Current Date

Search
Close this search box.
Search
Close this search box.

ജനാധിപത്യത്തിനെതിരെ വിപ്ലവം നടത്തുന്നവര്‍

arab-spring.jpg

അക്രമത്തിനും, പട്ടിണിക്കും, ദാരിദ്ര്യത്തിനുമെതിരെ വിപ്ലവം നയിക്കുന്നവരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. സ്വേഛാധിപത്യത്തിനും, അടിച്ചമര്‍ത്തലിനും, സ്വാതന്ത്ര്യം ഹനിക്കുന്നതിനും, അവകാശങ്ങള്‍ നിഷേധിക്കുന്നതിനുമെതിരെ സമരം നടത്തുന്നവരെയും നമുക്കറിയാം. പ്രതാപവും മഹത്വവും നേടിയെടുക്കുന്നതിനും നീതിയും സ്വാതന്ത്ര്യവും സാക്ഷാല്‍ക്കരിക്കുന്നതിനും ജനങ്ങള്‍ സമരം നടത്താറുണ്ട്.

എന്നാല്‍ ജനാധിപത്യത്തിനെതിരെ സമരം നടത്തുന്നവരെക്കുറിച്ച് നാമിത് വരെ കേട്ടിട്ടുണ്ടായിരുന്നില്ല. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിന്റെ ഫലത്തെയും, ജനങ്ങളുടെ അവസരത്തെയും നിരസിച്ച്, ജനങ്ങള്‍ക്ക് ഭരിക്കാനും, ഭരിക്കേണ്ടവരെ തെരഞ്ഞെടുക്കാനുമുള്ള യോഗ്യതയും ശേഷിയുമില്ല എന്ന് ന്യായീകരിച്ചും വിപ്ലവം നടത്തുന്നവരെയും നമുക്കറിയില്ല. വളരെ അപൂര്‍വമായി, അതും സൈനിക ഭരണം നടത്തുന്ന രാഷ്ട്രങ്ങളില്‍ മാത്രം കാണപ്പെടുന്ന പ്രതിഭാസമാണ് അത്. ജനങ്ങളുടെ അവകാശം ഹനിക്കുകയും, അവരെ ജയിലില്‍ നിറക്കുകയും, തീവ്രവാദവും, ഫിത്‌നയും, സംഹാരവും അവരുടെ മേല്‍ ആരോപിക്കുകയും, സമൂഹത്തിന്റെ താല്‍പര്യത്തിന് വിഘ്‌നം സൃഷ്ടിച്ചതായി കുറ്റപ്പെടുത്തുകയും ചെയ്യുകയെന്നത് സൈനിക ഭരണകൂടത്തിന്റെ പതിവ് രീതിയാണ്. മറ്റ് രാഷ്ട്രങ്ങളില്‍ നിന്നും, ഭരണകൂടങ്ങളില്‍ നിന്നും അവര്‍ക്ക് സഹായവും, കൈക്കൂലിയും ലഭിക്കുകയും, ജനാധാപിത്യത്തിനെതിരെ വിപ്ലവം നടത്തുകയും, തെരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം കാണിക്കുകയും ചെയ്യുന്നത് അവിടങ്ങളില്‍ സാധാരണമാണ്. ഇപ്പോള്‍ ഈജിപ്തില്‍ നടന്ന് കൊണ്ടിരിക്കുന്നത് മേല്‍സൂചിപ്പിച്ചതിന്റെ മറ്റൊരു മുഖമാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ മറ്റ് പലവിധത്തിലും പരാജയപ്പെടുത്താനും, അവര്‍ ബലഹീനരാണെന്ന് സ്ഥാപിക്കാനുമുള്ള ശ്രമമാണ് അവിടങ്ങളിലുള്ളത്. മുന്‍കാല ഭരണാധികാരികളില്‍ നിന്നും നശിച്ച്, തകര്‍ന്ന് പോയ അനന്തര സ്വത്താണ് വിജയികള്‍ക്ക് ലഭിച്ചതെന്ന് ഈ ആളുകള്‍ക്കറിയാം. കൊള്ളയടിക്കുകയും, മുക്കുകയും മോഷ്ടിക്കുകയും ചെയ്തതിന്റെ ഉച്ചിഷ്ടം മാത്രമാണ് ശേഷിക്കുന്നതെന്നും അവര്‍ക്ക് നന്നായറിയാം.

എന്നിട്ട് പോലും തെരഞ്ഞെടുപ്പ് ഫലത്തില്‍ അതൃപ്തരായ, ജനങ്ങള്‍ തങ്ങളെ തെരഞ്ഞെടുക്കാത്തതില്‍ രോഷാകുലരായ, വിജയികളുടെ മുദ്രാവാക്യങ്ങളില്‍ അസ്വസ്ഥരായ ഏതാനും പേര്‍ ഒരുമിച്ച് കൂടുകയും, ഭരണകൂടത്തെ കുറ്റം പറയുകയും, അതിനെതിരെ ഗൂഢാലോചന നടത്തുകയും, വിജയികളെ താഴെയിറക്കാനുള്ള ശ്രമം നിരന്തരമായി നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ ശാന്തതക്ക് പോറലേല്‍പിക്കുന്ന, അവിടത്തെ സ്ഥിരതയെ തകര്‍ക്കുന്ന, സംസ്‌കരണത്തിന്റെ പാതയില്‍ തടസ്സം സൃഷ്ടിക്കുന്ന, സുഖകരമായ ജനജീവിതത്തിന് പ്രതിബന്ധം തീര്‍ക്കുന്ന, സാമ്പത്തികാഭിവൃദ്ധിയിലേക്കുള്ള വഴിയടക്കുന്ന പ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നത്.

നല്ലവരെന്ന് ഞങ്ങള്‍ കരുതിയ, ജനകീയ വിപ്ലവത്തില്‍ ഒരുകാലത്ത് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന, അക്രമഭരണാധികാരികള്‍ക്കെതിരെ ഞങ്ങളോടൊപ്പം ചേര്‍ന്ന് പോരാടിയ ചില സംഘടനകള്‍ ഇന്ന് തെരഞ്ഞെടുപ്പില്‍ വിജയിക്കാത്തതിന്റെ പേരില്‍ ഞങ്ങളോട് അരിശം തീര്‍ക്കുകയാണ്. അതിനാല്‍ വിജയികള്‍ക്ക് അവസരം നല്‍കുകയോ, അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സഹായിക്കുകയോ ചെയ്യേണ്ടതില്ല എന്നതാണ് ഇപ്പോള്‍ അവരുടെ തീരുമാനം. ഇപ്പോഴവരുള്ളത് വിപ്ലവത്തിന്റെയോ, സത്യത്തിന്റെയോ, രാഷ്ട്രത്തിന്റെയോ പക്ഷത്തല്ല. വിപ്ലവത്തില്‍ കൂടെയുള്ളവരോട് ചേരുകയും, ജനാധിപത്യ ഫലത്തെ അംഗീകരിക്കുകയുമായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്. തെരഞ്ഞെടുക്കാനും, ഭരിക്കാനും, നിരീക്ഷിക്കാനും, വിചാരണ ചെയ്യാനും, ഭരണാധികാരിയെ അവരോധിക്കാനും, താഴെയിറക്കാനും തങ്ങള്‍ക്കാണ് അവകാശമെന്ന് വിസ്വസിക്കുന്ന ജനങ്ങളുടെ കൂടെയായിരുന്നു അവര്‍ നിലകൊള്ളേണ്ടിയിരുന്നത്.

ചിലരാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്ത് നിന്ന് ഇന്ന് നാം ഈജിപ്തില്‍ കണ്ട് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തീര്‍ത്തും നിന്ദ്യകരമാണ്. നാമവരെ വിപ്ലവ സംഘടനകളായാണ് കണ്ടിരുന്നത്. അവര്‍ വിപ്ലവത്തെ വികൃതമാക്കുകയും ജനതയെ ദുര്‍ബലപ്പെടുത്തുകയും ശത്രുക്കളെ സന്തോഷിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഈജിപ്ത് തങ്ങളുടെ പിടിയില്‍ നിന്ന് അകന്ന് പോയിരിക്കുന്നുവെന്ന് കണക്ക് കൂട്ടിയ സമുദായത്തിന്റെ ശത്രുക്കള്‍ക്ക് ഇപ്പോള്‍ പ്രതീക്ഷ കൈവന്നിരിക്കുന്നു. ഈജിപ്തിനെ ദൗര്‍ബല്യത്തിലേക്കും, നാശത്തിലേക്കും, അസ്ഥിരതയിലേക്കുമാണ് അവര്‍ നയിച്ച് കൊണ്ടിരിക്കുന്നത്. അതിനിപ്പോള്‍ മുന്നില്‍ അവസരങ്ങളില്ല, അതാത് ദിവസത്തേക്കുള്ള ഭക്ഷണമില്ല, എങ്ങോട്ട് പോവുന്നെന്നും, എന്ത് സംഭവിക്കുമെന്നും അറിയില്ല.

ഞാന്‍ എന്റെ ഈ സന്ദേശത്തിലൂടെ മറ്റെല്ലാവരേക്കാളുമുപരി ഹംദെയ്ന്‍ സ്വബാഹിയെയാണ് അഭിസംബോധന ചെയ്യുന്നത്. അദ്ദേഹത്തെ ഒരു ദേശീയവാദിയും, വിപ്ലവകാരിയുമായാണ് ഞങ്ങള്‍ക്ക് പരിചയമുണ്ടായിരുന്നത്. ഈജിപ്തിന്റെ വേദനകള്‍ പേറി സമ്മേളനങ്ങളിലും സെമിനാറുകളില്‍ അദ്ദേഹം സംസാരിക്കുന്നതായി ഞങ്ങള്‍ കണ്ടു. ദരിദ്രരുടെയും ദുര്‍ബലരുടെയും ഈജിപ്ഷ്യന്‍ പൊതുജനങ്ങളുടെയും പ്രതിനിധിയായിരുന്നു അദ്ദേഹം. ഞങ്ങളുടെ പ്രതീക്ഷകളേക്കാള്‍ ഉയര്‍ന്ന ബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. ഈജിപ്ഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് സംതൃപ്തി തന്നെയാണുണ്ടാവുക.

പക്ഷെ, ഇന്ന് ഞങ്ങളദ്ദേഹത്തെ കാണുന്നത് മറ്റൊരു സ്ഥാനത്താണ്. അദ്ദേഹത്തോട് മോശമായി വര്‍ത്തിച്ച, മുന്‍ഭരണകൂടത്തിന്റെ കൂലിപ്പണിക്കാരോട് സഖ്യം ചേര്‍ന്ന് സത്യത്തിനും നീതിക്കുമെതിരെ പോരാടുകയാണ് ഇന്നദ്ദേഹം. ഈജിപ്തിന്റെ പൗരത്വമുള്ള എന്നാല്‍ ഈജിപ്തുകാരല്ലാത്ത, ഞങ്ങളുടെ ഭാഷ സംസാരിക്കുന്ന, എന്നാല്‍ ഞങ്ങളില്‍പെടാത്ത ചില ആളുകള്‍ അദ്ദേഹത്തിന് സഹായവും ചെയ്യുന്നു. അവര്‍ക്ക് സമൂഹത്തിന്റെ ആവശ്യമോ, ആഗ്രഹമോ അറിയില്ല. ജനങ്ങളില്‍ നിന്നും, തെരുവില്‍ നിന്നും വളരെ അകലെയാണ് അവര്‍. മുള്ളുകളുള്ള ഇടവഴികളില്‍ സഞ്ചരിക്കുകയോ, ഉണങ്ങിയ റൊട്ടിക്കഷ്ണങ്ങള്‍ ഭക്ഷിക്കുകയോ ചെയ്തവരല്ല അവര്‍. മറിച്ച് അവര്‍ക്കുള്ളത് വികൃതമായ ചരിത്രവും, വൃത്തികെട്ട അപഖ്യാതിയുമാണ്. ഇസ്രായേലിനെ അംഗീകരിച്ച, ഹോളോകോസ്റ്റ് ചരിത്രത്തിന് അനുകൂല നയം സ്വീകരിച്ച, ഇസ്രായേലിന്റെ സമാധാനത്തിനും, ആശ്വാസത്തിനും വേണ്ടി സമയം ചെലവഴിച്ച പാരമ്പര്യമാണ് അവര്‍ക്കുള്ളത്.

നിങ്ങളുടെ അനന്തരസ്വത്ത് നിങ്ങള്‍ സംരക്ഷിക്കുകയും, മുന്‍ഭരണകൂടാവശിഷ്ടങ്ങളെ തുടച്ച് നീക്കുകയും ചെയ്യുകയെന്നതാണ് എനിക്ക് ഈജിപ്തുകാരോട് പറയാനുള്ളത്. നിങ്ങള്‍ ഉയര്‍ന്ന് ചിന്തിച്ച് വലിയവരും പരിശുദ്ധരുമാവുക. അക്രമികളോട് പോരാടുന്നതില്‍ ഒന്നിച്ച് അടിയുറച്ച് നില്‍ക്കുകയും ചെയ്യുക. ഈജിപ്ത് മുസ്‌ലിം ഉമ്മത്തിന്റെ പ്രതീക്ഷകളുടെ കേദാരമാണ്. അവിടെ നിങ്ങള്‍ ആണ്‍കുട്ടികളെപ്പോലെ നെഞ്ച് വിരിച്ച്, സാമര്‍ത്ഥ്യം പ്രകടിപ്പിച്ച് നിലകൊള്ളുക.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles