Current Date

Search
Close this search box.
Search
Close this search box.

ഞങ്ങള്‍ക്ക് വേണ്ടത് നിങ്ങളുടെ സൈന്യമാണ്, കണ്ണുനീരല്ല

ghfjfcj.jpg

രാപ്പകല്‍ ഇസ്രായേല്‍ ആക്രമണത്തിന് വിധേയമാകുന്ന ഗസ്സാസന്തതികള്‍ ചെയ്യേണ്ടത് അറബ് ലീഗ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന് നേരെ വാതില്‍ കൊട്ടിയടക്കുകയാണ്. വന്ന വഴിക്ക് മടങ്ങിപ്പോവാനാണ് അവരോട് ആവശ്യപ്പെടേണ്ടത്.

വിദേശകാര്യ മന്ത്രിമാരുടെയോ, സെക്രട്ടറിമാരുടെയോ സ്ഥാനത്തുള്ള ടൂറിസ്റ്റുകളെയല്ല ഗസ്സാനിവാസികള്‍ക്ക് ആവശ്യം. ഫലസ്തീനികളുടെ വേദനയറിയുന്നവരാണെന്ന് കള്ളം ബോധിപ്പിച്ച് തിരിച്ച് പോകുന്ന പ്രതിനിധികളെക്കൊണ്ട് ഗസ്സക്ക് പ്രയോജനമില്ല.

ഗസ്സക്ക് വേണ്ടി ഒരു ചില്ലിക്കാശുപോലും ചെലഴിക്കാന്‍ തയ്യാറാവാത്തവരാണ് അവര്‍. 2006-ലെ ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന ഒരു വീട് പോലും അവര്‍ നവീകരിച്ചിട്ടില്ല. പത്ത് വര്‍ഷമായി തുടരുന്ന ഉപരോധം പിന്‍വലിപ്പിക്കാനും അവര്‍ക്ക് സാധിച്ചിട്ടില്ല. പിന്നെ എന്തിന് അവരെ സ്വാഗതം ചെയ്ത് സ്വീകരിക്കണം? അവര്‍ക്ക് വേണ്ടി ശുഹദാക്കളുടെ രക്തം കൊണ്ട് അലങ്കരിക്കപ്പെട്ട ചുവന്ന പരവതാനി വിരിച്ച് കൊടുക്കണം?

ദയയോ, തേന്‍പുരട്ടിയ വാക്കുകളോ അല്ല ഗസ്സാനിവാസികള്‍ക്ക് വേണ്ടത്. തങ്ങളുടെയും, പിഞ്ചുകുഞ്ഞുങ്ങളുടെയും ജീവന്‍ പ്രതിരോധിക്കുന്ന ആധുനിക വികസിത ആയുധങ്ങളാണ് അവര്‍ക്കാവശ്യം.

എന്ത് കൊണ്ട് ഇവര്‍ ഇക്കാര്യത്തില്‍ മത്സരിക്കുന്നില്ല. ഫലസ്തീനികളെ സംരക്ഷിക്കല്‍, ഇസ്രായേലിനെതിരില്‍ ഉപയോഗിക്കല്‍ ഹറാമാക്കപ്പെട്ടവയാണോ അവരുടെ ആയുധങ്ങള്‍?

ലോക മുസലിം പണ്ഡിതന്മാരുടെ അവരുടെ സഭകളും എന്ത് കൊണ്ട് ഫലസ്തീനില്‍ ജിഹാദ് ചെയ്യുന്നതിന് വേണ്ടി ഫത്‌വ നല്‍കുന്നില്ല? ഫലസ്തീന്‍ പോരാളികള്‍ക്ക് വേണ്ടി സംഭാവനകള്‍ ശേഖരിക്കാന്‍ അവരെന്ത് കൊണ്ട് കാമ്പയിന്‍ നടത്തുന്നില്ല? തങ്ങളുടെ പള്ളികളും മിമ്പറുകളും അതിന് വേണ്ടി ഉപയോഗിക്കാത്തത് എന്ത് കൊണ്ടാണ്?

ഗസ്സയിലെ കൂട്ടക്കൊലകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി അറബ് ലീഗ് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ അധിക അറബ് രാഷ്ട്രങ്ങളുടെയും വിദേശ കാര്യമന്ത്രിമാര്‍ മുങ്ങിയത് വേദനയും കയ്പും പകര്‍ന്ന അനുഭവമായിരുന്നു. അറബ് രാഷ്ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാരെ ഗസ്സാനിവാസികള്‍ക്ക് മധ്യസ്ഥരായി ആവശ്യമില്ല. മറിച്ച് സ്വന്തക്കാരും പങ്കാളികളുമായാണ് അവരെ ആവശ്യം. മധ്യസ്ഥത അന്യര്‍ അല്ലെങ്കില്‍ അപരിചിതര്‍ ചെയ്യേണ്ട കാര്യമാണ്. ഒരേ രക്തത്തിന്റെയും ആദര്‍ശത്തിന്റെയും വേദനയുടെയും മക്കളല്ല അത് ചെയ്യേണ്ടത്.

ഗസ്സയിലുള്ള ഫലസ്തീനികള്‍ക്ക് വേണ്ടി അറബ് ലീഗ് ഒന്നും ചെയ്തിട്ടില്ലെന്ന് തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയിബ് ഉര്‍ദുഗാന്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ്. അതിലുപരിയായി ഗസ്സയെ ഉപരോധിക്കാന്‍ അത് കൂട്ടുനില്‍ക്കുകയാണ് ചെയ്തത് എന്നാണ് നമ്മുടെ അഭിപ്രായം. അധിനിവിഷ്ട ഖുദ്‌സില്‍ ഇസ്രായേലികള്‍ക്ക് കുടിയേറ്റം നടത്താന്‍ ഗൂഢാലോചന നടത്തുകയായിരുന്നു അറബ് ലീഗ്.

ഇസ്രായേലിന്റെ വികൃതമായ തീവ്രവാദ മുഖം ലോകത്തിന് മുമ്പാകെ വെളിപ്പെടുത്തുകയാണ് ഗസ്സാനിവാസികള്‍ തങ്ങളുടെ ത്യാഗവും, പിഞ്ചോമനകളുടെ രക്തസാക്ഷിത്വവും മുഖേനെ വീണ്ടും ചെയ്തത്.

എഴുപത് വര്‍ഷം നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇപ്പോഴാണ് സന്തുലിതത്വം രൂപപ്പെട്ടത്. ഫല്‌സ്തീനികളേക്കാള്‍ ഭയത്തിലും, ആശങ്കയിലുമാണ് അഞ്ച് മില്യണ്‍ ഇസ്രായേല്യരുള്ളത്.

ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവാണ് സന്ധിയും വെടിനിര്‍ത്തലും ആഗ്രഹിക്കുന്നതെന്ന് പത്രസമ്മേളനത്തില്‍ ഖാലിദ് മിശ്അല്‍ പ്രഖ്യാപിച്ച് നൂറ് ശതമാനം സത്യമാണ്. കാരണം യുദ്ധം തുടര്‍ന്നാല്‍ തങ്ങള്‍ക്കേല്‍ക്കാന്‍ പോകുന്ന രാഷ്ട്രീയയമായ നഷ്ടത്തെക്കുറിച്ചും, അപകടത്തെക്കുറിച്ചും അദ്ദേഹത്തിന് ബോധ്യമുണ്ട്.

വെസ്റ്റ് ബാങ്ക് ഇളകിത്തുടങ്ങിയിരിക്കുന്നു. അതിന്റെ വിപ്ലവം കാലിനടില്‍ ഭൂമിയില്‍ പ്രകമ്പനം സൃഷ്ടിച്ചിരിക്കുന്നു. ചേരിതിരിവ് അവസാനിപ്പിച്ച് ഐക്യത്തിന്റെ അരുവിയില്‍ ഫലസ്തീനികള്‍ സമ്മേളിക്കുകയാണ്. ഇതൊരു പുതിയ അധ്യായത്തിന്റെ തുടക്കമാണെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഫലസ്തീന്‍ ജനത മരണത്തെ ഭയപ്പെടുന്നവരല്ല. തങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണമായും നേടിയെടുക്കുന്നത് വരെ അവര്‍ പോരാട്ടം തുടര്‍ന്ന് കൊണ്ടേയിരിക്കും. ചരിത്രത്തിലെ സുന്ദര ഏടുകളിലൊന്നില്‍ പതിച്ച ‘ഫജ്ര്‍ 5’ റോക്കറ്റ് അതിന്റെ സൂചന മാത്രമാണ്.

ഇസ്രായേലിന്റെ നിബന്ധനകള്‍ പാലിച്ച് ചെറുത്ത് നില്‍പ് പോരാളികള്‍ വെടിനിര്‍ത്താന്‍ തയ്യാറാവരുതെന്നാണ് നമ്മുടെ ആഗ്രഹം. ഉപരോധം ഭാഗികമായോ, പൂര്‍ണമായോ പിന്‍വലിച്ചാല്‍ പോലും. ഇസ്രായേലിന്റെ തീവ്രവാദത്തിനെതിരെ ചെറുത്ത് നില്‍ക്കാനുള്ള അവകാശം ഫലസ്തീനികള്‍ക്ക് എല്ലാഴ്‌പ്പോഴുമുണ്ട്. ആത്മ പ്രതിരോധം എന്നത് എല്ലാ അന്താരാഷ്ട്ര നിയമങ്ങളും വ്യക്തമായി അംഗീകരിച്ച കാര്യമാണ്.

നമുക്ക് വീണ്ടും പറയാനുള്ളത് അറബ് ലോകത്ത് നിന്ന് വന്ന വിദേശകാര്യ മന്ത്രിമാരെ വന്നിടത്തേക്ക് തന്നെ തിരിച്ചയക്കണമെന്നതാണ്. പൂര്‍ണ മര്യാദയോടെ, നിങ്ങളെ ഞങ്ങള്‍ സ്വീകരിക്കണമെങ്കില്‍ ഇനി വരുമ്പോള്‍ മേത്തരം റോക്കറ്റുകളും ടാങ്കുകളുമായി വന്നാലെ സ്വീകരിക്കുകയുള്ളൂ എന്ന ഉപദേശത്തോടെയാണ് അത് ചെയ്യേണ്ടത്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles