Current Date

Search
Close this search box.
Search
Close this search box.

കൊലവിളികള്‍ കേട്ടില്ലെന്ന് നടിക്കണോ ?

lie.jpg

ഇസ്രായേല്‍ ഫലസ്തീനികളെ കൊന്നാല്‍ അത് ശരിയും തിരിച്ചായാല്‍ അത് ഭീകരവും. ലോകം പുലര്‍ത്തിപ്പോരുന്ന ഒരു മനസ്സാണിത്. വെളുത്തവര്‍ കറുത്തവരെ വെടിവെച്ചു കൊന്നാല്‍ അതൊരു സാധാരണ വിഷയവുമാണ്. മറിച്ചു സംഭവിച്ചാല്‍ അതൊരു വാര്‍ത്ത മാത്രവും.  ദളിതരെ സവര്‍ണര്‍ ചുട്ടു കൊല്ലല്‍ അത്ര വലിയ സംഭവമല്ല. തിരിച്ചു സംഭവിച്ചാല്‍ അതിന്റെ ഭീകരത ഏറെ വലുതാണ്. മുസ്‌ലിമിനെ പശുവിന്റെ പേരില്‍ തല്ലിക്കൊന്നാല്‍ അതൊരു ആള്‍ക്കൂട്ട കൊലയാണ്. ഇതൊക്കെയാണ് നാട്ടു വിശേഷം.

കേരളം മുമ്പ് അങ്ങിനെ ആയിരുന്നില്ല. ഇന്ത്യയുടെ മറ്റു സ്ഥലങ്ങളില്‍ വര്‍ഗീയതയും വര്‍ഗീയ വാദികളും കയ്യടക്കിയപ്പോള്‍ കേരളം അതിന്റെ മതേതര സ്വഭാവം എന്നും കാത്തുപോന്നു. മുന്‍ സര്‍ക്കാര്‍ ഫാസിസ്റ്റുകളുമായി എന്തോ ചില സന്ധി ചെയ്തു എന്നതിന്റെ പേരില്‍ കൂടിയാണ് മതേതരമെന്നു ജനം വിശ്വസിച്ച ഇടതു സര്‍ക്കാരിനെ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്തിച്ചതും. കേന്ദ്രത്തില്‍ സംഘ്പരിവാര്‍ അധികാരത്തില്‍ വന്നപ്പോഴും നാം സമാധാനിച്ചു. കേരളത്തില്‍ ഒരു മതേതര സര്‍ക്കാരാണെന്ന്. പക്ഷെ നമ്മുടെ അടുത്തകാല അനുഭവം നല്‍കുന്ന പാഠം നമ്മെ നിരാശപ്പെടുത്തും. ഒരു കാലത്തുമില്ലാത്ത രീതിയില്‍ സംഘ് പരിവാര്‍ അഴിഞ്ഞാടുന്നതു നമുക്ക് കാണാം.

വര്‍ഗീയതയും സാമൂഹിക വിരുദ്ധതയും ആര് പറഞ്ഞാലും നമുക്ക് അംഗീകരിക്കുക വയ്യ. മുസ്‌ലിം പക്ഷത്തു നിന്നും ഉണ്ടാവുന്ന നിസാര വിഷയങ്ങള്‍ പോലും ഇടതു പക്ഷത്തിനു വലിയ വാര്‍ത്തയാകുന്നു. അതിന്റെ ശരികളും തെറ്റുകളും അവര്‍ പെട്ടെന്ന് തന്നെ  കണക്കു കൂട്ടി പറയുന്നു. പലപ്പോഴും ആ പറഞ്ഞവരിലും ചെയ്തവരിലും മാത്രം നില്‍ക്കാതെ സമുദായത്തെ മൊത്തം പ്രതിരോധത്തിലാക്കാന്‍ അവരും മതേതര ബുദ്ധി ജീവികളും തിരക്കുകൂട്ടുന്നു.

ഒരു സമൂഹത്തെ കലാപത്തിന് പ്രേരിപ്പിക്കുന്നതിനുള്ള ആഹ്വാനം കഴിഞ്ഞ ദിവസം നടത്തിയത് സംഘ്പരിവാര്‍ കുടുംബത്തിലെ ഒരു പ്രമുഖ അംഗമാണ്. അത് നമ്മുടെ ചാനലുകളിലൂടെ കേരളം കണ്ടതുമാണ്. തീര്‍ത്തും പ്രതിലോമകരമായ ഈ നിലപാടിനെ എതിര്‍ക്കാന്‍ ഒരാളെയും നേരത്തെ പറഞ്ഞ മതേതര ബുദ്ധി ജീവി വര്‍ഗത്തില്‍ നിന്നും കണ്ടില്ല. അപ്പോള്‍ ഒരു വിഭാഗത്തിന്റെ മാത്രം വിഷയമായി ഇതൊക്കെ സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇത്തരം കലാപ ആഹ്വാനങ്ങള്‍ നേര്‍ക്ക് നേരെ തന്നെ പൊലീസിന് കേസെടുക്കാം. പക്ഷെ പരാതി കൊടുത്തിട്ടും എന്ത് സംഭവിച്ചു എന്നറിയാന്‍ കാത്തിരിക്കണം.

കേരള സമൂഹത്തില്‍ തിന്മയെ പൊതു ബോധത്തില്‍ തളച്ചിടാനുള്ള ശ്രമം ചെറുത്തുതോല്‍പിക്കണം. ഒരു കൂട്ടരുടെ വിശ്വാസം പോലും അളന്നു തിട്ടപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ മറ്റു ചിലരുടെ കൊലവിളികള്‍ പോലും കേട്ടില്ലെന്നു നടിക്കുന്നത് വരാനിരിക്കുന്ന ദുരന്തത്തിന്റെ അടയാളമാണ്.

 

Related Articles