Current Date

Search
Close this search box.
Search
Close this search box.

കിഴക്കിന്റെ പ്രശ്‌നങ്ങള്‍ക്ക് പടിഞ്ഞാറ് ഒരു പരിഹാരമല്ല

ആകെ കുഴഞ്ഞ് മറിഞ്ഞ അവസ്ഥയിലാണിന്ന് അറബ് ലോകം. നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാശ്ചാത്യ സാമ്രാജ്യത്വ അധിനിവേശകര്‍ ശ്രദ്ധയോടെ വരച്ച കൃത്രിമ അതിര്‍ത്തി രേഖകള്‍ ഇന്ന് അര്‍ത്ഥശൂന്യമായി തീര്‍ന്നിരിക്കുന്നു. ഉഥ്മാനിയ സാമ്രാജ്യത്തെ മരണത്തിലേക്ക് തള്ളിവിട്ട് തങ്ങള്‍ ചെയ്തുകൂട്ടിയ അതിക്രമങ്ങളുടെ കയ്‌പ്പേറിയ അനന്തരഫലങ്ങള്‍ ഇന്ന് ബ്രിട്ടനും ഫ്രാന്‍സും രുചിച്ച് തുടങ്ങിയിട്ടുണ്ട്. നിങ്ങള്‍ വിതച്ചത് തന്നെയാണ് നിങ്ങള്‍ കൊയ്യുക.

നിരന്തരമായ പാശ്ചാത്യ ഇടപെടല്‍ കാരണമായുണ്ടായ ജനകൂട്ടത്തിന്റെ അസംതൃപ്തിയില്‍ നിന്നും വളര്‍ന്നു വരികയും വികസിക്കുകയും ചെയ്ത ഒരു ശത്രുവിനെ ഉന്മൂലനം ചെയ്യുന്നതിന് വേണ്ടിയാണ് ബ്രിട്ടനും മറ്റു യൂറോപ്യന്‍ ശക്തികളും അമേരിക്കക്കും റഷ്യക്കും ഒപ്പം നിന്ന് അറബ് മേഖലയില്‍ ബോംബാക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്.

അറബ് ജനത വീടുകള്‍ ഉപേക്ഷിച്ച് പോകുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല; യുദ്ധം മൂലം ഒരുപാട് പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു, വര്‍ഷങ്ങള്‍ക്ക് മുമ്പ് പാശ്ചാത്യശക്തികള്‍ തന്നെ അവരോധിച്ച ദുര്‍ഭരണക്കാരായ ഏകാധിപതികളില്‍ നിന്നും രക്ഷപ്പെടാനാണ് ചിലര്‍ നാടുവിട്ടോടുന്നത്. അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഐ.എസ്സിന്റെ ക്രൂരതകള്‍ക്കുള്ള ന്യായീകരണങ്ങളാണ് മറ്റു ചിലരെ ഭയപ്പെടുത്തുന്നത്. ചുരുക്കത്തില്‍, തങ്ങളുടെ ചരിത്രപരമായ രാജ്യാതിര്‍ത്തികള്‍ അറബികള്‍ ഇപ്പോഴും തിരിച്ചറിഞ്ഞ മട്ടില്ല.

ദശാബ്ദങ്ങളായുള്ള ദുര്‍ഭരണത്തിനും, യുദ്ധത്തിനും, അടിച്ചമര്‍ത്തലിനും ശേഷം യൂറോപ്പ് ലക്ഷ്യമാക്കി നീങ്ങുന്ന പതിനായിരക്കണക്കിന് വരുന്ന അഭയാര്‍ത്ഥികളുടെ പ്രതീക്ഷകളും, ഭാവിയും ഇനി ജനിക്കാന്‍ പോകുന്ന തലമുറകളും അവരില്‍ നിന്നും കവര്‍ച്ചചെയ്യപ്പെട്ടിരിക്കുകയാണ്. മീഡിലീസ്റ്റില്‍ നിന്നും ആളുകള്‍ പലായനം ചെയ്യുകയാണ്. കാരണം അവരുടെ സ്വത്വവും എവിടുത്തുകാരാണെന്ന ബോധ്യവും കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു. ഭൂമിശാസ്ത്രപരമായി വ്യത്യസ്ത പ്രദേശങ്ങളിലാണ് ജനിച്ചതെങ്കിലും, സിറിയ, ഇറാഖ്, ജോര്‍ദാന്‍, ലബനാന്‍, അറേബ്യന്‍ ഉപദ്വീപ് എന്നിവിടങ്ങളില്‍ നിന്നും വരുന്ന അഭയാര്‍ത്ഥികളുടെ കുടുംബപ്പേരുകളെല്ലാം ഒന്നാണ്. അറബ് ലോകത്തു നിന്നാണവര്‍ വരുന്നത്. ഒരിക്കല്‍ എല്ലാതരം ഏകാധിപത്യ, ദുര്‍ഭരണ വ്യവസ്ഥകളില്‍ നിന്നും മുക്തമായിരുന്ന ഇടം.

അറബ് വസന്തം പൊട്ടിപ്പുറപ്പെട്ടതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. പക്ഷെ ഭൂരിഭാഗം ജനങ്ങളും ജനാധിപത്യം പുലരണമെന്നല്ല ആഗ്രഹിച്ചത്, മറിച്ച് വിശ്വാസസംഹിതകള്‍ക്കും, ദേശീയതക്കും അതീതമായി അറബ് സ്വത്വത്തില്‍ അധിഷ്ഠിതമായ ഐക്യത്തിന്റെ പുനഃസ്ഥാപമാണ് അവര്‍ ആഗ്രഹിച്ചത്. മേഖലയിലെ ഏകാധിപതികളെല്ലാം അത് പുച്ഛത്തോടെ തള്ളികളഞ്ഞിരുന്നു.

സമയം പിറകോട്ട് തിരിക്കാന്‍ സാധിക്കില്ല; പഴയ അറബ് ലോകത്ത് നിന്നുള്ള അഭയാര്‍ത്ഥികളെ ജന്മനാട്ടിലേക്ക് തിരികെ പോകുന്നതിനെ കുറിച്ച് ബോധ്യപ്പെടുത്താന്‍ ചിലപ്പോള്‍ കഴിഞ്ഞെന്നു വരില്ല. കാരണം വളരെ ലളിതമാണ്. അവരുടെ വീടുകള്‍ എവിടെയാണെന്ന് അവര്‍ക്കിപ്പോള്‍ അറിയില്ല. അവയെല്ലാം തന്നെ പാശ്ചാത്യ രാഷ്ട്രങ്ങളുടെ ബോംബാക്രമണങ്ങളിലും, ഐ.എസ്സിന്റെ അതിക്രമങ്ങളിലും, ഏകാധിപതികളുടെ ദുര്‍ഭരണവും ഫലമായി തകര്‍ന്നടിഞ്ഞു കഴിഞ്ഞിരിക്കുന്നു.

അറബികളുടെ സമ്മതമില്ലാതെ രൂപംനല്‍കിയ കോളോണിയല്‍ അതിര്‍ത്തി രേഖകള്‍ക്ക് പിന്നില്‍ ജീവിക്കാനാണ് പാശ്ചാത്യ രാഷ്ട്രങ്ങള്‍ അറബികളെ നിര്‍ബന്ധിക്കുന്നത്. കൃത്യമായ നിര്‍ണ്ണിത അതിര്‍ത്തികളില്ലാതെ ലോകത്ത് നിലനില്‍ക്കുന്ന ഏകരാജ്യം ഇസ്രായേലാണെന്ന് ഒരു വിരോധാഭാസം തന്നെയാണ്. മറ്റൊരു പാശ്ചാത്യ നിര്‍മിതിയാണ് ഇസ്രായേല്‍. സിറിയ, ലബനാന്‍, അതുപോലെ ഫലസ്തീന്‍ എന്നീ രാജ്യങ്ങളുടെ ഭൂമി കൈയ്യേറിയാണ് ഇസ്രായേല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. സയണിസ്റ്റ് രാഷ്ട്രത്തിന്റെ തുടക്കവും ഒടുക്കവും കൃത്യമായി രേഖപ്പെടുത്തി കൊണ്ട് ഒരു ഭൂപടം നിര്‍മിക്കാന്‍ ലോകത്തുള്ള ഒരു ഭൂപടനിര്‍മാതാവിനും സാധിക്കില്ല.

അറബികളുടെ ഭൂമിയാണ് ഇസ്രായേല്‍ അന്യായമായി പിടിച്ചെടുത്തു കൊണ്ടിരിക്കുന്നത്. എല്ലാം സഹിക്കാനും നിശബ്ദത പാലിക്കാനുമാണ് അറബികള്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം. ബോംബുകളല്ല മറിച്ച് നീതിയാണ് അറബ് മേഖല ആവശ്യപ്പെടുന്നത്. ഇറാഖ് യുദ്ധത്തില്‍ നിന്നും പാഠം പഠിച്ചിട്ടുണ്ടാകുമെന്ന് നിങ്ങള്‍ കരുതിയേക്കാം, പക്ഷെ മുന്‍ഗാമികളെ പോലെ തന്നെ ഒരു യുദ്ധക്കൊതിയനെയാണ് ബറാക് ഒബാമയിലും ദര്‍ശിക്കാന്‍ സാധിക്കുന്നത്.

ഒന്നിനും കൊള്ളാത്തവരാണ് യൂറോപ്യന്‍ നേതാക്കള്‍. അവരാകെ ഭയത്തിലാണ് കഴിയുന്നത്. കാരണം ധാര്‍മികതയുടെ മൂടുപടമിട്ടു കൊണ്ട് നടത്തിയ സൈനിക അധിനിവേശങ്ങളെല്ലാം തന്നെ ഇപ്പോള്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുകയാണ്. അവരെ മാത്രമല്ല അത് ബാധിക്കുന്നത് പൗരന്മാരായ ഞങ്ങളെയും അത് വേട്ടയാടുന്നുണ്ട്. പാരീസ് ആക്രമണം, മാഡ്രിഡ് ബോംബാക്രമണം, 7/7, 9/11, വെടിവെച്ചിടപ്പെട്ട യാത്രാവിമാനങ്ങള്‍, അതീവസുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവമൂലം നമ്മുടെ തെരുവുകളെല്ലാം തന്നെ ഒരു യുദ്ധക്കളം പോലെയായിരിക്കുന്നു. വിദേശരാജ്യങ്ങളില്‍ യുക്തിദീക്ഷയില്ലാതെ നടത്തിയ അനാവശ്യ ഇടപെടലുകളുടെ നേരിട്ടുള്ള പ്രത്യാഘാതങ്ങളാണിതെല്ലാം.

സൈകസ്-പികോ ഉടമ്പടിയുടെ നൂറാം വാര്‍ഷികത്തിന് ഇനി ആറുമാസം കൂടിയേയുള്ളു. പ്രസ്തുത ഉടമ്പടിയുടെ പിന്‍ബലത്തിലാണ് ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് ഉഥ്മാനിയ സാമ്രാജ്യത്തിന്റെ അതിര്‍ത്തി വെട്ടിമുറിച്ച് മേഖലയെ തുണ്ടം തുണ്ടമാക്കിയത്. റഷ്യയുടെ പിന്തുണയോടെ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് നടത്തിയ വൃത്തികെട്ട ഒരു നീക്കമായിരുന്നു പ്രസ്തുത ഉടമ്പടി. സൈകസ്-പീകെ ഉടമ്പടിയുടെ നൂറാം വാര്‍ഷികം പാശ്ചാത്യ ഗവണ്‍മെന്റുകള്‍ക്ക് മുന്നില്‍ ഒരുപാട് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. 100 വര്‍ഷം മുമ്പ്, കൃത്രിമ അതിര്‍ത്തികളും, പുതിയ രാഷ്ട്രങ്ങളും, സാമ്രാജ്യങ്ങളും നിര്‍മിച്ചെടുത്ത് അറബ് ലോകത്തെ തുണ്ടം തുണ്ടമാക്കിയ തെറ്റിന് പ്രായശ്ചിത്തം ചെയ്യാനുള്ള അവസരമായി പാശ്ചാത്യരാഷ്ട്രങ്ങള്‍ ഈ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്തണം.

എങ്കില്‍ മാത്രമേ അറബ് ജനതക്കും നമുക്കം നല്ലൊരു ഭാവിയെ കുറിച്ച് പ്രത്യാശ പുലര്‍ത്താന്‍ സാധിക്കൂ. ഇതെല്ലാം കേവലം ഭ്രാന്തന്‍ ആശയങ്ങളായി തോന്നുന്നുണ്ടെങ്കില്‍, ഒരു രണ്ട് വര്‍ഷം പിന്നിലേക്ക് പോയി നോക്കുക. പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെയും അദ്ദേഹത്തിന്റെ സൈന്യത്തെയും ബോംബിട്ട് നശിപ്പിച്ചാല്‍ മാത്രമേ മേഖലയില്‍ സാമാധാനം പുലരുകയുള്ളൂവെന്നാണ് രണ്ട് വര്‍ഷം മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞത്; എ്ന്നാല്‍ ഇന്ന് അതേ ബശ്ശാറുല്‍ അസദിന്റെയും സഖ്യകക്ഷികളുടെയും സഹായത്തോടെ ഐ.എസിനെ ബോംബിട്ട് നശിപ്പിക്കാനാണ് കാമറൂണ്‍ ഇറങ്ങി തിരിച്ചിരിക്കുന്നത്.

മിഡിലീസ്റ്റില്‍ ഇന്ന് ഒരുപാട് പ്രശ്‌നങ്ങളുണ്ട്, ഐ.എസ് അതിനൊരു ഉദാഹരണമാണ്. പാശ്ചാത്യ രാഷ്ട്രങ്ങള്‍ക്ക് ഇതിനൊരു പരിഹാരം നല്‍കാന്‍ ഒരിക്കലും സാധിക്കില്ലെന്നതാണ് മേല്‍സൂചിപ്പിച്ചതിനേക്കാള്‍ വലിയ ഗുരുതരമായ പ്രശ്‌നം.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles