Current Date

Search
Close this search box.
Search
Close this search box.

ഗാന്ധി വധവും ആര്‍.എസ്.എസും ; സംവാദം അവസാനിക്കുന്നില്ല

‘ആര്‍.എസ്.എസുകാരാണ് ഗാന്ധിജിയെ കൊന്നത്, ഇന്ന് ബി.ജെ.പി യും അവരുടെ ആളുകളും ഗാന്ധിജിയെക്കുറിച്ച് വാചകക്കസര്‍ത്ത് നടത്തുന്നു. അവര്‍ ഗാന്ധിജിയെയും പട്ടേലിനെയും എതിര്‍ക്കുന്നവരായിരുന്നു.’ രാഹുല്‍ ഗാന്ധി ഒരു തെരെഞ്ഞടുപ്പ് പ്രചാരണ യോഗത്തില്‍ പറഞ്ഞതാണീ വാക്കുകള്‍. രാഹുലിന്റെ പ്രസ്താവനക്കെതിരെ ആര്‍.എസ്.എസ് ഇലക്ഷന്‍കമ്മീഷനില്‍ പരാതിയും നല്‍കിയിട്ടുമുണ്ട്. രാഹുല്‍ മുമ്പും ഇതു പോലുള്ള പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്. ഗാന്ധിവധത്തിന് പിന്നിലെ സത്യമെന്താണ്? ഒരു സംഘടന എന്ന നിലയില്‍ ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിന് എന്തെങ്കിലും പങ്കുണ്ടോ? ആര്‍.എസ്.എസ് മെമ്പര്‍മാര്‍ ഗാന്ധിവധത്തില്‍ പങ്കെടുത്തിട്ടുണ്ടോ? ഗാന്ധിവധം നടന്നതിന് തൊട്ടുടനെ ആര്‍.എസ്.എസ് അനുയായികളുടെ പ്രതികരണമെന്തായിരുന്നു? പിന്നീട് വന്ന കേന്ദ്ര ആഭ്യന്തര മന്ത്രി സര്‍ദാര്‍വല്ലായ് പട്ടേല്‍ ഈ ദാരുണ കൊലപാതകത്തെക്കുറിച്ച് എങ്ങനെയാണ് പ്രതികരിച്ചത ്?

ഗാന്ധിവധം ഒരുപാട് പുസ്തകങ്ങള്‍ക്കു സിനിമകള്‍ക്കും നാടകങ്ങള്‍ക്കും വിഷയമായിട്ടുണ്ട്. ഗാന്ധി വധത്തിലേക്ക് നയിച്ച യഥാര്‍ത്ഥ പ്രശ്‌നം ഇതുവരെ ചര്‍ച്ചചെയ്യപെട്ടിട്ടില്ല. എന്നതുപോലെ തന്നെ ദേശീയ വാദത്തിന്റെ വകഭേദങ്ങളൊന്നും തന്നെ ഗാന്ധി വധത്തിന്റെ ചര്‍ച്ചകളിലേക്ക് കടന്ന് വന്നിട്ടില്ല. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടും കോടതിവിധിയും ശ്രദ്ധിക്കേണ്ടതാണ്. ഗാന്ധിവധത്തിന് ‘ആശയപരമായ അടിസ്ഥാനം’ ഉണ്ടായിരുന്നുവോ എന്ന അന്വേഷണം ഗാന്ധിവധത്തെക്കുറിച്ച് അന്വേഷിക്കുന്നത് പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
ദേശീയ വാദത്തിന്റെ രണ്ട് വകഭേദങ്ങള്‍ക്ക് അതുമായി ബന്ധമുണ്ട്. അതിലൊന്ന് ഗാന്ധിജി സ്വീകരിക്കുകയും സ്ഥാപിക്കാന്‍ വേണ്ടി പരിശ്രമിക്കുകയും ചെയ്ത ഇന്ത്യന്‍ ദേശീയതയും രണ്ടാമത്തേത് ഗന്ധി ഘാതകനായ ഗോഡ്‌സേ പിന്തുടര്‍ന്ന ഹിന്ദുദേശീയതയും. ആര്‍.എസ്.എസിന്റെ രാഷ്ട്രീയ വിഭാഗമായ ബി.ജെ.പി യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി യാദൃശ്ചികമായിട്ടായിരിക്കാം അദ്ദേഹത്തിന്റെയും ദേശീയ വാദം ഹിന്ദുദേശീയ വാദമാണെന്ന് വീമ്പുപറയുന്നത്. അതിനാല്‍ തന്നെ ഈ വിഷയത്തിന് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്.

ഗാന്ധിവധത്തിന് ശേഷം ആര്‍.എസ്.എസിന്റെ ഔദ്യോഗിക വക്താക്കള്‍ പറഞ്ഞത,് ഞങ്ങള്‍ക്ക് ഗോഡ്‌സേയുമായി യാതൊരു ബന്ധവുമില്ലെന്നും ഗോഡ്‌സെ ആര്‍.എസ്.എസ് മെമ്പറല്ലെന്നുമാണ്. അംഗങ്ങളെ സംബന്ധിച്ച്  ഔദ്യോഗിക രേഖയൊന്നുമില്ലാത്തതിനാല്‍ അവര്‍ക്ക് ഗോഡ്‌സെയെ തള്ളിപ്പറയാന്‍ കഴിഞ്ഞു. അതായത് അവര്‍ക്ക് സാങ്കേതികമായി ഗോഡ്‌സെയെ തള്ളിപ്പറയാന്‍ കഴിഞ്ഞു. 1930 ല്‍ ആര്‍.എസ്.എസില്‍ ചേര്‍ന്ന ഗോഡ്‌സെ വളരെ പെട്ടെന്ന് അതിന്റെ ‘ബൗദ്ധിക് പ്രചാരക്’ (intellectual propagator) ആയി വളര്‍ന്നിരുന്നു. എന്തിനാണ് ഞാന്‍ ഗാന്ധിജിയെ കൊന്നത് ? എന്ന പുസ്തകത്തില്‍ ഗോഡ്‌സെ പറയുന്നു. ‘ഇന്ത്യയിലെ ഹിന്ദു മുന്നേറ്റത്തിന് വേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ അവകാശ സംരക്ഷണത്തിനായി രാഷ്ട്രീയത്തിലും ഭാഗവാക്കാകേണ്ടതുണ്ടെന്ന് എനിക്ക് തോന്നി അങ്ങനെ സംഘ് വിടുകയും ഹിന്ദുമഹാസഭയില്‍ ചേരുകയുചെയ്തു.’ (Godse, ‘Why I Assassinated Mahatma Gandhi’ 1993, and Pg. 102) പിന്നീട് മുസ്‌ലിം പ്രീണനത്തിന്റയും അതിലൂടെ ഉണ്ടായ പാകിസ്താന്‍ രൂപീകരണത്തിന്റെ ഉത്തരവാദിത്തം ഗാന്ധിജിയില്‍ ആരോപിച്ചു. അദ്ദേഹം അംഗമായ ഹിന്ദുമഹാസഭ അന്ന് ഹിന്ദുത്വത്തിന് വേണ്ടി നിലകൊണ്ട ഒരേയൊരു രാഷ്ട്രീയപാര്‍ട്ടിയായിരുന്നു. പിന്നീടദ്ദേഹം അതിന്റെ പൂനെ ഘടകത്തിന്റെ ജനറല്‍ സെക്രട്ടറിയായി. അക്കാലത്ത് തന്നെ അദ്ദേഹം അഗ്‌റാണി, ഹിന്ദുരാഷ്ട്ര എന്നീ പേരുകളിലറയപ്പെട്ട വര്‍ത്തമാന പത്രത്തിന്റെ സ്ഥാപകനും എഡിറ്ററുമാവുകയും ചെയ്തു.

ഗാന്ധിവധത്തില്‍ ഗോഡ്‌സേയോടൊപ്പം പങ്കെടുത്ത നാഥുറാമിന്റെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സേ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഗോഡ്‌സെയുടെ മെമ്പര്‍ഷിപ്പ് വിടുതലിനെ സംബന്ധിച്ച് പറയുന്നതിങ്ങനെയാണ് ‘അദ്ദേഹം (ഗാന്ധി) സ്വീകരിക്കുകയും പിന്നീട് എല്ലാ കോണ്‍ഗ്രസ് ഗവണ്‍മെന്റുകളോടും സ്വീകരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്ത പ്രീണന നയമാണ് മുസ്‌ലിംകളില്‍ വിഭജനമനോഭാവം വളര്‍ത്തിയതും അങ്ങനെ പാകിസ്ഥാന്‍ ഉണ്ടാവുകയും ചെയ്തത്. സാങ്കേതികമായും താത്വികമായും അദ്ദേഹം (നാഥുറാം) ഒരു (ആര്‍.എസ്.എസ്) മെമ്പറായിരുന്നു. പക്ഷെ പിന്നീടദ്ദേഹം അതിന് വേണ്ടിതന്നെ പ്രവര്‍ത്തനം നിര്‍ത്തി. ഗാന്ധി വധത്തെത്തുടര്‍ന്ന് ജയിലിലാകുമായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരെ രക്ഷിക്കാനാണ് അദ്ദേഹം ആര്‍.എസ്.എസ് വിട്ടതെന്നാണ് അദ്ദേഹത്തിന്റെ കോടതി മൊഴിയിലുള്ളത്. അവര്‍ (ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍) അദ്ദേഹത്തിന്റെ ആര്‍.എസ്.എസില്‍ നിന്നുള്ള സ്വയം പിരിഞ്ഞ് പോകലിന്റെ നേട്ടം അനുഭവിച്ചിട്ടുണ്ടാകും, വളരെ സന്തോഷ പൂര്‍വ്വം അദ്ദേഹമത് നര്‍വഹിച്ചു.

ഗാന്ധി വധം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. സര്‍ദാര്‍പട്ടേല്‍ എഴുതുന്നു, ‘വര്‍ഗീയ വിഷമാണ് അവരുടെ(ആര്‍.എസ്.എസ്) നേതാക്കളെല്ലാവരും പ്രസംഗിച്ചിരുന്നത്. അതിന്റെ അവസാനമെന്നോണം വിഷമയമായ അന്തരീക്ഷം സൃഷ്ടിക്കപെട്ടു, അതാണ് ദാരുണമായ വധം സാധ്യമാക്കിത്തീര്‍ത്തത്  ആര്‍.എസ്.എസുകാര്‍ മധുരം വിതരണം ചയ്ത് ഗാന്ധിവധത്തിന് ശേഷം തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു’ (സര്‍ദാര്‍ പട്ടേല്‍ എസ്.പി മുഖര്‍ജിക്കും എം.എസ് ഗോള്‍വാര്‍ക്കര്‍ക്കും അയച്ച കത്തില്‍ നിന്ന് -Outlook, April 27, 1998 ) ഗാന്ധിക്കെതിരെ വിഷം തുപ്പുന്നതുമായ ഹിന്ദു വര്‍ഗീയവാദികളുടെ ഈ മാര്‍ഗം അവരുടെ രാഷ്ട്രീയത്തിന്റെ യുക്തിയിലധിഷഠിതമായ പരിണിതഫലമായിരുന്നു. ഈ വധത്തിന് അവര്‍ ഉപയോഗിച്ച പദം ‘വാദ് (wadh)’എന്നായിരുന്നു. വാദ് എന്നാല്‍ സമൂഹത്തിനെതിരെ നിലകൊള്ളുന്ന സാമൂഹ്യദ്രോഹിയെ കൊല്ലുന്ന പ്രക്രിയക്ക് ഉപയോഗിക്കുന്ന പദമാണ്. ഒരു നിലക്ക്  ഇന്ത്യന്‍ ദേശീയതയില്‍ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ആദ്യത്തെ വലിയ ആക്രമണ പദ്ധതിയായിരുന്നു ഗാന്ധിവധം. മറ്റൊരര്‍ത്ഥത്തില്‍ ഇന്ന് ഹിന്ദുത്വ ശക്തികള്‍ ഏറ്റെടുത്തിരിക്കുന്ന വലിയ അപകടങ്ങളെ കുറിച്ച മുന്നറിയിപ്പു കൂടിയായിരുന്നു ഗാന്ധിവധം.

ഗാന്ധിവധം താന്‍ മാത്രമാണ് ആസൂത്രണം ചെയ്തതെന്ന ഗോഡ്‌സേയുടെ വാദം വൈരുദ്ധ്യമുളവാക്കുന്നതാണ്. ഹിന്ദുമഹാസഭ-ആര്‍.എസ്.എസ് അനുയായികളാല്‍ നടത്തപ്പെട്ട ഒരു ഗൂഢാലോചനയായിരുന്നു അതെന്നാണ് ഗാന്ധിവധം അന്വേഷിച്ച കമ്മീഷന്റെ പ്രസ്താവനയിലുള്ളത്. ഹിന്ദു രാജ്യത്തിന് വേണ്ടി ഹിന്ദുവായ ഗാന്ധിയെ ഹിന്ദുവായി കൊല്ലുക എന്നത് അവരെ സംബന്ധിച്ചേടത്തോളം വലിയ ഒരു പ്രതിസന്ധി തന്നെയായിരുന്നു. ‘മതഭ്രാന്ത് പിടിച്ച ഹിന്ദുമഹാസഭയുടെ ഒരു വിഭാഗം നേരിട്ട്  സവര്‍ക്കറിന്റെ നേതൃത്വത്തില്‍  ഗാന്ധിവധം ആസൂത്രണം ചെയ്തു…  അദ്ദേഹത്തിന്റെ ചിന്താരീതിയെയും നയനിലപാടുകളെയും എതിര്‍ത്തിരുന്ന ആര്‍.എസ്.എസും ഹിന്ദുമഹാസഭയും അദ്ദേഹത്തിന്റെ വധത്തെ  സ്വാഗതം ചെയ്തു.  എന്നാണ് സര്‍ദാര്‍പട്ടേല്‍ എഴുതിയിരിക്കുന്നത്.  (ജസ്റ്റിസ് കപൂര്‍ റിപ്പോര്‍ട്ടില്‍ നിന്ന് സര്‍ദാര്‍പട്ടേല്‍ ഉദ്ധരിച്ചത്-Justice Kapoor report Chapter I page 43) ജസ്റ്റിസ് ജീവന്‍ലാല്‍ കപൂര്‍ അവസാനിപ്പിക്കുന്നതിങ്ങനെയാണ് ‘വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ സവര്‍ക്കറും അദ്ദേഹത്തിന്റെ കൂട്ടാളികളുമാണ് വധഗൂഢാലോചന നടത്തിയതെന്ന് തെളിയുന്നു.’

ഈ ഹിന്ദുത്വമാണ് ഹിന്ദുമഹാസഭയുടെയും ആര്‍.എസ്.എസിന്റെയും രാഷ്ട്രീയം. എല്ലാ വൈജാത്യങ്ങളോട് കൂടിയും ഗാന്ധിജി ഒരു ഹിന്ദുവായിരുന്നു. പക്ഷെ രാജ്യം ഹിന്ദുരാജ്യമാവുക എന്ന ആശയത്തെ അദ്ദേഹം എതിര്‍ത്തു. ഇതിന് സമാനമായ കാഴ്ചപ്പാട് തന്നെയായിരുന്നു മൗലാന അബുല്‍കലാം ആസാദിനുമുണ്ടായിരുന്നത്. അദ്ദേഹം മുസ്‌ലിമായിരുന്നു പക്ഷെ  പാകിസ്താന്‍ എന്ന മുസ്‌ലിം രാജ്യമെന്ന വാദത്തെ അദ്ദേഹം എതിര്‍ത്തു. ഗാന്ധിജിയും ഹിന്ദുത്വരാഷ്ട്രീയവും രണ്ട് ദ്രുവങ്ങളിലായിരുന്നു. ഗാന്ധി എല്ലാ രാജ്യനിവാസികളെയും മതനിരപേക്ഷതയുടെ അടിസ്ഥാനത്തില്‍ ഒന്നിപ്പിച്ചു. പ്രാദേശികത, മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തിലുള്ള വേര്‍തിരിവിനെ അദ്ദേഹം എതിര്‍ത്തു. അദ്ദേഹം മതമുള്ള വ്യക്തിയായിരുന്നു പക്ഷെ രാഷ്ട്രീയാവശ്യത്തിന് മതമുപയോഗിക്കുന്നതിന് അദ്ദേഹം എതിരായിരുന്നു. ‘ഇന്ത്യയില്‍ എല്ലാ അര്‍ത്ഥത്തിലും ഞാന്‍ പണിയെടുത്തത് ജങ്ങള്‍ക്ക് ഏത് മതമാണെങ്കിലും അവരുടെ പദവിയില്‍ സമത്വമുണ്ടാകാനും രാജ്യം മുഴുവന്‍ മതനിരപേക്ഷമാകാനുമാണ് (ഹരിജന്‍ 1947 ഓഗസ്റ്റ് 31) മതം ഓരോരുത്തരുടെയും  വ്യക്തിപരമായ കാര്യമാണ്. അതൊരിക്കലും രാഷ്ട്രീയത്തിലോ രാഷ്ട്രവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളിലോ കൂട്ടിക്കലര്‍ത്തരുത് (അതേപുസ്തകം പേജ് 90) എന്നാല്‍ ഹിന്ദു മഹാസഭയും ആര്‍.എസ്.എസും വാദിക്കുന്നത് ഈ രാജ്യം ഒരു ഹിന്ദു രാജ്യമാണെന്നും ന്യൂനപക്ഷങ്ങള്‍ ആജ്ഞാനുവര്‍ത്തികളായി നില കൊള്ളണമെന്നുമാണ്. അവര്‍ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോപങ്ങളിലോ സമരങ്ങളിലോ പങ്കെടുത്തിരുന്നില്ല, സവര്‍ക്കര്‍ തന്നെയാണ് അതിനുദാഹരണം. സവര്‍ക്കര്‍ ആദ്യ കാലങ്ങളില്‍ ഒരു ബ്രട്ടീഷ് വിരുദ്ധ വിപ്ലവകാരിയായിരുന്നു. എന്നാല്‍ അദ്ദേഹം അന്തമാന്‍ ജയിലില്‍നിന്ന് പുറത്ത് വന്നശേഷം ഒരിക്കല്‍ പോലും അദ്ദേഹം ബ്രട്ടീഷ് വിരുദ്ധ പ്രസ്ഥാനങ്ങളിലോ ദേശീയപ്രസ്ഥാനത്തിലോ ഉണ്ടായിരുന്നില്ല. ആര്‍.എസ്.എസ് അനുയായികളില്‍ ഹെഡ്ഗവാറൊഴികെ മറ്റാരും തുടക്കത്തിലോ മറ്റെപ്പോഴെങ്കിലുമോ സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്തിട്ടില്ല. മുസ്‌ലിംവര്‍ഗീയ വാദികളെ അടിച്ചമര്‍ത്തുക എന്നതിലാണ് ആര്‍.എസ്.എസ് കേന്ദ്രീകരിച്ചിട്ടുണ്ടായിരുന്നത്. ആ അര്‍ത്ഥത്തില്‍ അവര്‍ ബ്രട്ടീഷ് ഭരണത്തിന് എതിരായിരുന്നില്ല.

പാകിസ്ഥാന് 55 കോടി രൂപയുടെ സഹായമനുവദിച്ചു എന്ന വാദം തീര്‍ത്തും തട്ടിപ്പായിരുന്നു. യതാര്‍ത്ഥത്തില്‍ അത്  യുണൈറ്റഡ് ട്രഷറിയിലെ പാകിസ്താന്റെ ഷെയറായിരുന്നു. അതിന്റെ ആദ്യ ഗഡുനല്‍കിയിരുന്നു. ബാക്കി 55 കോടിയാണ് നല്‍കാനുണ്ടായിരുന്നത്. അപ്പോഴാണ് പാകിസ്താന്‍ കാശ്മീരിനെ ആക്രമിക്കുന്നത്. പാകിസ്ഥാന്റെ കാശ്മീര്‍ ആക്രമണത്തിന് ശേഷം ഈ 55 കോടി രൂപ ഇന്ത്യ ഗവണ്‍മെന്റ് പിടിച്ച് വെച്ചു. അക്കാലത്ത് കാശ്മീര്‍ ഒരു സ്വതന്ത്രരാഷ്ട്രമായിരുന്നു. ഈ രാഷ്ട്രീയ കളരിയില്‍ ഗാന്ധി അദ്ദേഹത്തിന്റെ ധാര്‍മികതയിലൂന്നിയ നിലപാട് വ്യക്തമാക്കി അദ്ദേഹം പാകിസ്താന്റെ ഷെയര്‍ കാശ്മീര്‍ പ്രശ്‌നവുമായി ബന്ധിപ്പിക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപെട്ടു.

പാകിസ്താന് 55 കോടി നല്‍കണമെന്ന് ഗാന്ധി പറയുന്നതിന് മുമ്പും അദ്ദേഹത്തിന് നേരെ നാല് വധശ്രമം ഉണ്ടായിട്ടുണ്ട് എന്നത് ഈ വാദത്തിന്റെ പൊള്ളത്തരമാണ് എടുത്തു കാണിക്കുന്നത്. അതില്‍ ചിലതില്‍ ഗോഡ്‌സെയും പങ്കെടുത്തിട്ടുണ്ട്. ജഗന്‍ ഫാട്‌നിസിന്റെ പുസ്തകത്തില്‍ പറയും പ്രകാരം അവര്‍ ആരോപിക്കുന്ന കാരണങ്ങള്‍ കൊണ്ടല്ല (പാകിസ്ഥാനുള്ള55 കോടി സഹായവും വിഭജനവും) ഗാന്ധിവധം നടന്നത്. മറിച്ച് ഗാന്ധിജിയുടെ സാമൂഹിക രാഷ്ട്രീയത്തോട് ഹിന്ദുത്വത്തെ പിന്തുണക്കുന്നവര്‍ക്ക് എതിര്‍പ്പായിരുന്നു. അതാണ് ഗാന്ധിവധത്തിലേക്ക് നയിച്ചത്. ബി.ജെ.പിയും അവരുടെ കൂട്ടാളികളും പറയുന്ന ദേശീയത ഇന്ത്യന്‍ ദേശീയതയല്ല ഹിന്ദു ദേശീയതയാണ്. അതവരുടെ പരസ്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗവുമാണ്. ഗാന്ധി വധം പോലെ നമ്മുടെ മതേതര പ്രതിഛായക്ക് നേരെയുള്ള മറ്റൊരു വധശ്രമമാണിത്. രാജ്യമൊട്ടുക്കും മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ തുടരുന്നെടത്തോളം കാലം ഗാന്ധിവധത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച ചര്‍ച്ചക്ക് പ്രസക്തിയുണ്ട്.

വിവ : അബ്ദുല്‍ മജീദ് താണിക്കല്‍

Related Articles