Current Date

Search
Close this search box.
Search
Close this search box.

ജയ-പരാജയങ്ങളുടെ താക്കോല്‍ അബ്ബാസിന്റെ കൈകളിലാണ്

ഹമാസും ഫതഹും പുതുതായി ഒപ്പുവെച്ചിരിക്കുന്ന അനുരഞ്ജന കരാറിനെ ഫലസ്തീനികള്‍ അല്‍പം ജാഗ്രതയോടെയാണ് സ്വാഗതം ചെയ്തിരിക്കുന്നത്. അതിന്റെ വിജയ സാധ്യതകളെയും അത് നടപ്പാക്കുന്നതിനെയും കുറിച്ച് നിരവധി ആശങ്കകള്‍ അവരില്‍ അവശേഷിക്കുന്നു എന്നത് തന്നെയാണ് കാരണം. മുമ്പുണ്ടാക്കിയ രണ്ടു കരാറുകളുടെ പശ്ചാത്തലത്തില്‍ ആശങ്കകള്‍ ന്യായമാണ്. കെയ്‌റോയിലും ദോഹയിലും വെച്ച് ഉണ്ടാക്കിയ രണ്ട് ഉടമ്പടികളായിരുന്നു അവ. ഐക്യസര്‍ക്കാറുണ്ടാക്കുന്നതിനും ദേശീയ അനുരഞ്ജനത്തിനും അതിന് സാധിച്ചില്ലെന്ന് മാത്രമല്ല, ഉണ്ടായിരുന്ന വിയോജിപ്പുകളെയും പരസ്പര ആരോപണ പ്രത്യാരോപണങ്ങളെയും അത് ഇരട്ടിപ്പിക്കുകയും ചെയ്തു.

ഇരു വിഭാഗങ്ങളും നേരിടുന്ന പ്രതിസന്ധിയുടെയും അതില്‍ നിന്ന് രക്ഷനേടാനുള്ള ശ്രമത്തിന്റെയും ഭാഗമാണ് പുതിയ ഉടമ്പടി. ഒരു സ്വതന്ത്ര രാഷ്ട്രമാവുക എന്ന ലക്ഷ്യത്തോടെ മഹ്മൂദ് അബ്ബാസ് നടത്തിയ സമാധാന ശ്രമങ്ങള്‍ പൂര്‍ണമായി തകര്‍ന്നിരിക്കുന്നു. അതിന്റെ ലക്ഷ്യങ്ങള്‍ ഒന്നും നേടാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമെന്ന ഏറ്റവും പ്രധാന ലക്ഷ്യം പോലും സാക്ഷാല്‍കരിക്കാനായില്ല. അതേസമയം ഇസ്രയേലും ഈജിപ്തും ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധമാണ് ഹമാസിനെ ഞെരുക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും സാധിക്കാത്തത്ര സാമ്പത്തിക പ്രയാസമാണവര്‍ നേരിടുന്നത്.

നിലവിലെ രണ്ട് ഭരണകൂടങ്ങളെയും അവയുടെ അവസ്ഥയില്‍ തന്നെ നിലനിര്‍ത്തി കൊണ്ടുള്ള പരിമിതമായ ഒരു ഉടമ്പടിയാണിത്. ഗസ്സയില്‍ ഹമാസ് അതിന്റെ ഭരണവും സുരക്ഷാ സംവിധാനങ്ങളും തുടരും. അതുപോലെ റാമല്ലയിലെ ഭരണകൂടവും അതിന്റെ സമാന്തര സേനയും അവിടെയും തുടരും. അതോടൊപ്പം ചുരുങ്ങിയത് താല്‍ക്കാലിക ഘട്ടത്തിലെങ്കിലും ഇസ്രയേലുമായുള്ള സുരക്ഷാ സഹകരണവും തുടരും.

മുമ്പത്തെ കരാറുകള്‍ പോലെ അറബ് മധ്യസ്ഥത ഇല്ലാത്ത ഒരു കരാറാണിത്. ഇതിന്റെ ജയവും പരാജയവും കിടക്കുന്നത് അബ്ബാസിന്റെ മാത്രം കൈകളിലാണ്. ഹമാസ് മുമ്പ് വെച്ചിരുന്ന എല്ലാ നിബന്ധനകളിലും വിട്ടുവീഴ്ച്ചക്ക് സന്നദ്ധത കാണിച്ചിരിക്കുന്നു. ഇസ്രയേലുമായുള്ള സുരക്ഷാ സഹകരണം അവസാനിപ്പിക്കണം എന്നതാണ് അതിലെ ഏറ്റവും മുഖ്യമായ നിബന്ധനയില്‍ പോലും വിട്ടുവീഴ്ച്ച കാണിച്ചിരിക്കുന്നത് ഹമാസിന്റെ സദുദ്ദേശ്യമാണത് വ്യക്തമാക്കുന്നത്.

ഈ കരാര്‍ സമാധാന ശ്രമങ്ങളെ തകര്‍ക്കുമെന്ന് അഭിപ്രായപ്പെട്ട അമേരിക്കയായിരിക്കും അബ്ബാസ് ഭരണകൂടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ചര്‍ച്ചകള്‍ മരവിപ്പിക്കുമെന്നും ഫലസ്തീന്‍ ഭരണകൂടത്തിനെതിരെ കടുത്ത നടപടികളുടെ പരമ്പര തന്നെ സ്വീകരിക്കുമെന്ന് ഇസ്രയേലും ഭീഷണി മുഴക്കിയിരിക്കുകയാണ്.

കരാറിനോടുള്ള അമേരിക്കയുടെ എതിര്‍പ്പ് വ്യക്തമാക്കുന്നത് അവരുടെ പക്ഷപാതിത്വവും കാപട്യവുമാണ്. അവര്‍ ഉണ്ടാക്കിയെടുത്ത മുഴുവന്‍ ഉപാധികളും നിലപാടുകളും നീചമായ ഇസ്രയേല്‍ പക്ഷപാതിത്വം വ്യക്തമാക്കുന്നതാണ്. ചുരുങ്ങിയത് പതിനഞ്ച് വര്‍ഷത്തോളമായി മരണ ശയ്യയില്‍ കിടക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് എങ്ങനെയാണ് ഫലസ്തീന്‍ രാഷ്ട്രീയത്തിലെ രണ്ട് വിഭാഗങ്ങള്‍ അനുരഞ്ജനത്തിലാകുന്നത് തടസ്സം സൃഷ്ടിക്കുക?

അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭീഷണികള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും മുമ്പില്‍ അബ്ബാസിന് എത്രത്തോളം പിടിച്ചു നില്‍ക്കാനാവുമെന്ന് നമുക്കറിയില്ല. സമ്മര്‍ദങ്ങള്‍ക്ക് മുമ്പിലുള്ള അദ്ദേഹത്തിന്റെ ചെറുത്തു നില്‍പ് വളരെ ദുര്‍ബലമാണ്, അല്ലെങ്കില്‍ തീരെ ഇല്ലെന്ന് തന്നെ മുന്‍ അനുഭവങ്ങളില്‍ നിന്ന് നമുക്ക് നന്നായി അറിയാം. സമാധാന ചര്‍ച്ചയില്‍ തന്റെ മുഖം മിനുക്കുന്നതിന് അബ്ബാസ് ഈ ഉടമ്പടിയെ ഉപയോഗപ്പെടുത്തിയാലും അത്ഭുതപ്പെടാനൊന്നുമില്ല. തടവുകാരിലെ അവസാന ബാച്ചിനെ മോചിപ്പിക്കുക, ഇസ്രയേലിന്റെ കൈവശമുള്ള ഭരണകൂടത്തിന്റെ സ്വത്ത് മരവിപ്പിച്ചത് ഒഴിവാക്കുക, ഭരണകൂടത്തിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ക്ക് പരിഹാരമായി കൂടുതല്‍ ഫണ്ടുകളും സംഭാവനകളും നേടുക പോലുള്ള ചെറിയ ചെറിയ വിട്ടുവീഴ്ച്ചകള്‍ക്ക് ഇതിനെ ഉപയോഗപ്പെടുത്തിയേക്കാം.

ഫലസ്തീന്‍ പ്രസിഡന്റ് നമ്മുടെ പ്രതീക്ഷകള്‍ തെറ്റിച്ചിരുന്നെങ്കില്‍ എന്നും, നമ്മുടെയും ഭൂരിഭാഗം ഫലസ്തീനികളുടെയും ആശങ്കകള്‍ ഇല്ലാതാക്കിയിരുന്നെങ്കില്‍ എന്നും നമ്മള്‍ ആഗ്രഹിക്കുകയാണ്. ഇസ്രയേലിന്റെയും അമേരിക്കയുടെയും ഭീഷണികളെ വെല്ലുവിളിച്ച് അദ്ദേഹം ഉടമ്പടിയുമായി മുന്നോട്ട് നീങ്ങിയിരുന്നെങ്കില്‍ എന്ന് ഞങ്ങളാഗ്രഹിച്ചു പോവുകയാണ്. അതിലൂടെ ഒരു ദേശീയ ഐക്യസര്‍ക്കാറും ഗസ്സക്കും വെസ്റ്റ്ബാങ്കിനും ഇടയില്‍ ഐക്യവും ഉണ്ടായിരുന്നെങ്കില്‍..

മിസ്റ്റര്‍ അബ്ബാസ്, നിങ്ങളത് ചെയ്യണം.. ആദരവ് വീണ്ടെടുക്കാനുള്ള ചരിത്രത്തിലെ സുവര്‍ണാവസരമാണ് നിങ്ങളുടെ മുന്നിലുള്ളത്. താങ്കള്‍ മുഖ്യ സൂത്രധാരനായിരുന്ന ഓസ്‌ലോ കരാറിന്റെ തട്ടിപ്പില്‍ പെട്ട് വഴിതെറ്റിയ ഫലസ്തീന്‍ വിഷയത്തെ മാന്യമായി അതിന്റെ ശരിയായ വഴിയിലേക്ക് മടക്കാനുള്ള അവസരമാണിത്.

വിവ : അഹ്മദ് നസീഫ്‌

Related Articles