Current Date

Search
Close this search box.
Search
Close this search box.

കഴുത്തിന് പിടിക്കുന്ന അമേരിക്ക

america.jpg

2003-ലാണ് അമേരിക്കന്‍ സൈന്യം ഇറാഖില്‍ പ്രവേശിച്ച് സദ്ദാം ഹുസൈന്റെ ഭരണകൂടത്തെ തുടച്ച് നീക്കിയത്. അക്കാലത്ത് അറബ്-മൂന്നാം ലോക രാഷ്ട്രങ്ങളില്‍ നിലനിന്നിരുന്ന ഏറ്റവും വൃത്തികെട്ട ഭരണക്രമമായിരുന്നു അത്. ഒരേ സമയം അധിനിവേശവും, സ്വാതന്ത്ര്യവും സംയോജിപ്പിച്ച നടപടിയെന്നായിരുന്നു അതേക്കുറിച്ച് പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍പോലും, ഇറാഖികളുടെ രക്തം പിഴുഞ്ഞെടുത്ത, അവിടത്തെ പെട്രോളും മറ്റ് സമ്പത്തും, ഒരു പക്ഷേ അവിടത്തെ വായു പോലും അപഹരിച്ച അമേരിക്കന്‍ നയം ശക്തമായി നിരൂപിക്കപ്പെടുകയും, വിമര്‍ശിക്കപ്പെടുകയും ചെയ്തു. ലോകാവസാനം കുറിക്കുന്ന നന്മയും തിന്മയും തമ്മിലുള്ള അന്തിമ യുദ്ധത്തിന്റെ ഫലമായി ആട്ടിയോടിക്കപ്പെടുന്നത് വരെ ഒരു പക്ഷെ അവരവിടെ അവശേഷിച്ചേക്കാം.

പ്രശസ്തമായ പ്രസ്തുത അപഗ്രഥനങ്ങള്‍, കഴിഞ്ഞ അരനൂറ്റാണ്ടിന്റെ അനുഭവങ്ങള്‍ മുന്നില്‍വെച്ചുള്ളതാണ്. അമേരിക്കയെന്തന്നെത് വളരെ സുഗ്രാഹ്യമായ, മുഖവുര ആവശ്യമില്ലാത്ത കാര്യമാണ്. അവരുടെ നിലപാടുകള്‍ ഇസ്രായേലിന്റെ ഉലയില്‍ ഊതിയെടുക്കുന്നതാണ്. അവയെല്ലാം തിന്മ മാത്രമാണെന്ന് കഴിഞ്ഞ് പോയതില്‍ നിന്നും, നടന്ന് കൊണ്ടിരിക്കുന്നതില്‍ നിന്നും വ്യക്തമാണ്. പിശാചില്‍ നിന്നും പൈശാചികമായതല്ലേ ഉറപൊട്ടുക.

യഥാര്‍ത്ഥത്തില്‍ അമേരിക്ക അത്ര വലിയ രാഷ്ട്രീയ ശക്തിയോ, രാഷ്ട്ര ഘടനയോ അല്ല. മറിച്ച് ശപിക്കപ്പെട്ട പിശാച് മാത്രമാണ്.  അവിടം സന്ദര്‍ശിക്കാനും, അവിടെ ചെന്ന് പഠിക്കാനും, ജോലി ചെയ്യാനും, അവരുടെ പ്രശസ്തമായ പച്ചക്കാര്‍ഡ് -അമേരിക്കയില്‍ താമസിക്കാനുള്ള അംഗീകാരം- നേടിയെടുക്കാനും അറബ് ലോകത്ത് നിന്ന് നിരന്തരമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ട് പോലും പ്രസ്തുത പൈശാചിക വേഷം മാറ്റാന്‍ അവര്‍ തയ്യാറായിട്ടില്ല. ഇറാഖിന്റെയും, ഇറാഖികളുടെയും കഴുത്തിന് പിടിക്കാന്‍ അമേരിക്കയെന്ന പിശാചിന് കഴിഞ്ഞുവെന്നത് ശരി തന്നെയാണ്. കൂടാതെ ഏതാനും അറബ് രാഷ്ട്രങ്ങളെ കീഴ്‌പെടുത്താനും അതിന് സാധിച്ചിരിക്കാം.. അല്ലാഹുവില്‍ ശരണം..

കാലം കുറച്ച് കൂടി മുന്നോട്ട് പോയി. അപ്പോഴുണ്ട് ഇറാന്‍ രംഗത്തെത്തിയിരിക്കുന്നു. ആദ്യകാല നാഗരികതയുടെ കളിത്തൊട്ടിലായ ഇറാഖില്‍ അധിനിവേശ സൈന്യം നിലനില്‍ക്കെ, അവിടെ അമേരിക്ക വല്യേട്ടന്‍ ചമഞ്ഞ് രംഗത്തുണ്ടായിരിക്കെയാണിത്. അവിടത്തെ രാഷ്ട്രീയ-നേതൃ രൂപീകരണത്തില്‍ മുഖ്യപങ്ക് അമേരിക്കക്ക് തന്നെയാണെന്നതില്‍ സംശയമില്ല. തെഹ്‌റാനെ സംബന്ധിച്ചിടത്തോളം സാമ്പത്തികവും, മതപരവും, മദ്ഹബീപരവുമായ ധാരാളം നേട്ടങ്ങള്‍ മറുവശത്തും. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനത്തില്‍ അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍വാങ്ങിയതേയുള്ളൂ, അപ്പോഴേക്കും ഇറാഖിന്റെ ഏറ്റവും നിസ്സാരമായ എല്ലാ തീരുമാനങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍ രംഗത്ത് വന്നു കഴിഞ്ഞു. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ഒന്നാം നമ്പര്‍ ശത്രു ഇറാനാണെന്ന് വ്യക്തം.

അതുകൊണ്ടും അവസാനിച്ചില്ല കാര്യം. ലോകത്തെ എല്ലാ വേദികളിലും അമേരിക്കയുടെ മുഖ്യ പ്രതിയോഗിയായി സ്വയം അവരോധിതരായ റഷ്യ, ഇറാഖ് പ്രധാനമന്ത്രി നൂരി മാലികിയെ തങ്ങളുടെ നാട്ടില്‍ സ്വീകരിച്ചാനയിച്ചു. 4.2 ബില്യണ്‍ ഡോളറിന്റെ കച്ചവടക്കരാറില്‍ അവര്‍ ഒപ്പ് വെച്ചു. അവിടത്തെ പെട്രോളിന്റെ കാര്യത്തില്‍ റഷ്യക്ക് നിക്ഷിപ്ത താല്‍പര്യങ്ങളുണ്ട്. അവരുടെ വരുമാനവുമായി ബന്ധപ്പെട്ട മുഖ്യഘടകം തന്നെയാണത്. അമേരിക്കയെക്കാള്‍ കൂടുതല്‍ ഇതുവരെ അതില്‍ നിന്ന്  ആദായം പറ്റിയിരുന്നത് ചൈനക്കാരായിരുന്നു. ബഗ്ദാദും ബീജിംഗും ചേര്‍ന്ന് 2011-ല്‍ പരസ്പര സാമ്പത്തിക സഹകരണക്കരാറില്‍ ഒപ്പ് വെച്ചത് അതിനെ തുടര്‍ന്നായിരുന്നു. അക്കാലത്ത് അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍വാങ്ങല്‍ പൂര്‍ണമായിട്ടില്ലായിരുന്നു. തല്‍ഫലമായി പാശ്ചാത്യന്‍ കമ്പനികള്‍ക്ക് ലഭിക്കാത്ത മഹത്തായ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ചൈനീസ് കച്ചവടക്കമ്പനികള്‍ക്ക് സാധിച്ചു. കാരണം ചൈനയിലെ കച്ചവടക്കമ്പനികളുമായുള്ള കരാര്‍ ചൈനീസ് ഭരണകൂടത്തോടുള്ള കരാറിന് തുല്യമാണ്. ചൈനയിലെ കച്ചവട സ്ഥാപനങ്ങളുടെ നിയന്ത്രണം പൂര്‍ണമായും ഭരണകൂടത്തിന്റെ കയ്യിലാണല്ലോ. എന്നാല്‍ അമേരിക്കയിലും യൂറോപ്പിലും അപ്രകാരമല്ല. പെട്രോള്‍ ഉല്‍പാദിക്കുന്നതിന് സഹായകമായ ഭീമന്‍ നിക്ഷേപങ്ങളാണ് ചൈന ഇറാഖില്‍ നടത്തിയത്. സദ്ദാമിന് ശേഷം ആദ്യമായി ഇറാഖില്‍ പെട്രോള്‍ കമ്പനി തുടങ്ങിയത് ചൈനീസ് നാഷണല്‍ ഓയില്‍ കമ്പനിയായിരുന്നുവെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

നിലനില്‍ക്കുന്ന ചില വസ്തുതകളാണിവ. അമേരിക്കയെയും, മറ്റുള്ളവരുടെ കഴുത്തിന് പിടിക്കുന്ന അവരുടെ തോന്നിവാസത്തെയും കുറിച്ച അറബ് ലോകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകളെയോ, അതിന്റെ വക്താക്കളെയോ നിസ്സാരമാക്കേണ്ടതില്ല. അവ മുമ്പ് തന്നെ ഒരുപാട് ആവര്‍ത്തിക്കപ്പെട്ടതാണ്. പക്ഷെ അവയൊന്നും തന്നെ സമൂഹമനസ്സില്‍ ഗൗരവതരത്തില്‍ പരിഗണിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

 

Related Articles