Current Date

Search
Close this search box.
Search
Close this search box.

‘ഞങ്ങള്‍ യുദ്ധക്കൊതിയന്മാരല്ല, എന്നാല്‍ യുദ്ധത്തെ ഭയക്കുന്നുമില്ല’

khlo.jpg

മഹത്വവും നിശ്ചയദാര്‍ഢ്യവും നിറഞ്ഞൊഴുന്ന ഈ മഹത്തായ സ്ഥലത്ത് സന്നിഹിതരായ എല്ലാ പത്രപ്രവര്‍ത്തകര്‍ക്കും നന്ദി. അറബ് ലോകത്തിന്റെ തലസ്ഥാന നഗരിയായ കൈറോയില്‍ നിന്നും ഞാന്‍ നിങ്ങളെയും, ഫലസ്തീന്‍ ജനതയെയും, ലോക മുസ്‌ലിം ഉമ്മത്തിനെയും അഭിസംബോധന ചെയ്യുകയാണ്. തീര്‍ത്തും ദുഷ്‌കരവും അതോടൊപ്പം ഫലസ്തീന്‍ പോരാട്ട ചരിത്രത്തിലെ മഹത്തരവുമായ മുഹൂര്‍ത്തമാണിത്.

നിരന്തരമായ ഉത്തരവാദിത്തങ്ങളും, ചര്‍ച്ചകളും കാരണം നിങ്ങളെ അഭിമുഖീകരിക്കാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുകയാണ്. ഈജിപ്തിലെ കുട്ടികള്‍ക്ക് സംഭവിച്ച ദാരുണമായ അപകടത്തില്‍ ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു. ഈജിപ്തിന്റെ വേദന ഫലസ്തീനിന്റെയും അറബികളുടെയും, മുസ്‌ലിം ലോകത്തിന്റെയും മാനവ സമൂഹത്തിന്റെയും വേദനയാണ്.

വല്ലാത്ത ദൃഢബോധ്യത്തോടും ആത്മവിശ്വാസത്തോടും അഭിമാനത്തോടും കൂടിയാണ് ഞാനിവിടെ ഇരിക്കുന്നത്. അതോടൊപ്പം തന്നെ എനിക്ക് കഠിനമായ വേദനയുമുണ്ട്. പോരാട്ടവീഥിയില്‍ ക്ഷമയും, ഔന്നത്യവും എന്ന് വേണ്ട സകലശേഷിയും ഞങ്ങള്‍ക്കേകിയ അല്ലാഹുവിലാണ് എനിക്ക് ദൃഢബോധ്യമുള്ളത്. ഫലസ്തീനിലെ ഒരു ചെറിയ ഭൂപ്രദേശത്തെ തലയുയര്‍ത്തി അന്തസ്സോടെ ഇസ്രായേലിന്റെയും അവരെ പിന്തുണക്കുന്നവരുടെയും തീവ്രവാദ ആയുധങ്ങളെയും കൊലപാതകങ്ങളെയും നേരിടാന്‍ പ്രാപ്തമാക്കിയത് അവനാണ്. ‘അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക് മേല്‍ മഹത്തരമായിരുന്നു’. അല്ലാഹു നമ്മുടെ കൂടെയുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്. ഞങ്ങള്‍ നീതിയുടെ പക്ഷത്താണുള്ളത്. ആര്‍ക്കുമേലും അക്രമം പ്രവര്‍ത്തിച്ചിട്ടില്ല. ഇത് തന്നെയാണ് ഫലസ്തീന്റെ പവിത്രതയും വിശുദ്ധിയും. ആരെങ്കിലും അതിന് മേല്‍ തെമ്മാടിത്തം കാണിച്ചാല്‍ അവനെ അവിടത്തെന്നെ കുഴിച്ച് മൂടും.

ഫലസ്തീനികളുടെ ചെറുത്ത് നില്‍പ് പോരാട്ടമാണ് എനിക്ക് അഭിമാനവും, പ്രതാപവും നല്‍കുന്ന കാര്യം. സ്ത്രീകളും പുരുഷന്മാരുമടങ്ങിയ, പോരാളികളും, നായകരുമടങ്ങിയ അല്‍ഖസ്സാം ബ്രിഗേഡിയര്‍, സറായാ അല്‍ഖുദ്‌സ് തുടങ്ങിയ എല്ലാ സൈനിക വിഭാഗങ്ങളുടെ കാര്യത്തില്‍ ഞാന്‍ അഭിമാനിയാണ്. അവരാണ് രാഷ്ട്രത്തിന്റെ ഭൂമിയുടെ കാവലാളുകള്‍. ശത്രുവിന് മുന്നില്‍ തലകുനിക്കാതെ, ഒന്നുമില്ലായ്മയില്‍ നിന്ന് മഹത്വങ്ങള്‍ സൃഷ്ടിച്ച് അതിനെ പ്രതിരോധിക്കുകയാണ് അവര്‍. ഞങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ അവരുടെ സേവകര്‍ മാത്രമാണ്. അവരാണ് ഞങ്ങളുടെ മൂലധനം.

എന്റെ വേദന, ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിനാലാണ്. ഫലസ്തീന്‍ മണ്ണില്‍ പിടഞ്ഞ് വീഴുന്ന എല്ലാ ഫലസ്തീനികളുടെയും കാര്യത്തില്‍ ഞാന്‍ വേദനിക്കുന്നു. സന്താനങ്ങളെ നഷ്ടപ്പെട്ട കുടുംബങ്ങള്‍, വീടുകള്‍ നഷ്ടപ്പെട്ടവര്‍, നേതൃത്വങ്ങള്‍ നഷ്ടപ്പെട്ട പോരാളികള്‍, എന്റെ സ്‌നേഹിതനും, സഹപ്രവര്‍ത്തകനുമായ ശഹീദ് അഹ്മദ് ജഅ്ബരിയുടെ രക്തസാക്ഷിത്വം എല്ലാം വേദനയുളവാക്കുന്ന സംഭവങ്ങളാണ്. അദ്ദേഹവും സഹപ്രവര്‍ത്തകരും എന്റെ പ്രതീക്ഷയായിരുന്നു. അവര്‍ ഞങ്ങളില്‍ നിന്നും യാത്രയായി എന്നതില്‍ ദുഖമുണ്ടാവുക സ്വാഭാവികമാണ്. കാരണം അവരില്‍ അഹ്മദ് ജഅ്ബരി ഒരു സാധാരണക്കാരനായിരുന്നില്ല.

അതെ, ശത്രു വലിയ ദുരന്തമാണ് വരുത്തിവെച്ചത്. പക്ഷെ, യുദ്ധഫലം മാറിവരിക തന്നെ ചെയ്യും. ‘അല്ലാഹു സത്യവിശ്വാസികളില്‍ നിന്ന് അവര്‍ക്ക് സ്വര്‍ഗമുണ്ടെന്നവ്യവസ്ഥയില്‍ അവരുടെ ദേഹവും ധനവും വിലയ്ക്കു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ വധിക്കുകയും വധിക്കപ്പെടുകയും ചെയ്യുന്നു.’ (തൗബ 111) ദൈവികമാര്‍ഗത്തില്‍ വധിക്കപ്പെടുന്നത് ആശ്ചര്യകരമല്ല. പക്ഷെ, പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോള്‍ മനുഷ്യന്‍ ദുഖം പ്രകടിപ്പിക്കുമെന്നതില്‍ സംശയമില്ല. പോരാട്ടരംഗത്തുണ്ടായിരുന്ന ധീരനേതാക്കള്‍ ശഹാദത്ത് വരിക്കുമ്പോള്‍ പ്രത്യേകിച്ചും. രക്തസാക്ഷികള്‍ക്ക് അഭിവാദ്യങ്ങള്‍. ഫലസ്തീന്‍ പോരാട്ട ചരിത്രത്തില്‍ ജീവന്‍ ത്യജിച്ച മഹാന്മാരുടെ പട്ടികയില്‍ അവര്‍ ഇടം പിടിച്ചിരിക്കുന്നു. അഹ്മദ് യാസീന്‍, ശൈഖ് റന്‍തീസി, സ്വലാഹ് ശഹാദ ഇവരെയൊക്കെ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. അനുഗ്രഹീതമായ യാത്രാ സംഘമാണത്.

ഭൂമിക്ക് മുകളില്‍ നിശ്ചയദാര്‍ഢ്യം വളരെ ഉയര്‍ന്നവരുണ്ട്. ഗസ്സാനിവാസികളും, ചെറുത്ത് നില്‍പ് പോരാളികളും അതിന്റെ പ്രതീകമാണ്. നിങ്ങള്‍ ഞങ്ങളുടെയും നെതന്യാഹുവിന്റെ സംഘത്തിന്റെയും മനോധൈര്യം തുലനം ചെയ്യുക. അവരെന്ത് കൊണ്ടാണ് പേടിച്ചോടുന്നത്? നശീകരണത്തിന്റെ സകലവിധ ആയുധവും കൈവശമുള്ളവരാണ് പേടിച്ച് വിറച്ചത്. ഞങ്ങളാവട്ടെ എല്ലാ ദുരന്തങ്ങള്‍ക്കും തയ്യാറായി നില്‍ക്കുകയാണ്. കഴിയുന്നത് പോലെ അതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. 2008-09 ലും യുദ്ധമുണ്ടായപ്പോള്‍ ചിലയാളുകളെങ്കിലും അസ്വസ്ഥരായിരുന്നു. മൂന്നാഴ്ചകള്‍ക്ക് ശേഷം യുദ്ധം അവസാനിച്ചപ്പോള്‍ എല്ലാവര്‍ക്കും കൂടുതല്‍ ആശ്വാസവും, സ്വാതന്ത്രവുമാണ് അനുഭവപ്പെട്ടത്. ഫലസ്തീന്‍ ചെറുത്ത് നില്‍പ് നന്നായിരുന്നുവെന്നാണ് ലോക അറബ് -മുസ്‌ലിം സമൂഹങ്ങള്‍ പ്രതികരിച്ചത്. ഇപ്പോള്‍ നിങ്ങള്‍ക്ക് അതിനേക്കാള്‍ കൂടുതല്‍ പ്രതീക്ഷിക്കാം. നിങ്ങള്‍ക്ക് മുന്നില്‍ പച്ചയായ അനുഭവങ്ങളുണ്ട്. അത് കൊണ്ട് അസ്വസ്ഥപ്പെടേണ്ടതില്ല. കഴിഞ്ഞ യുദ്ധത്തില്‍ മൂന്നാഴ്ച കൊണ്ടുണ്ടാക്കിയ നേട്ടം ഈ യുദ്ധത്തില്‍ കേവലം നാല്‍പത്തിയെട്ട് മണിക്കൂറിനകം ഞങ്ങള്‍ സാക്ഷാല്‍ക്കരിച്ച് കഴിഞ്ഞു. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണിത്.  

നെതന്യാഹുവിന് പല താല്‍പര്യങ്ങളുമുണ്ടായിരുന്നു. പക്ഷെ അവയൊന്നും  വിജയിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പോരാളിയായ അഹ്മദ് ജഅ്ബരിയെ വധിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നത് ശരിതന്നെയാണ്. പോരാളികളുടെ അടിത്തറയിളക്കാനാണ് അയാള്‍ ശ്രമിച്ചത് പക്ഷെ അദ്ദേഹം പരാജയപ്പെട്ടു. ആദ്യപോരാട്ടത്തില്‍ തന്നെ പോരാളികളുടെ ദീര്‍ഘദൂര ശേഷിയുള്ള റോക്കറ്റുകള്‍ നശിപ്പിച്ചുവെന്നാണ് അയാള്‍ അവകാശപ്പെട്ടത്. അതിന് അല്‍ഖസ്സാം കര്‍മഭൂമിയില്‍ മറുപടി നല്‍കിയത് നാം കണ്ടും. ‘ഞാനാണ് യുദ്ധം തീരുമാനിക്കുന്നവന്‍, ഞാന്‍ ഇഛിക്കുമ്പോള്‍ ആക്രമിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യും’ എന്ന് പറയാനാണ് അയാള്‍ ശ്രമിച്ചത്. അതിനുള്ള മറുപടി മണിക്കൂറുകള്‍ക്കകം അദ്ദേഹത്തിന് ലഭിച്ചു. ശക്തിയിലും ആയുധത്തിലും ഭീമമായ അന്തരമുണ്ടെങ്കില്‍ പോലും പോരാട്ടഗതി നിര്‍ണയിക്കുന്നതില്‍ തങ്ങള്‍ക്ക് കൂടി പങ്കുണ്ടെന്ന് പോരാളികള്‍ തെളിയിച്ചു. അതോടെ അയാളുടെ പദ്ധതികളെല്ലാം പൊളിഞ്ഞു.

ചുരുക്കത്തില്‍ അയാള്‍ ആഗ്രഹിച്ചതോന്നും നടന്നില്ല. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് വേണ്ടിയാണ് അയാള്‍ ഇതത്രയും ചെയ്തത്. ഇപ്പോഴത് അദ്ദേഹത്തിന് തന്നെ പാരയായി ഭവിച്ചിരിക്കുന്നു. വിപ്ലവാനന്തര ഈജിപ്തിനെ പരീക്ഷിക്കാനദ്ദേഹം ഒരു കൈനോക്കി. അപ്രതീക്ഷിതമായ മറുപടിയാണ് ഈജിപ്ത് നല്‍കിയത്. അവശേഷിക്കുന്നത് അറബ് വസന്തത്തിലെ രാഷ്ട്രങ്ങളുടെ നിലപാടാണ്. അവരാവട്ടെ നമ്മുടെ സദ്വിചാരം ശരിവെക്കുന്ന സമീപനമാണ് സ്വീകരിച്ച് വരുന്നത്. തങ്ങളുടെ പുതിയ ആയുധങ്ങളും, ലോഹകവചവും പരീക്ഷിക്കാന്‍ കൂടിയായിരുന്നു ഈ യുദ്ധം. ഇസ്രായേലിന്റെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്താനും, പൗരന്മാര്‍ സുരക്ഷിതരാണെന്ന് വരുത്തിത്തീര്‍ക്കാനുമായിരുന്നു അത്. പക്ഷെ ഉപരോധിത ഗസ്സയുടെ നിസ്സാര ആയുധങ്ങള്‍ക്ക് മുന്നില്‍ അവക്ക് പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. നഗ്നത മറക്കാന്‍ ശ്രമിക്കുന്നതിനിടെ തുണി അഴിഞ്ഞ് വീണത് പോലെയായി കാര്യങ്ങള്‍. അവര്‍ ഏത് സൈന്യവുമായാണ് ഞങ്ങളെ ആക്രമിക്കുക. അവരുടെ അടുത്ത് ജനതയും, സൈന്യവും സൈനിക ഉപകരണങ്ങളുമുണ്ടെന്നത് ശരി തന്നെയാണ്. പക്ഷെ അവര്‍ക്ക് മനക്കരുത്തും ക്ഷമയും ദീര്‍ഘായുസ്സുമില്ല. കാരണം അവര്‍ക്ക് നിയമപരമായ അടിത്തറയില്ല. അവര്‍ പിടിച്ച് പറിക്കാരും അക്രമികളും ഭൂമി മോഷ്ടാക്കളുമാണ്.

എല്ലാം ഭയപ്പെടുന്ന, പേടിത്തൊണ്ടനായ ഒരു ശത്രുവാണ് ഞങ്ങള്‍ക്കുള്ളതെന്ന് വ്യക്തം. അയാളുടെ കണക്കുകൂട്ടലുകള്‍ പിഴച്ചു. സൈനികവും, ഭൗതികവുമായ സന്തുലിതത്വം ഞങ്ങള്‍ക്കിടയിലില്ല. പക്ഷെ, നിശ്ചദാര്‍ഢ്യം കൊണ്ട് ഞങ്ങളവരെ ഞെട്ടിച്ചിരിക്കുന്നു. വളരെ കുറഞ്ഞ ആയുധവും ഉയര്‍ന്ന നിശ്ചയദാര്‍ഢ്യവും കൊണ്ട് കൂടുതല്‍ ആയുധവും ഭീരുത്വവുമുള്ളവരെ പരാജയപ്പെടുത്താന്‍ കഴിയും. അല്ലാഹുവാണ, ഞങ്ങളവര്‍ക്ക് മേല്‍ വിജയിക്കുക തന്നെ ചെയ്യും. ഞങ്ങള്‍ മുന്നേറുകയും അവര്‍ പിന്നോട്ടടിക്കുകയും ചെയ്യും.

നെതന്യാഹു ഇപ്പോള്‍ കരയുദ്ധം പറഞ്ഞ് പേടിപ്പിക്കുകയാണ്. അയാളത് ഉദ്ദേശിക്കുന്നുവെങ്കില്‍ ആരോടും അഭിപ്രായം ചോദിക്കേണ്ടതില്ല. അയാള്‍ക്കതിനുള്ള ധൈര്യമില്ല. യുദ്ധം പരാജയത്തില്‍ കലാശിക്കുമെന്ന് അയാള്‍ക്കറിയാം. തന്റെ രാഷ്ട്രീയ ഭാവിയുടെ ഘാതകനായി അത് മാറിയേക്കുമെന്നും അയാള്‍ക്ക് ധാരണയുണ്ട്. തല്‍ഫലമായി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ഇസ്രായേല്‍ നേതൃത്വത്തിലുള്ള സ്ഥാനം നഷ്ടപ്പെടുകയും ചെയ്യും. അതിനാലയാള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്നാലെ നടക്കുകയാണ്. ഈജിപ്തിന്റെയും, തുര്‍ക്കിയുടെയും ഖത്തറിന്റെയും മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഹമാസിനെ ശാന്തമാക്കാന്‍ തന്ത്രം മെനയുകയാണ് അയാള്‍.

നിങ്ങള്‍ക്ക് യുദ്ധം ചെയ്യാന്‍ ധൈര്യമുണ്ടായിരുന്നുവെങ്കില്‍ അതു ചെയ്യേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ മക്കള്‍ക്ക് ആയുധങ്ങളെ ഭയമില്ല. അതവരുടെ നെഞ്ചകത്ത് ദിനേനെ വന്ന് പതിച്ച് കൊണ്ടിരിക്കെ എന്തിന് അവയെ ഭയക്കണം. ഇസ്രായേല്യര്‍ ഭീരുക്കളാണ്. അതിനാലാണ് ഞാന്‍ നിങ്ങളോട് പറഞ്ഞത്. സന്ധിസംഭാഷണത്തിന് മുന്നിട്ടിറങ്ങിയത് നെതന്യാഹുവാണ്. അമേരിക്കയോടും യൂറോപ്യന്‍ രാഷ്ട്രങ്ങളോടും, അന്താരാഷ്ട്ര നേതൃത്വങ്ങളോടും അവരത് ആവശ്യപ്പെട്ട് കൊണ്ടേയിരിക്കുകയാണ്. എന്നല്ല, ഈജിപ്തിനോടും, തുര്‍ക്കിയോടും പോലും അവരതിന് നേരിട്ട് അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഹമാസോ, ചെറുത്ത് നില്‍പ് പോരാളികളോ, ഫലസ്തീന്‍ ജനതയോ സമാധാനക്കരാര്‍ ആവശ്യപ്പെട്ടിട്ടില്ല. ഇപ്പോഴുമവര്‍ എന്നെ ഫോണില്‍ വിളിച്ച് കൊണ്ടേയിരിക്കുകയാണ്. ‘അബുല്‍ വലീദ്, ഞങ്ങളുടെ കാര്യത്തില്‍ താങ്കള്‍ ഭയപ്പെടേണ്ട’എന്നാണ് അവര്‍ പറയുന്നത്. കേവലം യുദ്ധം നിര്‍ത്തുകയല്ല ഞങ്ങളുടെ നിബന്ധനകള്‍ പാലിക്കുക കൂടി ചെയ്യേണ്ടതുണ്ട്. ഇസ്രായേലിന്റെ തോന്നിവാസങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും കടിഞ്ഞാണിടുകയാണ് ആദ്യമായി വേണ്ടത്. ഗസ്സക്ക് മേലുള്ള ഉപരോധം നീക്കുകയെന്നതാണ് രണ്ടാമത്തെ നിബന്ധന.  

ബുദ്ധിയും, ഭീരുത്വവും ഒരുമിച്ച് ചേര്‍ത്തവരാണ് ഇസ്രായേല്യര്‍. ഞങ്ങള്‍ക്കാവട്ടെ ബുദ്ധിയും ധീരതയുമാണുള്ളത്. ഞങ്ങള്‍ യുദ്ധക്കൊതിയന്മാരല്ല. പക്ഷെ അത് നേരിടേണ്ടി വന്നാല്‍ ഞങ്ങള്‍ക്ക് ഭയവുമില്ല. കരയുദ്ധത്തിന് തയ്യാറാവുന്ന പക്ഷം ഭീമമായ അബദ്ധവും വിഢ്ഢിത്തവുമാണ് ചെയ്തതെന്ന് അവര്‍ക്ക് ബോധ്യപ്പെടും. ഞങ്ങളുടെ കയ്യില്‍ കൂടുതല്‍ ആയുധങ്ങളുണ്ടെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ ധീരതയും, സന്നദ്ധതയും ചങ്കുറപ്പുമുള്ളവരാണ് പോരാളികളുണ്ട്.

ഇനി യുദ്ധം നിര്‍ത്താനാണ് അവരുടെ ആഗ്രഹമെങ്കില്‍, തുടങ്ങിയവര്‍ക്ക് തന്നെയാണ് അവസാനിപ്പിക്കാനുമുള്ള ബാധ്യത. അയാളാണ് ഭീഷണിപ്പെടുത്തുന്നത്. അയാള്‍ തന്നെയാണ് നിര്‍ത്തേണ്ടതും. ഞങ്ങള്‍ക്ക് ഞങ്ങളുടെ നിബന്ധനകളുണ്ട്. ഈ യുദ്ധം അവസാനിക്കുക അത് തുടങ്ങിയവര്‍ തന്നെ നിര്‍ത്തുകയും, ഞങ്ങളുടെ നിബന്ധനകള്‍ പാലിക്കുകയും ചെയ്തതിന് ശേഷമായിരിക്കും. ഇത് എന്റെയോ ഹമാസിന്റെയോ മാത്രം നിലപാടല്ല. മറിച്ച് ഫലസ്തീന്‍ ജനതയുടെ നിലപാടാണ്.

നമ്മുടെ യഥാര്‍ത്ഥ ശത്രു ഇസ്രായേലാണെന്ന് എല്ലാവരും തിരിച്ചറിഞ്ഞ നിമിഷമാണിത്. ഫത്ഹും ഹമാസും മറ്റ് ശക്തികളും ഒരിക്കലും ശത്രുക്കളല്ല. അവര്‍ക്കിടയില്‍ പിശാചുക്കള്‍ പ്രശ്‌നമുണ്ടാക്കിയതാണ്. നാമിപ്പോള്‍ അനൈക്യം വെടിയേണ്ടിയിരിക്കുന്നു. അന്തരീക്ഷം അനുകൂലമാണ്. മനോഹരമായ വസന്തം വിരിഞ്ഞ അറബ് ലോകവും, പുതിയ ആത്മാവോടെ ഉയിര്‍ത്തെഴുന്നേറ്റ ഈജിപ്തും നമ്മുടെ ചുറ്റുമുണ്ട്. ശത്രുവിനോട് സ്വീകരിക്കേണ്ട നയം സന്ധിയുടെയോ, സംഭാഷണത്തിന്റെയോ അല്ല ശക്തിയുടേതാണ് എന്ന് ബോധ്യപ്പെട്ടിരിക്കുന്നു. നമുക്ക് പുതിയൊരു രാഷ്ട്രീയ നിലപാടും അജണ്ടയും രൂപപ്പെടേണ്ടിയിരിക്കുന്നു. ഈജിപ്തും അറബ് രാഷ്ട്രങ്ങളും തങ്ങളുടെ പഴയ കാലരാഷ്ട്രീയ തീരുമാനങ്ങള്‍ പുനപരിശോധിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു. ഇസ്രായേലിനെ വെറുക്കുന്ന ഒരു സംഘത്തെ രൂപപ്പെടുത്താന്‍ നമുക്ക് സാധിക്കും. ഡോ. മുഹമ്മദ് മൂര്‍സിയും, ഖത്തര്‍ അമീറും, ഉര്‍ദുഗാനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും ശ്ലാഘനീയമാണ്. അവര്‍ക്ക് എന്റെ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുകയാണ്. ഫലസ്തീന്റെ കാര്യത്തില്‍ രൂപപ്പെടുന്ന അറബ് ഐക്യത്തിന്റെ സൂചനയാണ് അവരുമായി നടത്തിയ സംഭാഷണങ്ങള്‍.

രണ്ടാം ഊഴത്തിന്റെ പ്രാരംഭത്തിലുള്ള അമേരിക്കന്‍ ഭരണകൂടത്തോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെ ഇരട്ടത്താപ്പിന്റെ മാനദണ്ഡം നമുക്ക് മനസ്സിലാവുന്നില്ല എന്നാണ്. ഇസ്രായേലിന് ഗസ്സാ കുഞ്ഞുങ്ങളുടെ മുന്നില്‍ പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നത് ഒറ്റക്കണ്ണന്റെ അഭിപ്രായമാണ്. കുറച്ചെങ്കിലും മൂല്യവും ബുദ്ധിയും പ്രകടിപ്പിക്കണമെന്നാണ് ലോകത്തെ ഏറ്റവും വലിയ ശക്തിയോട് പറയാനുള്ളത്. പശ്ചിമേഷ്യയിലെ നിങ്ങളുടെ ഭാവിയും താല്‍പര്യങ്ങളും അറബികളുടെയും മുസലിംകളുടെയും കൂടെയാണ്, ഇസ്രായേലിന്റെ കൂടെയല്ല എന്ന് ബോധ്യപ്പെടാന്‍ ഇനി നാളുകളില്ല.

(ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ കൈറോയില്‍ നടത്തിയ പത്രസമ്മേളനം)

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles