Current Date

Search
Close this search box.
Search
Close this search box.

‘ഞങ്ങളെന്തിന് ഐക്യരാഷ്ട്രസഭയില്‍ വന്നു?’

ABBAS.jpg

‘സ്ത്രീകളും കുട്ടികളുമടങ്ങിയ രക്തസാക്ഷികളെ മറവ് ചെയ്ത്, മുറിവുകളില്‍ മരുന്ന് വെച്ച് കെട്ടിയതിന് ശേഷമാണ് ഫലസ്തീന്‍ ഇന്ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലേക്ക് വന്നിരിക്കുന്നത്. ഇസ്രായേല്‍ ഭീകരതയുടെ ഇരകളാണ് ഞങ്ങള്‍. ഗസ്സയില്‍ ഇസ്രായേല്‍ ബോംബുകള്‍ തകര്‍ത്ത് കളഞ്ഞ വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ബാക്കിയുള്ള ജീവിതത്തിന് വേണ്ടി പെടാപാട് പെടുകയാണ് ഞങ്ങള്‍. സ്ത്രീകളും കുട്ടികളും പുരുഷന്മാരും കൊലചെയ്യപ്പെട്ട ഞങ്ങള്‍ക്കിപ്പോള്‍ കുടുംബമില്ല. ഞങ്ങളുടെ സ്മരണകളും, സ്വപ്‌നങ്ങളും പ്രതീക്ഷകളും ഭാവിയുമെല്ലാം അപഹരിക്കപ്പെട്ടിരിക്കുന്നു. സമാധാനവും, സ്വാതന്ത്ര്യവുമുള്ള ജീവിതം കിട്ടാക്കനിയാണ് ഞങ്ങള്‍ക്ക്. 

സമാധാനത്തില്‍ വിശ്വസിക്കുന്നത് കൊണ്ടാണ് ഫലസ്തീന്‍ ഇന്ന് ഇവിടെ, ഈ പൊതുസഭയില്‍ വന്നിരിക്കുന്നത്. അന്താരാഷ്ട്രതലത്തിലെ ഏറ്റവും ഉന്നതമായ, അന്താരാഷ്ട്ര നിയമങ്ങളെ പ്രതിനിധീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സഭയാണ് ഇത്. ഇസ്രായേലിനും ഫലസ്തീനിനുമിടയിലെ പ്രശ്‌നപരിഹാരത്തിനുള്ള അവസാന അവസരത്തെ പിന്തുണച്ച് അന്താരാഷ്ട്ര പ്രതിനിധികള്‍ നിലകൊള്ളുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍.

ഗസ്സാനിവാസികള്‍ക്ക് മേല്‍ ഇസ്രായേല്‍ വീണ്ടും നടത്തിയ അതിക്രമം, അവരുടെ അധിനിവേശം അവസാനിപ്പിക്കണമെന്നതിന്റെ അനിവാര്യതയെയാണ് കുറിക്കുന്നത്. ഞങ്ങളുടെ ജനതക്ക് സ്വാതന്ത്ര്യവും, സമാധാനവും ലഭിക്കേണ്ടതുണ്ട്. യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും നയമാണ് തങ്ങള്‍ തുടരുകയെന്ന് ഈ ആക്രമണത്തിലൂടെ ഇസ്രയേല്‍ ഭരണകൂടം ഒന്ന് കൂടി വ്യക്തമാക്കിയിരിക്കുന്നു. ഫലസ്തീന്‍ ജനതക്ക് നേരെയുള്ള തങ്ങളുടെ ഉത്തരവാദിത്തത്തെ അന്താരാഷ്ട്ര കുടുംബത്തെ ഉണര്‍ത്താന്‍ പര്യാപ്തമാണ് ഇവയെല്ലാം.

ഞാന്‍ കഠിനമായ വേദനയോട് കൂടിയാണ് പറയുന്നത്. ഞാന്‍ സൂചിപ്പിച്ച യാഥാര്‍ത്ഥ്യങ്ങള്‍ സ്ഥാപിക്കുന്നതിനായി ഇനിയും ഫലസ്തീന്‍ കുഞ്ഞുങ്ങള്‍ പിടഞ്ഞ് മരിക്കുന്നത് കാണണമെന്ന വാശി ലോകത്ത് ആര്‍ക്കുമുണ്ടാവില്ല. അനിവാര്യമായും തടയപ്പെടേണ്ട അധിനിവേശം ഗസ്സയില്‍ നടക്കുന്നുണ്ടെന്നും, സ്വാതന്ത്ര്യമാഗ്രഹിക്കുന്ന ജനത അവിടെയുണ്ടെന്നും ബോധ്യപ്പെടാന്‍ ഇനിയും ആയിരക്കണക്കിന് റോക്കറ്റുകളും, ബോംബുകളും വര്‍ഷിക്കണമെന്ന് തോന്നുന്നില്ല. സമാധാനത്തിന്റെ അഭാവം തിരിച്ചറിയാന്‍ കൂടുതല്‍ ഭീകരമായ യുദ്ധവും ആവശ്യമില്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം.

1948-ലെ ദുരന്തം ഫലസ്തീന്‍ ജനതക്ക് ഏല്‍പിച്ച മുറിവ് നിസ്സാരമായിരുന്നില്ല. ഒരു ജനതയെ തകര്‍ക്കാനും, അവരെ നാട് കടത്താനും, എന്നല്ല അവരെ പ്രായോഗിക ജീവിതത്തിന്റെ ഭൂമികയില്‍ നിന്നും, ചരിത്രത്തില്‍ നിന്ന് തന്നെയും മായ്ച് കളയാനും നടത്തിയ ശ്രമമായിരുന്നു അത്. ആ കറുത്ത ദിനരാത്രങ്ങളില്‍ നൂറ് കണക്കിന് ഫലസ്തീനികള്‍ അവരുടെ വീടുകളില്‍ നിന്നും വലിച്ച് പുറത്തിറക്കപ്പെട്ടു. സ്വന്തം നാട്ടിലും പുറത്തും അവര്‍ ഒറ്റപ്പെട്ടു, സുന്ദരമായ സ്വന്തം രാഷ്ട്രത്തിന്റെ മടിത്തട്ടില്‍ നിന്നും അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് പറിച്ച് നടപ്പെട്ടു. ആധുനിക ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട പച്ചയായ വംശഹത്യക്ക് അവര്‍ ഇരയായി. ആ കറുത്ത ദിനരാത്രങ്ങളില്‍ പ്രതീക്ഷയുടെ പ്രകാശനാളമന്വേഷിച്ച് ഞങ്ങളുടെ ജനത ഐക്യരാഷ്ട്രസഭയിലേക്ക് കണ്ണുംനട്ടിരിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് മേല്‍ നടക്കുന്ന അതിക്രമവസാനിപ്പിക്കാനും, ശാന്തിയും സമാധാനവും വ്യാപിപ്പിക്കാനും അവര്‍ ഇടപെടുമെന്നായിരുന്നു പ്രതീക്ഷ. ഞങ്ങളുടെ ജനത ഇപ്പോഴും അത് വിശ്വസിക്കുകയും കാത്തിരിക്കുകയും ചെയ്യുകയാണ്…അതിനാലാണ് ഇന്ന് ഞങ്ങളിവിടെ വന്നത്.

രാഷ്ട്രത്തിന്റെ സുദീര്‍ഘമായ പോരാട്ടചരിത്രത്തിലുടനീളം അന്താരാഷ്ട്ര നിയമങ്ങളോടും പോരാട്ടലക്ഷ്യങ്ങളോടും കാലഘട്ടത്തിന്റെ ആത്മാവിനോടും യോജിക്കുന്ന സമീപനങ്ങളാണ് ഞങ്ങള്‍ സ്വീകരിച്ചത്.  തങ്ങള്‍ക്ക് മേല്‍ ഇടവിട്ടിടവിട്ട് ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ആക്രമണങ്ങളും, കൂട്ടക്കൊലയും, കരാര്‍ലംഘനവും നടന്നപ്പോഴും മാനുഷികതയും, ധാര്‍മികമഹത്വവും, അടിസ്ഥാന മൂല്യങ്ങളും മുറുകെപ്പിടിക്കുകയാണ് ഞങ്ങള്‍ ചെയ്തിട്ടുള്ളത്.

 

ഐക്യരാഷ്ട്രസഭയുടെ 181-ാം കരാര്‍ സൂചിപ്പിക്കുന്നത് പ്രകാരം ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി 1988-ല്‍ ഫലസ്തീന്‍ ദേശീയ സമിതി അംഗീകരിക്കുകയുണ്ടായി. വളരെ ധീരവും, ദുഷ്‌കരവുമായ, ചരിത്രതീരുമാനത്തെ സാക്ഷാല്‍ക്കരിക്കുന്ന നയമായിരുന്നു അത്. യുദ്ധത്തിന്റെയും, കടന്ന് കയറ്റത്തിന്റെയും, അധിനിവേശത്തിന്റെയും അധ്യായങ്ങള്‍ മടക്കി വെക്കാനുള്ള ചരിത്രപരമായ സന്ധിയുടെ താല്‍പര്യത്തെയായിരുന്നു അത് പ്രതിനിധീകരിച്ചിരുന്നത്.

അതൊരു നിസ്സാരമായ കാര്യമായിരുന്നില്ല. മറിച്ച് ഞങ്ങളുടെ ജനതയുടെ താല്‍പര്യം സംരക്ഷിക്കാനാവാശ്യമായ ശരിയായ തീരുമാനങ്ങളെടുക്കാനുള്ള ഉത്തരവാദിത്തവും, ധീരതയും തങ്ങള്‍ക്കുണ്ടെന്ന് തെളിച്ച സംഭവമായിരുന്നു അത്. അതോടൊപ്പം തന്നെ അന്താരാഷ്ട്ര നിയമങ്ങളെ മുറുകെപിടിക്കുകയും ചെയ്തു ഞങ്ങള്‍. ഇന്ന് നാം കൂടിയിട്ടുള്ള ഈ സഭയുടെ പിന്തുണയും, സ്വാഗതവും അതിന് ലഭിക്കുകയുണ്ടായി.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടായ ഭീഷണികളുടെയും താക്കീതുകളുടെയും നിര്‍ത്താതെയുള്ള പ്രളയം ഞാനും നിങ്ങളും കണ്ടതും കേട്ടതുമാണ്. ഐക്യരാഷ്ട്രസഭയില്‍ നിരീക്ഷക രാഷ്ട്രമെന്ന സ്ഥാനം ലഭിക്കുന്നതിനായി ഞങ്ങള്‍ നടത്തിയ രാഷ്ട്രീയവും, നയതന്ത്രവും, സമാധാനപരവുമായ നീക്കങ്ങള്‍ക്കുള്ള മറുപടിയായിരുന്നു അത്. പ്രസ്തുത താക്കീതുകളുടെ പ്രായോഗിക രൂപം എങ്ങനെയായിരുന്നുവെന്നത് ഭയാനകവും വന്യവുമായ വിധത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ നിങ്ങള്‍ ഗസ്സയില്‍ ദര്‍ശിക്കുകയുണ്ടായി.

സമാധാനം പുലരണമെന്ന ആത്മാര്‍ത്ഥമായ അഭിലാഷത്തോട് കൂടി ഒരക്ഷരം ഉരിയാടിയ ഒരു ഇസ്രായേലി നേതാവിനെയും നാം കണ്ടില്ല. നേരെമറിച്ച്, വംശഹത്യക്കും, കുടിയേറ്റത്തിനും, സൈനികാക്രമണത്തിനും, ഉപരോധത്തിനുമാണ് അവര്‍ ഞങ്ങളെ വിധേയമാക്കിയത്.

ഇത്തരത്തിലുള്ള തോന്നിവാസത്തിനും, യുദ്ധക്കുറ്റകൃത്യത്തിനും ഇസ്രായേലിനെ പ്രേരിപ്പിക്കുന്നത് തങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കതീതമാണെന്ന ഹുങ്ക് മാത്രമാണ്. വിചാരണക്കോ, ചോദ്യം ചെയ്യലിനോ തങ്ങള്‍ വിധേയമാവുകയില്ലെന്ന ധാര്‍ഷ്ട്യവും അവര്‍ക്കുണ്ട്. മാത്രമല്ല, അവരുടെ തോന്നിവാസങ്ങളെ നിര്‍ത്താനോ, അപലപിക്കാനോ മുന്നിട്ടിറങ്ങാതെ, ആരാച്ചാരെയും ഇരകളെയും ഒരേ നുകത്തില്‍ ചേര്‍ത്ത് കെട്ടിയ ചിലരുടെ സമീപനങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു. ലോകം വളരെ വ്യക്തമായ ഭാഷയില്‍ ഇസ്രായേല്‍ അഴിഞ്ഞാട്ടങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സമയമായിരിക്കുന്നു.അതിനാലാണ് ഇന്ന് ഞങ്ങളിവിടെ വന്നത്.

