Current Date

Search
Close this search box.
Search
Close this search box.

എര്‍ദോഗാന്‍ കൂടുതല്‍ ശത്രുക്കളെ സമ്പാദിക്കുകയാണോ?

erdogan3.jpg

തുര്‍ക്കിയില്‍ നടക്കാനിരിക്കുന്ന ജനഹിത പരിശോധനയുടെ പശ്ചാത്തലത്തില്‍ തുര്‍ക്കിക്കും ചില യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം രൂപപ്പെട്ടിരിക്കുകയാണ്. പ്രസിഡന്റെ എര്‍ദോഗാന്റെ അധികാരങ്ങള്‍ ശക്തിപ്പെടുത്തും വിധമുള്ള ഭേദഗതിക്ക് അനുകൂലമായ വോട്ടുകള്‍ ഉറപ്പിക്കുന്നതിന് യൂറോപില്‍ പ്രചരണം നടത്തണമെന്ന ഭരണകക്ഷിയായ ജസ്റ്റിസ് ആന്റെ ഡവലപ്‌മെന്റ് പാര്‍ട്ടിയുടെ (അക് പാര്‍ട്ടി) ശാഠ്യമാണ് അതിന് കാരണമായിരിക്കുന്നത്. റോട്ടര്‍ഡാമില്‍ അക് പാര്‍ട്ടി നടത്താന്‍ നിശ്ചയിച്ചിരുന്ന റാലിക്ക് ഡച്ച് ഭരണകൂടം അനുമതി നിഷേധിച്ചതാണ് അതിലെ ഏറ്റവും പുതിയ സംഭവം. തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലുത് കാവുസ്ഓഗ്‌ലു പരിപാടിയില്‍ പങ്കെടുക്കാന്‍ തന്നെയാണ് തീരുമാനിച്ചതെങ്കിലും അദ്ദേഹത്തിന് വിമാനത്തിന് ഇറങ്ങാന്‍ അവര്‍ അനുമതി നിഷേധിച്ചു. അതോടൊപ്പം തുര്‍ക്കി അംബാസഡറെ വിളിച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്തു.

എര്‍ദോഗാന്‍ രൂക്ഷമായാണ് ഈ സംഭവത്തോട് പ്രതികരിച്ചത്. ഡച്ചുകാരെ ഫാസിസ്റ്റുകളെന്നും നാസികളുടെ പിന്‍മുറക്കാരെന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മാത്രമല്ല, തുര്‍ക്കിയിലേക്കുള്ള വ്യോമഗതാഗത നിരോധവും ഔദ്യോഗിക പദവി വഹിക്കുന്നവരുടെ പ്രവേശന നിരോധനവുമുള്‍പ്പെടെയുള്ള (സാധാരണ ജനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്) തിരിച്ചടികളുണ്ടാകുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്. എര്‍ദോഗാന്റെ ഈ വിട്ട് വീഴ്ചയില്ലാത്ത നിലപാടിനോട് പലരും അസംതൃപ്തി പ്രകടിപ്പിച്ചെങ്കിലും തുര്‍ക്കിയിലെ മിക്ക ഭരണനേതാക്കളും സമാനസ്വരത്തിലാണ് പ്രതിരിച്ചിട്ടുള്ളത്.

സമാനമായ സംഭവമാണ് കഴിഞ്ഞയാഴ്ച ജര്‍മനിയുമായും ഉണ്ടായത്. ആ സംഭവത്തിലും നാസി വിളികളും ഭീഷണിയുടെ സ്വരവും ഊണ്ടായിരുന്നു രൂക്ഷമായ ഭാഷയിലാണ് എര്‍ദോഗാന്‍ ഇടപെട്ടത്. അതേസമയം പ്രധാനമന്ത്രിയായ ആംഗല മെര്‍ക്കെല്‍ സംയമനം പാലിച്ചത് പ്രശ്‌നം രൂക്ഷമാകുന്നതില്‍ നിന്ന് തടയുകയുണ്ടായി. എര്‍ദോഗാന്റെ ആക്ഷേപങ്ങളെ ആത്മസംയമനത്തിലൂടെയാണ് അവര്‍ നേരിട്ടത്. എന്നാല്‍ നെതര്‍ലാന്‍ഡ്‌സിലെ പ്രശ്‌നം കൂടുതല്‍ രൂക്ഷമാവുകയാണുണ്ടായത്. ഒരുപാട് യൂറോപ്യന്‍ രാഷ്ട്രങ്ങളും രാഷ്ട്രീയക്കാരും നെതര്‍ലാന്‍ഡ്‌സിന് പിന്തുണയുമായി രംഗത്തെത്തുകയുണ്ടായി.

