Current Date

Search
Close this search box.
Search
Close this search box.

ഖാസി ഹുസൈന്‍ ഇനി ഹൃദയങ്ങളില്‍

പാകിസ്ഥാന്‍ രാഷ്ട്രീയത്തിലെ അതുല്യ പ്രതിഭയായിരുന്നു കഴിഞ്ഞ ദിവസം മരണപ്പെട്ട ഖാസി ഹുസൈന്‍ അഹ്മദ്. പാകിസ്ഥാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മുന്‍അമീറുമായിരുന്നു അദ്ദേഹം. 1938-ല്‍ ബ്രിട്ടീഷ് ഇന്ത്യയിലാണ് ഖാസി ഹുസൈന്‍ ജനിച്ചത്. നൗഷാരാ ജില്ലയിലെ കാകാസാഹിബ് എന്ന സ്ഥലത്തായിരുന്നു ജനനം. പാരമ്പര്യമായി മതപാണ്ഡിത്യമുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.
നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പെഷവാര്‍ ഇസ്‌ലാമിയ കോളേജില്‍ ചേര്‍ന്നു. അവിടെനിന്നാണ് അദ്ദേഹം ദീനീ വിദ്യാഭ്യാസം നേടിയത്. ശേഷം പെഷവാര്‍ യൂനിവേഴ്‌സിറ്റില്‍നിന്ന് ജ്യോഗ്രഫിയില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടി. ശേഷം ചില കോളേജുകളില്‍ അധ്യാപകനായും അദ്ദേഹം ജോലിചെയ്തിരുന്നു. ഒടുവില്‍ ജോലി ഉപേക്ഷിച്ച അദ്ദേഹം പെഷവാറിനടുത്ത സുകാര്‍ണോചൗകില്‍ സ്വന്തമായി വ്യാപാരം തുടങ്ങി.
സ്‌കൂള്‍ കാലഘട്ടത്തില്‍ ഇസ്‌ലാമി ജംഇയത്തേ ത്വലബ(ഐ.ജെ.ടി)യില്‍ അംഗമായിക്കൊണ്ടാണ് ഖാസി ഹുസൈന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. ചെറുപ്പം മുതലെ പരന്നവായനയുണ്ടായിരുന്ന ഹുസൈന്‍, മൗലാനാ മൗദൂദിയുടെ എഴുത്തുകളില്‍ ആകൃഷ്ടനായി. മറ്റ് എഴുത്തുകാരില്‍ നിന്ന് വ്യത്യസ്തമായി ചില പ്രത്യേകതകള്‍ അദ്ദേഹം മൗദൂദിയുടെ പുസ്തകങ്ങളില്‍ ശ്രദ്ധിച്ചിരുന്നു. മൗദൂദിയുടെ ചിന്തകള്‍ അദ്ദേഹത്തിന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുമെന്ന് അദ്ദേഹത്തിന് തോന്നിത്തുടങ്ങി. എങ്കിലും തന്റെ സ്‌കൂള്‍ കാലഘട്ടത്തിലും കോളേജ് പഠനകാലത്തും ഐ.ജെ.ടിയില്‍ തന്നെ അദ്ദേഹം പ്രവര്‍ത്തനം തുടര്‍ന്നു. പഠനശേഷം ഹുസൈന്‍ ജമാഅത്തെ ഇസ്‌ലാമിയുമായും ബന്ധം സ്ഥാപിച്ചു. 1970-ല്‍ അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയുടെ അംഗമായി.

വൈവിധ്യമാര്‍ന്ന കഴിവുകള്‍ സമ്മേളിച്ചിരുന്ന ഖാസി ഹുസൈന്റെ വ്യക്തിത്വം വേഗത്തില്‍ തന്നെ സംഘടനാ നേതൃത്വത്തില്‍ ഇടം നേടാന്‍ അദ്ദേഹത്തെ സഹായിച്ചു. ജമാഅത്തെ ഇസ്‌ലാമി അംഗമായി മാസങ്ങള്‍ക്കകം തന്നെ അദ്ദേഹം പെഷവാര്‍ പ്രവിശ്യയിലെ ജമാഅത്തിന്റെ അമീറായി. 1978 ആയപ്പോഴേക്കും പാകിസ്ഥാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1987-ല്‍ അദ്ദേഹം പാകിസ്ഥാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അമീറായി നിയമിതനായി. ശേഷം നീണ്ട് 22 വര്‍ഷം അദ്ദേഹം അമീറായി സേവനമനുഷ്ടിക്കികയുണ്ടായി. 2008-ല്‍ അദ്ദേഹം വിരമിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

പാകിസ്ഥാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത കാലഘട്ടമായിരുന്നു ഖാസി ഹുസൈന്‍ നേതൃത്വം നല്‍കിയ കാലം. രാഷ്ട്രീയമായി പുതിയ ചുവടുവെപ്പുകളും വിജയവും നേടിയെടുത്തത് ഈ കാലഘട്ടത്തിലായിരുന്നു. എന്നാല്‍ രാഷ്ട്രീയ വിജയത്തിന് ശേഷം കടുത്ത പരീക്ഷണങ്ങളും ഖാസി ഹുസൈന്‍ സാഹിബിന്റെ നേതൃത്വത്തില്‍ പാക്ജമാഅത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. രണ്ടുതരത്തിലുള്ള പ്രശ്‌നങ്ങളാണ് ഈ ഘട്ടത്തില്‍ ഹുസൈന്‍ സാഹിബിന് നേരിടേണ്ടി വന്നത്. ഒന്ന്, അഭ്യന്തരമായിരുന്നു. ഭരണവും അധികാരവും സംഘടനയെ ദുഷിപ്പിച്ചിട്ടുണ്ടെന്നും സംഘടനയുടെ അടിസ്ഥാന ആദര്‍ശങ്ങളില്‍ നിന്ന് സംഘടന വ്യതിചലിച്ചിട്ടുണ്ടെന്നും ചില വാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഒരു നേതാവ് എന്ന നിലയില്‍ ഈ പ്രശ്‌നങ്ങള്‍ വിജയകരമായി തരണം ചെയ്യാന്‍ സാധിച്ചത് ഇദ്ദേഹത്തിന്റെ നേതൃപാടവം കൊണ്ടും പാണ്ഡിത്യം കൊണ്ടുമായിരുന്നു. രണ്ട്, സര്‍ക്കാറിന്റെ ശക്തമായ അക്രമമര്‍ദ്ദനങ്ങള്‍ ജമാഅത്തിന് നേരിടേണ്ടി വന്നതായിരുന്നു. ജമാഅത്ത് നേതാക്കള്‍ അറിസ്റ്റിലാവുകയും പ്രവര്‍ത്തനങ്ങള്‍ നിരോധിക്കപ്പെടുകയും ചെയ്തിരുന്നു അന്ന്. അവിടെയും തളരാതെ ജമാഅത്തിന് മുന്നേറാനായത് ഖാസി ഹുസൈന്‍ എന്ന കഴിവുറ്റ രാഷ്ട്രീയ നേതാവിന്റെ മികവുകള്‍ കൊണ്ടായിരുന്നു.

മജ്‌ലിസെ മുത്തഹിദെ അമല്‍ (എം.എം.എ) എന്ന രാഷ്ട്രീയ മുന്നണിയാണ് ഖാസി ഹുസൈന്റെ മറ്റൊരു സുപ്രധാന സംഭാവന. ഇതിന്റെ രൂപീകരണത്തിലും അതിന്റെ പിന്നിലുള്ള നയരൂപീകരണത്തിലും കാര്യമായ പങ്ക് വഹിച്ചത് ഖാസി ഹുസൈനായിരുന്നു. മൗലാനാ ഷാ അഹ്മദ് നൂറാനിയുടെ മരണ ശേഷം എം.എം.എയുടെ പ്രസിഡന്റായും അദ്ദേഹം നിര്‍ദ്ദേശിക്കപ്പെടുകയുണ്ടായി. പിന്നീട് എം.എം.എയുടെ പാര്‍ലമെന്റെറി നേതാവുമായിരുന്നു അദ്ദേഹം.
1985-ലും 1992-ലും സെനറ്ററായി അദ്ദേഹം നിയോഗിക്കപ്പെട്ടിരുന്നു. 2002-ല്‍ ദേശീയ അസംബ്ലിയിലെ അംഗമായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്വന്തം നാടായ നൗഷാരായിലും ലോവര്‍ ഡീറിലുമായി രണ്ട് മണ്ഡലങ്ങളില്‍ അദ്ദേഹം വിജയിച്ചിരുന്നു. ഒരു മണ്ഡലത്തില്‍ പതിനെട്ടായിരത്തിലധികം വോട്ടിനും രണ്ടാമത്തെ മണ്ഡലത്തില്‍ ഇരുപതിനായിരത്തിലധികം വോട്ടിനും അദ്ദേഹം വിജയിച്ചത് ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനമാണ് തെളിയിക്കുന്നത്.
അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തെ ഖാസി ഹുസൈന്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം പലതവണ പോലീസ് പീഡനത്തിന് വിധേയനായിട്ടുണ്ട്. അതുപോലെ ഇസ്‌ലാം വിരുദ്ധ സിനിമകള്‍ക്കെതിരെയും സര്‍ക്കാറിന്റെ ഇസ്‌ലാമിക വിരുദ്ധ പോളിസികള്‍ക്കെതിരെയും അദ്ദേഹം മരണംവരെ ശക്തമായ നിലപാടുകളായിരുന്നു സ്വീകരിച്ചിരുന്നത്. അദ്ദേഹത്തിന് നേരെ നടന്ന വധശ്രമങ്ങളില്‍ നിന്നും അദ്ദേഹം രക്ഷപ്പെട്ടിട്ടുണ്ട്. 2012 നവംബറില്‍ ഒരു പെണ്‍ചാവേറിന്റെ അക്രമത്തില്‍ നിന്നും അദ്ദേഹം തലനാരിഴക്ക് രക്ഷപ്പെട്ടിരുന്നു.

പാകിസ്ഥാനിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന് പ്രത്യേകിച്ചും ലോകഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് പൊതുവിലും വലിയ നഷ്ടമാണ് ഖാസി ഹുസൈന്റെ മരണം. ലോകപണ്ഡിതവേദിയിലെ അംഗമായ ഖാസി ഹുസൈന്റെ മരണം ഇസ്‌ലാമിക ലോകത്തിന് വലിയ നഷ്ടമാണെന്ന് പണ്ഡിതവേദി പത്രക്കുറിപ്പില്‍ അറിയിച്ചു. ഡോ. യൂസുഫുല്‍ ഖറദാവിയും ഡോ. അലി അല്‍ഖുറദാഇയും ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിലാണ് ഖാസി ഹുസൈനെ അനുസ്മരിച്ചത്. ഇഖ്‌വാന്‍ മുഖ്യകാര്യദര്‍ശി ഡോ. മുഹമ്മദുല്‍ ബദീഅ് ലോകഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ തീര്‍ക്കാനാകാത്ത നഷ്ടമാണെന്നാണ് ഹുസൈന്റെ മരണത്തെ വിശേഷിപ്പിച്ചത്.       
 

Related Articles