Current Date

Search
Close this search box.
Search
Close this search box.

ഒബാമയെ കാത്തിരിക്കുന്ന പ്രതിസന്ധികള്‍

obama.jpg

തന്റെ രണ്ടാം ഊഴത്തില്‍ ഒബാമ നടത്തിയ ചരിത്രപരമായ പ്രഭാഷണത്തില്‍ അറബ് ലോകവുമായി ബന്ധപ്പെട്ട രണ്ട് കാര്യങ്ങളാണ് ഊന്നിപ്പറഞ്ഞത്.

1. അമേരിക്കയുടെ വിദേശ യുദ്ധകാലഘട്ടം അവസാനിച്ചിരിക്കുന്നു. സൈനിക ശക്തി ഉപയോഗിച്ച് അഫ്ഗാനിസ്ഥാന്‍, ഇറാഖ്, ലിബിയ തുടങ്ങിയ രാഷ്ട്രങ്ങളിലെ വ്യവസ്ഥകള്‍ മാറ്റിയ യുദ്ധങ്ങളെക്കുറിച്ചാണ് അദ്ദേഹം നല്‍കുന്ന സൂചന.  
2. പശ്ചിമേഷ്യയിലെ പെട്രോളിനെ അവലംബിക്കുന്ന നയം തിരുത്തുക. ‘വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന പെട്രോളിനെ മാറ്റി, സ്വയംപര്യാപ്തത കൈവരിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇരുപത്തഞ്ച് മിനുറ്റ് നീണ്ട തന്റെ പ്രഭാഷണത്തിലുട നീളം വളരെ തികഞ്ഞ ആസൂത്രണത്തേടെയാണ് ഒബാമ സംസാരിച്ചത്. അറബ് ദേശത്തെയോ അവിടത്തെ പ്രതിസന്ധിയെക്കുറിച്ചോ അദ്ദേഹം ഒരക്ഷരം പോലും ഉരിയാടിയില്ല. ഇസ്രായേല്‍, ഇറാന്റെ ആണവപരീക്ഷണങ്ങള്‍, അതിനോടുള്ള സമീപനം തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം പൂര്‍ണമായും മൗനം ദീക്ഷിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇക്കാര്യങ്ങള്‍ കൂടുതല്‍ കാലം അവഗണിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞേക്കില്ല. സിറിയയില്‍ പ്രതിസന്ധി മൂര്‍ഛിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും.

ഒബാമയുടെ വിജയത്തെക്കുറിച്ചും, റോംനിയുടെ പരാജയത്തെക്കുറിച്ചും ഭിന്നാഭിപ്രായങ്ങളുണ്ടാവുകയെന്നത് സ്വാഭാവികമാണ്. ഒബാമയുടെ വിജയത്തില്‍, അതിനേക്കാളുപരി റോംനിയുടെ പരാജയത്തില്‍ ആശ്വസിക്കുന്നവര്‍ ധാരാളമാണ്. സംഭവിച്ചതിന് വിപരീതമായി കാര്യങ്ങളുണ്ടാവേണ്ടിയിരുന്നുവെന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. എല്ലാവര്‍ക്കും തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങളും നയങ്ങളുമുണ്ട്.

സൗദി അറേബ്യയും, മിക്ക ഗല്‍ഫ് രാഷ്ടങ്ങളും മുന്‍പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെ മറ്റൊരു പതിപ്പായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മീറ്റ് റോംനിയുടെ വിജയമായിരുന്നു ആഗ്രഹിച്ചിരുന്നത്. അയാളായിരുന്നുവല്ലോ ഇറാഖ് അധിനിനിവേശം നടത്തുകയും, സദ്ദാം ഭരണത്തെ തുടച്ച് നീക്കുകയും ചെയ്തതും, തീവ്രവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതും. സെനറ്റര്‍ റോംനിയാവട്ടെ ഇറാനെതിരായ യുദ്ധത്തിന് വേണ്ടി ചെണ്ട കൊട്ടി തുടങ്ങിയിരുന്നു താനും. മാത്രമല്ല, സിറിയയിലെ ബശ്ശാറുല്‍ അസദിനെ തുടച്ച് നീക്കാന്‍ സൈനികമായി ഇടപെട്ടില്ല കാരണത്താല്‍ തന്റെ പ്രതിയോഗി ഒബാമയെ ശക്തമായി വിമര്‍ശിക്കുക കൂടി ചെയ്തു അദ്ദേഹം. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ പരാജയം ഈ രാഷ്ട്രങ്ങളുടെ തലസ്ഥാന നഗരിയുടെ സ്വപ്‌നങ്ങളെയാണ് തകര്‍ത്തത്.

ഗള്‍ഫ് രാഷ്ട്രങ്ങളുടെ മാത്രമല്ല, ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹുവിന്റെ സ്വപ്‌നങ്ങളും കൂടെ തകര്‍ന്നു പോയി. തന്റെ എല്ലാ മുട്ടയും റോംനിയുടെ കൊട്ടയില്‍ വെച്ച് ഒബാമക്കെതിരെ ഇറാന്‍ ആണവപരീക്ഷണത്തിന്റെ പേരില്‍ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടു അദ്ദേഹം. എന്നാല്‍ ഒബാമയാവട്ടെ, സംഘട്ടിനത്തിന് പകരം സംയമനത്തിനാണ് മുന്‍ഗണന നല്‍കിയത്. അതിനാല്‍ തന്നെ, ഒബാമയുടെ വിജയത്തെക്കുറിച്ച് യാതൊരു പ്രസ്താവനകളുമിറക്കരുതെന്നാണ് നെതന്യാഹു തന്റെ മന്ത്രിമാര്‍ക്ക് നല്‍കിയ കര്‍ശന നിര്‍ദ്ദേശനം.

മറ്റേത് അമേരിക്കന്‍ പ്രസിഡന്റും നല്‍കിയതിനേക്കാള്‍ കൂടുതല്‍ ഇസ്രായേലിന് സൈനിക സഹായം നല്‍കിയത് ഒബാമയാണ്. നെതന്യാഹുവിന്റെ എല്ലാ കല്‍പനകളും വിധേയത്വത്തോടെ അനുസരിച്ചു അദ്ദേഹം. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒന്നിന് പിറകെ മറ്റൊന്നായി ധാരാളം നിന്ദ്യതകള്‍ സഹിച്ചു.

എന്നാല്‍ രണ്ടാം വരവില്‍ കാര്യം അപ്രകാരമല്ല. നെതന്യാഹുവിനെ അന്ധമായി പിന്തുണക്കുന്ന ജൂതലോബിയുടെ സമ്മര്‍ദ്ധത്തില്‍ നിന്നും പൂര്‍ണ സ്വാതന്ത്ര്യം നേടിയിരിക്കുന്നു ഒബാമ. ഇസ്രായേല്‍ ഗവണ്‍മെന്റുമായുള്ള തന്റെ നിലപാടുകള്‍ മാറ്റിയാല്‍ പോലും അദ്ദേഹത്തിന് യാതൊരു നഷ്ടവും സംഭവിച്ചേക്കില്ല. റിപ്പബ്ലിക്കുകള്‍ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ്സിന് മേല്‍ നെതന്യാഹുവിന് സ്വാധീനമുണ്ട് എന്നത് മാത്രമാണ് കുറച്ചെങ്കിലും ഒബാമക്ക് പ്രതിബന്ധമാവുക.

പ്രസിഡന്റ് പദവിയില്‍ രണ്ടാമതും ഉപവിഷ്ഠനായ ഒബാമക്ക് മുന്നില്‍ തിളച്ച്മറിയുന്ന നാലു പ്രശ്‌നങ്ങളാണ് കൈകാര്യം ചെയ്യാനുള്ളത്.
1. സിറിയന്‍ പ്രശ്‌നം: അദ്ദേഹം സിറിയയില്‍ സൈനികമായി ഇടപെടുമോ, അതോ പിന്നില്‍ നിന്ന് നിയന്ത്രിക്കുന്ന ശൈലി സ്വീകരിക്കുമോ എന്നുള്ളതാണ് ചോദ്യം. അതായത് ലിബിയയില്‍ ചെയ്തത് പോലെ സൈനിക ഇടപെടല്‍ തുര്‍ക്കി, ജോര്‍ദാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ക്ക് വിട്ട് പിന്നില്‍ ചരട് വലിക്കാനായിരിക്കുമോ അദ്ദേഹത്തിന്റെ പദ്ധതി. സിറിയന്‍ പോരാളികള്‍ക്ക് നേരിട്ടോ, ഗള്‍ഫ് രാഷ്ട്രങ്ങള്‍ മുഖേനയോ ആധുനിക വികസിത ആയുധങ്ങള്‍ നല്‍കി ഒബാമ സഹായിച്ചേക്കുമെന്ന് കരുതുന്നവരുണ്ട്.

2. ഇറാന്‍ പ്രശ്‌നം: ഇന്നലെ അദ്ദേഹം നടത്തിയ പ്രഭാഷണത്തില്‍ നിന്നും വ്യക്തമാവുന്നത് ഇറാന്‍ വിഷയത്തില്‍ സൈനിക ആക്രമണത്തേക്കാള്‍ അദ്ദേഹം മുന്‍ഗണന നല്‍കുന്നത് സാമ്പത്തിക ഉപരോധത്തിനാണ് എന്നതാണ്. സൈനിക ഇടപെടല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് ശേഷമാകാമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി അദ്ദേഹം വ്യവസ്ഥ ചെയ്തിട്ടുണ്ടോ എന്ന് നമുക്കറിവില്ല.

3. സൈനികാക്രമണം ഏറ്റവും ഒടുവിലത്തെ അഭയമായാണ് ഒബാമ മനസ്സിലാക്കുന്നത്. അതോടൊപ്പം തന്നെ യുദ്ധം വഞ്ചനയുമാണ്. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കേന്ദ്രീകരിച്ചിട്ടുള്ള ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക സജ്ജീകരണങ്ങള്‍ സൈനിക നടപടി വിദൂരമല്ല എന്ന് തന്നെയാണ് കുറിക്കുന്നത്.

4. പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങള്‍: അദ്ദേഹം കാപട്യം കാണിക്കാത്തപക്ഷം മരണാസന്നമായി ജീവിക്കുന്ന രണ്ട് രാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തന്റെ ബാധ്യതയായി കാണേണ്ടത് തന്നെയാണ്. പക്ഷെ, ഇക്കാര്യം പരിഗണിക്കാന്‍ ഫലസ്തീന്റെയോ, അറബ് രാഷ്ട്രങ്ങളില്‍ നിന്നോ യാതൊരു സമ്മര്‍ദ്ധവും അദ്ദേഹത്തിന്റെ മേലില്ല എന്നതാണ് വസ്തുത. ഫലസ്തീന്‍ ഭരണകൂടം സാമ്പത്തികവും, രാഷ്ട്രീയവുമായി ശുഷ്‌കിച്ച അവസ്ഥയിലാണ്. അവരുടെ പ്രസിഡന്റാവട്ടെ, ആര്‍ജവമില്ലാത്ത, തന്റെ നിലപാടുകളില്‍ നിന്ന് പിന്നാക്കം പോവുന്ന, അനുയായികള്‍ക്ക് പോലും വിശ്വാസമില്ലാത്ത ഒരു ദുര്‍ബലനുമാണ്.

5. ഇസ്‌ലാമിക രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുള്ള സമീപനം: തുനീഷ്യയിലും ഈജിപ്തിലും ബാലറ്റിലൂടെ അധികാരത്തിലേറിയ മിതവാദികളായ ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടും, ലബിയ, സിറിയ, യമന്‍, ആഫ്രിക്ക, മാലി എന്നിവയുടെ തീരപ്രദേശങ്ങള്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഖാഇദ പോലുള്ള തീവ്ര നിലപാട് പുലര്‍ത്തുന്ന സംഘടനകളോടും സ്വീകരിക്കേണ്ട നിലപാട് അദ്ദേഹത്തിന്റെ മുന്നില്‍ വെല്ലുവിളി തന്നെയാണ്.  

അമേരിക്കയുടെ ഏറ്റവും വലിയ, ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന അബദ്ധം അതിന്റെ സൈനിക ഇടപെടല്‍ അടിസ്ഥാന രോഗത്തിന്റെ -ഭരണ വ്യവസ്ഥകളുടെ മാറ്റം- ചികിത്സയില്‍ വിജയിക്കുന്നതോടൊപ്പം തന്നെ, അതിനേക്കാള്‍ അപകടകരമായ മറ്റ് പല പ്രതിഫലനങ്ങളും ഉളവാക്കുന്നുവെന്നതാണ്. ഇപ്പോള്‍ ലിബിയയിലും, മുമ്പ് അഫ്ഗാനിലും ഇറാഖിലും സംഭവിച്ചത് അതാണ്.

ഒബാമയെ സംബന്ധിച്ചിടത്തോളം തന്റെ രണ്ടാമൂഴം ഒന്നാമത്തേതിനേക്കാള്‍ കടുത്തതാവാനാണ് സാധ്യത. കുഴിബോംബുകള്‍ കൊണ്ട് നിറഞ്ഞ വര്‍ഷങ്ങളാണ് മുന്നിലുള്ളത്. പ്രത്യേകിച്ചും, അമേരിക്ക ലോകത്തെ ഒരേയൊരു ശക്തിയായിരുന്ന കാലം കഴിഞ്ഞിരിക്കെ. അതികായന്മാരായ ചൈനയും, പഴയ പ്രതാപത്തിലേക്ക് തിരിച്ച് നടക്കുന്ന റഷ്യയും ലോകത്ത് ആധിപത്യം സ്ഥാപിക്കാന്‍ മുന്നിലുണ്ട്. ഇന്ത്യയും, ബ്രസീലും, തെക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളും തൊട്ട് പിറകെ മത്സരിക്കാന്‍ രംഗത്ത് വന്നിരിക്കുന്നു.

അമേരിക്ക കുറച്ച് പാകപ്പെട്ടിരിക്കുന്നുവെന്ന് തന്നെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഇത് അവരുടെ ആഭ്യന്തരവും വൈദേശികവുമായ രാഷ്ട്രീയത്തില്‍ പ്രതിഫലിക്കുമെന്നതില്‍ സംശയമില്ല. യുവാക്കളോടും ദരിദ്രരോടും കഷ്ടപ്പെടുന്നവരോടും മമത കാണിക്കുന്ന ഒബാമയുടെ വിജയവും സ്വന്തം വിമാനത്തില്‍ മാത്രം സഞ്ചരിക്കുന്ന, സമ്പന്നരുടെ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന കോടീശ്വരനായ റോംനിയുടെ പരാജയവും അടിവരയിടുന്നത് ഈ യാഥാര്‍ത്ഥ്യമാണ്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles