Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സിന്റെ കാവലാളാവുക

ഫലസ്തീനും മസ്ജിദുൽ അഖ്‌സയും വിശുദ്ധ ഖുര്‍ആനില്‍ സ്മരിക്കുന്നതോടൊപ്പം തന്നെ മുസ്‌ലിം ഉമ്മത്തിന്റെ ഹൃദയങ്ങളില്‍ നിന്നും അപഹരിക്കപ്പെട്ട് കൊണ്ടേയിരിക്കുകയാണ്.

1997-ല്‍ ന്യൂയോര്‍ക്കില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത് ഈയുള്ളവനായിരുന്നു. പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത നമസ്‌കാരത്തിന് ശേഷം ന്യൂയോര്‍ക്ക് ഡെപ്യൂട്ടി മേയര്‍ മുസ്‌ലിങ്ങള്‍ക്ക് ആശംസകളര്‍പ്പിക്കാന്‍ സന്നിഹിതനായിരുന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ‘ഫലസ്തീനും ഖുദുസും മസ്ജിദുൽ അഖ്‌സയുമെല്ലാം സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ എന്നെന്നും അവശേഷിക്കുന്നതാണ്. അവര്‍ താമസിക്കുന്ന വീടുകളെക്കാളുപരിയായി അവരവയെ സ്‌നേഹിക്കുന്നു. അധിനിവേശ സയണിസ്റ്റുകള്‍ക്ക് നിങ്ങള്‍ നല്‍കുന്ന നിറഞ്ഞ പിന്തുണ അമേരിക്കന്‍ ഭരണകൂടത്തെ സംബന്ധിച്ച്  കറുത്ത പുള്ളികളാണ് വിശ്വാസികളുടെ ഹൃദയത്തില്‍ സൃഷ്ടിക്കുന്നത്.’

ദുരന്തം എത്രതന്നെ ഭീകരമാണെങ്കിലും വേദനകള്‍ എത്രതന്നെ കാഠിന്യമേറിയതായാലും ഞങ്ങളെ രൂപപ്പെടുത്തിയ യാഥാര്‍ത്ഥ്യം ഇതൊന്ന് മാത്രമാണ്. മാത്രമല്ല വിശ്വാസത്തോടൊപ്പമുള്ള വേദന ഒരിക്കലും പ്രതീക്ഷയെ മായ്ക്കുന്നില്ല. പ്രതീക്ഷയാവട്ടെ ഞങ്ങളെ നിരന്തരമായ കര്‍മ്മത്തിലേക്ക് ക്ഷണിക്കുന്നു. ഫലസ്തീനിന്റെ വിമോചനം വരെ ഈ പോരാട്ടം തുടര്‍ന്ന് കൊണ്ടേയിരിക്കും. ഫലസ്തീനികളുടെ ഒരേയൊരു തലസ്ഥാനമായി ഖുദുസ് തിരിച്ച് വരും. മസ്ജിദുൽ അഖ്‌സ വീണ്ടും മുസ്‌ലികളുടെ സന്ദര്‍ശന കേന്ദ്രമാവും. അവിടെക്ക് യാത്രകള്‍ നടത്തപ്പെടുകയും അതിനെ അതിന്റെ ആളുകള്‍ സംരക്ഷിക്കുകയും ചെയ്യും.

നമുക്ക് ലോകത്തോട് പറയാനുള്ളത് ഇതാണ്:

1. പാശ്ചാത്യൻ ഭരണകൂടങ്ങളോട്

സൈനിക നടപടിയുടെയും സാമ്പത്തിക ചൂഷണത്തിന്റെയും മാധ്യമവേട്ടയുടെയും ഫലമായി മുസ്‌ലിം ഉമ്മത്തിനേറ്റ മുറിവുകളേക്കാള്‍ യൂറോ-അമേരിക്കന്‍ വ്യവസ്ഥകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപമാനം ഒരു രാജ്യത്തെ അധിനിവേശം നടത്താനും രക്തം ചിന്തുന്നതിനും അഭിമാനം വ്രണപ്പെടുത്തുന്നതിനും സയണിസ്റ്റുകള്‍ക്ക് നല്‍കുന്ന തുറന്ന രാഷ്ട്രീയ പിന്തുണയാണ്.

1917-ലെ ബാല്‍ഫര്‍ ഉടമ്പടി മുതല്‍ ഇന്നേവരെ സയണിസ്റ്റുകള്‍ നിര്‍വഹിച്ച എല്ലാ ഹീനകൃത്യങ്ങളും പാശ്ചാത്യർ ഒന്നിച്ച് നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്നത് ലോകം മുഴുക്കെ അറിയുന്ന യാഥാര്‍ത്ഥ്യമാണ്. ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയും സംരക്ഷണവും നല്‍കി സൈനികവും സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ സഹായങ്ങളും ചെയ്തതും ഇവര്‍ തന്നെയാണെന്നതും രഹസ്യമല്ല. സമൂഹത്തിന്റെ മനസ്സ് ഒരു പക്ഷെ ദുര്‍ബലമായേക്കാം, പക്ഷെ മരിച്ച് പോവുകയില്ല. ചരിത്രം അവഗണിക്കപ്പെട്ടേക്കാം പക്ഷെ എന്നെന്നേക്കുമായി മറന്നു പോവുകയില്ല. അതിനാല്‍ നിങ്ങളുടെ സുരക്ഷിതമായ ഭാവിക്ക് വേണ്ടിയോ, ധാര്‍മിക മൂല്യങ്ങളുടെ അടിസ്ഥാനമാക്കിയോ വൃത്തികെട്ട ഈ പിന്തുണ അവസാനിപ്പിക്കേണ്ടതുണ്ട്.

2. അറബ്-ഇസ്‌ലാമിക ഭരണ വ്യവസ്ഥകളോട്

ഒരിക്കല്‍ കൂടി അല്ലാഹുവിന്റെ സഹായത്തിലും ഔദാര്യത്തിലും ദൃഢപ്രതീക്ഷ ഉണ്ടായിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അല്ലാഹു പറഞ്ഞില്ലേ, കാരുണ്യവാനല്ലാതെ സൈന്യവുമായി നിങ്ങളെ സഹായിക്കുവാന്‍ ആരുണ്ട്. സത്യനിഷേധികള്‍ തീര്‍ച്ചയായും വ്യാമോഹത്തില്‍ അകപ്പെട്ടിരിക്കുന്നു.

സയണിസ്റ്റുളുടെ മേല്‍ വിജയവും ആധിപത്യവും പ്രതീക്ഷിച്ച് നാം മടങ്ങി വരേണ്ടതുണ്ട്. സയണിസ്റ്റുകളെ തകര്‍ത്തുകളയുന്ന ഫലസ്തീനിലെയും ലബനാനിലെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ നാം കാണുന്നില്ലേ. അക്രമത്തിനും അനീതിക്കുമെതിരായ ശക്തമായ ഈ പോരാട്ടത്തില്‍ നമ്മുടെ ഇടം ഉറപ്പിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്. ഇവിടെ ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കുകയോ അയല്‍ക്കാര്‍ക്ക് മേല്‍ കടന്ന് കയറുകയോ അല്ല ചെയ്തത്. മറിച്ച് ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും കടന്ന് വന്ന സയണിസ്റ്റുകള്‍ ഒടുവില്‍ നമ്മുടെയും അവരുടെയും ജീവിതത്തിലെ മുള്ളാവുകയാണ് ചെയ്തത്.

ശത്രുക്കളില്‍ നിന്നും നിന്ദ്യതയുടെ കയ്പുനീര്‍ എത്രയാണ് നമുക്ക് കടിച്ചിറക്കേണ്ടി വന്നത്. മനസ്സാക്ഷി ഒരിക്കല്‍ ഉണര്‍ന്നെണീക്കും. നമ്മുടെ ഐക്യത്തില്‍ നാം ശക്തി കണ്ടെത്തും. ഖുദ്‌സിന്റെ വിമോചനത്തിനും ഫലസ്ത്വീന്‍ ജനതയുടെ വിജയത്തിനും വേണ്ടി നാം രംഗത്തിറങ്ങും. അതല്ല, നിങ്ങള്‍ വഞ്ചന മുഖേന ലോകത്തിന്റെയും സയണിസ്റ്റുകളുടെയും തൃപ്തിയാണ് ലക്ഷ്യം വെക്കുന്നതെങ്കില്‍ അത് കേവലം ആശ മാത്രമാണ്. എന്നല്ല നിങ്ങളുടെ ജനത പോലും നിങ്ങള്‍ക്കെതിരില്‍ ചരട് വലിക്കും. അല്ലാഹുവിനെ കോപാലുവായും വെറുപ്പോടെയും കണ്ട് മുട്ടേണ്ട ഗതികേടും അത് മുഖേന നിങ്ങള്‍ക്കുണ്ടാവും.

3. ഇസ്‌ലാമിക പ്രസ്ഥാനങ്ങളോട്

ഫലസ്തീന്‍ അധിനിവേശ പോരാട്ടങ്ങളെ പിന്തുണക്കാത്ത ഏതൊരു പ്രസ്ഥാനവും ഇസ്‌ലാമികാടിസ്ഥാനത്തില്‍ നിന്നും വ്യതിചലിച്ചതാണ് എന്ന് നാം വിശ്വാസിക്കുന്നു. സര്‍വ്വാംഗീകൃതമായ സത്യത്തിനു വേണ്ടി ദുരിതം വിതക്കുന്ന അസത്യത്തിന് നേരെ മൗനം ദീക്ഷിക്കുകയെന്നത് ഭൂഷണമല്ലല്ലോ. ധൈര്യവും തന്റേടവും പ്രകടിപ്പിക്കേണ്ടിടത്ത് ഭീരുവാകുകയും ദ്രുതഗതിയില്‍ മുന്നേറേണ്ടയിടങ്ങളില്‍ അവധാനതയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് വിരോധാഭാസമല്ലേ!.

എന്നാല്‍ ഖുദ്‌സും അതിന്റെ മോചനവും മുഖ്യ അജണ്ടയായി സ്വീകരിച്ച ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അല്ലാഹുവിന്റെ സഹായത്തോടെ വിജയിക്കുക തന്നെ ചെയ്യും. അതിനാല്‍ തന്നെ ഖുദ്‌സും അഖ്‌സയും എല്ലാ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെയും മുന്‍ഗണനാ ക്രമങ്ങളില്‍ മുഖ്യമാണ്. ഈ പ്രശ്‌നത്തില്‍ ക്രിയാത്മകമായി ഇടപെടുന്നതിന് വേണ്ടി ശക്തവും ആസൂത്രിതവുമായ മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഇമാം ശാത്വിബി സൂചിപ്പിച്ച അനിവാര്യമായ കാര്യം ഉപേക്ഷിക്കുന്നത് മുഖേനയുള്ള ബിദ്അത്തി(ബിദ്അ തര്‍കിയ്യ)ലാണ് അത് ഉള്‍പെടുക. മുസ്‌ലിം ഉമ്മത്തിന്റെ ആഭ്യന്തര ശക്തി ഇതോടെ ശിഥിലമാവുകയും നിന്ദ്യതയിലേക്കും പതനത്തിലേക്കും കൂപ്പുകുത്തുകയും ചെയ്യും.

4. മുസ്‌ലിം ജനതയോട്

ഒരു സിംഹത്തിന്റെ രക്തമൊലിപ്പിക്കാന്‍ കൊതുകിന് സാധിക്കുമെന്നത് അറബികളുടെ ചൊല്ലാണ്. ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു കൊതുകാവാന്‍ നമുക്ക് സാധിക്കുന്നുവെങ്കില്‍ ഉറങ്ങിക്കിടക്കുന്ന സിംഹത്തേക്കാള്‍ പ്രയോജനകരമാണത്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നാം കേവലം കൊതുകുകളല്ല. മറിച്ച് സിംഹക്കുട്ടികളാവാനാണ് നാം ആഗ്രഹിക്കുന്നത്. അമാനത്ത് ഏറ്റെടുക്കാന്‍ പ്രാപ്തരായ ആളുകള്‍ നമുക്കിടയിലുണ്ടാവുമെന്നാണ് പ്രതീക്ഷ. അല്ലാഹുവിന്റെ പ്രീതിയും സ്വര്‍ഗവും കാംക്ഷിച്ച് രക്ത സാക്ഷിത്വത്തെ പ്രണയിച്ച് ഖുദ്‌സിന് വേണ്ടി തങ്ങളുടെ ജീവനും സമ്പത്തും ബലികഴിക്കാന്‍ അവര്‍ തയ്യാറാവും.

എനിക്കാദ്യമായി സൂചിപ്പിക്കാനുള്ളത് നിങ്ങള്‍ കേവലം കൊതുകുകളല്ല എന്ന വിശ്വാസം മുറുകെപ്പിടിക്കണമെന്നാണ്. നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താനും ചരിത്രം മാറ്റിയെഴുതാനും നിങ്ങള്‍ക്ക് സാധിക്കുക തന്നെ ചെയ്യും. തിന്മയുടെ വാഹകരെയും സഹായികളെയും നിങ്ങള്‍ കെട്ടുകെട്ടിക്കും. രാപ്പകലുകളില്‍ അക്ഷീണം പ്രയത്‌നിക്കുന്ന, ആരാധനകള്‍ മുറപോലെ നിര്‍വ്വഹിക്കുന്ന, അല്ലാഹുവില്‍ ഭരമേല്‍ക്കുകയും ചെയ്യുന്ന സംഘമാണത്. ഖുദ്‌സിന്റെയും ഫലസ്തീനിന്റെയും മോചനത്തിന് ഞങ്ങളെ കാരണക്കാരാക്കണേ എന്ന പ്രാര്‍ത്ഥനയായിരിക്കും നിങ്ങള്‍ക്കുണ്ടാവുക. അത് കൊണ്ട് പ്രതാപത്തിന് വേണ്ടി പണിയെടുക്കുന്ന ധൈര്യവും തന്റേടവും മുഖമുദ്രയാക്കിയ ആളുകളാവാന്‍ നിങ്ങള്‍ പണിയെടുക്കുക.

Related Articles