Current Date

Search
Close this search box.
Search
Close this search box.

ഗസ്സാനിവാസികള്‍ ഹമാസില്‍ അണിചേരുമ്പോള്‍

kl;kl;;.jpg

ചരിത്രത്തിലാദ്യമായി ജനങ്ങളൊക്കെയും ഹമാസിനെ പൊതിഞ്ഞിരിക്കുകയാണ്. ഫലസ്തീനിലെ പ്രതിപക്ഷം ഇത്രയും കാലം ഹമാസ് വിരോധികളായിരുന്നു. ഇന്നവര്‍ ഹമാസില്‍ അണിനിരന്നിരിക്കുകയാണ്. ഇതുവരെ ഹമാസിനെ പുറത്ത് നിന്ന് വീക്ഷിച്ചിരുന്നവര്‍ ഇന്ന് അതിന്റെ വാഹകരായിരിക്കുന്നു. ചിന്തയിലും പ്രവര്‍ത്തനത്തിലും, ആസൂത്രണത്തിലും ഹമാസിന്റെ വഴിയില്‍ നിന്ന് മാറിയിരുന്നവര്‍ ഇന്ന് ഹമാസിന്റെ മാര്‍ഗത്തില്‍ ഒന്നിച്ച് ചേര്‍ന്നിരിക്കുന്നു. മിത്രങ്ങളെ വിസ്മയിപ്പിച്ച, ശത്രുക്കളെ വിറളിപിടിപ്പിച്ച നേട്ടമാണ് ഹമാസ് സാക്ഷാല്‍ക്കരിച്ചത്. ഗസ്സയിലെ ജനങ്ങളുടെ പെരുമാറ്റത്തെ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. ഗസ്സാനിവാസികളുടെ മുഖങ്ങളില്‍ ആശ്വാസവും സംതൃപ്തിയും പ്രകടമാണ്. അവര്‍ തക്ബീര്‍ ചൊല്ലുകയും അല്ലാഹുവിന് നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു. ഹമാസിന്റെ മഹത്വം അതിന്റെ അനുയായികളില്‍ നിന്നും പൊതുജനങ്ങളിലേക്കൊഴുകിയിരിക്കുന്നു. കേവലം അഞ്ചു ശതമാനത്തോളം മാത്രമാണ് ഹമാസില്‍ ചേരാതെ, അവരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷയില്ലാതെ, സംഭവലോകത്തിന്റെ തുടിപ്പുകളറിയാതെ ഫലസ്തീനിലുള്ളത് എന്ന് എനിക്കുറപ്പാണ്.

അഭിമാനത്തോട് കൂടി ഹമാസിന്റെ ചെറുത്ത് നില്‍പ് വാര്‍ത്തകള്‍ പര്‌സപരം അറിയിക്കുകയാണ് ഗസ്സാനിവാസികള്‍. റോക്കറ്റുകള്‍ തീതുപ്പുന്ന ചൂടില്‍ തന്നെ മൊബൈലുകളിലൂടെ സന്ദേശം പ്രവഹിക്കുന്നു. സയണിസ്റ്റ് കോട്ടകളില്‍ പോരാളികള്‍ നാശം വിതച്ചതിന്റെ സുവിശേഷങ്ങളും, ദുരന്തങ്ങളുടെ ദുഖവാര്‍ത്തകളും നിമിഷങ്ങള്‍ക്കകം ജനങ്ങളിലെത്തുന്നു. യുവാക്കള്‍ പോരാടുകയും സുവിഷേശങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് മാത്രമല്ല, അവരുടെ നേട്ടങ്ങള്‍ വിശ്വസിക്കാനാവാതെ വയോധികരായ മുന്‍പോരാളികള്‍ അല്‍ഭുതപ്പെടുകയും ചെയ്യുന്നു. സയണിസ്റ്റ് ശത്രുവിനെതിരെ ദീര്‍ഘകാലം പോരാടിയ തങ്ങള്‍ക്ക് സാധിക്കാത്ത കാര്യം ഇവര്‍ക്കെങ്ങനെ സാധിച്ചുവെന്ന് ആശ്ചര്യപ്പെടുകയാണ് അവര്‍. അവര്‍ ചോദിക്കുകയാണ്. എപ്പോള്‍? ഹമാസിന് എവിടുന്ന് കിട്ടി ഇത്രയധികം ശക്തി? പോരാളികള്‍ക്ക് ഇതൊക്കെ എങ്ങിനെ സാധിക്കുന്നു?

ഫലസ്തീന്‍ ജനതയൊന്നടങ്കം ഹമാസില്‍ അണിനിരന്നത് പോരാട്ടം നല്‍കുന്ന പുതിയ സന്ദേശമാണ്. ഭൂരിപക്ഷത്തിന്റെ ആഗ്രഹങ്ങള്‍ അടിയറവ് വെച്ചുള്ള ഒരു സമാധാനസന്ധിയും ഇനി നടക്കുകയില്ല. ഗസ്സാ നിവാസികള്‍ക്ക് പല ലക്ഷ്യങ്ങളുമുണ്ട്. അതിന് വേണ്ടിയാണ് അവരിന്ന് ഭൂമിക്ക് മുകളിലെ ഏറ്റവും വലിയ കെട്ടുറപ്പുള്ള സംഘമായി മാറിയിരിക്കുന്നത്.

തങ്ങള്‍ക്ക് മേല്‍ ഇസ്രായേലിന്റെ നേതൃത്വത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന ഉപരോധം പൊളിക്കുകയും അതിര്‍ത്തികള്‍ തുറക്കുകയും ചെയ്യുകയെന്നതാണ് അവയില്‍ പ്രഥമം. സമാധാനക്കരാറുകള്‍ ഇരുകൂട്ടര്‍ക്കും ഒരുപോലെ ബാധകമാവുകയും, ഇരുകൂട്ടരും ഒരുപോലെ പാലിക്കുകയും ചെയ്യണമെന്നതാണ് മറ്റൊന്ന്. ഫലസ്തീന്‍ ജനതയുടെ ചരിത്രപരമായ അവകാശങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനും അവരൊരിക്കലും തയ്യാറാവില്ല.

നിങ്ങളൊരുപക്ഷെ ഇപ്രകാരം പറഞ്ഞേക്കാം. ‘ഇതു വിജയികളുടെ നിബന്ധനകളാണല്ലോ, ഇസ്രായേല്‍ ഒരിക്കലും തങ്ങളുടെ പരാജയം അംഗീകരിക്കുകയില്ല.’ നിങ്ങള്‍ പറഞ്ഞത് താത്വികമായി ശരി തന്നെയാണ്. പക്ഷെ, തെല്‍അവീവിന്റെ പൂമുഖത്തെ നിഷ്പ്രഭമാക്കിയ, അവരുടെ തെരുവുകളെ ജനശൂന്യമാക്കിയ ഹമാസിന്റെ റോക്കറ്റുകള്‍ക്ക് ഈ നിബന്ധകള്‍ നടപ്പിലാക്കാന്‍ സാധിക്കുക തന്നെ ചെയ്യും. സയണിസ്റ്റുകളുടെ കരങ്ങള്‍ ഇനി സ്വതന്ത്രമായി ഫലസ്തീനികളുടെ മേല്‍ പൊങ്ങുകയില്ല. സയണിസ്റ്റ് അസ്തിത്വത്തിന്റെ തുലാസുകള്‍ തലകീഴായി മറിഞ്ഞിരിക്കുന്നു.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 

Related Articles