന്നെ നിസ്സാരമല്ലാത്ത വിഭാഗം ജനങ്ങള്‍ ഭരണഘടനയോട് വിയോജിപ്പ് പുലര്‍ത്തിയരിക്കുന്നുവെന്ന്ത നാം ഗൗരവത്തോടെ പരിഗണിക്കുന്നു. അത് അവരുടെ അവകാശമാണ്. മഹത്തായ ജനങ്ങളുള്ള, അവര്‍ തെരഞ്ഞെടുത്ത പ്രസിഡന്റുള്ള വിപ്ലവ ഈജിപ്ത് ഒരിക്കലും സങ്കുചിതമാവുകയില്ല. അതിനാല്‍ നാം ക്രിയാത്മകമായ പ്രതിപക്ഷത്തോട് അസഹിഷ്ണുതയോടെ വര്‍ത്തിക്കില്ല. ഭരണഘടനക്ക് അനുകൂലമായി വോട്ട് ചെയ്തവര്‍ക്കും നാം നന്ദി പറയുന്നു. കാരണം ഈ രണ്ട് സമീപനങ്ങളും ഈജിപ്തിന്റെ ജനാധിപത്യത്തെ അടയാളപ്പെടുത്തുന്നതാണ്.

രാഷ്ട്രത്തിന്റെ നിര്‍മിതിക്കായി പരസ്പരം ചേര്‍ന്ന് കഠിനാധ്വാനം നടത്തേണ്ടവരാണ് നാം. അതിനാല്‍ ചര്‍ച്ചയും സംവാദവും ബദലില്ലാത്ത അനിവാര്യമാര്‍ഗമാണ്. ഇനിയുള്ള ഘട്ടത്തിലെ പ്രശ്‌നങ്ങളെ എല്ലാവിഭാഗങ്ങളും ഒരുമിച്ച് നേരിടേണ്ടതുണ്ട്. രാഷ്ട്രത്തിന്റെ ചര്‍ച്ചാ വേദികളില്‍ ക്രിയാത്മകമായി പങ്ക് കൊള്ളുന്നതിനായി ഞാന്‍ എല്ലാവരെയും ക്ഷണിക്കുകയാണ്. എങ്കിലേ ഈജിപ്ത് പരിപൂര്‍ണതയിലേക്ക് കുതിച്ചുയരുകയുള്ളൂ.

എന്റെ അവകാശങ്ങളെ ഞാന്‍ പരിഗണിക്കുന്നേയില്ല. എന്നാല്‍ എന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ എല്ലാ വഴികളും സ്വീകരിക്കുകയും ചെയ്യും. അല്ലാഹു അതിന് എന്നെ സഹായിക്കുമാറാവട്ടെ. ഞാന്‍ ഈ ജനതയുടെ സേവകനായിരിക്കും. എന്റെ എല്ലാ അധ്വാനവും ഈജിപ്തിന്റെയും ഈജിപ്തുകാരുടെയും നന്മക്ക് വേണ്ടിയായിരിക്കും.

എന്നെയും ഈജിപ്തുകാരെയും സംബന്ധിച്ചിടത്തോളം ഇനിയുള്ളത് പ്രവര്‍ത്തനത്തിന്റെയും, കഠിനാധ്വാനത്തിന്റെയും, കര്‍മനൈരന്തര്യത്തിന്റെയും, ഉല്‍പാദനത്തിന്റെയും ദിനങ്ങളാണ്. വമ്പിച്ച പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന ഈജിപ്തിന്റെ സാമ്പത്തിക മേഖലയുടെ മുന്നേറ്റത്തിനുള്ള ശ്രമമാണ് നമുക്ക് നടത്താനുള്ളത്. അതോടൊപ്പം തന്നെ പ്രസ്തുത മേഖലയില്‍ വികസനത്തിനാവശ്യമായ മഹത്തായ അവസരങ്ങള്‍ നമുക്ക് മുന്നിലുണ്ട്. വികസനമെന്ന ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനുതകുന്ന എല്ലാവിധ മാറ്റങ്ങളും ഞാന്‍ നടത്തുന്നതാണ്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles