Current Date

Search
Close this search box.
Search
Close this search box.

ഗസ്സ ; അറബ് നിലപാടാണ് മാറേണ്ടത്‌

ഈയടുത്ത കാലം വരെ രാഷ്ട്രീയക്കാരന്റെ അഭിപ്രായത്തിനും വാര്‍ത്തക്കുമായി അവരുടെ പുറകെ നടക്കുന്നവരായിരുന്നു മാധ്യമപ്രവര്‍ത്തകന്‍. എന്നാല്‍ ഇന്ന് ആസ്ഥിതിക്ക് മാറ്റം വന്നിരിക്കുന്നു. ആധുനിക സാങ്കേതിക സൗകര്യങ്ങളുള്ള മാധ്യമങ്ങളുടെ സ്വാധീനം രാഷ്ട്രീയ അജണ്ടകള്‍ തീരുമാനിക്കുന്നവരാക്കി അവയെ മാറ്റിയിരിക്കുന്നു.

ഏതൊരു യുദ്ധത്തിലുമെന്നത് പോലെ ഗസ്സ്‌ക്ക മേലുള്ള ഇസ്രയേലിന്റെ യുദ്ധത്തിലും മാധ്യമങ്ങള്‍ മുഖ്യമായ പങ്ക് വഹിക്കുന്നു. എന്നാല്‍ ഇത്തവണ മാധ്യമ യുദ്ധത്തില്‍ ഇസ്രയേല്‍ പരാജയപ്പെട്ടതായി നമുക്ക് പറയാം. ഒരുപക്ഷേ, ഇസ്രയേലിന് സംബന്ധിച്ച് ഇത്തരം ഒരനുഭവം ആദ്യമായിട്ടായിരിക്കാം. അവര്‍ കെട്ടിപടച്ചുണ്ടാക്കിയ കള്ളങ്ങള്‍ അറബികളും അനറബികളുമായവര്‍ അംഗീകരിച്ചില്ല. കാരണം അവിടെ നടക്കുന്ന കാര്യങ്ങള്‍ വളരെ വ്യക്തമായിരുന്നു. ഫലസ്തീന്‍ പ്രതിരോധ ഗ്രൂപ്പുകള്‍ കൂടുതല്‍ ബുദ്ധി കൂര്‍മത ഇക്കാര്യത്തില്‍ കാണിക്കുകയും നല്ല യോഗ്യരായ മാധ്യമ പ്രവര്‍ത്തകരെ തെരെഞ്ഞെടുക്കുകയും ചെയ്തതാണ് രണ്ടാമത്തെ ഘടകം. ആധുനിക മാധ്യമപ്രവര്‍ത്തനത്തിന്റെ എല്ലാ കാഴ്ച്ചപ്പാടുകളും ഉള്‍ക്കൊണ്ട അവരുടെ യുവ മാധ്യമ പ്രവര്‍ത്തകര്‍ വിദേശ ഭാഷകള്‍ അവിടത്തുകാര്‍ കൈകാര്യം ചെയ്യുന്ന സ്ഫുടതയോടെ കൈകാര്യം ചെയ്യാന്‍ ശേഷി നേടിയവരായിരുന്നു.

ഗസ്സയുടെ കിഴക്ക് ഭാഗത്തുള്ള കുടിയേറ്റ കേന്ദ്രത്തില്‍ അല്‍-ഖസ്സാം കുഴിച്ച തുരങ്കത്തിലൂടെ ചെന്ന് ആക്രമണം നടത്തുന്നതിന്റെ രംഗം ആദ്യാവസാനം അവര്‍ പകര്‍ത്തിയിരുന്നു. അല്‍-അഖ്‌സ ചാനലിലൂടെ അവ പുറത്തു വിടുകയും ചെയ്തു. സംഭവത്തെ തന്നെ നിഷേധിച്ച ഇസ്രയേലിന്റെ ഔദ്യോഗിക കെട്ടുകഥകളെ ഇത് തകര്‍ത്തു. വ്യവസ്ഥാപിതമായ മാധ്യമ പ്രവര്‍ത്തത്തിന്റെ ഒരു വിപ്ലവം കൂടിയായിത് രൂപപ്പെടുകയാണ്.

പോരാട്ട ഗ്രൂപ്പുകള്‍ അറബ് ചാനലുകളെയോ പത്രങ്ങളെയോ റേഡിയോയെയോ അല്ല ആശ്രയിക്കുന്നത്. അല്‍-അഖ്‌സ, ഹമാസിന്റെ അല്‍-ഖുദ്‌സ്, അല്‍-ജിഹാദുല്‍ ഇസ്‌ലാമിയുടെ ‘ഫിലസ്തീന്‍ അല്‍യൗം’ തുടങ്ങിയ ചാനലുകള്‍ അവര്‍ സ്ഥാപിക്കുകയാണ് ചെയ്ത്. അപ്രകാരം നിരവധി വെബ്‌സൈറ്റുകളും അവര്‍ നിര്‍മിച്ച് കൈകാര്യം ചെയ്യുന്നു. വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് ഫേസ്ബുകും അവര്‍ നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇസ്രയേല്‍ സുരക്ഷാ വിഭാഗത്തിന്റെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നതിന് പ്രത്യേകം സൈബര്‍ സൈന്യത്തെയും അവര്‍ തയ്യാറാക്കിയിട്ടുണ്ട്.

ഗസ്സ ആക്രമണത്തോട് സ്വീകരിച്ച നിലപാടില്‍ അറബ് മാധ്യമങ്ങള്‍ രണ്ട് തട്ടിലാണുള്ളത്. അവയില്‍ ഒരു വിഭാഗം ഗസ്സയുടെ പ്രതിരോധത്തെ അനുകൂലിക്കുമ്പോള്‍ ഭൂരിഭാഗവും മാധ്യമപ്രവര്‍ത്തനത്തിലെ ‘വെടിനിര്‍ത്തല്‍’ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ മിക്കതും ഇസ്രയേല്‍ മാധ്യമങ്ങള്‍ സ്വീകരിച്ച അതേ നിലപാടായിരുന്നു. പലപ്പോഴും അവയെക്കാളും ഒരുപടി അവ മുന്നോട്ട് പോവുകയും ചെയ്തു. ഫലസ്തീനികളുടെ പ്രതിരോധത്തിനെതിരെയും അതിന്റെ ലക്ഷ്യങ്ങളെ വികലമാക്കിയുമാണവ റിപോര്‍ട്ട് ചെയ്തത്. ഇസ്രയേല്‍ ആക്രമണത്തെ സഹായിക്കുന്ന നിലപാടാണ് അവ കൈകൊണ്ടത്. സാധ്യമാകുന്നത്ര പെട്ടന്ന് ഗസ്സയുടെയും അതിലെ പോരാളികളുടെയും കഥകഴിക്കാനാണ് അവ നെതന്യാഹുവിനെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈജിപ്ത് ഭരണകൂടം ‘ഭീകരലിസ്റ്റില്‍’ ചേര്‍ത്തിയിട്ടുള്ളവരാണ് ഹമാസ് എന്ന ന്യായം അവര്‍ക്കുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഈജിപ്തില്‍ ഇഖ്‌വാനികള്‍ക്കെതിരെ നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാണ് ഗസ്സക്ക് മേലുള്ള ആക്രമണവും.

2008-ലെ ഗസ്സ ആക്രമണത്തില്‍ നിന്ന് വിഭിന്നമായി പാശ്ചാത്യ മാധ്യമങ്ങളിലും മാറ്റം നമുക്ക് കാണാം. ഗസ്സയുടെ അതിര്‍ത്തിയില്‍ നിന്ന് ഇസ്രയേലിന് അനുകൂലമായി ഏകപക്ഷീയമായ റിപോര്‍ട്ടിങ് നടത്തിയിരുന്ന പല പാശ്ചാത്യ മാധ്യമങ്ങളും ഗസ്സയുടെ നടുവിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. സി.എന്‍.എന്‍, ബ്രിട്ടീഷ് ചാനലായ ചാനല്‍-4, എ.ബി.സി, അമേരിക്കയുടെ എന്‍.ബി.സി തുടങ്ങിയവയുടെ റിപോര്‍ട്ടര്‍മാര്‍ ഗസ്സയുടെ തെരുവുകളില്‍ നിന്ന് നേരിട്ട് റിപോര്‍ട്ട് ചെയ്യുന്ന കാഴ്ച്ച നമുക്കിന്ന് കാണാം. ഗാര്‍ഡിയന്‍, ഇന്‍ഡിപെന്‍ഡന്റ് പോലുള്ള പത്രങ്ങളിലും ഈ മാറ്റം കാണാം.

എന്നാല്‍ ബി.ബി.സി ഇസ്രയേല്‍ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. യുദ്ധത്തിന്റെ കാരണം ഹമാസിന്റെ റോക്കറ്റാക്രമണമാണെന്ന് അവര്‍ ശക്തമായി തന്നെ പ്രചരിപ്പിച്ചു. ആക്രമണത്തിന്റെ ആദ്യ രണ്ടാഴ്ച്ചകളില്‍ അവര്‍ ഈ നിലപാടില്‍ തന്നെയായിരുന്നു. എന്നാല്‍ ഈ നിലപാടില്‍ ബ്രിട്ടീഷ് ജനത തന്നെ പ്രതിഷേധം രേഖപ്പെടുത്താന്‍ തുടങ്ങി. ലണ്ടനിലെ അതിന്റെ ഓഫീസിന് മുന്നില്‍ പോലും ശക്തമായ പ്രകടനങ്ങള്‍ നടന്നു. പാശ്ചാത്യ രാജ്യങ്ങള്‍ പോലും ജനങ്ങളുടെ പ്രതിഷേധം മാനിച്ച് നിലപാടുകള്‍ മാറ്റാന്‍ തയ്യാറായെങ്കിലും അറബ് നാടുകളിലെ ഔദ്യോഗിക മാധ്യമങ്ങളുടെ നിഷ്‌ക്രിയത്വം വളരെ അപകടകരമാണ്. യാഥാര്‍ഥ്യങ്ങളെ വളച്ചൊടിച്ച് ആക്രമണത്തെ ന്യായീകരിക്കാനാണ് പലപ്പോഴും അവ ശ്രമിക്കുന്നത്. കൊലയാളിയെ ആക്ഷേപിക്കുന്നതിന് പകരം ഇരകള്‍ക്ക് മേല്‍ അധിക്ഷേപം ചൊരിയുകയാണ് അവ ചെയ്തത്.

മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റിപോര്‍ട്ടര്‍മാരേയോ ലേഖകരെയോ നാം ആക്ഷേപിക്കുകയില്ല. എന്നാല്‍ ആ ചാനലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഭരണകൂടങ്ങളെയാണ് നാം ആക്ഷേപിക്കേണ്ടത്. മാധ്യമങ്ങള്‍ ഇസ്രയേല്‍ വക്താക്കളെ സ്വീകരിച്ചിരുത്തുമ്പോള്‍ ആശ്വാസം കൊള്ളുന്നത് അവക്ക് പിന്നിലെ ഭരണകൂടങ്ങളാണ്. അറബികളോടും മുസ്‌ലിംകളോടുമുള്ള ഈ ശത്രുവിന്റെ പദ്ധതികളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച അജ്ഞതയും വിഡ്ഢിത്വവുമാണ് ഇത് വ്യക്തമാക്കുന്നത്.

വിവ : നസീഫ്

Related Articles