Current Date

Search
Close this search box.
Search
Close this search box.

ജനുവരി 25 : ഈജിപ്ഷ്യന്‍ വസന്തത്തിന്റെ രണ്ടാം വാര്‍ഷികം

ഈജിപ്തിന്റെ ആധിപത്യം എനിക്കാണ്, ഇതിലെ മണ്ണും വിണ്ണും ജനങ്ങളുമെല്ലാം എന്റെ കീഴിലാണ് എന്ന് പ്രഖ്യാപിച്ച് മൂന്ന് പതിറ്റാണ്ടോളം ജനതയെ അടക്കിഭരിച്ച ആധുനിക ഫറോവയായ ഹുസ്‌നി മുബാറക്കിനെ അധികാരത്തില്‍ നിന്നിറക്കിവിട്ട ജനകീയ വിപ്ലവത്തിലെ സുപ്രധാന നാഴികക്കല്ലാണ് 2011-ലെ ജനുവരി 25. പോരാട്ടഗോദയിലേക്ക് ബ്രദര്‍ഹുഡും എഫ് ജെ പിയും കൂടി രംഗത്ത് വന്നതോടെ വിപ്ലവം അതിന്റെ മൂര്‍ധന്യതയിലെത്തുകയുണ്ടായി. ഗൂഗിളിന്റെ മിഡിലീസ്റ്റ് നോര്‍ത്ത് ആഫ്രിക്കന്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ തലവനായ വാഇല്‍ ഗനീമെന്ന മുപ്പത്കാരന്‍ തന്റെ കയ്യിലെ ബ്ലാക്ക്‌ബെറി സെറ്റും ലാപ്‌ടോപ്പും ഉപയോഗിച്ച് ട്വിറ്ററിലും ഫേസ്ബുക്കിലും യുവാക്കളുടെ ആവേശമായി രംഗത്ത് വന്നതും ഈ വിപ്ലവത്തെ ത്വരിതപ്പെടുത്തുകയുണ്ടായി. ഈജിപ്തിലെ യുവസമൂഹം വാഇല്‍ ഗനീമിന്റെ ട്വീറ്റുകള്‍ക്കും പോസ്റ്റുകള്‍ക്കുമായി ട്വിറ്ററിലും ഫേസ്ബുക്കിലും കണ്ണുംനട്ടിരിക്കുകയായിരുന്നു. ജനുവരി 25-ന് വാഇല്‍ ഗനീം പുറത്ത് വിട്ട ട്വീറ്റുകള്‍ ആയിരങ്ങളെ വിപ്ലവഗോദയിലിറക്കുകയുണ്ടായി.

