Current Date

Search
Close this search box.
Search
Close this search box.

ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന ഗൂഢാലോചന

ഈജിപ്തില്‍ അരങ്ങേറുന്ന സൈനിക അട്ടിമറിയുടെ പശ്ചാത്തലത്തില്‍ പാശ്ചാത്യന്‍ രാഷ്ട്രങ്ങളിലെ ബ്രദര്‍ഹുഡിന്റെ ഔദ്യോഗിക വാക്താവ് ഇബ്രാഹിം മുനീര്‍ സംസാരിക്കുന്നു.

മുര്‍സിയെ പുറത്താക്കല്‍ യഥാര്‍ഥത്തില്‍ വെറും ഒരട്ടിമറി മാത്രമല്ല, മറിച്ച് ഈജിപ്തില്‍ സൈനിക ഭരണം ആരംഭിച്ച അന്നുമുതല്‍ രാജ്യത്തിനും അവിടുത്തെ ജനങ്ങള്‍ക്കുമെതിരെ നടന്ന ഗുഢാലോചനയുടെ പ്രത്യക്ഷ ഉദാഹരണം കൂടിയാണ്. ജനങ്ങള്‍ തങ്ങളുടെ ജീവന്‍ വരെ സമര്‍പ്പിച്ച്  നടത്തിയ വിപ്ലവങ്ങളും വസന്തങ്ങളും 1950 മുതല്‍ ഇവിടെ നടമാടുന്ന സൈനിക ഭരണം ഹൈജാക്ക് ചെയ്തു. സൈനിക കേന്ദ്രം മോശം നേതാക്കന്‍മാരെ തലപ്പത്ത് വക്കുകയും അവര്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ മുതലെടുത്ത് അധികാരത്തില്‍ വരുകയും ചെയ്തു. ചില സംഭവങ്ങള്‍ മുതലെടുത്ത് ജനങ്ങളുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയും മതസ്വാതന്ത്ര്യം ഇല്ലാതാക്കുകയും ചെയ്യുന്നു അവര്‍.യഥാര്‍ഥത്തില്‍ മതം വളരെ വിരളമായി മാത്രമേ സംഘം ചേര്‍ന്നിട്ടുള്ളൂ. പക്ഷെ വ്യാജ സെകുലരിസത്തിന്റെ പേരില്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ തകിടം മറിക്കുന്ന രീതിയില്‍ മുദ്രാവാക്യങ്ങളുമായി തെരുവുകള്‍ കീഴടക്കുകയും രാജ്യത്തെ ഒരു യുദ്ധക്കളമാക്കുകയും ഈജിപ്ഷ്യന്‍ ജനതയെ അസ്തിത്വപ്രതിസന്ധിയനുഭവിക്കുന്നവരുമാക്കി മാറ്റുന്നത് മത വിരുദ്ധ ശക്തികളാണ്. ഇപ്പോള്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് സീസി അധികാരത്തില്‍ വരാന്‍ ശ്രമം നടത്തുകയാണ്. യഥാര്‍ഥത്തില്‍ അയാളല്ല ഇതിന്റെ പിന്നിലെ ബുദ്ധികേന്ദ്രം. എന്നാല്‍ സീസിയും അയാളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരും മനസ്സിലാക്കേണ്ടുന്ന ഒരു കാര്യം ഈജിപ്ഷ്യന്‍ ജീവിതം ആകെ മാറിയിരിക്കുന്നു എന്നതാണ്. ഇന്ന് സൈനികമായ അത്തരം ഗൂഡാലോചനകളൊക്കെയും എളുപ്പത്തില്‍ പുറത്തു വരും. രാഷ്ട്രീയ സംവിധാനമല്ല, മറിച്ച് മുര്‍സിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും അധികാരം ഒഴിയണമെന്ന സൈന്യത്തിന്റെ പ്രഖ്യാപനം എത്രമാത്രം അര്‍ഥശൂന്യമായതും ദീര്‍ഘവീക്ഷണമില്ലാത്തതുമാണെന്ന് നോക്കൂ. യഥാര്‍ഥത്തില്‍ ഏകദേശം 40 മില്യണ്‍ ജനത ഇന്നേദിനം വരെ രാജ്യത്തിന്റെ തെരുവിലിറങ്ങിയിരിക്കുന്നു എന്നത് സൈന്യത്തിന്റെ ഇടപെടല്‍ ഈജിപ്ഷ്യന്‍ ജനത പൊറുത്തിട്ടില്ല എന്നതിനു തെളിവാണ്.

ഇപ്രാവശ്യത്തെ സൈനിക പരീക്ഷണം തികച്ചും പരാജയമാണെന്നു കാണാം. മുമ്പത്തെ സൈനിക ഓഫീസര്‍മാര്‍ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അനുവാദം ലഭിച്ചതിനാല്‍ ഏതെങ്കിലും തരത്തിലൂള്ള രാഷ്ട്രീയ അനുഭവമുണ്ടായിരുന്നെങ്കില്‍ ഇപ്പോഴുള്ളയാള്‍ തികച്ചും യോഗ്യനല്ല എന്നതാണ് വസ്തുത. ഇത് സീസിക്കൊരു മുള്‍ക്കിരീടമാണ്. എന്നിരുന്നാലും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുര്‍സിയുടെ മുന്നില്‍ താന്‍ നടത്തിയ സത്യപ്രതിജ്ഞ ലംഘിച്ച് സീസി തന്റെ അധികാരം ഉറപ്പിച്ചു. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന തീരുമാനങ്ങളാണ് അയാളില്‍ നിന്നും വന്നു കൊണ്ടിരിക്കുന്നത്. അധികാരമേറ്റ ഉടനെ എല്ലാ ഇസ്‌ലാമിക ചാനലുകളും പൂട്ടാന്‍ ആവശ്യപ്പെട്ടു. അതേ സമയം മുര്‍സി വിരുദ്ധ പ്രചാരകരായ ചാനലുകളെ അകമഴിഞ്ഞു പിന്തുണച്ചു.സുപ്രീം കോടതി തലവനെ നിലവിലില്ലാത്ത ഭരണഘടനയനുസരിച്ച് സത്യപ്രതിജ്ഞ ചെയ്യിക്കുക, അതേ രീതിയില്‍ തന്നെ തന്റെ ഓഫീസിന്‍െ പ്രവര്‍ത്തനം ആരംഭിക്കുക തുടങ്ങിയ തന്ത്രങ്ങളായിരുന്നു തന്റെ അട്ടിമറി ഉറപ്പിക്കാന്‍ സീസി ആദ്യം ചെയ്തത്. എങ്ങിനെയാണ് നിലവിലില്ലാത്ത ഒരു ഭരണഘടനയുപയോഗിച്ച് ഒരു ഉദ്യോഗസ്ഥന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കുക? അട്ടിമറിക്ക് രണ്ടു ദിവസം മുമ്പ് പ്രസിഡന്റ് മുര്‍സി നടപ്പാക്കാന്‍ പ്രഖ്യാപിച്ച അതേ റോഡ് മാപ്പ് ഈജിപ്തില്‍ നടപ്പാക്കും എന്ന പ്രഖ്യാപനമായിരുന്നു രണ്ടാമത്തേത്. മുസ്‌ലിം ബ്രദര്‍ഹുഡിനെതിരെ കെട്ടിച്ചമച്ച ആരോപണങ്ങളുന്നയിക്കുകയായിരുന്നു മൂന്നാമത് ചെയ്തത്. അതേസമയം ഈജിപ്ഷ്യന്‍ ജനതക്കും മൊത്തം അറബ് ലോകത്തിനും സുപരിചിതമാണ് ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനം. ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ കുറ്റവാളികളായി ചിത്രീകരിക്കുന്നതിലൂടെ തങ്ങള്‍ നടത്തുന്ന കൊലപാതകങ്ങളെ ന്യായീകരിക്കാന്‍ മുബാറക്കും കൂട്ടരും നടത്തിയ അതേ തന്ത്രങ്ങള്‍ വീണ്ടും ഉപയോഗിക്കുകയാണ് യഥാര്‍ഥത്തില്‍ സീസി ചെയ്യുന്നത്. അട്ടിമറിയില്‍ സഹകരിക്കാന്‍ തയ്യാറാകാതിരുന്നതിന്റെ പേരില്‍ ഈജിപ്തില്‍ ചരിത്രത്തില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലിമെന്റ് സ്പീക്കര്‍ 12 മണിക്കൂറിനുള്ളില്‍ പുറത്താക്കപ്പെടുകയെന്നത് ഭ്രാന്തമായ നടപടി മാത്രമാണ്. നാലാമതായി താല്‍ക്കാലിക പ്രസിഡന്റിനാല്‍ നിയമിതനായ ഒരാള്‍ എന്ന അര്‍ഥത്തില്‍  പുതുതായി നിയമിതനായ സുപ്രീം കോടതി ജഡ്ജിയുടെ സത്യസന്ധതയും ആര്‍ജവവും ചോദ്യം ചെയ്യപ്പെടുന്നതാണ്. ഇതിനൊക്കെപ്പുറമെ ഈജിപ്ഷ്യന്‍ ജനത ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത ശൂറാ കൗണ്‍സിലിനെ മരവിപ്പിക്കുക എന്നത് ഒരു ഭരണഘടനാ പ്രശ്‌നമാണ്. സ്വാഭാവികമായും തീര്‍ച്ചയായും ഇപ്പോള്‍ നടക്കുന്നതിനെ നാം അട്ടിമറി എന്നല്ലാതെ എന്താണ് വിളിക്കുക?

വിവ : അത്തീഖുറഹ്മാന്‍

Related Articles