 

നിലവിലുള്ള ഇസ്രായേലെന്ന രാഷ്ട്രത്തിന്റെ നിയമപരത എടുത്ത് കളയാന്‍ വേണ്ടിയല്ല ഞങ്ങളിവിടെ വന്നിരിക്കുന്നത്. മറിച്ച്, വളരെപെട്ടന്ന് തന്നെ സ്ഥാപിക്കപ്പെടേണ്ട ഫലസ്തീനെന്ന രാഷ്ട്രത്തിന്റെ നിയമപരതയെ ഉറപ്പിക്കാന്‍ വേണ്ടിയാണ്. ഇസ്രായേല്‍ ആരോപിച്ചത് പോലെ സമാധാനശ്രമങ്ങളിലേക്ക് കൂടുതല്‍ സങ്കീര്‍ണതകള്‍ ചേര്‍ക്കാനല്ല, സമാധാനം സാക്ഷാല്‍ക്കരിക്കാനുള്ള അവസാന അവസരം സൃഷ്ടിക്കാനാണ് ഞങ്ങളിവിടെ വന്നത്. പ്രയോജനമില്ലാതെ പോയതും, വിശ്വാസ്യത നഷ്ടപ്പെട്ടതുമായ അവശേഷിക്കുന്ന കരാറുകളില്‍ കെട്ടിമറിയാനല്ല, അന്താരാഷ്ട്ര നിയമങ്ങള്‍ അടിസ്ഥാനമാക്കി അവയുടെ സാധ്യതകളില്‍ പുതിയ ചൈതന്യം പ്രസരിപ്പിക്കാനും, സുഭദ്രമായ അടിത്തറകള്‍ സമര്‍പ്പിക്കാനുമാണ്.

പി എല്‍ ഒയെ പ്രതിനിധീകരിച്ച് കൊണ്ട് ഞാന്‍ പറയട്ടെ, നീതിയുടെ സമാധാനത്തിന്റെയും മാര്‍ഗത്തില്‍ തളരാതെ, മടുപ്പനുഭവപ്പെടാതെ, നിശ്ചയദാര്‍ഢ്യത്തോടെ ഞങ്ങള്‍ മുന്നോട്ട് ഗമിക്കുക തന്നെ ചെയ്യും.

പക്ഷെ, എല്ലാറ്റിനും മുമ്പ്, എല്ലാറ്റിനും ശേഷം എനിക്ക് പറയാനുള്ളത് ഐക്യരാഷ്ട്ര സഭയുടെ ഉപസമിതികള്‍ അംഗീകരിച്ച ഫലസ്തീന്‍ ജനതയുടെ സ്ഥാപിത അവകാശങ്ങളില്‍ നിന്നും ഒരിഞ്ച് പിന്നോട്ടടിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല എന്നതാണ്. അധിനിവേശത്തിനും, കടന്ന്കയറ്റത്തിനും മുന്നില്‍ പ്രതിരോധക്കോട്ട തീര്‍ത്ത്, അവകാശങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ജനകീയവും, സമാധാനപരവുമായ പോരാട്ടം തുടര്‍ന്ന് കൊണ്ടേയിരിക്കും. ചിദ്രതയവസാനിപ്പിച്ച്, തകര്‍ന്ന് വീണ കെട്ടിടങ്ങള്‍ പുനര്‍നിര്‍മിച്ച്, ഒരൊറ്റ ജനതയായി രാഷ്ട്രത്തിന് വേണ്ടി ചെറുത്ത് നില്‍പ് നടത്തുക തന്നെ ചെയ്യും. ഇസ്രായേല്‍ രാഷ്ട്രത്തിന്റെ തൊട്ടടുത്ത് തന്നെ, 1967-മുതല്‍ അവര്‍ അധിനിവേശം ചെയ്ത എല്ലാ പ്രദേശങ്ങളെയും ചേര്‍ത്ത്, ഖുദ്‌സിനെ തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം നിലവില്‍ വന്ന്, അവിടെ സമാധാനത്തോടും, നിര്‍ഭയത്വത്തോടും ജീവിക്കുകയെന്ന സ്വപ്‌നത്തിന് മുന്നില്‍ ഞങ്ങള്‍ മറ്റൊന്നും സ്വീകരിക്കുകയില്ല.

കൂടാതെ ഞങ്ങളിവിടെ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്ന കാര്യം ഇതാണ്. അവസരങ്ങള്‍ കുറയുകയും, സമയം വേഗത്തില്‍ തീര്‍ന്ന് കൊണ്ടിരിക്കുകയുമാണ്. ക്ഷമയുടെ പാശം ദുര്‍ബലപ്പെടുകയും, പ്രതീക്ഷകള്‍ വാടുകയുമാണ്. ഇസ്രായേല്‍ ബോംബുകള്‍ ജീവനപഹരിച്ച 168 നിരപരാധികളില്‍ ഭൂരിപക്ഷവും സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുമാണ്. ഒരു കുടുംബത്തില്‍ നിന്ന് പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഇത് നിശ്ചയമായും ലോകത്തിനുള്ള വേദനാജനകമായ, മുറിവേറ്റ ഓര്‍മപ്പെടുത്തലാണ്. ഇസ്രായേലിന്റെ ഭാഗത്ത് നിന്നുള്ള വംശീയ അധിനിവേശം ഇരുരാഷ്ട്രങ്ങള്‍ക്കിടയിലെ സമാധാനശ്രമങ്ങളെ അങ്ങേയറ്റം ദുഷ്‌കരമാക്കുകയാണ് ചെയ്യുന്നതെന്ന് ഇത് ലോകത്തെ വിളിച്ചറിയിക്കുന്നു.അതിനാലാണ് ഇന്ന് ഞങ്ങളിവിടെ വന്നത്

 

ഇന്ന് ഞങ്ങളെ പിന്തുണക്കുന്ന ഓരോ വോട്ടും ധീരതയുടെയും തന്റേടത്തിന്റെയും പ്രതീകമാണ്. ഫലസ്തീനെ ഐക്യരാഷ്ട്രസഭയില്‍ നീരീക്ഷണ പദവിയുള്ള രാഷ്ട്രമായി അംഗീകരിക്കുന്നതിനെ പിന്തുണക്കുന്ന ഓരോ രാഷ്ട്രവും സ്വാതന്ത്ര്യത്തെയും, അന്താരാഷ്ട്രനിയമത്തെയും, സമാധാനത്തെയുമാണ് പിന്തുണക്കുന്നത്.

നിങ്ങളുടെ പിന്തുണ ഫലസ്തീനിലും, ലോകത്തിന്റെ പലഭാഗങ്ങളില്‍ അഭയാര്‍ത്ഥിക്യാമ്പുകളിലും, സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഇസ്രായേല്‍ ജയിലുകളിലും ജീവിക്കുന്ന ലക്ഷക്കണക്കിന് ഫലസ്തീനികള്‍ക്കുള്ള സന്തോഷവാര്‍ത്തയാണ്. നീതി സാധ്യമാണ്, പ്രതീക്ഷ നിറവേറ്റപ്പെടുന്നതാണ്, ലോകജനത അധിനിവേശം തുടരാന്‍ അനുവദിക്കില്ല തുടങ്ങിയ സന്ദേശങ്ങളാണ് നിങ്ങളവര്‍ക്ക് പിന്തുണയിലൂടെ നല്‍കുന്നത്.

ഞങ്ങളുടെ പോരാട്ടത്തിനുള്ള നിങ്ങളുടെ പിന്തുണ ഉപരോധിക്കപ്പെടുന്ന ഞങ്ങളുടെ ജനതക്കുള്ള സഹായഹസ്തമാണ്. ഞങ്ങള്‍ ഒറ്റക്കല്ല, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഒരിക്കലും പാഴായിപ്പോവുകയില്ല എന്ന് വിശ്വസിക്കാന്‍ ഇത് ഫലസ്തീനികളെ സഹായിച്ചേക്കും.

അറുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലുള്ളൊരു ദിനത്തിലാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഫലസ്തീനെ വിഭജിക്കുന്നതായി പ്രഖ്യാപിച്ചത്. ഇസ്രായേല്‍ രാഷ്ട്രത്തിന്റെ ജനന സര്‍ട്ടിഫിക്കറ്റായിരുന്നു അത്.

അറുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, ഐക്യരാഷ്ട്രസഭ ഫലസ്തീന്‍ ഐക്യദാര്‍ഢ്യദിനമായി അംഗീകരിച്ച ഇന്ന് ഫലസ്തീനികളോടുള്ള തങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം നിറവേറ്റാന്‍ പൊതുസഭ തയ്യാറാകുമെന്ന് കരുതുന്നു. ഇതുവരെ പൂര്‍ത്തീകരിക്കപ്പെടാത്ത ചരിത്രപരമായ അവകാശമാണിത്. ഫലസ്തീന്‍ രാഷ്ട്രത്തിന്റെ ജനനസര്‍ട്ടിഫിക്കറ്റ് ഇന്ന് ഐക്യരാഷ്ട്രസഭ നല്‍കുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. അതിനാലാണ് ഇന്ന് ഞങ്ങള്‍ ഇവിടെ വന്നത്.’
(ഐക്യരാഷ്ട്രസഭയില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നടത്തിയ ചരിത്രപ്രസിദ്ധമായ പ്രഭാഷണം)

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 

 

Related Articles