Current Date

Search
Close this search box.
Search
Close this search box.

കാലചക്രം തിരിയുന്നത് ഇസ്രായേലിനെതിരെയാണ്

netanyanu.jpg

ലോകത്തെ ഏറ്റവും വലിയ അപകടം ഇറാനും അതിന്റെ ആണവ പരീക്ഷണവുമാണെന്ന ധാരണ സൃഷ്ടിക്കാനാണ് കഴിഞ്ഞ നാല് വര്‍ഷമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹു ശ്രമിച്ച് കൊണ്ടേയിരുന്നത്. മറ്റേത് പ്രശ്‌നത്തേക്കാളും, പ്രത്യേകിച്ചും ഫലസ്തീന്‍ പ്രശ്‌നത്തേക്കാളും പരിഗണന നല്‍കേണ്ടത് അതാണെന്നും, മറ്റുള്ളവ അത്രത്തോളം അപകടകരമോ, പരിഗണനീയമോ അല്ല എന്നും അദ്ദേഹം ആവര്‍ത്തിച്ച് കൊണ്ടേയിരുന്നു.

ഈ ശ്രമത്തില്‍ നെതന്യാഹു വിജയിച്ചു എന്നത് ദുഖകരമാണ്. ലോകത്തിന്റെ കണ്ണുകള്‍ ഇറാനിന് മേല്‍ കേന്ദ്രീകരിക്കപ്പെട്ടു. ഈ ഉദ്യമത്തില്‍ അറബ് രാഷ്ട്രങ്ങള്‍ അയാളെ സഹായിച്ചു. തങ്ങളുടെ ഒരു ലക്ഷത്തി അറുപതിനായിരത്തോളം വരുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് മാസാന്ത ശമ്പളം നല്‍കാന്‍ വകയില്ലാതെ ഫലസ്തീന്‍ ഭരണകൂടം കഷ്ടപ്പെട്ട് കൊണ്ടിരിക്കുമ്പോഴാണ് ഇതെന്ന് നാമോര്‍ക്കണം.

ഇറാന്റെ അപകടമണി മുഴക്കുകയും, അതോടൊപ്പം അധിനിവിഷ്ട ഖുദ്‌സില്‍ ജൂത കുടിയിരുത്തലിന് നേതൃത്വം നല്‍കുകയുമാണ് കഴിഞ്ഞ നാല് വര്‍ഷമായി ഇയാളുടെ മുഖ്യ ഏര്‍പാട്. ഫലസ്തീന്‍ ഭരണകൂടത്തിന്റെയോ, അറബ് ഭരണകൂടങ്ങളുടെ തന്നെയോ യാതൊരു പ്രതികാരനടപടിയും പ്രതീക്ഷിക്കാതെ സമാധാനത്തോടെ ജൂത കുടിയിരുത്തല്‍ നടത്താന്‍ ഇറാനെതിരായ പ്രചരണം മുഖേനെ അദ്ദേഹത്തിന് സാധിച്ചു. തെരഞ്ഞെടുപ്പിന് മുമ്പുള്ള തന്റെ ഭരണകാലത്ത് ജൂതലോബിയെ പ്രകോപിപ്പിക്കുന്ന ഒരു തീരുമാനവും എടുക്കാന്‍ തയ്യാറാവാതിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണദൗര്‍ബല്യവും അദ്ദേഹം ഇക്കാര്യത്തില്‍ മുതലെടുത്തു.

അതിനിടെയാണ് ഫലസ്തീന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ജനകീയ പ്രസ്ഥാനങ്ങളിലൊന്ന്, ഗസ്സ അതിര്‍ത്തിയിലെത്തിയ ഇസ്രായേല്‍ സൈന്യത്തിന്റെ ടാങ്കറിന് നേരെ ഒരു മിസൈല്‍ തൊടുത്ത് വിട്ടത്. നാല് ഇസ്രായേല്‍ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും അവരില്‍ രണ്ട് പേര്‍ ഗുരുതരാവസ്ഥയിലെത്തുകയും ചെയ്തു. ഈ ആക്രമണം ഇസ്രായേലിനെ ഞെട്ടിക്കുകയും, അസ്വസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

കേവലം നാല് പേര്‍ക്ക് മാത്രം പരിക്കേറ്റ ആക്രമണത്തില്‍ ഭയപ്പെടാനെന്തിരിക്കുന്നു എന്നത് ലളിതമായ ചോദ്യമാണ്. എന്നാല്‍ ആക്രമണത്തിന്റെ കാര്യത്തിലല്ല അവരുടെ ആശങ്ക. മറിച്ച് അതിനുപയോഗിച്ച മിസൈല്‍ അത്യാധുനികമായി വികസിപ്പിച്ചെടുത്തതാണ് എന്ന കാര്യമാണ് ഇസ്രായേലിനെ അലട്ടുന്നത്. മാത്രമല്ല, ഫലസ്തീന്‍ പ്രസിഡന്റ് സായുധ പോരാട്ടം നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ച അതേ രാവില്‍ തന്നെ നെതന്യാഹുവിനെ വെല്ലുവിളിച്ച് വെടിപൊട്ടിക്കാന്‍ തക്ക ധൈര്യവും തന്റേടവുമുള്ളവര്‍ ഫലസ്തീന്‍ മുന്നണിയിലുണ്ടെന്നും ഈ സംഭവം അരക്കിട്ടുറപ്പിക്കുന്നു. മൂന്നാമതൊരു ഇന്‍തിഫാള നന്നേ ചെറിയ രൂപത്തില്‍ പോലും നടക്കില്ലെന്ന മഹ്മൂദ് അബ്ബാസിന്റെ വാഗ്ദാനത്തെ വൃഥാവിലാക്കാന്‍ പര്യാപ്തമാണ് ഈ ആക്രമണം.

ഇസ്രായേല്‍ തങ്ങളുടെ യുദ്ധവിമാനങ്ങളെ അയച്ച് ഗസ്സ ഇടിച്ച് നിരത്തി. ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ചെറുത്ത് നില്‍പ് പ്രസ്ഥാനങ്ങള്‍ ഇസ്രായേലിലെ അസ്‌ഡോഡ്, അസ്ഖലാന്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് മിസൈലയച്ച് പ്രത്യാകമണവും നടത്തി. അവയില്‍ റഷ്യന്‍ നിര്‍മിതങ്ങളായ ബി എം 21 മിസൈലുകളുമുണ്ടായിരുന്നുവത്രെ.

ഇസ്രായേല്‍ സൈനികരുടെ പെട്രോളിംഗിന് നേരെ ആക്രമണം നടത്തുകയാണ് ഫലസ്തീനികള്‍. തിരിച്ചടിയെന്നോണം ഇസ്രായേല്‍ സിവിലിയന്‍മാരെ കൊന്നൊടുക്കുന്നു. ഇരുവിഭാഗത്തിന്റെ ധാര്‍മികതയുടെ വ്യത്യാസം പ്രകടമാവുന്ന രണ്ട് സമീപനങ്ങളാണിത്.

അറബികളുടെ ‘കാടത്ത’ത്തിന് മുന്നില്‍ ജനാധിപത്യവും, സംസ്‌കാരവും അവകാശപ്പെടുന്നവരാണ് ഈ ഇസ്രായേല്യര്‍ എന്ന് നമുക്കറിയാം. വിപുലീകരണത്തിന് തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് നെതന്യാഹു പ്രഖ്യാപിച്ച് കഴിഞ്ഞു. കൂടുതല്‍ ടാങ്കുകള്‍ ഗസ്സയിലേക്ക് അയക്കാനുള്ള സാധ്യത സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഫലസ്തീനികള്‍ ഈ ഭീഷണികളൊന്നും വകവെക്കുന്നേയില്ല. ഇത്തവണ പ്രതികരണം മുമ്പത്തേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്നാണ് അവര്‍ ഉറപ്പിച്ച് പറയുന്നത്. അവര്‍ക്ക് ലിബിയയില്‍ നിന്നും സീനാ മരുഭൂമിയിലൂടെ ആയുധങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഗസ്സ ഭരിക്കുന്ന ഹമാസ് പ്രദേശത്ത് മറ്റൊരു യുദ്ധത്തിന് തയ്യാറായേക്കില്ല എന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ അവിടെ മറ്റ് പല ഗ്രൂപ്പുകളുമുണ്ട്. ഇടതുപക്ഷ ജനകീയ മുന്നണികള്‍, അവരാവട്ടെ തീവ്ര ഇസ്‌ലാമിസ്റ്റുകളുമാണ്. നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാര്‍ നെതന്യാഹുവിനും, അദ്ദേഹത്തെ പിന്തുണക്കുന്ന വലതുപക്ഷ സഖ്യത്തിനും അനുകൂലമാണെന്നാണ് ഈ സംഘടനകളുടെ അഭിപ്രായം. വിശിഷ്യാ, ഇസ്രായേല്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷത്തിന്റെ ആരംഭത്തില്‍ നടക്കാനിരിക്കെ.

എന്നാല്‍ ഗസ്സയില്‍ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്ന വിവരമനുസരിച്ച് ഹമാസിന്റെ നയം വിമര്‍ശിക്കപ്പെട്ട് കൊണ്ടിരിക്കുകയും, ജനകീയത പിന്നോട്ടടിച്ച് കൊണ്ടിരിക്കുകയുമാണ്. ഇരുപത് ലക്ഷത്തോളം വരുന്ന ഫലസ്തീനികള്‍ ഉപരോധത്തിന് കീഴില്‍ പ്രയാസകരമായ ജീവിതമാണ് നയിക്കുന്നത്. പരിമിതമായ അര്‍ത്ഥത്തിലാണെങ്കില്‍ പോലും ചില വൈറസുകള്‍ ഹമാസ് ഭരണകൂടത്തിലും നുഴഞ്ഞ് കയറിയിരിക്കുന്നുവെന്നും അവിടത്തെ ജനത വിലയിരുത്തുന്നു.

അതേസമയം, യു എന്‍ ഒയില്‍ ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്രത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്ന മഹ്മൂദ് അബ്ബാസിന് വിഷമം സൃഷ്ടിക്കുന്നതാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന സംഘട്ടനം. വളരെയധികം അഭിനിവേശത്തോട് കൂടി അദ്ദേഹം ഉറ്റുനോക്കുന്ന ഒരു കാര്യമാണ് സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമെന്നത്. ഒട്ടേറെ പരാജയങ്ങള്‍ക്ക് പകരമായി ഈ നേട്ടം ഞാന്‍ കൈവരിക്കുമെന്നാണ് അദ്ദേഹം ഫലസ്തീന്‍ ജനതയോട് പറയുന്നത്.
തങ്ങളുടെ ഗ്രാമത്തിലേക്ക് അല്ലെങ്കില്‍ പട്ടണത്തിലേക്ക് മടങ്ങാന്‍ വെമ്പലില്ലാത്ത ഒരു ഫലസ്തീനിയെയും നെതന്യാഹുവിന് ഗസ്സയില്‍ കാണാനാവില്ല. തങ്ങളുടെ ചെറുത്ത് നില്‍പിലൂടെ ഫലസ്തീന്‍ പ്രശ്‌നത്തെ മുഖ്യധാരയിലേക്ക് കൊണ്ട് വന്നിരിക്കുകയാണ് ഗസ്സാനിവാസികള്‍. ഇതാവട്ടെ, നെതന്യാഹുവും ഒബാമയും കേള്‍ക്കാനാഗ്രഹിക്കുന്ന വാര്‍ത്തയല്ല.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 

Related Articles