Current Date

Search
Close this search box.
Search
Close this search box.

ചിഹ്നങ്ങളെ പേടിക്കുന്നവരെങ്ങനെ ചിന്തകളെ കീഴ്‌പ്പെടുത്തും?

ഈജിപ്തില്‍ പ്രകടനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി കൊണ്ടുള്ള നിയമം നടപ്പിലാക്കാന്‍ ഈജിപ്ത് ഇടക്കാല ഭരണകൂടം തീരുമാനമെടുത്തിരിക്കുന്നു. ഈജിപ്തില്‍ രണ്ടു വര്‍ഷത്തിനിടെ രണ്ടു സര്‍ക്കാറുകളെ താഴെ ഇറക്കുന്നതില്‍ പ്രകടനങ്ങള്‍ക്കും പ്രതിഷേധ സമരങ്ങള്‍ക്കുമുള്ള പങ്ക് നമുക്ക് വിസ്മരിക്കാവതല്ല. ലോകം ഏറെ പ്രതീക്ഷയോടെ കണ്ട അറബ് ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളില്‍ അരങ്ങേറിയ അറബ് വസന്തത്തിന്റെ സത്ത തന്നെ സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങളായിരുന്നു. ഭരണകൂടങ്ങളെയും അധികാര സ്ഥാനങ്ങളെയും മറിച്ചിടാനും താഴെ ഇറക്കാനും ബോംബും മിസൈലും മാത്രം ആയുധമാക്കിയിരുന്ന കാലത്ത് അറബ് ഉത്തരാഫ്രിക്കന്‍ ലോകത്തെ ‘അപരിഷ്‌കൃത’ ജനതകള്‍ ഇത്തരം ആധുനിക സായുധ ശേഖരങ്ങളൊന്നുമില്ലാതെ തന്നെ സര്‍വ്വായുധ സജ്ജരായ ഏകാധിപതികളെ ദിവസങ്ങള്‍ക്കുള്ളില്‍ അധികാരത്തില്‍ നിന്നും പടിയിറിക്കിയതും നാടു കടത്തിയതും തികച്ചും സമാധാന പരമായി അരങ്ങേറിയ പ്രകടനങ്ങളിലൂടെയും പ്രതിഷേധ സമരങ്ങളിലൂടെയുമായിരുന്നു. തുനീഷ്യയിലും ഈജിപ്തിലും ലിബിയയിലും യമനിലും ജോര്‍ദ്ദാനിലും ഇത്തരം പ്രതിഷേധ പ്രകടനങ്ങള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ അധികാരം വിട്ടോടേണ്ടി വന്നത് പതിറ്റാണ്ടുകളുടെ അധികാര പാരമ്പര്യവും പടിഞ്ഞാറിന്റെ പൂര്‍ണ പിന്തുണയുമുള്ള ഏകാധിപതികളായിരുന്നു. ഇതില്‍ തന്നെ ഏറ്റവും ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയത് ഈജിപ്തിലായിരുന്നു. 16 ദിവസം തുടര്‍ച്ചയായി കൈറോയിലെ തഹ്‌രീര്‍ മൈതാനത്ത് തമ്പടിച്ച ജനാധിപത്യ പോരാളികളെ അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് അടിച്ചമര്‍ത്താനും പ്രതിഷേധ സ്വരങ്ങളെ തല്ലിക്കെടുത്താനും നടത്തിയ സര്‍വ്വ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴായിരുന്നു ഹുസ്‌നി മുബാറക്ക് എന്ന അധികാരമോഹിയായ ഏകാധിപതിക്ക് അധികാരം വിട്ടോടേണ്ടി വന്നത്. പിന്നീട് അധികാരത്തില്‍ വന്ന മുഹമ്മദ് മുര്‍സിയെ പുറത്താക്കിയ സൈനിക നേതൃത്വവും തങ്ങളുടെ അട്ടിമറിക്ക് മറയാക്കി ഉയര്‍ത്തി കാട്ടിയ ജനാധിപത്യ സര്‍ക്കാറിനെതിരെ ന്യായങ്ങളേതുമില്ലാതെ സമരം ചെയ്ത തമറുദ് പാര്‍ട്ടിയുടെ പ്രകടനങ്ങളെയായിരുന്നു.
ജനങ്ങള്‍ സര്‍ക്കാറിനെതിരെ തെരുവിലിറങ്ങുമ്പോള്‍ അവരുടെ അഭിലാഷങ്ങളെ മാനിക്കാതിരിക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന് പറഞ്ഞ് ജനാധിപത്യ വിരുദ്ധരായ തമറുദ് പാര്‍ട്ടിയുടെ സമരത്തിന്റെ മറവില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിച്ച സൈനിക നേതൃത്വം തന്നെയാണിപ്പോള്‍ ഈജിപ്തില്‍ പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇനിമുതല്‍ ഈജിപ്തില്‍ പ്രകടനങ്ങള്‍ നടത്തണമെങ്കില്‍ ഒരാഴ്ച്ചയിലധികം നീണ്ടു നില്‍ക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാലേ സര്‍ക്കാര്‍ അനുമതി ലഭിക്കൂ. പത്തിലധികം പേര്‍ കൂടിയിരിക്കണമെങ്കില്‍ പോലും സര്‍ക്കാര്‍ അനുമതി അനിവാര്യമാണ്. അല്ലാത്തവര്‍ക്കു നേരെ നടപടി സ്വീകരിക്കാനുള്ള വിവേചനാധികാരം സൈന്യത്തിനും പോലീസിനും ഈജിപ്ത് ഇടക്കാല സര്‍ക്കാര്‍ നല്‍കിയിരിക്കുന്നു. ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച സൈനിക ഭരണത്തിനെതിരെ ഇഖ്‌വാന്‍ മുസ്‌ലിമൂന്റെയും മറ്റു ജനാധിപത്യ വാദികളുടെയും കൂട്ടായ്മയില്‍ നടന്നു കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കമാണ് പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഭരണകൂടം നടത്തുന്നത്. റാബിഅ അദവിയ്യയിലും നസര്‍ സിറ്റിയിലും സൈന്യം നടത്തിയ കൂട്ടക്കുരിതിക്ക് ശേഷവും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുന്നതില്‍ സൈനിക നേതൃത്വം വലിയ ആധിയിലായിരുന്നു. അതിനിടെയാണ് യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ച് സൈനിക വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെട്ടത്. ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് അല്‍ അസ്ഹര്‍ സര്‍വകലാശാലയുടെ അധ്യായന വര്‍ഷം ആരംഭിക്കുന്നത് രണ്ടു തവണ നീട്ടി വെക്കേണ്ടി വന്നു. പിന്നീട് ക്ലാസ്സ് തുടങ്ങിയിട്ടും വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് തുടര്‍ച്ചയായി ക്ലാസ്സ് മുടങ്ങുന്നത് തുടര്‍ന്നു. അതിനിടെയാണ് പ്രക്ഷോഭം നടത്തിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കു നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടത്. വിദ്യാര്‍ഥി പ്രക്ഷോഭം കൂടുതല്‍ ശക്തിപ്പെടാന്‍ ഇത് കാരണമാവുകയും ചെയ്തു. അല്‍ അസ്ഹറില്‍ മാത്രമല്ല, കൈറോയിലെയും അലക്‌സാണ്ട്രിയയിലെയും മറ്റു ഈജിപ്ത് നഗരങ്ങളിലെ ക്യാമ്പുസകളിലെല്ലാം അട്ടിമറി വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. ഹുസ്‌നി മുബാറക്കിന്റെ മുപ്പത് വര്‍ഷത്തെ ഭരണത്തിലൂടെ സാമ്പത്തികമായും മറ്റും തകര്‍ന്നടിഞ്ഞ ഈജിപ്തിനെ സാവാധാനം കരകയറ്റാനുള്ള മുര്‍സി സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ പടിഞ്ഞാറിന്റെയും ഇസ്രയേലിന്റെയും പിന്തുണയോടു കൂടി സമരം ചെയ്യുകയും സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് തടസ്സം നില്‍ക്കുകയും ചെയ്ത തമറുദ് പാര്‍ട്ടിയും അതിന്റെ മറവില്‍ സര്‍ക്കാറിനെ അട്ടിമറിച്ച സൈന്യവും രാജ്യത്തെ വീണ്ടും ഏകാധിപത്യത്തിലേക്ക് വഴിനടത്താനുള്ള നീക്കമാണ് നടത്തുന്നതെന്ന് പുതിയ നീക്കത്തിലൂടെ ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.
സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളെ മാത്രമല്ല പ്രതിഷേധ ചിഹ്നങ്ങളെ പോലും ഈജിപ്ത് ഇടക്കാല സര്‍ക്കാര്‍ ആശങ്കയോടു കൂടിയാണ് നിരീക്ഷിക്കുന്നത്. അട്ടിമറി വിരുദ്ധ ചിഹ്നമായി ലോകത്തിന്റെ ശ്രദ്ധ നേടിയ റാബിഅ അദവിയ്യ ചിഹ്നം ആഴ്ച്ചകള്‍ക്കു മുമ്പ് ഈജിപ്ത് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ജനാധിപത്യ പ്രക്ഷോഭങ്ങളെയും പ്രക്ഷോഭ ചിഹ്നങ്ങളെയും അട്ടിമറി സര്‍ക്കാറുകളും ഏകാധിപതികളും എത്രമാത്രം ഭയപ്പെടുന്നുണ്ടെന്നതിന്റെ തെളിവാണിത്. റാബിഅ അദവിയ്യയില്‍ അട്ടിമറി വിരുദ്ധ പ്രക്ഷോഭം നടത്തിയ ആയിരക്കണക്കിനാളുകളെ ഒരു സുപ്രഭാതത്തില്‍ വെടിവെച്ചിട്ട ഈജിപ്ത് സൈന്യത്തിന്റെ കിരാത നടപടിയെ തുടര്‍ന്നാണ് റാബിഅ ചിഹ്നം അട്ടിമറി വിരുദ്ധ ചിഹ്നമായി ലോക ശ്രദ്ധ നേടിയത്. ഇന്ന് റാബിഅ ചിഹ്നം ഉയര്‍ത്തുന്നത് പോലും ഈജിപ്തില്‍ കുറ്റമായി മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ അതിര്‍ത്തി കാത്തിരുന്ന സൈന്യം ഇന്ന് റാബിഅ ചിഹ്നം പിടികൂടുന്നതിനു വേണ്ടി സ്‌കൂള്‍ കുട്ടികളുടെ ബാഗുകള്‍ പരിശോധിക്കുന്ന അവസ്ഥയിലേക്ക് തരം താണിരിക്കുന്നു. ലോക കുങ്ഫു ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ മെഡല്‍ ഏറ്റുവാങ്ങവെ റാബിഅ ചിഹ്നം പതിച്ച ടീ ഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍ അന്താരാഷ്ട്ര ചാമ്പ്യനായ ഈജിപ്ത് കുങ്ഫു താരത്തിന് ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഈജിപ്ത് സ്‌പോര്‍ട്‌സ് അതോറിറ്റി. ആഫ്രിക്കന്‍ നാഷന്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനിടെ ഈജിപ്ത് ടീമായ അല്‍ അഹ്‌ലിക്കു വേണ്ടി ഗോള്‍ സ്‌കോര്‍ ചെയ്ത താരം റാബിഅ ചിഹ്നം ഉയര്‍ത്തിയതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെയും കായിക മന്ത്രാലയം നടപടിയെടുക്കുകയും ടീമില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരിക്കുന്നു. പ്രകടനങ്ങളെ മാത്രമല്ല ചിഹ്നങ്ങളെ പോലും സൈനിക അട്ടിമറി ഭരണകൂടം എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ തെളിവുകളാണിത്. ആളുകളുടെ പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമര്‍ത്തിയും വായകള്‍ക്ക് സീല്‍ വെച്ചും ചിഹ്നങ്ങളെ തടവിലാക്കിയും എത്രനാള്‍ അധികാരത്തില്‍ തുടരാനാവുമെന്ന് സൈനിക നേതൃത്വം ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം സൈനിക നേതൃത്വം ഇത്രമാത്രം അക്രമ നടപടികള്‍ സ്വീകരിച്ചിട്ടും സമാനതകളില്ലാത്ത ക്രൂരതകള്‍ക്ക് നേതൃത്വം കൊടുത്തിട്ടും ഈജിപ്തിന്റെ മണ്ണില്‍ പ്രതിഷേധങ്ങള്‍ക്ക് ശമനമില്ലാത്തതിന്റെ കാരണം നീതി നിഷേധത്തിനും അക്രമ മര്‍ദ്ദനങ്ങള്‍ക്കുമെതിരെ ജീവന്‍ നല്‍കിയും പ്രതിഷേധിക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകം ഇസ്‌ലാമാണെന്നതാണ്. ഇഖ്‌വാന്‍ മുസ്‌ലിമൂന്റെ മൂശയില്‍ വാര്‍ത്തടെക്കപ്പെട്ട ഈജിപ്തിലെ മുസ്‌ലിം ചെറുപ്പക്കാരുടെ പ്രതിഷേധ ജ്വാലയെ ചിഹ്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയും പ്രവര്‍ത്തകരെ തടവിലാക്കിയും ഇല്ലാതാക്കാമെന്ന് കരുതുന്നവര്‍ ഈജിപ്തിന്റെ ചരിത്രമറിയാത്തവരാണ്.
1928 ല്‍ ശഹീദ് ഹസനുല്‍ ബന്നയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഇഖ്‌വാന്‍ മുസ്‌ലിമൂന് അതിന്റെ ഇത്രയും നാളത്തെ പ്രവര്‍ത്തന കാലഘട്ടത്തില്‍ വിരിലിലെണ്ണാവുന്ന വര്‍ഷങ്ങളിലൊഴികെ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നില്ല. പതിറ്റാണ്ടുകള്‍ തങ്ങളുടെ മുതിര്‍ന്ന നേതൃത്വം അഴികള്‍ക്കുള്ളില്‍ കഴിഞ്ഞപ്പോഴും പ്രസ്ഥാനത്തെ സജീവമായി നിലനിര്‍ത്തുന്നതിലും അതിനെ വിജയകരമായി മുന്നോട്ടു കൊണ്ടു പോകുന്നതിനും പുതു തലമുറ കാണിച്ച അസാധാരണ ധീരതയും പക്വതയുമാണ് ആ പ്രസ്ഥാനത്തെ ഇത്രമാത്രം സ്വാധീനവും ആഴവും പരപ്പമുള്ളതാക്കിയത്. ഈജിപ്തിലെ കഴിഞ്ഞ കാല ഏകാധിപതികളെല്ലാം ഇഖ്‌വാനെയും അതിന്റെ നേതാക്കളെയും തടവിലാക്കാനും അതിന്റെ സ്ഥാപര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടാനുമാണ് ശ്രമിച്ചത്. എന്നാല്‍ അവരുടെ ചിന്താമണ്ഡലത്തെ തടവിലാക്കാനോ അതിന്റെ പ്രസരണത്തെ തടുത്തു നിര്‍ത്താനോ ഏകാധിപതികളുടെ ഇരുമ്പു ചങ്ങലകള്‍ക്കും അഴികള്‍ക്കും കിരാത നിയമങ്ങള്‍ക്കുമായില്ലെന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. ഇപ്പോള്‍ ജനറല്‍ സീസിയുടെ നേതൃത്തില്‍ ചിഹ്നങ്ങളെ തടവിലാക്കിയും പ്രകടനങ്ങളെ നിരോധിച്ചും നടക്കുന്ന അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കും അധികം ആയുസ്സുണ്ടാവില്ലെന്നതു തന്നെയാണ് ഈജിപ്തിലെ ചരിത്രം നമുക്ക് പറഞ്ഞു തരുന്നത്. ചിഹ്നങ്ങളെ പോലും ഭയപ്പെടുന്നവര്‍ക്ക് ചിന്തകളെ തോല്‍പ്പിക്കാനാവില്ലെന്നത് ചരിത്ര യാഥാര്‍ഥ്യമാണ്.

Related Articles