ടര്‍ക്കിഷ് വംശജര്‍ക്കിടയില്‍ എര്‍ദോഗാനെ പിന്തുണക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കുമിടയിലെ സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിലാണ് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ റാലികളുടെ നിരോധനത്തെ ന്യായീകരിക്കുന്നത്. ടര്‍ക്കിഷ് വംശജരില്‍ അധികവും കുര്‍ദ് വംശജരാണ്. അവര്‍ എര്‍ദോഗാനെ ശക്തമായി എതിര്‍ക്കുന്നവരാണെന്ന് മാത്രമല്ല, പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലൂടെ അദ്ദേഹത്തിന് കൂടുതല്‍ അധികാരം കൈവരുന്നത് സങ്കല്‍പിക്കാന്‍ പോലും സാധിക്കാത്തവരാണ്. ജര്‍മനിയിലെ മൂന്ന് മില്യണ്‍ വരുന്ന തുര്‍ക്കി വംശജരിലെയും നെതര്‍ലാന്‍ഡ്‌സിലെ നാല് ലക്ഷം തുര്‍ക്കി വംശജരിലെയും ബഹുഭൂരിപക്ഷവും ഇരു രാജ്യങ്ങളെയും പൗരന്‍മാരാണ്. തീവ്രവലതുപക്ഷ വംശീയ പ്രചരങ്ങളുടെ ഇരകളാണവര്‍. സമൂഹത്തില്‍ ഭീതിയുണ്ടാക്കും വിധം വളര്‍ന്നിട്ടുള്ള ഇസ്‌ലാമോഫോബിയയെ അഭിമുഖീകരിക്കുന്നവരുമാണവര്‍.

ഇത്തരം ഒരു സാഹചര്യത്തില്‍ ആതിഥേയ രാഷ്ട്രങ്ങളുടെ അനുമതിയില്ലാതെ റാലികള്‍ സംഘടിപ്പിക്കാനും അവയെ അഭിമുഖീകരിച്ച് സംസാരിക്കാന്‍ മന്ത്രിമാരെ അയക്കാനുമുള്ള എര്‍ദോഗാന്റെ തീരുമാനം മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. മാത്രമല്ല, അവയുടെ സുരക്ഷാ മാനദണ്ഡങ്ങളും പ്രാദേശി രാഷ്ട്രീയ പരിഗണനകളോ മനസ്സിലാക്കാനും അദ്ദേഹം ശ്രമിക്കുന്നില്ല. വിഭാഗീയതകള്‍ക്കും വംശീയ വിവേചനങ്ങള്‍ക്കുമൊപ്പം യൂറോപ്പിലെ തുര്‍ക്കി വംശജര്‍ക്കിടയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ വിള്ളലുകളെക്കുറിച്ചും അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടാകും.

ജൂലൈയില്‍ നടന്ന പരാജയപ്പെട്ട പട്ടാള അട്ടിമറി ശ്രമത്തിന് ശേഷം എര്‍ദോഗാന്‍ കര്‍ക്കശമായ അടിയന്തരാവസ്ഥയുടെ സ്വഭാവമുള്ള ഭരണമാണ് തുര്‍ക്കിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ തന്നെ 50,000 ത്തോളം പേര്‍ തുര്‍ക്കിയില്‍ തടവിലാക്കപ്പെടുകയും ഒരു ലക്ഷത്തോളം പേര്‍ ജോലികളില്‍ നിന്ന് പിരിച്ച് വിടപ്പെടുകയും ചെയ്തിട്ടുണ്ട്. ജഡ്ജിമാര്‍, അക്കാദമിസ്റ്റുകള്‍, അധ്യാപകര്‍, പട്ടാള ഉദ്യോഗസ്ഥര്‍, എന്നിവരെല്ലാം അതില്‍പ്പെടും. പട്ടാള അട്ടിമറി ശ്രമങ്ങളുമായി ബന്ധമുണ്ടെന്നോ അതില്‍ പങ്കെടുത്തവരോട് അനുഭാവം പ്രകടിപ്പിച്ചന്നോ അതിന്റെ മുഖ്യ സൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന ഫത്ഹുല്ല ഗുലാനുമായി ബന്ധം സ്ഥാപിച്ചു എന്നെല്ലാമുള്ള ആരോപണങ്ങളാണ് അവര്‍ക്കെതിരെയുള്ളത്.

തിരഞ്ഞെടുക്കപ്പെട്ട നിയമനിര്‍മാതാക്കളടക്കമുള്ള തന്റെ രാഷ്ട്രീയ പ്രതിയോഗികളെ അറസ്റ്റ് ചെയ്യാനും പത്രസ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും എതിര്‍ശബ്ദങ്ങളെ തല്ലിക്കെടുത്താനും തുര്‍ക്കിയില്‍ ഈ നിയമം നടപ്പിലാക്കാന്‍ ഒരുപക്ഷേ എര്‍ദോഗാന് കഴിഞ്ഞേക്കും. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭാര്‍ഥികള്‍ക്ക് വാതിലുകള്‍ തുറന്നിട്ടു കൊടുക്കുകയും അഭയാര്‍ഥികളെ വെച്ച് തുര്‍ക്കിക്ക് ആറ് ബില്യണ്‍ യൂറോ സഹായം നല്‍കണമെന്ന് വിലപേശുകയും തുര്‍ക്കി പൗരന്‍മാര്‍ക്ക് വിസയില്ലാതെ യൂറോപില്‍ യാത്രാനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട കാരണത്താല്‍ എര്‍ദോഗാനോടോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോടോ ഉള്ള സ്‌നേഹം തരിമ്പും അവശേഷിക്കാത്ത യൂറോപില്‍ അത് സാധ്യമല്ല.

അനാവശ്യമായ പ്രതിസന്ധിയെ തുടര്‍ന്ന തുര്‍ക്കിയും യൂറോപ്പും തമ്മിലുള്ള ബന്ധം തകരുന്നത് യൂറോപ്യന്‍മാരെക്കാള്‍ തുര്‍ക്കിയെയും അവിടത്തെ പൗരന്‍മാരെയുമാണ് ബാധിക്കുക. തുര്‍ക്കിയുടെ സാമ്പത്തിക പ്രതിസന്ധിയെ അത് കൂടുതല്‍ രൂക്ഷമാക്കും. മിക്ക സാമ്പത്തിക വിദഗ്ദരും പറയുന്നത് ഇപ്പോള്‍ തന്നെ തുര്‍ക്കിയുടെ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണെന്നാണ്.

തന്റെ രാഷ്ട്രം നേരിടാന്‍ പോകുന്ന അപകടങ്ങളും പ്രത്യാഘാതങ്ങളുമെല്ലാം അറിഞ്ഞിട്ടുംം എന്തുകൊണ്ടാണ് എര്‍ദോഗാന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളോട് പെട്ടെന്ന് ഒരു സംഘര്‍ഷത്തിന് തയ്യാറായത്? ഒരുപക്ഷേ ജനഹിതപരിശോധനയില്‍ തന്റെ വിജയസാധ്യത കുറഞ്ഞ് വരികയാണെന്നും യൂറോപ്പിലെ തുര്‍ക്കികളുടെ വോട്ടുകള്‍ തനിക്കനുകൂലമാവില്ലെന്നും അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ടാകാം. അത്‌കൊണ്ടാണ് ദേശീയ വികാരം സൃഷ്ടിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നത്.

യൂറോപ്പില്‍ മാത്രമല്ല എര്‍ദോഗാന്‍ ഇത്തരത്തിലുള്ള സമീപനം സ്വീകരിച്ചിട്ടുള്ളത്?ചെറിയ കാലയളവിലേക്കുള്ള ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയോ ആഭ്യന്തരമായ ആവശ്യത്തിന് വേണ്ടിയോ ഒക്കെയാണ് അദ്ദേഹം വിദേശരാഷ്ട്രങ്ങളുമായി സംഘര്‍ഷങ്ങളിലേര്‍പ്പെടുന്നത്. പെട്ടെന്നുള്ള ആവേശവും അനൗചിത്യവും യുക്തിരാഹിത്യവുമാണ് അവയെ നിര്‍ണ്ണയിക്കുന്നത്. അത് സിറിയയിലും മിഡിലീസ്റ്റിലുടനീളവും നാം കണ്ടതാണ്. അതിന്റെ ഫലമായി ഇറാന്‍, ഇറാഖ്, സിറിയ, ഗ്രീസ്, ബള്‍ഗേറിയ, അര്‍മീനിയ തുടങ്ങിയ അയല്‍ രാഷ്ട്രങ്ങളുമായുള്ള തുര്‍ക്കിയുടെ ബന്ധം പൂര്‍ണ ശത്രുതയിലെത്തിയില്ലെങ്കിലും കൂടുതല്‍ പ്രക്ഷുബ്ധമായിരിക്കുകയാണ്. ഇപ്പോള്‍ സംഘര്‍ഷം യൂറോപ്പിലേക്ക് വ്യാപിച്ചിരിക്കുകയാണ്. 36 ബില്യണ്‍ യൂറോവിന്റെ വാര്‍ഷിക കച്ചവടമാണ് ജര്‍മ്മനിയുമായി തുര്‍ക്കി നടത്തുന്നത്. ജര്‍മനിയാണ് തുര്‍ക്കിയുടെ ഏറ്റവും വലിയ ബിസിനസ്സ് പങ്കാളി. ആസ്ട്രിയയും നെതര്‍ലാന്റും പുറകില്‍ തന്നെയുണ്ട്.

എര്‍ദോഗാന്‍ സ്വന്തം കുഴി കൂടുതല്‍ ആഴത്തിലേക്ക് കുഴിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ കുഴിക്കല്‍ നിര്‍ത്താന്‍ അദ്ദേഹം വിസമ്മതിക്കുകയാണ്. അതില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത പൂര്‍ണമായി ഇല്ലാതായിട്ടില്ലെങ്കിലും ആ സാധ്യത കുറഞ്ഞുവരികയാണ്.

വിവ: സഅദ് സല്‍മി

Related Articles