Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് അതിഥികളെ സാന്ത്വനിപ്പിക്കുന്നതില്‍ ഒബാമ വിജയിച്ചുവോ?

അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ താന്‍ ക്യാമ്പ് ഡേവിഡിലെ റിസോര്‍ട്ടില്‍ വിളിച്ചുവരുത്തിയ ഗള്‍ഫ് അതിഥികളെ സ്വാന്തനിപ്പിക്കുന്നതില്‍ വിജയിച്ചുവോ? ഉച്ചകോടിയുടെ സമാപന പ്രസ്താവന അതിന് നല്‍കുന്ന ഒറ്റവാക്കിലുള്ള മറുപടി ‘അതെ’ എന്നാണ്. എന്നാല്‍ വരികള്‍ക്കിടയിലൂടെ വിശദാംശങ്ങള്‍ വായിക്കുമ്പോള്‍ നിലവിലുള്ള അവസ്ഥയില്‍ യാതൊരു മാറ്റവുമില്ലെന്നാണ് വ്യക്തമാകുന്നത്. നിലവില്‍ നടക്കുന്ന കാര്യങ്ങള്‍ വാചകഘടനയിലും വാക്കുകളിലും ചില്ലറ മിനുക്കു പണികളോടെ പകര്‍ത്തിയെഴുതിയിരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.

ഇറാനുമായി അമേരിക്ക ആണവഉടമ്പടി ഒപ്പുവെക്കുന്നതിന് മുമ്പ് അമേരിക്കയുമായി പ്രതിരോധ ഉടമ്പടികളുണ്ടാക്കാനായിരുന്നു ഉച്ചകോടിയില്‍ പങ്കെടുത്ത അമീറുമാരും കിരീടാവകാശികളും ശ്രമിച്ചത്. ‘പുതിയ നയതന്ത്ര പങ്കാളിത്ത’ത്തിലൂടെയും ഇറാന്റെ വെല്ലുവിളി നേരിടാനുള്ള അത്യാധുനിക ആയുധങ്ങള്‍ കരസ്ഥമാക്കാനുള്ള ഇടപാടുകളിലൂടെയും അവരത് നേടുകയും ചെയ്തു. വേഗത്തില്‍ അവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കപ്പെട്ടു. എന്നാല്‍ ഏത് തരത്തിലുള്ള മിസൈലുകളും യുദ്ധവിമാനങ്ങളുമാണ് പോലും നിര്‍ണയിച്ചിട്ടില്ല. അഞ്ചാം തലമുറയില്‍ പെട്ട എഫ്-35 വിമാനങ്ങളായിരിക്കുമോ അതല്ല മുമ്പത്തെ പോലെ രണ്ടാം തലമുറയിലോ മൂന്നാം തലമുറയിലോ പെട്ടവയായിരിക്കുമോ അവ?

നേരത്തെ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനത്തോടെയുള്ള അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനം ഗള്‍ഫ് പ്രദേശത്ത് സ്ഥാപിക്കുമെന്നാണ് പുതിയ സഹകരണത്തെ കുറിച്ച് പ്രസ്താവനയില്‍ പറയുന്ന മറ്റൊരു കാര്യം. (അതിന്റെ സ്ഥാനവും നിര്‍ണയിച്ചിട്ടില്ല.) കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളായ റുമേനിയയുടെയും പോളണ്ടിന്റെയും പ്രതിരോധ സംവിധാനത്തിന് സമാനമായ അവസ്ഥയിലേക്ക് ഗള്‍ഫ് നാടുകളും വരുന്നു എന്നര്‍ത്ഥം. അഥവാ അമേരിക്കന്‍ കുടക്കീഴിലായിരിക്കും അതിന്റെ പൂര്‍ണ നിയന്ത്രണം. ഗള്‍ഫ് നാടുകള്‍ക്കില്ലാത്ത നാറ്റോ അംഗത്വം കിഴക്കന്‍ യൂറോപിലെ രാജ്യങ്ങള്‍ക്കുള്ളതിനാല്‍ അവര്‍ക്ക് അതിന്റെ സംരക്ഷണം ഉണ്ടാകുമെന്നത് മാത്രമായിരിക്കും അടിസ്ഥാനപരമായ വ്യത്യാസം.

മൂന്ന് വന്‍കിട അമേരിക്കന്‍ കമ്പനികള്‍ ഈ ഇടപാടിനായി മത്സരിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍. ലോക്ക്ഹീഡ് മാര്‍ട്ടിന്‍, റെയ്തിയോണ്‍, നോര്‍ത്ത്‌റോപ് എന്നിവയാണവ. മിസൈല്‍ പ്രതിരോധ സംവിധാനം, അതുമായി ഘടിപ്പിക്കുന്ന മുന്നറിയിപ്പ് സംവിധാനം, മറ്റ് സൈനികവും സാങ്കേതികവുമായ ഉപകരണങ്ങള്‍ എന്നിങ്ങനെ മൂന്ന് കമ്പനികള്‍ക്ക് കൂടി വിഭജിച്ച് നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

പുതിയ സൈനിക സഹകരണത്തിനെതിരെ അമേരിക്കന്‍ കോണ്‍ഗ്രസിലും വൈറ്റ്ഹൗസിലും നല്ല സ്വാധീനമുള്ള ജൂതലോബികളോ ഇസ്രയേലോ പ്രതിഷേധം രേഖപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. ഏതെങ്കിലും അറബ് രാഷ്ട്രം അത്യാധുനിക ആയുധമോ സൈനിക സംവിധാനമോ ഉടമപ്പെടുത്താന്‍ അമേരിക്കയിലേക്ക് തിരിക്കുമ്പോള്‍ അതിനെതിരെ പ്രതിഷേധിക്കുന്നത് ശീലമാക്കിയവരാണവര്‍. ഒരുപക്ഷേ ഗള്‍ഫ് – അമേരിക്ക സഹകരണം ഉന്നം വെക്കുന്നത് ഇറാനെയാണെന്ന് പറഞ്ഞ് അവരെ സാന്ത്വനപ്പെടുത്തിയിട്ടുണ്ടാവാം. അവര്‍ക്ക് അതൊരിക്കലും ഒരു വെല്ലുവിളിയാവില്ലെന്ന ഉറപ്പ് നല്‍കപ്പെട്ടിട്ടുണ്ടെന്നത് ഉറപ്പാണ്. ഫലസ്തീന്‍ വിഷയത്തോടുള്ള അവഗണനായും അതിനെ വ്യാഖ്യാനിക്കാം. സമാപന പ്രസ്താവനയില്‍ ദ്വിരാഷ്ട്രപരിഹാരം ഇപ്പോഴും വിദൂരത്താണെന്ന ഒബാമയുടെ പൊതുവായ ഒരു പ്രസ്താവന മാത്രമാണുള്ളത്.

ഗള്‍ഫ് നാടുകളുടെ പ്രതിരോധ ആവശ്യങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കുന്നതിന് വിദഗ്ദ സംഘത്തെ അയക്കുമെന്നും പ്രസ്താവന പറയുന്നുണ്ട്. ഒരുപക്ഷേ ആയുധ ദല്ലാള്‍മാരായിരിക്കാം അവര്‍. വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിന് ഡോളറിന്റെ ആയുധ വ്യാപാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു എന്ന് ചുരുക്കം. പുതിയ കരാര്‍ പ്രകാരം ഗള്‍ഫ് ഖജനാവുകളില്‍ കിടക്കുന്ന ട്രില്യണ്‍ കണക്കിന് ഡോളറില്‍ നിന്ന് കാര്യമായ ഒഴുക്കുണ്ടാകും. അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തിനും ആയുധങ്ങള്‍ക്കും വേണ്ടിയാവുമത് പുറത്തെടുക്കപ്പെടുക. ഇത് പുതുമയുള്ള കാര്യമൊന്നുമല്ലെങ്കിലും പെട്രോളിയത്തിന്റെ വിലയിടിവ് തുടരുന്ന നിലവിലെ സാഹചര്യത്തില്‍ അതിന്റെ അപകടം ഒന്നുകൂടി വര്‍ധിക്കുന്നു.

മിഡിലീസ്റ്റിലെ ആയുധ മത്സരത്തിനെതിരെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തിയവരായിരുന്നു അമേരിക്കന്‍ ഭരണകൂടം. തങ്ങള്‍ ചെയ്യാത്ത കാര്യങ്ങള്‍ പറയുക എന്നത് ശീലമാക്കിയവരാണവര്‍. പുതിയ നയതന്ത്ര സഹകരണത്തിലും അതാണ് നമുക്ക് ബോധ്യപ്പെടുന്നത്. കൂടുതല്‍ ശക്തിയും വ്യാപ്തിയുമുള്ള ഒരു ആയുധ മത്സരത്തിന് അവര്‍ തന്നെ കളമൊരുക്കിയിരിക്കുകയാണ്. ഗള്‍ഫ് നാടുകള്‍ക്ക് സ്വയം പ്രതിരോധിക്കാനും വൈദേശിക ആക്രമണങ്ങളെ ചെറുക്കാനുമുള്ള സംവിധാനങ്ങളെല്ലാം ഉടമപ്പെടുത്താനുള്ള അവകാശമുണ്ടെന്നതില്‍ എതിരഭിപ്രായമില്ല. ഇറാനുണ്ടാക്കുന്ന അപകടം അതില്‍ പ്രധാനമാണ്. എന്നാല്‍ ഈ നാടുകള്‍ അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ അപകടം അതിനുള്ളില്‍ തന്നെയാണുള്ളത്. അമേരിക്കന്‍ മിസൈല്‍ പ്രതിരോധ കവചത്തിനോ അത്യാധുനിക യുദ്ധവിമാനങ്ങള്‍ക്കോ അതിനെ തടുക്കാനാവില്ല. ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറകിനെയും തുനീഷ്യയില്‍ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെയും യമനില്‍ അലി അബ്ദുല്ല സാലിഹിനെയും അധികാരത്തില്‍ നിന്ന് താഴെയിറക്കിയത് സമാധാനപരമായ പ്രകടനങ്ങളായിരുന്നല്ലോ.

ഇറാഖിലെ അന്‍ബാറിന്റെ തലസ്ഥാനമായ റമാദി നഗരവും ഫല്ലൂജയുടെ വലിയൊരു ഭാഗവും ഐസിസ് തങ്ങളുടെ നിയന്ത്രണത്തിലാക്കിയതായി ലോകത്തെ ന്യൂസ് ഏജന്‍സികള്‍ നമ്മെ ഇന്ന് അറിയിച്ചു. അവിടത്തെ വലിയ ആയുധശേഖരവും അത്യാധുനിക സൈനിക സംവിധാനങ്ങളും ഉടമപ്പെടുത്തിയ അവര്‍ റമാദി ഭരണകൂടത്തിന്റെ ഓഫീസിന് മുകളില്‍ തങ്ങളുടെ കൊടി നാട്ടുകയും ചെയ്തു. അമേരിക്ക അവര്‍ക്കെതിരെ നടത്തിയ വ്യോമാക്രമണങ്ങള്‍ അവരെ ഇല്ലാതാക്കുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണിത് വ്യക്തമാക്കുന്നത്. ഒരു വര്‍ഷത്തിനടുത്തെത്തിയിരിക്കുന്ന അമേരിക്കയുടെ ഓപറേഷനില്‍ 3700 ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. അതിന് പുറമെ ഇറാഖ് സൈന്യത്തെ പരിശീലിപ്പിക്കുന്നതിനായി 2700 കോടി ഡോളറാണ് ചെലവാക്കിയിരിക്കുന്നത്. അതൊന്നും അവര്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് തടഞ്ഞില്ല.

പ്രസിഡന്റ് ഒബാമക്ക് ഉദ്ദേശിച്ചതെല്ലാം ഉച്ചകോടിയിലൂടെ് ലഭിച്ചു. അമേരിക്കയുടെ ആയുധ വ്യാപാരവും പ്രതിസന്ധിയിലായിരുന്ന ആയുധ നിര്‍മാണ മേഖലയെയും ഉണര്‍ത്താന്‍ അതിലൂടെ സാധിച്ചു. എന്നാല്‍ പ്രദേശത്തെ അവരുടെ സഖ്യമായ ഇറാനെ കൈവെടിയാതെ തന്നെ ഇതെല്ലാം സാധിച്ചു എന്നതാണ് പ്രധാനം. മാത്രമല്ല ലക്ഷ്യത്തിലെത്താന്‍ അവസാന വിരട്ടല്‍ തന്ത്രമായും അതിനെ ഉപയോഗിച്ചു. അതില്‍ വിജയിച്ച അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍!

അമേരിക്കന്‍ പ്രസിഡന്റ് തന്റെ അഥിതികള്‍ക്ക്, പ്രത്യേകിച്ചും സൗദിക്ക് വേണ്ടി ചില വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറായിട്ടുണ്ടെന്നത് ശരിയാണ്. നിയമസാധുത പൂര്‍ണമായും നഷ്ടപ്പെട്ട ബശ്ശാറുല്‍ അസദിന് സിറിയയുടെ ഭാവിയില്‍ ഒരു റോളും ഉണ്ടാവരുത് എന്നും ഈ മാസം 17-ന് റിയാദില്‍ നടക്കുന്ന ചര്‍ച്ചയിലൂടെ യമന്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നുമുള്ള ആവശ്യങ്ങള്‍ അതില്‍ പെട്ടതാണ്. നാല് വര്‍ഷം മുമ്പ് സിറിയന്‍ പ്രശ്‌നം ആരംഭിച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ നിലപാട് അത് തന്നെയായിരുന്നു എന്ന് നാം മനസ്സിലാക്കണം. പിന്നീട് സിറിയന്‍ ഭരണകൂടത്തെ ഇല്ലാതാക്കുക എന്നതില്‍ നിന്ന് ഐസിസിന്റെ കഥകഴിക്കുക എന്നതിലേക്ക് മുന്‍ഗണനാ ക്രമത്തില്‍ മാറ്റം വരികയാണുണ്ടായത്.

പ്രസിഡന്റ് ഒബാമ ഇറാനുമായി ആണവ ഉടമ്പടി ഒപ്പുവെക്കുന്നതിന്റെ വക്കിലാണ്. ഗള്‍ഫ് നാടുകളെ ഒരു യുദ്ധക്കളവും എല്ലാത്തരത്തിലുമുള്ള ആയുധങ്ങളുടെയും സംഭരണ കേന്ദ്രവുമാക്കാന്‍ സാധ്യതയുള്ള ഒരു ധാരണയാണ് പുതിയ സഹകരണത്തിലൂടെ ഉണ്ടാക്കിയിരിക്കുന്നത്. എല്ലാം പൊട്ടിത്തെറിക്കാന്‍ ഒരു തീക്കൊള്ളിയുടെ ആവശ്യമേ വരുന്നുള്ളൂ. ഈ അവസ്ഥ ആര്‍ക്കെങ്കിലും സാന്ത്വനം നല്‍കുന്നുണ്ടെങ്കില്‍ അവര്‍ക്ക് അഭിനന്ദനങ്ങള്‍. എന്നാല്‍ കഴിഞ്ഞു പോയ ഏത് കാലത്തേക്കാളും ഉത്കണ്ഠയോടെയാണ് നാമതിനെ കാണുന്നത്. വായനക്ക് ശേഷം നമ്മോട് വിയോജിക്കുന്നുവെങ്കില്‍ പൊറുക്കുക.

മൊഴിമാറ്റം: നസീഫ്‌

Related Articles