Current Date

Search
Close this search box.
Search
Close this search box.

ഒബാമയുടെ പ്രഭാഷണത്തില്‍ അറബ് രാഷ്ട്രങ്ങള്‍ക്കുള്ള പാഠം

obama.jpg

ഒബാമയുടെ വിജയത്തോടനുബന്ധിച്ചു നടത്തിയ പ്രഭാഷണം ആഭ്യന്തര പ്രശ്‌നങ്ങളിലേക്കും അന്താരാഷ്ട്ര രംഗത്ത് സ്വീകരിക്കാന്‍ പോകുന്ന രാഷ്ട്രീയ നിലപാടുകളിലേക്കും വെളിച്ചം വീശുന്നുണ്ട്. ‘അമേരിക്ക ഒരു സൈനികശക്തിയാണ്. പക്ഷെ,  സംസ്‌കാരവും വിജ്ഞാനവുമാണ് യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ ശക്തിസ്രോതസ്സ്’ ഒബാമയുടെ പ്രഭാഷണത്തിലെ ശ്രദ്ധേയമായ വാക്കുകളാണിത്. വിജ്ഞാനവും സംസ്‌കാരവുമാണ് ഞങ്ങളുടെ ശക്തിക്ക് നിദാനമെന്നും തദ്ദേശീയവും അല്ലാത്തതുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗവും അതുതന്നെയാണ് എന്നുമാണ് ഒബാമ വ്യക്തമാക്കിയത്.

വിജ്ഞാനവും സംസ്‌കാരവുമായിരുന്നു അമേരിക്കയുടെ ദശകങ്ങളായുള്ള വിജയനിദാനം. സാമ്പത്തിക മാന്ദ്യം ബാധിച്ചിട്ടുപോലും വൈജ്ഞാനിക ഗവേഷണമേഖലക്കാവശ്യമായ ചെലവുകളില്‍ അമേരിക്ക ഒരു കുറവും വരുത്തിയിട്ടില്ല, മറിച്ച് സൈനിക ബജറ്റിലാണ് തുക വെട്ടിക്കുറച്ചിട്ടുള്ളത്.

വൈജ്ഞാനിക സാംസ്‌കാരിക സ്ഥാപനങ്ങളാണ് അമേരിക്കയുടെ ശക്തിസ്രോതസ്സ് എന്നാണ് ഒബാമയുടെ പ്രഭാഷണത്തിന്റെ കാതല്‍. അറേബ്യന്‍ ജനതക്കുള്ള ഏറ്റവും പ്രധാന വീഴ്ചയും ഈ മേഖലയില്‍ തന്നെയാണ്. നമ്മുടെ ഭരണാധികാരികള്‍ ആയുധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നു. വൈജ്ഞാനിക സാംസ്‌കാരിക ഗവേഷണങ്ങള്‍ക്ക് വളരെ കുറഞ്ഞ നിക്ഷേപമാണ് കരുതിവെക്കുന്നത്. ഈജിപ്തിലെ പണ്ഡിതനും നോബല്‍ സമ്മാന ജേതാവുമായ അഹ്മദ് സവീല്‍ വിവരിക്കുന്നു. അറബ് വിപ്ലവാനന്തരം വസന്തത്തിന്റെ അലയൊലികള്‍ പ്രകടമായ തുണീഷ്യയില്‍ സന്ദര്‍ശനം നടത്തിയ ശേഷം അദ്ദേഹം പ്രതികരിച്ചു. ‘അറബ് രാഷ്ട്രീയ വിപ്ലവം വിജയിക്കണമെങ്കില്‍ വൈജ്ഞാനിക ഗവേഷണവും തദനുസൃതമായ പാഠ്യപദ്ധതി നവീകരണവും സമാന്തരമായി നടക്കേണ്ടതുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ തന്നെ ത്വഹ്താവി, മുഹമ്മദ് അബ്ദു, ഖൈറുദ്ധീന്‍ അത്തൂനീസി തുടങ്ങിയ തുണീഷ്യയിലെയും ഈജിപ്തിലെയും നവോഥാന നായകന്മാര്‍ പുരോഗതിയുടെയും സാമൂഹ്യപരിഷ്‌കരണത്തിന്റെയും അടിസ്ഥാനമായി വൈജ്ഞാനിക സാംസ്‌കാരിക ഗവേഷണ പഠനങ്ങളെ വിലയിരുത്തിയിട്ടുണ്ട്’.

കഴിഞ്ഞ വര്‍ഷം അരങ്ങേറിയ അറബ് വസന്തം സാംസ്‌കാരിക വൈജ്ഞാനിക മണ്ഡലങ്ങളുടെ ഉള്ളടക്കമില്ലാത്ത രാഷ്ട്രീയ വിപ്ലവമായിരുന്നു. ലോക സര്‍വകലാശാലകളില്‍ വെച്ച് വളരെ നിലവാരം കുറഞ്ഞ സര്‍വകലാശാലകളാണ് അറബ് ലോകത്തുള്ളത്. അതിനാല്‍ തന്നെ ഒബാമയുടെ പ്രഭാഷണത്തിലെ വൈജ്ഞാനിക-സാംസ്‌കാരിക ഊന്നലുകളെക്കുറിച്ച പരാമര്‍ശം നാം ഗൗരവത്തോടെ വീക്ഷിക്കേണ്ടതുണ്ട്. അമേരിക്ക തങ്ങളുടെ മുന്‍ഗണനാക്രമത്തില്‍ ഉള്‍പ്പെടുത്തിയ പ്രസ്തുത വിഷയത്തിന് തന്നെയായിരിക്കണം വസന്തത്തെ തുടര്‍ന്ന് അധികാരത്തിലേറിയ ഭരണാധികാരികളും മുന്‍ഗണന നല്‍കേണ്ടത്.

കര്‍മശാസ്ത്ര വിഷയങ്ങളെ ഇഴപിരിച്ചും, തര്‍ക്കശാസ്ത്ര വിഷയങ്ങള്‍ക്ക് അപ്രമാദിത്വം കല്‍പിച്ചും അസ്ഥിത്വത്തെകുറിച്ച കൂടുതലായുള്ള ചര്‍ച്ചകളും അറബ് ലോകത്ത് നാം കാണുമ്പോള്‍ അവയുടെ ഭാവിയെക്കുറിച്ച് നമ്മുടെ ആശങ്കകള്‍ വര്‍ദ്ധിക്കുകയാണ്. എന്നാല്‍ വിപ്ലവത്തിന് കരുത്തുപകര്‍ന്ന നവയൗവനങ്ങളില്‍ നമുക്ക്  കൂടുതല്‍ പ്രതീക്ഷയുണ്ട്. രണ്ടാം ലോകയുദ്ധത്തില്‍ പരാജയമേറ്റ ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ പിന്നീട് വൈജ്ഞാനിക മേഖലയില്‍ തങ്ങളുടെ ശേഷികള്‍ ഫലപ്രദമായി വിനിയോഗിച്ച കാരണത്താല്‍ സാമ്പത്തികാഭിവൃദ്ധി പ്രാപിച്ച ചരിത്രം അറേബ്യന്‍  നേതാക്കന്മാര്‍ക്ക് പാഠമാകേണ്ടതുണ്ട്.

ഒബാമ തന്റെ സൈനിക ശക്തിയെ തദ്ദേശീയരുടെ വൈജ്ഞാനിക -സാംസ്‌കാരിക മുന്നേറ്റങ്ങളോട് ചേര്‍ത്തുപറഞ്ഞതാണ് നമുക്കുള്ള രണ്ടാമത്തെ പാഠം. അവരുടെ പദ്ധതികളെയെല്ലാം ചലിപ്പിക്കുന്നതും പ്രയോഗവല്‍കരിക്കുന്നതും അവിടത്തെ പൗരന്മാരാണ്, പൗരന്മാര്‍ ഇത്തരം വിഷയങ്ങളില്‍ അവബോധവാന്മാരായില്ലെങ്കില്‍ വൈജ്ഞാനിക സാംസ്‌കാരിക രംഗത്ത് ഉന്നതി പ്രാപിക്കാന്‍ അവര്‍ക്ക് സാധിക്കുകയില്ല, അതിനാലാണ് തന്റെ പ്രഥമ പ്രഭാഷണത്തില്‍ ഏറ്റവും ശ്രദ്ദേയമായ സന്ദര്‍ഭത്തില്‍ ഗൗരവതരമായ ഈ വിഷയം തന്റെ അനുയായികളോട് വിവരിച്ചത്. ഇസ് ലാം വിരുദ്ധ സിനിമ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളൊന്നും ഒബാമയിലുള്ള വിശ്വാസം അവരില്‍ നഷ്ട്‌പ്പെടുത്തിയിട്ടില്ല. കഴിഞ്ഞകാലങ്ങളില്‍ സാധിക്കാത്ത സ്വപ്‌നങ്ങള്‍ പൂവണിയുന്നതിന് ഒരു അവസരവും കൂടി അവര്‍ അദ്ദേഹത്തിന് നല്‍കിയത് അതിനാലാണ്.

സാംസ്‌കാരികവും വൈജ്ഞാനികവുമായ ഉള്ളടക്കമില്ലാതെ ജനാധിപത്യത്തിന് വിജയിക്കാനാവില്ല എന്നതാണ് ഒബാമയുടെ പ്രഭാഷണത്തിന്റെ കാതല്‍. സേഛ്വാധിപത്യത്തിനും മര്‍ദ്ധക ഭരണകൂടത്തിനും വരാനിരിക്കുന്ന ലോകത്ത് പ്രത്യേകമായ ദൗത്യമില്ല എന്നതിന്റെ പ്രഖ്യാപനം കൂടിയാണിത്. അമേരിക്കന്‍ ജനത തങ്ങളുടെ ഭരണാധികാരിയുടെ നേതൃഗുണങ്ങളെ ആഴത്തില്‍ വിലയിരുത്തുന്നുണ്ട്, ഒബാമയുടെ കരിസ്്മാറ്റിക് വ്യക്തിത്വമാണ് യുവാക്കളില്‍ ആവേശമാകുന്നത്. ഒബാമയുടെ വിജയത്തിനായി എല്ലാ അര്‍ഥത്തിലുള്ള കാമ്പയിനിലും അവര്‍ ഏര്‍പ്പെട്ടത് ഇക്കാരണത്താലാണ്.

ഒബാമയുടെ വിവരണത്തോട് എങ്ങനെ അറബ് രാഷ്ട്രങ്ങള്‍ പ്രതികരിക്കും എന്നത് വളരെ സുപ്രധാനമാണ്. സലഫികളും ഇസ്‌ലാമിസ്റ്റുകളും വൈജ്ഞാനികഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യമാണ് തങ്ങളുടെ ഭാവിയെ നിര്‍ണയിക്കുന്നത്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്
 

Related Articles