Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ കശാപ്പ് ഹമാസിനെ പരാജയപ്പെടുത്തില്ല

തെല്‍ അവീവിലേക്ക് പ്രത്യാക്ക്രമണമെന്നോണം ഹമാസ് അയക്കുന്ന J80 ഗണത്തില്‍പ്പെട്ട പുതിയ ഇനം റോക്കറ്റുകള്‍ കാണുവാന്‍ ശനിയാഴ്ച്ച രാത്രി ഹെബ്രോണിലേയും വെസ്റ്റ് ബാങ്കിലേയും ഫലസ്തീനികള്‍ ആകാശത്തേക്ക് കണ്ണുനട്ടിരിക്കുകയായിരുന്നു. J എന്നത് 2012 നവംബര്‍ 14 ന് ഇസ്രായേല്‍ വധിച്ച ഹമാസിന്റെ മിലിട്ടറി കമാണ്ടറായിരുന്ന അഹമ്മദ് ജഅ്ബരിയെ സൂചിപ്പിക്കുന്നു. ഇദ്ദേഹത്തിന്റെ വധമായിരുന്നു മുമ്പ് നടന്ന യുദ്ധത്തിന് കളമൊരുക്കിയത്. ഇസ്രായേലിന്റെ അക്രമണത്തെ തറപറ്റിക്കാന്‍ തീരുമാനിച്ചുറച്ച് തന്നെയുള്ള  ഹമാസിന്റെ പോര്‍വിളിയായിരുന്നു J80 റോക്കറ്റുകള്‍.

ഗസ്സയിലെ കൂട്ടകുരുതിക്ക് ന്യായീകരണമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹു ഉയര്‍ത്തിക്കാട്ടിയ മൂന്ന് ഇസ്രായേലി ബാലന്‍മാരുടെ തട്ടിക്കൊണ്ടു പോകലിനും, കൊലപാതകവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഹമാസ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇസ്രായേല്‍ കസ്റ്റഡിയിലുള്ള ഫലസ്തീനികളുടെ സുരക്ഷിതായ മോചനമാണ് ഹമാസ് ലക്ഷ്യം വെച്ചിരുന്നത് എന്നിരിക്കെ ഇത്തരം ഒരു പാതകം അവര്‍ ചെയ്യാനിടയില്ല.

തട്ടിക്കൊണ്ടുപോകലിന് മാസങ്ങള്‍ക്ക് മുമ്പുതന്നെ ഹമാസിനെ ആക്രമിക്കാന്‍ നെതന്യാഹു പദ്ധതിയിട്ടിരുന്നതായിട്ടാണ് ഭൂരിഭാഗം ഫലസ്തീനികളും വിശ്വസിക്കുന്നത്. ആയിരക്കണക്കിന് വരുന്ന ഗസ്സയിലെ ജോലിക്കാര്‍ക്കുള്ള ശമ്പളം മുടക്കുവാനും, ഗസ്സയിലെ പുതിയ യൂണിറ്റി ഗവണ്‍മെന്റിനെ ശിഥിലമാക്കാനുമുള്ള നെതന്യാഹുവിന്റെ അവസാന തന്ത്രമാണ് ഇപ്പോള്‍ നടന്ന ആക്രമണം. ഹമാസുമായുള്ള ബന്ധം നല്ലനിലയിലാക്കുവാന്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ഇസ്രായേലുമായി പെട്ടെന്ന് നടത്തിയ സന്ധിസംഭാഷണവും, യു.എസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും ഫലസ്തീന്‍ പ്രശ്‌നത്തിലെ പോസിറ്റീവായ നേരിട്ടല്ലാത്ത ഇടപെടലുകളും ഇസ്രായീല്യരെ അരിശം കൊള്ളിച്ചിട്ടുണ്ട്.

ഇപ്പോഴാണ് ഗസ്സയെ ആക്രമിക്കുവാനും, ഹമാസിനെ ഇല്ലാതാക്കാനും പറ്റിയ സമയം എന്നതരത്തില്‍ ഈജിപ്തിലെ പുതിയ മിലിട്ടറി അധികൃതരില്‍ നിന്ന് ലഭിച്ച സന്ദേശങ്ങളെ കുറിച്ച് കഴിഞ്ഞ ശൈത്യകാലത്ത് ഇസ്രായേലികള്‍ സ്വകാര്യമായി സംസാരിക്കാറുണ്ടായിരുന്നു. ഈജിപ്തിന്റെ ചരിത്രത്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റിനെ അട്ടിമറിയിലൂടെ പുറത്താക്കിയ പട്ടാളമാണ് റഫാ അതിര്‍ത്തി അടച്ചുപൂട്ടിക്കൊണ്ടും, തുരങ്കങ്ങള്‍ തകര്‍ത്തുകൊണ്ടും ഗസ്സയെ കൂടുതല്‍ ഞെരുക്കിക്കൊണ്ടിരിക്കുന്നത്. കരയും, കടലും, വായുവും ഇസ്രായേല്‍ ഉപരോധിച്ചപ്പോള്‍ ഗസ്സാ നിവാസികള്‍ക്കുണ്ടായിരുന്ന ഏക ആശ്വാസം തുരങ്കങ്ങളായിരുന്നു.

എപ്പോഴുമെന്ന പോലെ, ഹമാസിന്റെ മിസൈലുകളെ പ്രതിരോധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നത് എന്നാണ് ഇസ്രായേല്‍ ലോകത്തെ ബോധ്യപ്പെടുത്തുന്നത്. അവസാനമായി ഈജിപ്തിലെ  അന്നത്തെ പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സിയുടെ മേല്‍ന്നോട്ടത്തില്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ ഉടമ്പടിയും ഇസ്രായേല്‍ ലംഘിച്ചു. തുടര്‍ച്ചയായ കൊലപാതകങ്ങളും, മിസൈലാക്രമണങ്ങളും ഇസ്രായേല്‍ നടത്തിയപ്പോഴും ഹമാസ് പ്രത്യാക്ക്രമണം നടത്താതെ സംയമനം പാലിക്കുകയാണ് ചെയ്തത്. മാത്രമല്ല മറ്റ് പോരാട്ട ഗ്രൂപ്പുകളോട് ആയുധമെടുക്കരുതെന്ന് തദവസരത്തില്‍ ഹമാസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുദ്ധത്തിനേക്കാള്‍ എല്ലാവരും മുന്‍ഗണന കൊടുത്തത് ഉപരോധം അവസാനിപ്പിക്കുന്നതിനായിരുന്നു.

സിവിലിയന്‍മാരെ ഹമാസ് മനുഷ്യകവചമാക്കി ഉപയോഗിക്കുകയാണ് എന്നാരോപിച്ചായിരുന്നു ഗസ്സയിലെ സ്ത്രീകളേയും കുഞ്ഞുങ്ങളേയും കൂട്ടകശാപ്പ് നടത്തുന്നതിനും, വീടുകള്‍ ബോംബിട്ട് തകര്‍ക്കുന്നതിനും ഇസ്രായേല്‍ നേതാക്കള്‍ ന്യായീകരണം കണ്ടെത്തിയത്. പക്ഷെ ഇസ്രായേലിന്റെ പോര്‍വിമാനങ്ങള്‍ വികലാംഗര്‍ക്കുള്ള ചികിത്സാ കേന്ദ്രത്തെപ്പോലും വെറുതെ വിട്ടില്ല. യുദ്ധകുറ്റം എന്നല്ലാതെ മറ്റൊന്നു കൊണ്ടും വിശേഷിപ്പിക്കാന്‍ സാധ്യമല്ലാത്ത ഈ ആക്രമണം, പാശ്ചാത്യ രാജ്യങ്ങളിലുള്ള ഇസ്രായേലിനെ ശക്തമായി പിന്തുണക്കുന്നവരെപ്പോലും വിഷമവൃത്തിലകപ്പെടുത്തിയിട്ടുണ്ടെന്ന് നിസ്സംശയം പറയാം. സൈനിക നടപടി തുടരുന്ന കാലത്തോളം ഇസ്രായേലിനും പാശ്ചാത്യ സഖ്യകക്ഷികള്‍ക്കും കൂടുതല്‍ നഷ്ട്ടം മാത്രമേ സംഭവിക്കുകയുള്ളു. ഇക്കാരണം കൊണ്ടാവാം ഒബാമ പെട്ടെന്ന് തന്നെ ഒരു വെടിനിര്‍ത്തല്‍ ഉടമ്പടിക്കായുള്ള മധ്യസ്ഥ ചര്‍ച്ച മുന്നോട്ട് വെച്ചത്. ബ്രിട്ടിഷ് ഫോറിന്‍ സെക്രട്ടറി വില്യം ഹാഗും മധ്യസ്ഥനായി മുന്നോട്ട് വന്നെങ്കിലും ഹമാസിനോടുള്ള വൈരാഗ്യം കാരണം ആ സ്ഥാനത്തിന് യോഗ്യനല്ല എന്ന് സ്വയം തെളിയിച്ചു. ഇസ്രായേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ പറ്റി മാത്രം ഊന്നിപറഞ്ഞു കൊണ്ട് തന്റെ പക്ഷപാതിത്വവും അദ്ദേഹം തെളിയിച്ചു.

ഏതൊരു വിധത്തിലുമുള്ള മധ്യസ്ഥ ശ്രമങ്ങളും ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം ഒരു നല്ല ഈജിപ്ഷ്യന്‍ നേതൃത്വത്തിന്റെ അഭാവമാണ്. ഹമാസിനോടുള്ള ശത്രുതയുടെ കാര്യത്തില്‍ മുബാറക്കിനേക്കാള്‍ മുന്‍പന്തിയിലാണ് ഇപ്പോഴുള്ള പട്ടാള ഭരണകൂടം. മധ്യസ്ഥ ശ്രമങ്ങളുമായി സമാധാനദൂതന്‍ ടോണി ബ്ലയറും രംഗത്തുണ്ടെങ്കിലും, ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടുള്ള വെറുപ്പിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല.

മധ്യസ്ഥ ശ്രമങ്ങളെ കുറിച്ച് ഹമാസ് ഇപ്പോള്‍ കൂടുതലായൊന്നും സംസാരിക്കുന്നില്ല. ഹമാസ് മുന്നോട്ട് വെച്ചിട്ടുള്ള വ്യവസ്ഥകള്‍ പരിഗണിക്കാതെയുള്ള ഒരു ഒത്തുതീര്‍പ്പിനും അവര്‍ സന്നദ്ധരല്ല എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. എല്ലാതരത്തിലുമുള്ള ഉപരോധങ്ങളും അവസാനിപ്പിക്കാന്‍ ഹമാസ് ആവശ്യപ്പെട്ടിരുന്നു.

ഈ യുദ്ധം ഭീമമായ നാശനഷ്ട്ടം വരുത്തുമെന്നതിലും, ഒരുപാടു പേരുടെ ജീവന്‍ കവരുമെന്ന കാര്യത്തിലും യാതൊരു സംശയവുമില്ല. ഇസ്രായേല്‍ മനശാസ്ത്രപരമായും, രാഷ്ട്രീയമായും, സാമ്പത്തികമായും തകര്‍ച്ച നേരിടും. മുമ്പെന്ന പോലെ ഒന്നുറപ്പാണ്, യുദ്ധം ഹമാസിന്റെ ജനകീയത വര്‍ദ്ധിപ്പിക്കും. ഫലസ്തീനികളുടെ ഇടയില്‍ മാത്രമല്ല, ലോകത്താകമാനമുളള അഭയാര്‍ത്ഥികളുടെ ഇടയില്‍ ധാര്‍മികമായ ഏക്യം അത് ഉണ്ടാക്കും. മൂന്നാമത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് തുടക്കം കുറിക്കുന്നതില്‍ ഇതനിവാര്യമായിത്തീരും, കാത്തിരിക്കുക ‘അല്‍-ഖുദ്‌സ് ഇന്‍തിഫാദ’.          

അവലംബം : ദി ഗാര്‍ഡിയന്‍
വിവ : ഇര്‍ഷാദ് കാളാച്ചാല്‍

Related Articles