Current Date

Search
Close this search box.
Search
Close this search box.

ഐ.എസ്സിന് ശേഷം വരാന്‍ പോകുന്നത്?

കഴിഞ്ഞ ദിവസം അമേരിക്ക നയിക്കുന്ന സഖ്യകക്ഷികളുടെ വ്യോമസേനാ സഹായത്തിന്റെ പിന്‍ബലത്തില്‍ ഇറാഖീ ദേശീയ സൈന്യം ഐ.എസ്സില്‍ നിന്നും തിരിച്ചു പിടിച്ച റമാദിയില്‍ ഇറാഖ് പ്രസിഡന്റ് ഹൈദര്‍ അല്‍അബാദി സന്ദര്‍ശനം നടത്തുകയുണ്ടായി. ഐ.എസ്സിന് കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണിത്. മൗസില്‍ ഐ.എസ്സില്‍ നിന്നും തിരിച്ച് പിടിക്കാന്‍ സൈന്യത്തിന് ആത്മവിശ്വാസം നല്‍കുന്ന ഒരു നേട്ടമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

ഇറാഖിലും സിറിയയിലും ഐ.എസ്സിന് കടിഞ്ഞാണിടാന്‍ മേഖലയിലെ പ്രതിസന്ധിയില്‍ ഇടപെട്ടിരിക്കുന്ന രണ്ട് വന്‍ശക്തികളായ അമേരിക്കയും, റഷ്യയും തീരുമാനത്തിലെത്തി കഴിഞ്ഞു. ഏകദേശം നൂറോളം ചെറുരാഷ്ട്രങ്ങള്‍ അവര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കികൊണ്ട് പിറകില്‍ തന്നെയുണ്ട്. ഇറാഖി സൈനികര്‍ക്കുള്ള പരിശീലനം ഊര്‍ജ്ജിതമാക്കാനുള്ള വഴികള്‍ ആരായും. ഇപ്പോള്‍ മൗണ്ട് സിന്‍ജാര്‍, തിക്രീത്ത്, ബൈജി എന്നിവിടങ്ങളില്‍ ഐ.എസ്സിനെതിരെ നിര്‍ണ്ണായക വിജയങ്ങള്‍ നേടിയ കുര്‍ദിഷ് പോരാളികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും തീരുമാനമായിട്ടുണ്ട്. ഐ.എസ്സിന്റെ നിയന്ത്രണത്തിലുള്ള എണ്ണപ്പാടങ്ങള്‍ ബോംബിട്ട് തകര്‍ത്ത് അവരെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഇനിയും തുടരും.

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട, ഐ.എസ്സിന്റെ മുതിര്‍ന്ന സൈനിക കമാണ്ടര്‍ അബൂ ഉമര്‍ അശ്ശീശാനി കിര്‍കുക്കില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടതായ വാര്‍ത്ത ശരിയാണെങ്കില്‍, തീര്‍ച്ചയായും സൈനിക തലത്തില്‍ ഐ.എസ്സിനേറ്റ് വലിയ ആഘാതം തന്നെയാണത്, കൂടാതെ അശ്ശീശാനിയെ പോലെയൊരുളുടെ അറസ്റ്റ് ഐ.എസ് പോരാളികളുടെ മനോവീര്യം തകര്‍ക്കുക തന്നെ ചെയ്യും. ഐ.എസ്സിന്റെ പ്രൊപഗണ്ടാ മെഷിനറിയുടെ ഒരു ഭാഗമായ ശീശ്ശാനിയുടെ അറസ്റ്റ്, സംഘത്തിലേക്കുള്ള റിക്രൂട്ടിനെയും കാര്യമായി ബാധിക്കും.

ഏകദേശം 300 ഐ.എസ്സ് പോരാളികളും 1000 ഇറാഖീ സൈനികരുമാണ് റമാദിക്ക് വേണ്ടിയുള്ള യുദ്ധത്തില്‍ പരസ്പരം പോരാടിയത്. ഐ.എസ്സ് പോരാളികളില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടു. പക്ഷെ ഇറാഖ് സൈന്യത്തിന് സംഭവിച്ച നാശനഷ്ടങ്ങള്‍ പുറത്ത് വിടാന്‍ അവര്‍ തയ്യാറായിട്ടില്ല. ഗോത്രവര്‍ഗ്ഗ പോരാളികളും, അമേരിക്കന്‍ സൈന്യവും ഇറാഖ് ആര്‍മിയെ സഹായിച്ചിരുന്നോ എന്ന കാര്യവും വ്യക്തമല്ല. 5000 അമേരിക്കന്‍ സൈനികര്‍ ഇറാഖ് യുദ്ധഭൂമിയില്‍ ഉണ്ടെന്ന് പ്രസിഡന്റ് ഒബാമ തുറന്ന് സമ്മതിച്ചിരുന്നു. യഥാര്‍ത്ഥ സംഖ്യ ഇതിലും അധികം വരും.

സിവിലിയന്‍മാര്‍ തിങ്ങിതാമസിക്കുന്ന ഇറാഖ് പട്ടണങ്ങള്‍, ഒന്ന് ചെറുത്ത് നില്‍ക്കുക പോലും ചെയ്യാതെ ഐ.എസ് പോരാളികള്‍ക്ക് മുമ്പില്‍ അടിയറ വെച്ച് കീഴടങ്ങിയത് സൈന്യത്തിന് വലിയ മാനക്കേടുണ്ടാക്കിയിരുന്നു. സൈന്യത്തിന്റെ ഭീരുത്വം ഇറാഖിലും പുറത്തും ചിരിക്ക് വക നല്‍കുന്ന ചര്‍ച്ചാവിഷയങ്ങളായി. മൗസില്‍ പട്ടണം ഐ.എസ് പിടിച്ചെടുത്തതോടെ, ഇറാഖ് സൈന്യത്തിന് പോരാട്ട വീര്യമില്ലെന്നും പറഞ്ഞ് കൈകഴുകുകയാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ ചെയ്തത്.

തന്റെ ശക്തികേന്ദ്രങ്ങള്‍ക്ക് അപ്രതീക്ഷിതമായേറ്റ തിരിച്ചടികളോട് എങ്ങനെയാണ് ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ബാഗ്ദാദി പ്രതികരിച്ചത്? അല്‍ഖാഇദയും, അന്താരാഷ്ട്രാ ജിഹാദി സംഘങ്ങളും ചെയ്യുന്നത് പോലെ ഹിജ്‌റ (പലായനം) തന്ത്രമാണ് ഐ.എസ് സ്വീകരിച്ചത് – ജയിക്കാന്‍ സാധ്യതയില്ലാത്ത മേഖലകളില്‍ നിന്നും പ്രധാനപ്പെട്ട നേതാക്കളെയും ബറ്റാലിയനുകളെയും സുരക്ഷിതമായ താവളങ്ങളിലേക്ക് തിരിച്ച് വിളിച്ചു. എന്നിട്ടവരെ പുതിയ ലക്ഷ്യകേന്ദ്രങ്ങളിലേക്ക് അയച്ചു. ലിബിയയിലുടനീളമുണ്ടായിരുന്ന ശക്തികേന്ദ്രങ്ങള്‍ ഐ.എസ് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ചു കഴിഞ്ഞു. ഇസ്രായേലിനെയും, സഊദി അറേബ്യയെയും ഭീഷണിപ്പെടുത്തി കൊണ്ടുള്ള ഒരു അപൂര്‍വ്വ ഓഡിയോ അല്‍ബാഗ്ദാദി കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

ഐ.എസ് പോരാളികളുടെ മനസ്സില്‍ ഓരോ നിമിഷവും ഫലസ്തീന്‍ ഉണ്ടെന്ന് പറഞ്ഞ ബാഗ്ദാദി, ഇസ്രായേലിനെ മൊത്തത്തില്‍ വലയം ചെയ്യുന്ന ദിവസം അടുത്ത് കൊണ്ടിരിക്കുകയാണെന്ന് അവകാശപ്പെട്ടു. കാരണം ‘ലോകത്തിലെ ജൂതന്‍മാര്‍’ മുഴുവന്‍ ഇസ്രായേലിലാണല്ലോ ഒത്തുകൂടിയിരിക്കുന്നത്, അതിനാല്‍ അതൊരു ശവപ്പറമ്പാക്കാന്‍ വളരെ എളുപ്പമാണത്രെ.

ഐ.എസ്സിനെതിരെ സഊദി അറേബ്യയുടെ നേതൃത്വത്തില്‍ രൂപംനല്‍കിയിരിക്കുന്ന ‘ഇസ്‌ലാമിക സഖ്യ’ത്തെ പരിഹസിച്ച് തള്ളിയ ബാഗ്ദാദി, ‘ഇസ്രായേലിനെ പരാജയപ്പെടുത്തി ഫലസ്തീന്‍ മോചിപ്പിക്കുകയാണ് യഥാര്‍ത്ഥ ഇസ്‌ലാമിക സഖ്യം ലക്ഷ്യംവെക്കുക’യെന്ന് കൂട്ടിച്ചേര്‍ത്തു. ഐ.എസ് സംഘത്തിന്റെ നിലനില്‍പ്പ് അപകടത്തിലാണെന്നാണ് ബാഗ്ദാദിയുടെ ഇപ്പോഴത്തെ സംസാരങ്ങള്‍ വ്യക്തമാക്കുന്നത്. ഇസ്രായേലുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് ബാഗ്ദാദി തന്റെ നിലപാട് ഇത്തരത്തില്‍ തുറന്ന് പറയുന്നത്. ‘അടുത്ത ശത്രു’വിന് എതിരെ മാത്രമല്ല (മിഡിലീസ്റ്റ്/നോര്‍ത്ത് ആഫ്രിക്കന്‍ ഭരണകൂടങ്ങള്‍), ‘അകലെയുള്ള ശത്രു’വിന് (പാശ്ചാത്യ രാഷ്ട്രങ്ങളും, ഇസ്രായേലും) എതിരെയും യുദ്ധം ചെയ്യണമെന്ന് ജിഹാദിസ്റ്റ് സൈദ്ധാന്തികര്‍ നേരത്തെ പറഞ്ഞുവെച്ച കാര്യമാണ്. നിലവിലെ സംഭവവികാസങ്ങള്‍ ഐ.എസ്സിന്റെ തകര്‍ച്ചയുടെ ആരംഭത്തെയാണോ, അതോ അവരുടെ ഭീകരഭരണത്തിന്റെ നവയുഗത്തെയാണോ കുറിക്കുന്നത് എന്നകാര്യം ഇനിയും ഉറപ്പായിട്ടില്ല.

ഐ.എസ്സിന്റെ പ്രധാനശക്തികേന്ദ്രവും, അവരുടെ സ്വയം പ്രഖ്യാപിത ‘ഖിലാഫത്തിന്റെ’ തലസ്ഥാനവുമായ മൗസില്‍ തിരിച്ച് പിടിക്കാനുള്ള പോരാട്ടത്തിലാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ‘എല്ലാ യുദ്ധങ്ങളുടെയും മാതാവ്’ ആയി ഇത് മാറും. പക്ഷെ ഐ.എസ് പോരാളികളെ ആട്ടിയോടിക്കാന്‍ ഇറാഖ് സൈന്യത്തിന് കഴിഞ്ഞാലും, അതില്‍ ആഹ്ലാദിക്കാന്‍ കുറച്ച് സമയമെടുക്കുക തന്നെ ചെയ്യും. കാരണം നൂരി മാലികിയുടെ ശിയാ ഭരണകൂടത്തിന്റെ വിഭാഗീയ നയങ്ങള്‍ തന്നെയാണ് ഇവരും പിന്തുടരുന്നതെങ്കില്‍, ഇപ്പോഴുള്ളത് പോലെയല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ സുന്നീ തീവ്രചിന്താഗതിക്കാര്‍ വീണ്ടും ഉയര്‍ന്ന് വരുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇത് അമേരിക്കന്‍-റഷ്യന്‍ രാഷ്ട്രീയക്കാരുടെ പദ്ധതിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടൊരു ചോദ്യമുയര്‍ത്തുന്നുണ്ട്. ഐ.എസ്സിന് മേലെ വിജയം കൈവരിക്കാന്‍ അവര്‍ക്ക് സാധിച്ചാല്‍, പിന്നെ എന്താണ് അവിടെ സംഭവിക്കുക? പാശ്ചാത്യരാഷ്ട്രങ്ങള്‍ നടത്തിയ സൈനിക അധിനിവേശങ്ങള്‍ കാരണമായി ലിബിയയും ഇറാഖും രാഷ്ട്രീയമായും സാമ്പത്തികമായും സാമൂഹികമായും തകര്‍ന്നടിഞ്ഞു. സഊദി അറേബ്യയുടെ സൈനികനടപടി യമന്‍ എന്ന രാജ്യത്തെയും ആ അവസ്ഥയിലേക്കാണ് തള്ളനീക്കികൊണ്ടിരിക്കുന്നത്. ഈ പ്രശ്‌നകാലുഷ്യത്തില്‍ നിന്നാണ് നാം തീവ്രവാദം എന്ന് വിളിക്കുന്ന പ്രതിഭാഗം മുളയെടുക്കുന്നത്.

മൗസിലില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റിനെ പരാജയപ്പെടുത്താന്‍ ചിലപ്പോള്‍ സാധിച്ചെന്ന് വരും. പക്ഷെ അത് വളര്‍ന്ന് വരാന്‍ ഉണ്ടായ കാരണങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം അത് മരിച്ചെന്ന് ഉറപ്പ് വരുത്താന്‍ നമുക്ക് സാധിക്കില്ല. അത് അതിന്റെ പ്രവര്‍ത്തനങ്ങള്‍ രഹസ്യസ്വഭാവത്തിലേക്ക് മാറ്റാനാണ് കൂടുതല്‍ സാധ്യത. മുന്‍ ഇസ്‌ലാമിക ഖിലാഫത്തിന്റെ അതിര്‍ത്തികളില്‍ പുതിയ ശക്തികേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍, പ്രാദേശികവും വൈദേശികവുമായ അതിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ അത് സജീവമായി മുന്നോട്ട് കൊണ്ടുപോകും.

എന്റെ ‘ഇസ്‌ലാമിക് സ്റ്റേറ്റ് : ദി ഡിജിറ്റല്‍ ഖാലിഫേറ്റ്’ എന്ന പുതിയ പുസ്തകവുമായി ബന്ധപ്പെട്ട്  ചര്‍ച്ച ചെയ്യാനായി ഒരു ജാപ്പനീസ് മാധ്യമപ്രവര്‍ത്തകന്‍ ഈയടുത്ത് എന്നെ ലണ്ടനില്‍ വെച്ച് സന്ദര്‍ശിക്കുകയുണ്ടായി. മിഡിലീസ്റ്റിന് നേര്‍ക്കുള്ള അമേരിക്കയുടെ സമീപനത്തെ കുറിച്ച അദ്ദേഹത്തിന്റെ നിരീക്ഷണം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം, ജപ്പാനില്‍ അമേരിക്ക അധിനിവേശം നടത്തുകയും, ജപ്പാന്‍ പുനര്‍നിര്‍മിക്കുകയും ചെയ്തു. ജപ്പാന് വേണ്ടി അമേരിക്ക ഒരുപാട് സമ്പത്ത് ചെലവഴിച്ചു. പിരിച്ചുവിടപ്പെട്ട ജപ്പാന്‍ പട്ടാളക്കാര്‍ക്ക് അമേരിക്ക മെച്ചപ്പെട്ട രീതിയിലുള്ള പെന്‍ഷന്‍ നല്‍കി. എന്നാല്‍ എന്തുകൊണ്ടാണ് സദ്ദാമിനെ തോല്‍പ്പിച്ചതിന് ശേഷം ഇറാഖിനും, അവരുടെ പട്ടാളത്തിനും അമേരിക്ക ഒന്നുംതന്നെ നല്‍കാതിരുന്നത്?

ഇന്നത്തെ സാഹചര്യത്തില്‍ വളരെ അപകടകരമായ ഒന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ തന്നെ ഉത്തരത്തിന്റെ ഉള്ളടക്കം : ‘അറബികളോടും മുസ്‌ലിംകളോടുമുള്ള അമേരിക്കയുടെ കടുത്ത വെറുപ്പും വിദ്വേഷവുമാണ് അതിന് കാരണം, തങ്ങളുടെ നിലനില്‍പ്പിനുള്ള ഏറ്റവും വലിയ ഭീഷണിയായാണ് അമേരിക്ക അവരെ കാണുന്നത്, യഥാര്‍ത്ഥത്തില്‍ അവര്‍ക്കെതിരെയുള്ള കുരിശ് യുദ്ധമാണ് അമേരിക്ക ഇപ്പോള്‍ നടത്തുന്നത്.’ അദ്ദേഹം അഭിപ്രായപ്പെട്ടു.

വിശ്വസിക്കാന്‍ പ്രയാസം തോന്നുണ്ടെങ്കില്‍, അമേരിക്കയുടെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് അടുത്തിടെ നടത്തിയ അഭിപ്രായപ്രകടനങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതി. മുസ്‌ലിംകള്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തണമെന്നായിരുന്നു ട്രംപ് പ്രസ്താവിച്ചത്. ഒട്ടുമിക്ക യൂറോപ്യന്‍ രാഷ്ട്രങ്ങളുടെയും നിയമാവലിയില്‍ ഇത്തരം പ്രസ്താവനകള്‍ കുറ്റകൃത്യമാണെന്നിരിക്കെ, അത് ‘അഭിപ്രായ സ്വാതന്ത്ര്യ’മാണെന്നാണ് ട്രംപ് വാദിച്ചത്. ട്രംപിന്റെ ഇസ്‌ലാം വിരുദ്ധ/ഇസ്‌ലാമോഫിക് നിലപാടുകള്‍ അദ്ദേഹത്തിന്റെ ജനസ്വീകാര്യത വര്‍ദ്ധിപ്പിച്ചതായാണ് ഡിസംബര്‍ 14-ലെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles