Current Date

Search
Close this search box.
Search
Close this search box.

ഗസ്സക്കാര്‍ ആഹ്ലാദിക്കട്ടെ, അവര്‍ക്കതിന് അര്‍ഹതയുണ്ട്

ഗസ്സക്ക് ആഹ്ലാദിക്കാന്‍ അവകാശമുണ്ട്. അവര്‍ക്ക് മാത്രമല്ല ഫലസ്തീന്‍ ജനതക്കും മുഴുവന്‍ അറബ് – ഇസ്‌ലാമിക സമൂഹങ്ങള്‍ക്കും ആഘോഷിക്കാന്‍ വകയുണ്ട്. ആക്രമണം അവസാനിച്ചതിന്റെ പേരിലല്ല, വിജയത്തിന്റെ പേരില്‍ മാത്രമാണ്. പലരും ഒപ്പവും പിന്നിലും അണിനിരന്നിട്ടും അധിനിവേശക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. സംശയം ജനിപ്പിക്കുന്ന മൗനത്താല്‍ അല്ലെങ്കില്‍ ഇസ്രയേല്‍ പോര്‍വിമാനങ്ങളും ടാങ്കുകളും ഈ സമുദായത്തിലെ ഏറ്റവും അന്തസുള്ളവരെയും അവരുടെ പ്രതിരോധമെന്ന പ്രതിഭാസത്തെയും തകര്‍ത്തെറിയുന്നത് കാണാണ്‍ കാത്തിരുന്ന അറബികളും അക്കൂട്ടത്തിലുണ്ടായിരുന്നു.

ഗസ്സയുടെ പ്രതിരോധമാണ് വിജയിച്ചിരിക്കുന്നത്. കാരണം 51 ദിവസം ആറ് ദശലക്ഷം ഇസ്രയേലികളില്‍ ഭീതി നിറക്കാന്‍ അവര്‍ക്ക് സാധിച്ചു. തങ്ങള്‍ക്ക് നേരെ മഴപോലെ വര്‍ഷിക്കുന്ന റോക്കറ്റുകളെ കുറിച്ച ഭീതിയിലാണ് മിക്കപ്പോഴും അഭയകേന്ദ്രങ്ങളില്‍ അവര്‍ കഴിഞ്ഞിരുന്നത്. മറ്റൊരു അറബ് ഭരണകൂടത്തിനും സാധിക്കാത്ത കാര്യമാണത്. പ്രതിരോധമാണ് വിജയിച്ചത്. കാരണം ഇസ്രയേലിലും ഭീതിയുണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചു. യുദ്ധം ചെയ്യാനുള്ള ഉയര്‍ന്ന ശേഷിയും കഴിവും അവര്‍ തെളിയിച്ചു. ഇസ്രയേലിനെയും ഒപ്പം അവരുടെ അറബ് തോഴന്‍മാരെയും ഞെട്ടിച്ച കാര്യമാണത്.

ഇസ്രയേല്‍ അതിന്റെ മിക്ക മുന്‍ യുദ്ധങ്ങളിലും രണ്ടിലൊരു കാര്യമാണ് ഇസ്രയേല്‍ പരിചയിച്ചിട്ടുള്ളത്. ഒന്ന് ഇസ്രയേലിന്റെ ഒന്നാമത്തെ ആക്രമണത്തോടെ തന്നെ അറബികള്‍ സമാധാനത്തിന്റെ കൊടി ഉയര്‍ത്തി കീഴടങ്ങുന്നു. രണ്ട്, അറബ് പൗരന്‍മാര്‍ അടുത്തുള്ള സുരക്ഷിതമായ പ്രദേശത്തേക്ക് കൂട്ടപലായനം ചെയ്യുന്നു.

എന്നാല്‍ ഈ യുദ്ധത്തില്‍ ഇസ്രയേല്‍ അതിന്റെ മുന്‍ യുദ്ധങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒന്നാണ് നേരിട്ടിരിക്കുന്നത്. അവിടെയാണ് അത്ഭുതങ്ങള്‍ സംഭവിക്കുന്നത്. പ്രതിരോധക്കാര്‍ നിരുപാധികം വെള്ളക്കൊടി ഉയര്‍ത്തിയില്ല. അമേരിക്കന്‍ നിര്‍മിത എഫ്-16 വിമാനങ്ങളോ ഇസ്രയേലിന്റെ അത്യാധുനിക ആയുധങ്ങളോ അവരെ ഒട്ടും ഭയപ്പെടുത്തിയതുമില്ല. ഗസ്സയിലെ ഫലസ്തീനികള്‍ അവരുടെ ഭൂമി ഉപേക്ഷിച്ചില്ല. എല്ലാ അതിര്‍ത്തികളും വഴികളും തുറന്ന് കിടക്കുകയാണെങ്കിലും അവരത് ഉപേക്ഷിച്ച് ഓടിപോകില്ല. കാരണം തകര്‍ന്നടിഞ്ഞ തങ്ങളുടെ വീടുകള്‍ക്ക് മുകളില്‍ രക്തസാക്ഷിയാവാന്‍ തീരുമാനിച്ചുറപ്പിച്ചവരാണവര്‍.

ഇസ്രയേലിന്റെ എല്ലാ സൈനിക പ്രതിരോധ തന്ത്രങ്ങളെ വിറപ്പിച്ച ‘നഹാല്‍ ഓസ്’ ഓപറേഷന് ശേഷം ഗസ്സയുടെ വടക്ക് ഭാഗത്തുള്ള കുടിയേറ്റ കേന്ദ്രങ്ങളിലെ ഇസ്രയേല്‍ കുടിയേറ്റക്കാരാണ് ഭയത്തോടെ വീടുകളുപേക്ഷിച്ചത്. ഭൂമിക്കടിയിലെ തുരങ്കത്തിലൂടെ അവിടെ എത്തിയ പ്രതിരോധക്കാര്‍ മുഴുവന്‍ ഇസ്രയേല്‍ സൈനികരെയും കൊലപ്പെടുത്തി. ഒരു പിക്‌നിക് ട്രിപ്പിലെന്ന പോലെ അതിന്റെ ചിത്രങ്ങള്‍ അവര്‍ പകര്‍ത്തുകയും ചെയ്തു.

ഫലസ്തീനികളുടെ ചെറുത്തു നില്‍പും പ്രതിരോധവും മാത്രമല്ല, എല്ലാ സമ്മര്‍ദങ്ങളെയും പ്രതിരോധിച്ച ചര്‍ച്ചയിലെ പ്രതിനിധികള്‍ക്കും ഈ വിജയത്തില്‍ പങ്കുണ്ട്. ഉപരോധം അവസാനിപ്പിക്കണെന്നും, അതിര്‍ത്തികള്‍ തുറക്കണമെന്നും, അതിര്‍ത്തി പ്രദേശങ്ങളില്‍ കൃഷിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കണമെന്നുമെല്ലാമുള്ള ന്യായമായ ആവശ്യങ്ങളില്‍ അവര്‍ ഉറച്ചു നിന്നു. നെതന്യാഹു തകര്‍ന്നടിഞ്ഞിരിക്കുന്നു. അയാളുടെ രാഷ്ട്രീയ ഭാവിയുടെ നാണം കെട്ട അന്ത്യവുമാണിത്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെ പരാജയപ്പെടുത്തിയ പോലെ ഒല്‍മര്‍ട്ടിനെയും അയാളുടെ രാജ്യത്തെയും പരാജയപ്പെടുത്തി നിന്ദ്യത സമ്മാനിച്ച ഗസ്സയാണിത്.

പ്രതിരോധ ഗ്രൂപ്പുകളുടെ റോക്കറ്റാക്രണം അവസാനിപ്പിക്കുമെന്നും അവരെ എന്നെന്നേക്കുമായി പിഴുതെറിയുമെന്നും ഇസ്രയേല്‍ കുടിയേറ്റക്കാര്‍ക്ക് വാഗ്ദാനം ചെയ്ത നെതന്യാഹു എന്ത് മറുപടിയാണ് അവരോട് പറയുക. വെടിനിര്‍ത്തലിന്റെ അവസാന നിമിഷം വരെ പ്രതിരോധ കേന്ദ്രങ്ങള്‍ സജീവമായിരുന്നു. തുരങ്കങ്ങള്‍ തകര്‍ക്കുന്നതിലും അവരുടെ ആയുധം ഇല്ലാതാക്കി എന്നെന്നേക്കുമായി അവരുടെ കഥകഴിക്കുന്നതില് പരാജിതനായ അയാള്‍ എങ്ങനെ അതിനെ ന്യായീകരിക്കും?

ഇസ്രയേല്‍ മന്ത്രിസഭയെ ഇത് രണ്ട് തട്ടിലാക്കുമെന്നതില്‍ സംശയം വേണ്ട. വെടിനിര്‍ത്തലിനെ സ്വീകരിച്ച യുദ്ധകാര്യ വകുപ്പിന് തങ്ങള്‍ പരാജിതരായിട്ടാണ് മടങ്ങിയതെന്ന് അറിയാം. വോട്ടര്‍മാരെ അവരെ ചെരിപ്പെടുത്ത് ആട്ടിയോടിക്കുമെന്നതില്‍ സംശയം വേണ്ട. കാരണം ലക്ഷ്യങ്ങളില്‍ ഒന്ന് പോലും നേടാന്‍ സാധിക്കാതെയാണ് മടങ്ങിയിരിക്കുന്നത്. മാത്രമല്ല യുദ്ധകുറ്റവാളികളായി മുദ്രകുത്തപ്പെടുകയും ചെയ്തിരിക്കുന്നു. അതിന്റെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കാന്‍ ലോക പോലീസും തേടിയെത്തിയേക്കും.

ലോകത്തെ ഒപ്പം നിര്‍ത്തുന്നതിലും ഇത്തവണ ഇസ്രയേല്‍ പരാജയപ്പെട്ടു എന്നതാണ് വസ്തുത. എപ്പോഴും ചെയ്തിരുന്ന പോലെ ഇനിയങ്ങോട്ട് ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ സാധ്യമല്ലെന്നാണ് വ്യക്തമായത്. ഇസ്രയേല്‍ ആക്രമണത്തില്‍ ചിന്നിചിതറിയ കുരുന്നു ശരീരങ്ങളും തകര്‍ക്കപ്പെട്ട വീടുകളും വൃദ്ധ സദനവും ആശുപത്രിയുമെല്ലാം ലോകം ഫോട്ടോകളും വീഡിയോകളുമായി കണ്ടതാണ്. ആ ചിത്രങ്ങള്‍ ഒരിക്കലും അവരോട് കള്ളം പറയില്ല.

റോക്കറ്റുകള്‍ വികസിപ്പിക്കുകയും തുരങ്കങ്ങള്‍ ഒരുക്കുകയും ചെയ്ത്, കാരിരുമ്പിന്റെ കരുത്തോടെ 51 ദിവസത്തെ ആക്രമണത്തെ നേരിട്ട ഗസ്സയിലെ ധീരന്‍മാര്‍ ഏറ്റവും ഉദാത്തമായ യുദ്ധ സ്വഭാവഗുണങ്ങളാണ് പാലിച്ചത്. ഒറ്റ ഇസ്രയേലി കുഞ്ഞിന്റെ പോലും ജീവന്‍ അവര്‍ എടുത്തില്ല. അവര്‍ കൊന്നത് ഇസ്രയേല്‍ സൈനികരെ മാത്രമായിരുന്നു. എന്നാല്‍ മറുവശത്ത് പരിഷ്‌കൃതരായ സൈന്യം തങ്ങളുടെ ധീരത പ്രകടിപ്പിച്ചത് കുട്ടികളുടെ മേല്‍ മാത്രമായിരുന്നു.

ഗസ്സയിലെ പ്രതിരോധ നേതാക്കളും അനുയായികളുമാണ് വിജയിച്ചത്. കാരണം തങ്ങളുടെ ശേഷി നേടിയെടുത്തത് അന്തസിന്റെയും പ്രതാപത്തിന്റെയും സ്ഥൈര്യത്തിന്റെയും അക്കാഡമിയില്‍ നിന്നാണ്. അറബ് നേതാക്കളും പലവിധത്തിലും ഒപ്പിച്ചെടുത്ത മെഡലുകള്‍ വഹിച്ച് നടക്കുന്ന സൈന്യാധിപന്‍മാരും പഠിച്ച ഭീരുത്വത്തിന്റെയും വഞ്ചനയുടെയും പേടിയുടെയും അക്കാദമിയില്‍ നിന്നല്ല അവര്‍ പുറത്തിറങ്ങിയിട്ടുള്ളത്.

ഗസ്സക്കാരേ, നിങ്ങള്‍ക്ക് നന്ദി. രക്തസാക്ഷികള്‍ക്കും പരിക്കേറ്റവര്‍ക്കും നന്ദി. നാടിന് വേണ്ടിയുള്ള സമര്‍പ്പണം എന്താണെന്ന് നിങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു. അറബ് നേതാക്കളോടും അവരുടെ സൈന്യങ്ങളോടും യാചിക്കുന്നതില്‍ നിന്ന് വിട്ടുനിന്ന് സ്വന്തത്തെ ആശ്രയിക്കുക എന്നതിന്റെ അര്‍ത്ഥവും നിങ്ങള്‍ പഠിപ്പിച്ചു.

മുഴുവന്‍ രക്തസാക്ഷികളുടെയും ഉമ്മമാരെയും സഹോദരിമാരെയും വല്ല്യുമ്മമാരെയും പ്രതിനിധീകരിക്കുന്ന ആ ഗസ്സന്‍ വനിതക്ക് നന്ദി. ഇസ്രയേല്‍ വിമാനങ്ങള്‍ തകര്‍ത്ത ശുജാഇയ്യ തെരുവില്‍ നിന്നാണവര്‍ വരുന്നത്. തന്റെ പ്രിയപ്പെട്ട മക്കളെയും ബന്ധുക്കളെയും അയല്‍ക്കാരെയും നഷ്ടപ്പെട്ട അവരുടെ വീടും തരിപ്പണമായിരിക്കുന്നു. എന്നാലും പ്രതിരോധക്കാരെ ആശീര്‍വദിക്കാനും വിജയം ആഘോഷിക്കാനും വന്നിരിക്കുകയാണവര്‍. വലിയ വിജയത്തിന്റെ മുന്നോടിയായ ഈ വിജയത്തില്‍ അവര്‍ക്കും അനുമോദനങ്ങള്‍.. ഈ ആക്രമണത്തില്‍ ഇസ്രയേലിനെ അത്ഭുതപ്പെടുത്തിയത് പോലെ ഇതിലും വലിയ അത്ഭുതങ്ങളാണ് അവരെ കാത്തിരിക്കുന്നത്.

പ്രതിരോധ സംസ്‌കാരം തിരിച്ചു വന്നിരിക്കുന്നു. അവശിഷ്ടങ്ങള്‍ക്കിടിയില്‍ നിന്ന് പ്രതിരോധ നേതാക്കളുടെ ഒരു പുതിയ നിര തലയുയര്‍ത്തിയിരിക്കുന്നു. കഴിഞ്ഞതിനെല്ലാം തീര്‍ച്ചയായും അവര്‍ പകരം ചോദിക്കും. എല്ലാവരും നീതിയോടെയും സമത്വത്തിലും സഹകരിച്ച് ജീവിക്കുന്ന ഒരു രാഷ്ട്രത്തിന്റെ നിര്‍മാണ പാതയില്‍ തടസ്സം നില്‍ക്കുന്ന എല്ലാ ദിനോസറുകളെയും അവര്‍ തുടച്ചു നീക്കും.

ഈ സമുദായത്തിനും അതിന്റെ ആദര്‍ശത്തിനും ഏല്‍ക്കുന്ന പരാജയങ്ങള്‍ വര്‍ധിക്കുകയും അതിനെതിരെയുള്ള ഗൂഢാലോചനകള്‍ ശക്തമാവുകയും ചെയ്ത ഇക്കാലത്ത് ഗസ്സക്ക് അര്‍ഹതപ്പെട്ടത് തന്നെയാണ് ഈ വിജയം. ഒരിക്കല്‍കൂടി ഗസ്സക്കാര്‍ക്കും രക്തസാക്ഷികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നന്ദി.

വിവ : നസീഫ്‌

Related Articles