1) ജനുവരി 25 1.43 : ബന്ധുക്കളും ചങ്ങാതിമാരും മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെങ്കിലും ജനുവരി 25-ന്റെ പ്രക്ഷോഭത്തില്‍ ഞാനുമുണ്ടാകും. നിങ്ങള്‍ ആരെല്ലാം വരുന്നുണ്ട്?
2) ജനുവരി 25 1.57 : ഞാന്‍ അന്തിമ തീരുമാനമെടുത്തു കഴിഞ്ഞു. ജനുവരി 25-ന്റെ പ്രക്ഷോഭത്തിന് ഞാന്‍ തീര്‍ച്ചയായും വരുന്നുണ്ട്.
3) ജനുവരി 25 4.01 : ഞാന്‍ മുസ്ത്വഫാ മഹ്മൂദ് മൈതാനം വിട്ടതേയുള്ളൂ. അവര്‍ ജനങ്ങളെ പ്രക്ഷോഭത്തിന് അനുവദിക്കുമെന്നു തോന്നുന്നു. കിംവദന്തികള്‍ വിശ്വസിക്കാതിരിക്കുക.
4) ജനുവരി 25 5.14 : ‘ബദാറുല്‍ ഹിക്മ’ക്കു മുന്നില്‍ അഞ്ഞൂറിലധികം ആളുകളുണ്ട്. പോലീസ് അവരെ വളഞ്ഞിരിക്കുന്നു.
5) ജനുവരി 25 5.51 : മുഹന്ദിസീനില്‍ എത്ര പേരാ….!! ദയവു ചെയ്തു കിംവദന്തികളില്‍പെടാതെ വരൂ.
6) ജനുവരി 25 5.55: ഞങ്ങള്‍ക്കു ദാറുല്‍ ഹിക്മയില്‍ നിന്ന് പോകണം. പക്ഷേ എങ്ങോട്ട്?
7) ജനുവരി 25 6.34 : നൂറുക്കണക്കിനു പേര്‍ ഭഖസ്ര്‍ ഐനി’യിലെ പോലീസ് ഉപരോധം മറികടന്ന് തഹ്‌രീര്‍ സ്‌ക്വയറിലേക്ക് പോകാന്‍ ശ്രമിക്കുന്നു.
8) ജനുവരി 25 6.38 : പ്രക്ഷോഭങ്ങളെല്ലാം തണ്ണിമത്തന്‍ പോലെയാണ്. ഞാന്‍ മുറിച്ചു നോക്കിയത് പാകമാകാത്ത ഒന്നായിരുന്നോ?!!
9) ജനുവരി 25 7.15 : ഞങ്ങളിതാ പ്രക്ഷോഭം ആരംഭിച്ചുകഴിഞ്ഞു.
10) ജനുവരി 25 7.16 : ഞങ്ങളെ പോലീസ് മൃഗീയമായി പ്രഹരിച്ചു.
11) ജനുവരി 25 7.18 : ഞങ്ങളിപ്പോള്‍ ഒരു ഗ്യാസ് സ്‌റ്റേഷനില്‍ തടഞ്ഞുവെക്കപ്പെട്ടിരിക്കുകയാണ്.
12) ജനുവരി 25 7.19 : ഡയറക്ടര്‍ അംറ് സലാമയെ പോലീസ് ക്രൂരമായി മര്‍ദിച്ച് അറസ്റ്റു ചെയ്തു.
13) ജനുവരി 25 7.29  പോലീസ് മര്‍ദനത്തിനു ശേഷവും ഉപരോധം തകര്‍ത്ത ഞങ്ങളിപ്പോള്‍ പട്ടണമധ്യത്തിലെ തെരുവുകളിലൂടെ മാര്‍ച്ച് ചെയ്യുകയാണ്. ഞങ്ങള്‍ നൂറുക്കണക്കിനു പേരുണ്ട്.
14) ജനുവരി 25 7.39 : സുരക്ഷാപോലീസ് തീര്‍ത്തും അപ്രത്യക്ഷമാണിവിടെ. അവരെന്തോ സന്നാഹത്തിലാണെന്നു തോന്നുന്നു. കോര്‍ണിഷിനു നേരെയാണ് സഞ്ചരിക്കുന്നത്.
15) ജനുവരി 25 7.57 : പട്ടണമധ്യത്തില്‍ വെച്ച് ശൈഖ് ഖറദാവി കാറിലിരിക്കുന്നതു കണ്ടു. അദ്ദേഹത്തെ അഭിവാദ്യം ചെയ്തു.
16) ജനുവരി 25 8.00 : ഞങ്ങള്‍ തഹ്‌രീര്‍ സ്‌ക്വയറില്‍ എത്താറായി. ഭക്ഷണം, സ്വാതന്ത്ര്യം, അന്തസ്സ് ഇതാണ് ഞങ്ങളുടെ മുദ്രാവാക്യം.
17) ജനുവരി 25 8.06 : തഹ്‌രീറില്‍ ഇപ്പോള്‍ ആയിരക്കണക്കിനാളുകളുണ്ട്.
18) ജനുവരി 25 8.12 : എല്ലാവരും ഉടനെ തഹ്‌രീറിലേക്കു വരൂ. ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമുണ്ട്. പതിനായിരത്തില്‍ കുറയില്ല ഇപ്പോള്‍ ഞങ്ങള്‍. അധികം പോലീസുമില്ല.
19) ജനുവരി 25 8.17 : പതിനായിരങ്ങള്‍ ഇപ്പോള്‍ തഹ്‌രീറിലേക്കു മാര്‍ച്ച് ചെയ്യുകയാണ്. ഞങ്ങള്‍ ഇരുപതിനായിരത്തിലധികം വരും. പോലീസില്ല.
20) ജനുവരി 25 8.29 : തഹ്‌രീറിലേക്കു വരൂ……. പ്ലീസ്

പ്രക്ഷോഭം തുടങ്ങിയതുമുതല്‍ക്കേ, പാശ്ചാത്യ മീഡിയ വാഇല്‍ ഗനീമിനെ നന്നായി ഫോക്കസ് ചെയ്യുന്നുണ്ടായിരുന്നു. പ്രക്ഷോഭം കൊടുമ്പിരി കൊണ്ടപ്പോഴാവട്ടെ, വാഇലിന്റെ ട്വീറ്റുകള്‍ സി.എന്‍.എന്‍ പോലുള്ള വാര്‍ത്താചാനലുകള്‍ പോലും ഫഌഷ് ന്യൂസായി നല്‍കുന്നിടംവരെ കാര്യങ്ങളെത്തി. ഇന്റര്‍നെറ്റ് ആക്ടിവിസ്റ്റ് എന്നാണ് വാഇല്‍ ഗനീമിനെ വെബ്‌സൈറ്റുകള്‍ ഇപ്പോള്‍ പരിചയപ്പെടുത്തുന്നത്. ജനുവരി 28-ന് മുബാറക്കിന്റെ പോലീസ് ഈ ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തു ഫെബ്രുവരി 7 വരെ തടങ്കല്‍വെച്ചതില്‍ നിന്നും ഈ ചെറുപ്പക്കാരന്‍ യുവസമൂഹത്തെ പ്രക്ഷോഭ രംഗത്തേക്കിറക്കുന്നതില്‍ വഹിച്ച അസാധാരണമായ പങ്ക് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

2011 ഫെബ്രുവരി 18-ന് ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയറില്‍ അന്താരാഷ്ട്ര പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി ലക്ഷങ്ങളെ സാക്ഷി നിര്‍ത്തി നടത്തിയ ശ്രദ്ദേയമായ ഖുതുബ ഈജിപ്ത് വിപ്ലവത്തിലെ നാട്ടക്കുറിയായിരുന്നു. ‘ജനുവരി 25’ വിപ്ലവത്തിന് രക്തസാക്ഷികളെ അര്‍പ്പിച്ച തഹ്‌രീര്‍ സ്‌ക്വയറിന് ‘രക്തസാക്ഷി ചത്വരം’ എന്ന് പുനഃനാമകരണം ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനം മാറ്റം ആഗ്രഹിക്കുമ്പോള്‍ ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് വിലങ്ങുതടിയായി അറബ്ഭരണകൂടങ്ങള്‍ നിലകൊള്ളരുതെന്ന് പ്രഖ്യാപിച്ച ഖറദാവിയുടെ പ്രൗഢമായ പ്രഭാഷണം ‘ഖുതുബതുന്നസ്ര്‍’ അഥവാ വിജയത്തിന്റെ ഖുതുബ എന്ന പേരിലാണ് അറിയപ്പെടുന്നത്.

നഗരകേന്ദ്രീകൃതമായ ഒരു വിപ്ലവമായിരുന്നില്ല യഥാര്‍ഥത്തില്‍ ഈജിപ്തില്‍ നടന്നത്. ഓരോ ഗ്രാമങ്ങളിലും അതിന്റെ പ്രതിധ്വനികള്‍ പടര്‍ന്നതിനാലാണ് ഏകാധിപതിയായ മുബാറക്ക് ഭരണം വിട്ടൊഴിയാന്‍ നിര്‍ബന്ധിതനായത് എന്നു നമുക്ക് മനസ്സിലാക്കാം. ഫ്രഞ്ച് വിപ്ലവം മുതല്‍ ആധുനിക ലോകത്തെ വിമോചന പോരാട്ടങ്ങള്‍ വരെയുള്ളവ പതിനായിരങ്ങളുടെ രക്തംനല്‍കേണ്ടി വന്ന രക്തരൂക്ഷിത വിപ്ലവമായിരുന്നെങ്കില്‍ ചരിത്രത്തിലെ നിര്‍ണായകമായ രക്തരഹിത വിപ്ലവം അറബ് വസന്തത്തിലൂടെയാണ് യാഥാര്‍ഥ്യമായത്. ഭരണമേറ്റെടുത്ത സൈനിക കൗണ്‍സിലില്‍ നിന്ന് ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടത്താന്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ രാഷ്ട്രീയ മുന്നണിയായ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍്ട്ടി വളരെ സാഹസപ്പെടുകയുണ്ടായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ വ്യത്യസ്തമായ ന്യായങ്ങള്‍ നിരത്തി എഫ് ജെ പിയുടെ ശക്തനായ സാരഥി ഖൈറത്ത്് ശാത്വിറിനെ സൈനിക ഗവണ്‍മെന്റ് അയോഗ്യനാക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് നിയുക്ത ഈജിപ്തിന്റെ കരുത്തനായ പ്രസിഡന്റ് ഡോ. മുഹമ്മദ് മുര്‍സി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് വരുന്നത്. തെരഞ്ഞെടുപ്പില്‍ എഫ് ജെ പിക്ക് വിജയം നേടാന്‍ സാധിച്ചതിന് ശേഷവും ഭരണവും അധികാരവും വിട്ടൊഴിയാന്‍ വിസമ്മതിച്ച സൈനിക കൗണ്‍സിലിനെ തന്ത്രപൂര്‍വമായി പിരിച്ചുവിട്ട്് പുതിയ മേധാവിയെ മുര്‍സിക്ക് നിയമിക്കേണ്ടി വന്നു. മുബാറക്ക് അനുകൂല മാധ്യമങ്ങളുടെയും ഇടതുപക്ഷ ലിബറല്‍ പാര്‍ട്ടികളുടെയും കുല്‍സിത ശ്രമങ്ങളുടെ ഭാഗമായി ഭരണത്തെ അസ്ഥിരപ്പെടുത്താനുള്ള നിരവധി ശ്രമങ്ങള്‍ അരങ്ങേറുകയുണ്ടായി. അതിനെ ജനഹിതപരിശോധനയിലൂടെ പ്രസിഡന്റ് മുഹമ്മദ് മുര്‍സി തന്ത്രപൂര്‍വമായി മറികടക്കുകയുണ്ടായി. ഈജിപ്തിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുന്ന ഭരണഘടന നാടിന് സമര്‍പ്പിക്കാന്‍ സാധിച്ചു എന്നത് ഭരണത്തിന്റെ സുപ്രധാന നേട്ടമാണ്. ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഇതുവരെ ലോകം പടിഞ്ഞാറിന്റെ ന്യായാധിപത്യത്തെയാണ് കാത്തിരുന്നുവെങ്കില്‍ പൗരസ്ത്യദേശത്തെ ശക്തനായ സാരഥി മുഹമ്മദ് മുര്‍സിയായിരുന്നു ഇത്തവണത്തെ ശ്രദ്ധേയനായ വ്യക്തി. ലോകത്തിന്റെ ഖിബ്‌ല തന്നെ മാറുന്നു എന്നതിനുള്ള വ്യക്തമായ സൂചനയായിരുന്നു ഇത്.

മുപ്പത് വര്‍ഷത്തെ ഏകാധിപത്യഭരണം തീര്‍ത്ത അധപ്പതനത്തിന്റെ ആഴിയില്‍ നിന്നും ഈജിപ്തിനെ രക്ഷിച്ചെടുക്കുക എന്ന വലിയ വെല്ലുവിളിയാണ് പ്രസിഡന്റ് മുര്‍സിക്ക് മുമ്പിലുള്ളത്. ജനങ്ങള്‍ പെട്ടൊന്നൊരു സമഗ്രമാറ്റം പ്രതീക്ഷിക്കുന്ന ഘട്ടത്തില്‍ പ്രത്യേകിച്ചും. സാമ്പത്തികവും സാമൂഹ്യവുമായ മേഖലയിലുള്ള സമഗ്രമായ പുരോഗതിക്കാവശ്യമായ ഭരണം നടത്താനുള്ള സുസ്ഥിരത കൈവരാതെ എങ്ങനെ മാറ്റങ്ങള്‍ സാധിക്കും എന്നത് പ്രധാന ചോദ്യമാണ്. എന്നാല്‍ മാര്‍ച്ചില്‍ വരുന്ന ഇലക്ഷനില്‍ വ്യക്തമായ വിജയം നേടാനായാല്‍ സുസ്ഥിരതയോടെ ഭരണം നടത്താമെന്ന പ്രതീക്ഷയിലാണ് എഫ് ജെ പി നേതൃത്വം. എന്നാല്‍ ഇതിനകം തന്നെ ഈജിപ്തും മുഹമ്മദ് മുര്‍സിയും ലോകത്തിന്റെ ശ്രദ്ദേയമായി മാറിക്കൊണ്ടിരിക്കുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്. സി എന്‍ എന്‍ ചാനല്‍ നടത്തിയ സര്‍വേയില്‍ പശ്ചിമേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി മുഹമ്മദ് മുര്‍സിയെ തെരഞ്ഞെടുത്തപ്പോള്‍ ടൈം മാഗസിന്‍ നടത്തിയ സര്‍വേയില്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നാല് വ്യക്തിത്വങ്ങളില്‍ ഒരാളായി ഇടംപിടിക്കാന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് കഴിഞ്ഞിരിക്കുന്നു എന്നത് നമുക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു. ജനുവരി 25-ലെ രക്തസാക്ഷികളുടെ സ്വപ്‌നങ്ങള്‍ പൂവണിയുന്ന ഈജിപതിന്റെ ശോഭനമായ ഭാവിക്കായി ഈ വാര്‍ഷികത്തില്‍ നമുക്ക് പ്രാര്‍ഥിക്കാം.

Related Articles