Current Date

Search
Close this search box.
Search
Close this search box.

ജി.സി.സിയിലെ നയതന്ത്ര പ്രതിസന്ധി

രൂപംകൊണ്ട് 30 വര്‍ഷം പിന്നിടുന്ന ജിസിസിയുടെ ചരിത്രത്തില്‍ ആദ്യമായി, 2014 മാര്‍ച്ച് അഞ്ചിന്, സൗദി അറേബ്യയും, യു.എ.ഇയും ബഹ്‌റൈനും ഖത്തറില്‍ നിന്നും തങ്ങളുടെ അംബസാഡറുമാരെ പിന്‍വലിച്ചു. തങ്ങളുടെ സുരക്ഷയെയും കെട്ടുറപ്പിനെയും പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന മട്ടില്‍ ഇതര രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ദോഹ നടത്തുന്ന ഇടപെടലുകളെ തങ്ങളുടെ നടപടിയെന്ന് ജി.സി.സി രാജ്യങ്ങള്‍ തങ്ങളുടെ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഈജിപ്തില്‍ പ്രത്യേകിച്ചും, അറബ് ലോകത്തും പൊതുവിലും, രൂപം കൊണ്ട സാഹചര്യങ്ങളുടെ പശ്ചാതലത്തില്‍ വേണം ഇപ്പോള്‍ ഉടലെടുത്ത പ്രതിസന്ധിയെ കാണേണ്ടത്. ഈജിപ്തിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തില്‍ നീതിപൂര്‍വകമായി നടന്ന തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് അധികാരത്തിലേറിയ മുസ് ലിം ബ്രദര്‍ഹുഡ് സര്‍ക്കാരിനെ ഫീല്‍ഡ് മാര്‍ഷല്‍ അബ്ദുല്‍ ഫത്താഹ് സീസിയുടെ നേതൃത്വത്തിലുള്ള സൈന്യം അട്ടിമറിക്കുകയായിരുന്നു.

സവിശേഷമായി ഈജിപ്തിലും, പശ്ചിമേഷ്യയില്‍ പൊതുവിലുമുണ്ടായ സജീവമായ രാഷ്ട്രീയാവസ്ഥകളെ തുറന്നംഗീകരിക്കുന്ന ഖത്തറിന്റെ നിലപാടിനെ ചെറുക്കാനാണ് ഗള്‍ഫ് രാജ്യങ്ങളുടെ നീക്കങ്ങള്‍ സൂചിപ്പിക്കുന്നു. കൂടാതെ, അറബ് വസന്താനന്തരമുണ്ടായ രാഷ്ട്രീയ പ്രതിഫലനങ്ങളെ ഇല്ലാതാക്കാന്‍ സൗദിയും യുഎഇയും കാര്യമായി തന്നെ ശ്രമിക്കുന്നുണ്ട്.

നയതന്ത്ര കൊമ്പുക്കോര്‍ക്കലുകളും മേഖലയിലെ വ്യതിയാനങ്ങളും
സൗദിയും യുഎഇയും ഖത്തറിനോട് പ്രകടിപ്പിക്കുന്ന എതിര്‍പ്പിനെ സ്വാധീനബലതന്ത്രങ്ങളുടെ കാഴ്ചപാടിലൂടെ വേണം കാണാന്‍. ഈജിപ്തിലുണ്ടായ സൈനിക അട്ടിമറിയെ അനുകൂലിച്ച് സൗദിയും യുഎഇയും ഒരു വശത്തും ഖത്തറും തുര്‍ക്കിയും മറുവശത്തുമായി നിലകൊണ്ടു. സൈനിക നടപടിയെ തുടര്‍ന്ന് അന്താരാഷ്ട്ര രാഷ്ട്രീയരംഗം രണ്ടു ചേരിയിലായി. സീസിയെ എതിര്‍ത്തും അനുകൂലിച്ചും ആളുകള്‍ വന്നു. നീതിയുക്തമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ പുറത്താക്കുന്നതിനെ വിമര്‍ശിച്ചും അന്താരാഷ്ട്ര രാഷ്ട്രീയരംഗം ചോദ്യം ചെയ്തു.

ഈജിപ്തിലെ രാഷ്ട്രീയമാറ്റങ്ങളെ വീക്ഷിച്ച ചില രാജ്യങ്ങള്‍ മാറിയ രാഷ്ട്രീയകാലാവസ്ഥ തങ്ങളുടെ നാടുകളിലേക്കും കടക്കുമോയെന്ന് ഭയന്നു. മേഖലയുടെ രാഷ്ട്രീയ കാലാവസ്ഥ ഏതുതരം മാറ്റത്തെയും ഭയത്തോടെ കണ്ട സൗദി അറേബ്യ അതുകൊണ്ടു തന്നെ സീസി അധികാരത്തിലേറിയപ്പോള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ തുടര്‍ന്നും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പിനാല്‍ ആശ്വാസംകൊണ്ടു.

മുസ്‌ലിം ബ്രദര്‍ഹുഡിനെ ഭീകരപ്രസ്ഥാനമായി പ്രഖ്യാപിക്കല്‍, ഹമാസിന്റെ ഈജിപ്തിലെ ഇടപെടലുകളെ തടയല്‍, ഖത്തര്‍ ആക്ടിവിസ്റ്റ് മഹ്മൂദ് അല്‍ ജിദ്ദയെ ഏഴു വര്‍ഷമായി തടവിലിട്ടിരിക്കുന്ന യുഎഇയുടെ നടപടി എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ നാളുകളായി ഈ രാജ്യങ്ങള്‍ തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന വാദപ്രതിവാദങ്ങളുടെ തുടര്‍ച്ച മാത്രമാണ് അംബാസഡര്‍മാരെ പിന്‍വലിച്ച നടപടി.

രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്ന സൗദിയിലെ പുരോഗമനചിന്താഗതിക്കാരായ സലഫികളുമായി നിരന്തരബന്ധം പുലര്‍ത്തിപോരുന്നവരാണ് മുസ്‌ലിം ബ്രദര്‍ഹുഡ്. മുര്‍സിയുടെ നേതൃത്വത്തില്‍ ഈജിപ്തിലും, അന്നഹ്ദ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ തുനീഷ്യയിലും, എകെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തുര്‍ക്കിയിലുമുണ്ടായ രാഷ്ട്രീയമുന്നേറ്റങ്ങളില്‍ ബ്രദര്‍ഹുഡിന് നിര്‍ണായക സ്വാധീനമുണ്ടായിരുന്നു. സൗദി ഭരണകൂടം പ്രചരിപ്പിക്കുന്ന സലഫിസത്തോട് വിയോജിക്കുന്ന കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്ന ബ്രദര്‍ഹുഡിനെ സൗദി അങ്ങേയറ്റം ഭയത്തോടെയാണ് കാണുന്നത്. ഇതെല്ലാമാണ് രാജ്യാതിര്‍ത്തികള്‍ക്കപ്പുറമുള്ള ഇടപെടലുകളിലൂടെ ഖത്തര്‍ നേടിക്കൊണ്ടിരിക്കുന്ന വളര്‍ച്ചയെയും സ്വാധീനങ്ങളെയും തടയാന്‍ റിയാദിനെയും അബുദാബിയെയും പ്രേരിപ്പിക്കുന്നത്. പ്രക്ഷോഭങ്ങളെ തുടര്‍ന്ന് അനുദിനം ക്ഷയിച്ചുകൊണ്ടിരിക്കുന്ന സിറിയയുടെയും, ഈജിപ്തിന്റെയും അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് ഇറാഖിന്റെയും പതനങ്ങള്‍ക്കു ശേഷം മേഖലയിലെ സുപ്രധാനശക്തിയായി വളരാനുള്ള നീക്കത്തിലാണ് സൗദി.

സര്‍വ്വാധിപത്യ മോഹങ്ങള്‍ മാറുന്ന സാഹചര്യങ്ങളില്‍
സംയുക്ത പ്രസ്താവനയില്‍ നിന്നുള്ള ഈ ഭാഗത്തില്‍ ദോഹയെ കുറ്റപ്പെടുത്തുന്നു: ‘ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ പ്രത്യക്ഷമായും പരോക്ഷമായുമുള്ള ഇടപെടലിനെ തടയണമെന്നും, ജിസിസി രാജ്യങ്ങളുടെ സുരക്ഷക്കും കെട്ടുറപ്പിനും ഭീഷണിയായി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടനകളെയൊ കക്ഷികളെയൊ രാഷ്ട്രീയ സ്വാധീനമുപയോഗിച്ചൊ ശത്രുപക്ഷത്തുള്ള മാധ്യമങ്ങളെ പ്രോത്സാഹിപ്പിച്ചൊ പിന്തുണക്കരുതെന്നുമുള്ള നയങ്ങളോടുള്ള (ദോഹയുടെ) പ്രതിബദ്ധതയില്ലായ്മ’

അല്‍ ജസീറ ചാനലും ദോഹയിലുള്ള ഗവേഷണ സ്ഥാപനങ്ങളും അടച്ചുപൂട്ടുക, തങ്ങള്‍ അന്വേഷിക്കുന്ന ആക്ടിവിസ്റ്റുകളെ കൈമാറുക എന്നിവയാണ് സൗദി ഖത്തര്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടതെന്ന് ചോര്‍ന്നുകിട്ടിയ വിവരങ്ങളിന്മേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ ജസീറ അടച്ചുപൂട്ടണമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നില്ല. എന്നാല്‍ ശത്രുപക്ഷത്തുള്ള മാധ്യമങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈജിപ്തില്‍ സീസിയുടെ നേതൃത്വത്തില്‍ നടന്ന പട്ടാളഅട്ടിമറിക്കു ശേഷവും സമഗ്രമായ റിപ്പോര്‍ട്ടിങ് തുടരുന്ന അല്‍ജസീറയെ തന്നെയാണ്. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കെതിരെ നിലനില്‍ക്കുന്നവരെന്ന് ചില രാജ്യങ്ങള്‍ ആരോപിക്കുന്ന മുസ് ലിം ബ്രദര്‍ഹുഡ് ഉള്‍പ്പെടെ, ഈജിപ്ത് വിഷയത്തില്‍ പങ്കാളികളായ എല്ലാ കക്ഷികളുടെയും അഭിപ്രായങ്ങള്‍ പുറംലോകത്തെത്തിക്കുന്നതിന് അല്‍ജസീറ ചാനല്‍ തയ്യാറായിരുന്നു.

ഖത്തറിലുള്ള ആക്ടവിസ്റ്റുകളെ കൈമാറണമെന്ന ആവശ്യം സൗദിയും യുഎഇയും ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് രാജ്യങ്ങളുടെ പരമാധികാരത്തെ സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. എന്തുതന്നെയായാലും, അറബ് ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങളെ പിന്തുണക്കുന്ന ഖത്തര്‍ നിലപാടിനെ തിരുത്താന്‍ അംബാസഡര്‍മാരെ പിന്‍വലിച്ചുകൊണ്ടുള്ള സമ്മര്‍ദ്ദനടപടികള്‍ക്ക് കഴിഞ്ഞിട്ടില്ല.

സൗദിയും ഇതര ഭരണകൂടങ്ങളും യഥാര്‍ഥത്തില്‍ ഖത്തറിനോട് കെറുവിക്കുന്നത് പുറമേക്ക് വിദേശനയത്തിന്റെ പേരിലാണെങ്കിലും യഥാര്‍ഥത്തില്‍ അത് ഖത്തറിലെ ഭരണമാറ്റത്തിനെതിരാണ്. 2013 ജൂണ്‍ 25ന് ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ സാനിയില്‍ നിന്നും അധികാരം കൈയ്യാളിക്കൊണ്ട് മകന്‍ ശൈഖ് തമീം നടത്തിയ സംസാരത്തില്‍ തന്റെ പിതാവിന്റെ പാത പിന്തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നിങ്ങോളം അടിച്ചമര്‍ത്തപ്പെടുന്നവരുടെ പ്രതീക്ഷയായി ഖത്തര്‍ നിലനില്‍ക്കുന്നു. ഇത് മറ്റുഭരണകൂടങ്ങളില്‍ നിന്നുമുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. എന്നാല്‍ സമ്മര്‍ദ്ദം ചെലുത്തിയവര്‍ തങ്ങളുടെ അംബാസഡര്‍മാരെ പിന്‍വലിച്ചതല്ലാതെ മറ്റൊന്നും ഇതുകൊണ്ടു സംഭവിച്ചിട്ടില്ല. ഖത്തറിന്റെ പ്രതികരണം തികച്ചും ശാന്തമായിരുന്നു. തങ്ങളുടെ രാജ്യത്തുനിന്നും പിന്തുണ പിന്‍വലിച്ച രാഷ്ട്രങ്ങളില്‍ നിന്നും ഖത്തര്‍ തങ്ങളുടെ അംബാസഡര്‍മാരെ പിന്‍വലിച്ചില്ല. പകരം, ജിസിസിയുടെ ആഭ്യന്തര വിഷയങ്ങള്‍ക്കപ്പുറം മേഖലയിലെ രാഷ്ട്രീയസംഭവവികാസങ്ങളിന്മേലുള്ള തങ്ങളുടെ നിലപാടിനോടുള്ള വിയോജിപ്പാണ് സഹോദരരാജ്യങ്ങളുടെ പ്രതികരണങ്ങള്‍ക്ക് കാരണമെന്ന് ആവര്‍ത്തിച്ചുറപ്പിക്കുക മാത്രമാണ് ഖത്തര്‍ ചെയ്തത്.

ജിസിസി അംഗരാഷ്ട്രങ്ങളുടെ ആത്മവിശ്വാസത്തെ ഉലക്കുന്ന ഈ പ്രതിസന്ധി ജിസിസി സംവിധാനത്തെ സാരമായി തന്നെ ബാധിച്ചേക്കാം. ജിസിസി രൂപീകൃതമായതു തൊട്ട് ഗള്‍ഫ് മേഖലയില്‍ തങ്ങളുടെ ആധിപത്യമുറപ്പിക്കാന്‍ സൗദി ശ്രമിക്കുന്നുണ്ട്. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ മേഖലയിലെ ചില രാഷ്ട്രീയവ്യവഹാരങ്ങളെ തുടര്‍ന്ന് അധികാരസന്തുലനത്തിലും ജിസിസി സംവിധാനത്തിന്റെ ആശയപരമായ അടിസ്ഥാനങ്ങളിലും ചാഞ്ചാട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. വല്ല്യേട്ടന്‍ മനോഭാവത്തോടെ തങ്ങളെ നയങ്ങള്‍ ചൊല്ലി പഠിപ്പിക്കുന്ന സൗദിയെ തള്ളിപ്പറയാന്‍ ഈ മാറ്റങ്ങള്‍ ചെറുരാഷ്ട്രങ്ങള്‍ക്ക് പ്രേരകമായിട്ടുണ്ട്. അതുകൊണ്ടാണ്, കുവൈത്തും ഒമാനും, റിയാദും, അബുദബിയും, ബഹറൈനും ചെയ്തതു പോലെ ഖത്തറില്‍ നിന്നും തങ്ങളുടെ അംബാസഡറുമാരെ പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്നത്. ഇരു രാജ്യങ്ങളുടെയും നിലപാട് വെളിവാക്കുന്നത്, ജിസിസി അംഗരാഷ്ട്രങ്ങള്‍ക്കിടയിലുണ്ടായിട്ടുള്ള അഭിപ്രായവ്യത്യാസവും, ഇത്തരം വിഷയങ്ങളില്‍ അവര്‍ക്ക് ഏകീകൃത നിലപാട് സ്വീകരിക്കുന്നതിലുള്ള കഴിവില്ലായ്മയുമാണ്.

ഇതോടൊപ്പം, ജിസിസിയെ കൗണ്‍സില്‍ എന്നതില്‍ നിന്നും രാഷ്ട്രങ്ങളുടെ കൂട്ടായ്മയായി പരിവര്‍ത്തിപ്പിക്കാനുള്ള സൗദിയുടെ പ്രമേയത്തെ ഒമാന്‍ അപ്പാടെ തള്ളിപ്പറഞ്ഞതും കാര്യങ്ങളെ സങ്കീര്‍ണമാക്കിയിട്ടുണ്ട്. അത്തരം ഒരു നിലപാട് ഉപദ്വീപിലെ തങ്ങളുടെ അപ്രമാദിത്ത മോഹങ്ങള്‍ക്കാണ് തിരിച്ചടിയാവുക. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പ്രതിസന്ധി ഖത്തറിന്റെ ഒറ്റപ്പെടലിനല്ല വഴിവെക്കുക. പകരം, ഖത്തറും ഇതര ജിസിസി കക്ഷികളും ചേര്‍ന്നുള്ള സൗഹൃദപുനസ്ഥാപനത്തിനാണ് വഴിവെക്കുക.

സൗദ് കുടുംബത്തിനകത്തുള്ള അധികാരതര്‍ക്കങ്ങള്‍ മറച്ചുവെക്കാനുദ്ദേശിച്ചാണ് നയതന്ത്ര തര്‍ക്കങ്ങള്‍ക്ക് സൗദി തുടക്കമിട്ടതെന്നുള്ള നിഗമനങ്ങളും കേള്‍ക്കുന്നുണ്ട്. സൗദി രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍സഊദിന്റെ ആരോഗ്യം മോശമായി വരുന്നതിനാല്‍, ആ സ്ഥാനത്തേക്ക് ആരോഗ്യകാരണങ്ങളാല്‍ രാജകുമാരന്‍ സല്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിനെയാണ് പരിഗണിച്ചുവന്നിരുന്നത്. എന്നാല്‍ ആരോഗ്യകാരണങ്ങളാല്‍ തന്നെ അദ്ദേഹവും ഒഴിവാക്കപ്പെടാനാണ് സാധ്യത. അങ്ങനെവന്നാല്‍, നേതൃസ്ഥാനത്തെ സംബന്ധിച്ച് തര്‍ക്കം ഉടലെടുക്കുമെന്നാണ് കരുതപ്പെടുന്നത്. സൗദി രാജകുടുംബത്തിനകത്തു തന്നെ, ആഭ്യന്തര മന്ത്രാലയത്തിലും നാഷണല്‍ ഗാര്‍ഡിലും ദൃഢസ്വാധീനമുള്ള ഒരുവിഭാഗം അപ്രമാദിത്വം നേടിയിട്ടുണ്ട്. ഈ സവിശേഷമായ സന്ദര്‍ഭത്തില്‍ അറബ് ലോകത്തെ ജനാധിപത്യമാറ്റങ്ങളെ പിന്തുണക്കുന്ന ഖത്തറുമായി നയതന്ത്ര തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് സൗദിയുടെ ഭാവിരാജാവിനെ സംബന്ധിച്ച അഭിപ്രായങ്ങളെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്നാണ് കരുതുന്നത്.

പ്രതീക്ഷിക്കപ്പെടുന്ന ഫലങ്ങള്‍
* ജിസിസിയുടെ ഭാവിയെ ഈ പ്രതിസന്ധി ഗുരുതരമായി ബാധിച്ചേക്കാം. മിക്ക ജിസിസി അംഗരാജ്യങ്ങളും തങ്ങളുടെ സഹോദരന്മാരായി കരുതപ്പെടുന്ന ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ നടപടിയായാണ് അംബാസഡര്‍മാരെ പിന്‍വലിച്ച നടപടിയെ നോക്കിക്കാണുന്നത്. ഈജിപ്തിലും, തുനീഷ്യയിലും, ലിബിയയിലും, സിറിയയിലും, യെമനിലും ജനങ്ങള്‍ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യത്തെ പിന്തുണക്കുന്ന ഖത്തര്‍ നടപടിയെ അറബ് പൊതുവികാരവും പിന്താങ്ങുന്നുണ്ട്.

* ഗള്‍ഫ് യൂണിയനുള്ള സൗദിയുടെ നിര്‍ദ്ദേശം തള്ളിയ ഒമാന്റെ നടപടി ഇപ്പോള്‍ തന്നെ ജിസിസിയില്‍ അസ്ഥിരതയുണ്ടാക്കിയിട്ടുണ്ട്. ഈ വിഷമഘട്ടത്തില്‍ ഏതെങ്കിലുമൊരു രാജ്യത്തിന്റെ പിന്തുണ ഇല്ലാതാകുന്നത്, കൂടുതല്‍ ക്ഷീണവും ഭിന്നിപ്പും സൃഷ്ടിക്കും.

* അറബ് ലോകത്തെ ജനാധിപത്യ പ്രക്രിയകളെ ത്വരിതപ്പെടുത്താനുള്ള ശ്രമങ്ങളെ ജിസിസിക്കകത്തുള്ള ധ്രുവീകരണം ഗുരുതരമായ രീതിയില്‍ ബാധിച്ചേക്കും.

* മാര്‍ച്ചില്‍ ഒബാമ റിയാദ് സന്ദര്‍ശിച്ചപ്പോഴും അല്ലാതെയും അമേരിക്ക തങ്ങളുടെ നിലപാട് ആര്‍ക്കൊപ്പമാണെന്നിതുവരെ വ്യക്തമാക്കിയിട്ടില്ല.

* രാഷ്ട്രീയ ഇസ് ലാമുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഖത്തര്‍ അതിന്റെ നേതൃസ്വഭാവം തുടരും. അറബ് വസന്തത്തിന് നേതൃത്വം നല്‍കുന്ന പ്രസ്ഥാനങ്ങളുമായി ഖത്തറിനുള്ള ഊഷ്മള ബന്ധങ്ങള്‍ തന്നെ അതിനു കാരണം.

* ഖത്തറിനെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനുള്ള സൗദിയുടെ ശ്രമങ്ങളുടെ കാരണം, തങ്ങളുടെ അയല്‍രാജ്യമായ ഇറാനെതിരെ യോജിച്ച മുന്നണിയുണ്ടാക്കാനുള്ള അഭിലാഷമാണ്. അനാരോഗ്യകരമായ നിലയിലുള്ള സൗദി-ഇറാന്‍ ബന്ധത്തിനു പകരം, ആരോഗ്യകരമായ ബന്ധം ഇറാനുമായി കാത്തുസൂക്ഷിക്കണമെന്നാണ് ഒമാനിന്റെയും ഖത്തറിന്റെയും നിലപാട്.

* അസദ് ഭരണകൂടത്തിനെതിരായ ഖത്തറിന്റേയും സൗദിയുടെയും നിലപാട് സമാനമാണ്. സിറിയയിലെ തങ്ങളുടെ കക്ഷികള്‍ക്ക് ഇരുരാജ്യങ്ങളും സാമ്പത്തികവും സൈനികവുമായ സഹായങ്ങള്‍ തുടര്‍ന്നും നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

* ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഖത്തറും സൗദിയും തമ്മിലുള്ള ഭിന്നത ഉടലെടുത്തു കഴിഞ്ഞു. വിശേഷിച്ചും, മുസ് ലിം ബ്രദര്‍ഹുഡിനെ ഭീകരസംഘനയായി സൗദി പ്രഖ്യാപിച്ചു കഴിഞ്ഞ സന്ദര്‍ഭത്തില്‍. ഇതു ഹമാസുമായി സൗദിക്കുള്ള ബന്ധങ്ങളെയും ബാധിക്കും. എന്നാല്‍ ഖത്തറാകട്ടെ, ഗസ്സയിലും റാമല്ലയിലുമുള്ള ഹമാസ് ഉള്‍പ്പെടെ എല്ലാ കക്ഷികളുമായും ഊഷ്മളബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. ഇത് ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള അനുരഞ്ജന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥഭാഗം വഹിക്കാന്‍ ഖത്തറിന് അവസരം നല്‍കും. ഖത്തര്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഏഴില്‍ പ്രതിപാദിക്കുന്ന ഖത്തറിന്റെ വിദേശനയത്തിന്റെ മുഖ്യവിഷയം മധ്യസ്ഥശ്രമങ്ങളാണെന്ന് ഓര്‍ക്കുക.

സമാഹരണം : ഖത്തറിന്റെ പങ്കിനെ ഭീകരവത്കരിച്ചുക്കൊണ്ട് സൗദി അറേബ്യയും കൂട്ടാളികളും ഖത്തറിനെ നയതന്ത്രപരമായി കൂടുതല്‍ ഒറ്റപ്പെടുത്തിയേക്കാം. എന്നാല്‍ അത്തരം ഭീകരവത്കരണം വിജയിക്കാനുള്ള സാധ്യത നന്നേ കുറവാണ്. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന ദേശബന്ധങ്ങളും, തങ്ങളുടെ ജനങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന അഗാധബന്ധങ്ങളും തന്നെയാണ് അത്തരം ശ്രമങ്ങള്‍ വിജയിക്കാതിരിക്കാനുള്ള കാരണവും.

ഇപ്പോഴുള്ള സാഹചര്യങ്ങള്‍ കുറേകൂടി കാലത്തേക്ക് നീണ്ടുപോകാനുള്ള സാധ്യതയുമുണ്ട്. തങ്ങളുടെ വിദേശനയമോ, പ്രഖ്യാപിത നിലപാടുകളൊ ഖത്തര്‍ തിരുത്താനുള്ള സാധ്യതയില്ല. എന്നാലകട്ടെ, സൗദിയും തങ്ങളുടെ നിലപാടില്‍ നിന്ന് പുറകോട്ട് പോകാന്‍ സാധ്യതയില്ല. അങ്ങിനെ വന്നാല്‍, എല്ലാ കക്ഷികളെയും തൃപ്തിപ്പെടുത്തുന്ന ഒരു ഫോര്‍മുലയില്‍ സന്ധിചെയ്യുക മാത്രമേ മാര്‍ഗമുള്ളൂ. 2014 അറബ് ഉച്ചകോടിയുടെ അധ്യക്ഷ പദവി ഉപയോഗിച്ചു കുവൈത്ത് നടത്തിയ മധ്യസ്ഥ ശ്രമം ഓര്‍ക്കുക. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന നയപരമായ വ്യത്യാസങ്ങള്‍ മൂലം ഉടലെടുത്ത സംഘര്‍ഷങ്ങള്‍ പരസ്പരവിശ്വാസം കുറക്കാന്‍ തന്നെ കാരണമായിരിക്കുന്നു. അതിപ്പോള്‍ പ്രതിസന്ധി രൂക്ഷമാക്കുന്നു.

വിവ : മുഹമ്മദ് അനീസ്‌

Related Articles