Current Date

Search
Close this search box.
Search
Close this search box.

എരിതീയില്‍ എണ്ണയായി ഖറദാവിയുടെ ഖുതുബ

മൂന്നാഴ്ച്ചത്തെ ഇടവേളക്ക് ശേഷം ശൈഖ് ഖറദാവി ദോഹയിലെ ഉമര്‍ ബിന്‍ ഖത്താബ് മസ്ജിദിന്റെ മിമ്പറില്‍ നിന്ന് നടത്തിയ ഖുതുബ അക്ഷരാര്‍ത്ഥത്തില്‍ ഒരു തീപ്പൊരി പ്രഭാഷണം തന്നെയായിരുന്നു. ഖത്തറിനും അയല്‍നാടുകളായ സഊദിക്കും യു.എ.ഇക്കും ഇടയില്‍ അവശേഷിക്കുന്ന ബന്ധത്തെ കൂടി അതിന്റെ പൊരികള്‍ കത്തിച്ചു കളയും. ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ ഖത്തറിനെതിരെ ‘അടിയന്തിര ശിക്ഷാനടപടികള്‍’ പ്രഖ്യാപിക്കുകയും ചെയ്‌തേക്കാം.

സഊദിയുടെ ഭാഗത്ത് നിന്നും നേരിട്ട് വ്യക്തമായിട്ടുള്ള ഭീഷണി ഖത്തറിന് ലഭിച്ചിട്ടുണ്ടെന്നും, അതിര്‍ത്തി അടക്കല്‍, തങ്ങളുടെ ആകാശപരിധിയില്‍ വ്യോമ ഗതാഗതം വിലക്കല്‍, അറബ് ലീഗിലെയും ഒ.ഐ.സിയിലെയും ഖത്തറിന്റെ അംഗത്വം റദ്ദാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ അതിന്റെ ഭാഗമായി ഉണ്ടാകുമെന്നാണ് അധികമാളുകളും വിശ്വസിക്കുന്നത്. ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന, സഊദിയും യു.എ.ഇയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പത്രമാണ് ഈ ഭീഷണികളെ കുറിച്ചുള്ള വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ഖറദാവിയെ ‘നിശബ്ദനാക്കുന്നതിനും’ ഖുതുബക്ക് വിലക്കേര്‍പ്പെടുത്തുന്നതിനും ഖത്തറിനെ ഇത് പ്രേരിപ്പിക്കുമെന്നും പത്രം കൂട്ടിചേര്‍ക്കുന്നു. ഇസ്‌ലാമിക ഭരണത്തിന് എതിരാണ് യു.എ.ഇ എന്ന ഖറദാവിയുടെ ആരോപണമാണ് പ്രതിസന്ധിക്ക് തുടക്കം കുറിച്ചത്. ഇതേ മിമ്പറില്‍ വെച്ചു തന്നെയായിരുന്നു പ്രസ്തുത ഖുതുബയും നടത്തിയത്.

എന്നാല്‍ എമിറേറ്റ് നാടുകള്‍ക്കും സഊദിക്കും ഈജിപ്തിലെ സീസിയുടെ ഭരണകൂടത്തിനും എതിരെ ഖറദാവി നടത്തിയ ഖുതുബയെ തുടര്‍ന്നുണ്ടായ ഭീഷണികള്‍ തികച്ചും വിപരീതമായ ഫലമാണ് ഉണ്ടാക്കുകയെന്ന് വളരെ വ്യക്തമാണ്. ഖത്തറിന്റെ അംഗീകാരത്തോടു കൂടിയല്ലാതെ ഖറദാവിക്ക് മിമ്പറിലേക്ക് തിരിച്ചു വരാനും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പറയാനും സാധിക്കുമെന്ന് നാം വിശ്വസിക്കുന്നില്ല.

അത്രയെളുപ്പം വെല്ലുവിളികള്‍ക്ക് വഴങ്ങുന്ന വ്യക്തിയല്ല മുന്‍ ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍-ഥാനിയെന്ന് അദ്ദേഹത്തെ പരിചയമുള്ളവര്‍ക്ക് നന്നായി അറിയാം. യഥാര്‍ത്ഥത്തില്‍ ഇപ്പോഴും ഭരണം നടത്തുന്നത് അദ്ദേഹം തന്നെയാണ്. ഖറദാവിയുടെ രോഗത്തെ പോലും അവഗണിച്ച് അദ്ദേഹത്തോട് ഈ ഖുതുബ നടത്താന്‍ നിര്‍ദേശിച്ചത് അദ്ദേഹമാണെന്ന സാധ്യതയും തള്ളിക്കളയാനാവില്ല. ഭീഷണികള്‍ ഖറദാവിയെ നിശബ്ദനാക്കുന്നതില്‍ വിജയിച്ചിരിക്കുന്നുവെന്നും, ഖത്തറില്‍ അഭയം തേടിയ ഇഖ്‌വാന്‍ നേതാക്കളെ അവര്‍ അകറ്റി നിര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു എന്നുമുള്ള പ്രചാരണങ്ങളെ ഇല്ലാതാക്കുന്നതിനു കൂടി വേണ്ടിയായിരിക്കാം.

തങ്ങളുടെ ഇസ്‌ലാമിക ഭരണത്തോടുള്ള വിരോധത്തെ കുറിച്ച് ഖറദാവിയുടെ നേരത്തെ നടത്തിയ ആക്രമണം തന്നെ യു.എ.ഇക്ക് സഹിക്കാനാവുന്നതായിരുന്നില്ല. അതിനെതിരെ ഔദ്യോഗികമായി തന്നെ അവര്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഖത്തര്‍ അംബാസഡറെ അബൂദാബിയില്‍ വിളിച്ചു വരുത്തി ശക്തമായ ഭാഷയില്‍ തങ്ങളുടെ പ്രതിഷേധം അവര്‍ അറിയിക്കുകയും ചെയ്തു. ‘ഞാന്‍ അവരെ കുറിച്ച് പറഞ്ഞ രണ്ട് വരികള്‍ തന്നെ അവരെ ചൊടിപ്പിച്ചിരിക്കുകയാണ്.. അവരുടെ തോന്നിവാസങ്ങളെയും അതിക്രമങ്ങളെയും കുറിച്ച് പറയുന്നതിനായി ഒരു ഖുതുബ തന്നെ നടത്തിയാല്‍ എന്തായിരിക്കും അവസ്ഥ?’ എന്ന് ഖറദാവി പറഞ്ഞിരിക്കുന്നത് അവരെ ഇനിയും കൂടുതല്‍ ദേഷ്യം കൊള്ളിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ‘കേവലം നാല് വാക്കുകള്‍ പോലും അവര്‍ക്ക് താങ്ങാനാവുന്നില്ല’ എന്നം അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു.

‘ജനതയുടെ വരുമാനത്തില്‍ നിന്ന് ശേഖരിച്ച ബില്ല്യണ്‍ കണക്കിന് ഡോളറുകള്‍ പ്രസിഡന്റ് മുര്‍സിയെ പുറത്താക്കി സൈന്യത്തെ അധികാരത്തില്‍ കൊണ്ടു വരുന്നതിന് ചെലവഴിച്ച ഭരണാധികാരികള്‍ അതു കൊണ്ട് അവസാനിപ്പിക്കുകയല്ല ചെയ്തത്. അവര്‍ സ്വാതന്ത്ര്യത്തിനും നീതിക്കും ജനാധിപത്യത്തിനുമുള്ള ജനങ്ങളുടെ മുഴുവന്‍ അവകാശങ്ങളും കവര്‍ന്നെടുക്കുകയും ചെയ്തു.’ എന്നും ഖറദാവി പറഞ്ഞിരിക്കുകയാണ്.

ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് കഴിഞ്ഞ ഡിസംബറില്‍ കുവൈത്ത് അമീര്‍ ശൈഖ് സ്വബാബ് അഹ്മദിന്റെ സാന്നിദ്ധ്യത്തില്‍ സഊദി രാജാവ് അബ്ദുല്ലാഹ് ബിന്‍ അബ്ദുല്‍ അസീസുമായി ചില കരാറുകളില്‍ ഒപ്പു വെച്ചിരുന്നു. റിയാദില്‍ വെച്ച് മൂന്ന് കക്ഷികളും നടത്തിയ അടിയന്തിര കൂടിക്കാഴ്ച്ചയിലായിരുന്നു അത്. അവസാനമായി കുവൈത്തില്‍ നടന്ന ജി.സി.സി ഉച്ചകോടിയില്‍ നിന്ന് ഖത്തറിനെ മാറ്റി നിര്‍ത്തുന്നതിന് പോലും കാരണമായ സഊദിയുടെ കോപത്തെ തണുപ്പിച്ച ഒരു കൂടിക്കാഴ്ച്ചയായിരുന്നു അത്. ഖറദാവിയുടെ പ്രഭാഷണം, അദ്ദേഹത്തിന്റെ മൂര്‍ച്ചയേറിയ സ്വതസിദ്ധമായ ശൈലിയിലും അല്ലെങ്കില്‍ അതിന് തെരെഞ്ഞെടുത്ത സമയവും പ്രസ്തുത ഉടമ്പടികളെല്ലാം തകര്‍ത്തെറിഞ്ഞിരിക്കുന്നു.

ഗള്‍ഫ് നാടുകളിലും ഈജിപ്തിലും ഇഖ്‌വാനുല്‍ മുസ്‌ലിമൂന് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കുമെന്നും അല്‍-ജസീറ ചാനല്‍ ഈജിപ്ത് ഭരണകൂടത്തിന് എതിരെയും ഇഖ്‌വാന്‍ പ്രകടനങ്ങളെയും പ്രതിഷേധങ്ങളെയും പിന്തുണച്ചും നടത്തുന്ന കാമ്പയിനുകള്‍ അവസാനിപ്പിക്കുമെന്നും ശൈഖ് തമീം ഉറപ്പും നല്‍കിയിരുന്നതാണ്. ഇക്കാര്യങ്ങളിലെല്ലാം ജി.സി.യുടെ രാഷ്ട്രീയം മുറുകെ പിടിക്കുമെന്നും അദ്ദേഹം വാക്കു നല്‍കിയതാണ്.

ഖറദാവിയുടെ ഖുതുബയോടുള്ള സഊദിയുടെയും ഖത്തറിന്റെയും എതിര്‍പ്പിന്റെയും ഖത്തര്‍ അതിന് നല്‍കുന്നുണ്ടെന്ന് കരുതപ്പെടുന്ന പിന്തുണയെയും കുറിച്ച് ശക്തമായ ഒരു ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. ഖറദാവി മിമ്പറില്‍ കയറി പറഞ്ഞ കാര്യങ്ങള്‍ ഖത്തര്‍ ഭരണകൂടത്തിന്റെ അറിവോടു കൂടിയായിരുന്നില്ലെന്ന് വിശ്വസിക്കുന്ന ആരു തന്നെ ഗള്‍ഫിലുണ്ടാവുകയില്ല. ഖുതുബ ചാനലുകളിലൂടെയും ടെലിവിഷനിലൂടെയും ലൈവായി സംപ്രേഷണം ചെയ്യുന്ന ഒരു ഭരണകൂടമായിരിക്കെ പ്രത്യേകിച്ചും.

ഖത്തറില്‍ നിന്നും തങ്ങളുടം അംബാസഡര്‍മാരെ പിന്‍വലിക്കലും തങ്ങളുടെ നാടുകളില്‍ നിന്ന് ഖത്തര്‍ അംബാസഡര്‍മാരെ പുറത്താക്കലുമടക്കമുള്ള നടപടികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. റിയാദുമായി ഐക്യദാര്‍ഢ്യത്തില്‍ കഴിയുന്ന മനാമയും കരാറുകള്‍ക്ക് സാക്ഷ്യം വഹിച്ച കുവൈത്തും അംബാസഡര്‍മാരെ പുറത്താക്കിയേക്കും. കര-വ്യോമ അതിര്‍ത്തികള്‍ അടച്ച് ഖത്തറിനെ ഉപരോധിച്ചേക്കാം. കരമാര്‍ഗം ഖത്തറിലേക്ക് കടക്കാനുള്ള ഏകമാര്‍ഗം സഊദിയിലൂടെയാണ്. അറബ് ലീഗിലെയും ജി.സി.സിയിലെയും ഖത്തറിന്റെ അംഗ്വതം റദ്ദാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഈജിപ്ത് വിദേശകാര്യ മന്ത്രി നബീല്‍ ഫഹ്മി ഇതിന് വേണ്ടി കാര്യമായ കളി നടത്തിയേക്കും. ഖത്തറിന്റെ പ്രവര്‍ത്തനങ്ങള്‍ തന്റെ എല്ലാ ക്ഷമയും ഇല്ലാതാക്കിയിട്ടുണ്ടെന്ന് പറഞ്ഞിട്ടുള്ളയാളാണ് അദ്ദേഹം. പ്രത്യക്ഷ നടപടികള്‍ക്ക് പുറമെ പരോക്ഷമായ നടപടികളും ഖത്തറിനെതിരെ ഉണ്ടാവാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല.
 
എരിതീയില്‍ ഒഴിച്ച എണ്ണ തന്നെയാണ് ഖറദാവിയുടെ ഖുതുബ. വരും ആഴ്ച്ചകളില്‍ കൂടുതല്‍ അത്ഭുതങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം. ജി.സി.സിയുടെ പരമ്പരാഗത രീതിയെ തകര്‍ത്തെറിഞ്ഞ ഒരു ഖുതുബ എന്ന നിലയില്‍ ഖറദാവിയുടെ ഈ ഖുതുബ ആധുനിക അറബ് രാഷ്ട്രീയ ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ്. പ്രദേശത്തെ പിടിച്ചു കുലുക്കിയ യുദ്ധങ്ങളും രാഷ്ട്രീയ പ്രതിസന്ധികളും നേരിടുന്നതില്‍ ഉറച്ച നിലപാടെടുത്ത് മുപ്പത് വര്‍ഷത്തോളം നിലകൊണ്ട അത് കുറച്ചു കാലമായി മയക്കത്തിന്റെ പിടിയിലായിരുന്നു.

വിവ : അഹ്മദ് നസീഫ്‌

Related Articles