Current Date

Search
Close this search box.
Search
Close this search box.

എന്താണ് ഇസ്രായേലിനെ കാത്തിരിക്കുന്നത്

Palestinian-protestors.jpg

ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം അവരുടെ മാതൃഭൂമിയില്‍ 1948-ല്‍ ഇസ്രായേല്‍ സ്ഥാപിക്കപ്പെട്ടത് ഒരു ദുരന്തം തന്നെയാണ്. നഖബ എന്നാണ് അവര്‍ അതിനെ പേരിട്ട് വിളിക്കുന്നത്. അവര്‍ക്ക് അവരുടെ ഭൂമി നഷ്ടപ്പെടുക മാത്രമല്ല ഉണ്ടായത്, ജനസംഖ്യയിലെ മുക്കാല്‍ ശതമാനം പേരെയും സയണിസ്റ്റ് ജൂത ഭീകരവാദികള്‍ സമീപസ്ഥ അറബ് രാഷ്ട്രങ്ങളിലേക്ക് ആട്ടിപായിക്കുകയും ചെയ്തു. അന്താരാഷ്ട്ര നിയവവും, ഐക്യരാഷ്ട്രസഭയുടെ 194-ാം പ്രമേയവും അനുസരിച്ച് സ്വദേശത്തേക്ക് മടങ്ങാന്‍ തങ്ങളെ അനുവദിക്കണമെന്ന് അന്നുമുതല്‍ക്ക് ഫലസ്തീനികള്‍ ആവശ്യപ്പെടുന്നതുമാണ്. പക്ഷെ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് സ്വഗൃഹങ്ങളിലേക്ക് മടങ്ങാന്‍ ഇസ്രായേല്‍ അനുവാദം നല്‍കിയത്. ഫലസ്തീന്‍ ചരിത്രഭൂമി ഇന്ന് ഏതാണ്ട് മുഴുവനും ഇസ്രായേല്‍ അധിനിവേശത്തിലൂടെ പിടിച്ചെടുത്ത് കഴിഞ്ഞു. തദ്ദേശീയരായ ഫലസ്തീനികളുടെ ജീവിതം അത്യന്തം ദുരിതത്തിലാക്കി കൊണ്ടുള്ള ഇസ്രായേലിന്റെ അതിക്രൂരമായ സൈനിക അധിനിവേശവും, കോളനിവല്‍ക്കരണവും അന്താരാഷ്ട്രാ സമൂഹം കൈയ്യുംകെട്ടി നിശബ്ദമായി നോക്കിനില്‍ക്കുകയാണ് ചെയ്തത്.

ഫലസ്തീനികളുടെ സങ്കടങ്ങള്‍ കണ്ട് അലിവ് തോന്നിയ അറബ് രാഷ്ട്രങ്ങള്‍ അവരുടെ സ്വാതന്ത്ര്യത്തിനും, മാതൃഭൂമിയിലേക്കുള്ള മടക്കത്തിനും വേണ്ടി നയതന്ത്ര-സൈനിക മാര്‍ഗങ്ങളിലൂടെ ശ്രമങ്ങള്‍ നടത്തുകയുണ്ടായി. പക്ഷെ അതെല്ലാം ദയനീയമായി പരാജയപ്പെടുകയാണ് ചെയ്തത്. അധിനിവിഷ്ഠ അറബ് ഭൂമി തിരിച്ച് പിടിക്കാനുള്ള ഗൗരവതരമായ ശ്രമം അവസാനമായി നടന്നത് 1973-ലായിരുന്നു. അന്ന് പക്ഷെ അമേരിക്കയുടെ സൈനിക സഹായമുള്ളതിനാല്‍ ഇസ്രായേലിന് തന്നെയായിരുന്നു നേട്ടമുണ്ടായത്. തുടര്‍ന്ന് അമേരിക്ക അടക്കമുള്ള ഇസ്രായേലിനെ അനുകൂലിക്കുന്ന പ്രഥാന രാഷ്ട്രങ്ങള്‍ക്ക് മേല്‍ എണ്ണ ഉപരോധം നടപ്പിലാക്കാന്‍ അറബ് ലോകത്തെ എണ്ണ ഉല്‍പ്പാദകര്‍ തീരുമാനമെടുത്തിരുന്നെങ്കിലും, പ്രസ്തുത ഉപരോധം പിന്നീട് യാതൊരു ഫലവുമില്ലാതെ ഇല്ലാതാകുകയാണ് ചെയ്തത്.

പകരം, പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഈജിഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദാത്ത് നടത്തിയ ഏകപക്ഷീയമായ നീക്കമാണ് 1979-ലെ കാമ്പ് ഡേവിഡ് സമാധാന കരാറില്‍ ചെന്ന് അവസാനിച്ചത്. എന്നാല്‍ ഇത് ഇസ്രായേലിനെതിരെയുള്ള അറബ് ഐക്യമുന്നണിയില്‍ വിള്ളലുകള്‍ ഉണ്ടാക്കുകയും സാദാത്തിന്റെ കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തു. ഫലസ്തീനികളുമായി നേരിട്ട് അനുരഞ്ജന ചര്‍ച്ചകള്‍ നടത്തുന്നതിന് ഇസ്രായേലിന് മുന്നിലുണ്ടായിരുന്ന തടസ്സങ്ങള്‍ 1993-ലോ ഓസ്‌ലോ കരാറോടു കൂടി മാറികിട്ടി. തുടര്‍ന്ന് 1994-ല്‍ ജോര്‍ദാനുമായി ഒരു സമാധാന കരാറില്‍ എത്തിച്ചേരാന്‍ ഇസ്രായേലിന് സാധിച്ചു. 2002-ലെ അറബ് സമാധാന സംരഭമാണ് പിന്നീട് മേഖലയിലെ സമാധാനവുമായി ബന്ധപ്പെട്ടുണ്ടായ ഒരു സുപ്രധാന നീക്കം. ഫലസ്തീന്‍ മണ്ണിലെ അധിനിവേശം അവസാനിപ്പിച്ചാല്‍ എല്ലാ അറബ് മുസ്‌ലിംകളും ഇസ്രായേലിനോട് നല്ലരീതിയില്‍ വര്‍ത്തിക്കുമെന്നാണ് അത് ഇസ്രായേലിന് മുന്നില്‍ വെച്ച വാഗ്ദാനം. ഒരു ദശാബ്ദക്കാലം കഴിഞ്ഞിട്ടും പ്രസ്തുത നീക്കത്തോട് ഇതുവരെ ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല.

പരസ്യപ്രസ്താവനകള്‍ക്ക് വിരുദ്ധമായി, എല്ലാവിധത്തിലുള്ള സമാധാനകരാറുകളോടും പുറംതിരിഞ്ഞ് നില്‍ക്കുന്ന സമീപനമാണ് ഇസ്രായേല്‍ കാണിച്ചിട്ടുള്ളത്. മില്ല്യണ്‍ കണക്കിന് അറബികള്‍ ഇന്നും ശത്രുവായി മാത്രം കാണുന്ന ഒരു കോളോണിയല്‍ രാഷ്ട്രമായി അത് നിലനില്‍ക്കുകയാണ്. ഫലസ്തീന്‍ ചരിത്രഭൂമിയിലും അഭയാര്‍ത്ഥി ക്യാമ്പുകളിലും അതിദയനീയവും ഭീകരവുമായ അവസ്ഥകളെയാണ് ഫലസ്തീനികള്‍ അഭിമുഖീകരിക്കുന്നത്. പ്രത്യേകിച്ച് ഗസ്സയുടെ അവസ്ഥ പരമദയനീയമാണ്. ഒരു ദശാബ്ദക്കാലത്തിലേറെയായി എല്ലാവിധത്തിലും അവര്‍ ഉപരോധിക്കപ്പെട്ടിരിക്കുകയാണ്. ഇതുതന്നെയാണ് സമീപസ്ഥ അറബ് രാഷ്ട്രങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ഫലസ്തീനികളുടെയും അവസ്ഥ. സദ്ദാം ഹുസൈന്റെ പതനത്തോടെ ഇറാഖിലെ ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ ജീവിതം നരകതുല്യമായി തീരുകയാണുണ്ടായത്. ചില അറബ് രാഷ്ട്രങ്ങള്‍ അവര്‍ക്ക് അഭയം നല്‍കാന്‍ വിസമ്മതിച്ചു. ഇത് ചിലരെ തെക്കനമേരിക്കയിലേക്ക് കുടിയേറാന്‍ പ്രേരിപ്പിച്ചു. സിറിയയിലേക്ക് കുടിയേറിയവര്‍ക്ക് താരതമ്യേന നല്ലരീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചിരുന്നു. പക്ഷെ 2011-ല്‍ സിറിയയില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ കാര്യങ്ങള്‍ വഷളായി. തുടര്‍ന്ന് അയല്‍രാജ്യമായ ലബനാനിലേക്ക് സിറിയന്‍ അഭയാര്‍ത്ഥികളുടെയും ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെയും ഒഴുക്കായിരുന്നു കണ്ടത്. മറ്റു ചിലര്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം യൂറോപ്പിലേക്ക് അപകടകരമായ വഴികള്‍ താണ്ടികടന്ന് അഭയം തേടിപോയി. ഒരുപാട് പേര്‍ വഴിമധ്യേ മരണത്തിന് കീഴടങ്ങി.

ഒരുപാട് പ്രതീക്ഷകള്‍ നല്‍കി കൊണ്ട് കടന്ന് വന്ന അറബ് വസന്തത്തിന്, അത് സംഭവിച്ച് ഒട്ടുമിക്ക രാജ്യങ്ങളിലും തിരിച്ചടി നേരിടുകയുണ്ടായി. സിറിയ, ലിബിയ, യമന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ അസ്ഥിരതയിലാണ്. അതേസമയം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സി പുറത്താക്കപ്പെട്ടതിന് പിന്നാലെ അറബ് മേഖലയിലെ നേതൃസ്ഥാനം ഈജിപ്തിന് നഷ്ടപ്പെടുകയും ചെയ്തു. ഇന്ന് ഗസ്സക്ക് മേല്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തിന് എല്ലാവിധ ഒത്താശയും സഹായങ്ങളും ചെയ്തു കൊടുത്ത് ഈജിപ്ത് രംഗത്തുണ്ട്. ‘ഇസ്‌ലാമിക് സ്റ്റേറ്റ്’ എന്ന് വിളിക്കപ്പെടുന്ന ദാഇഷിന്റെ ആവിര്‍ഭാവത്തോടെ സ്ഥിതിഗതികള്‍ കൂടുതള്‍ വഷളായി. അന്താരാഷ്ട്രസഖ്യം മാസങ്ങളോളം ബോംബാക്രമണങ്ങള്‍ നടത്തിയിട്ടും ദാഇഷ് ഒരു ഭീകരരൂപിയായി വളര്‍ന്ന് പന്തലിക്കുന്നതാണ് കണ്ടത്. അതിലേക്ക് റഷ്യയുടെ കടന്ന് വരവ് അവര്‍ക്കിടയില്‍ കലഹത്തിനും വഴിവെച്ചു. ആശ്ചര്യകരമെന്നു പറയട്ടെ, ഇസ്രായേലിന്റെ അയല്‍രാജ്യങ്ങളെയെല്ലാം തന്നെ ദാഇശ്(ഐഎസ്) ഭീഷണിപ്പെടുത്തിയപ്പോഴും, ഇസ്രായേലിനെതിരെ സംസാരിക്കാന്‍ ദാഇശ് ഇതുവരെ തയ്യാറായിട്ടില്ല.

അയല്‍രാജ്യങ്ങളിലേക്ക് കണ്ണയക്കുമ്പോഴെല്ലാം അവര്‍ തങ്ങള്‍ക്ക് സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്തുന്നവരാണെന്നാണ് ഇസ്രായേല്‍ വാദിക്കാറുള്ളത്. സദ്ദാം ഹുസൈന്റെ പതനത്തോടെ ഇറാഖ് സൈന്യം തകര്‍ന്നതും, ഒരുപാട് സംഘങ്ങളുമായി യുദ്ധം ചെയ്തു കൊണ്ടരിക്കുന്ന സിറിയന്‍ സൈന്യം ദുര്‍ബലമായി കൊണ്ടിരിക്കുന്നതും ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം സന്തോഷം പ്രദാനം ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ്. പ്രത്യേകിച്ച് സിറിയയില്‍ ഇടപെടുന്നത് കാരണം ഹിസ്ബുല്ലക്ക് ഇസ്രായേലിലേക്ക് ശ്രദ്ധിക്കാന്‍ കഴിയാത്തത് ഇസ്രായേലിന് കൂടുതല്‍ സന്തോഷം നല്‍കുന്നുണ്ട്. രാഷ്ട്രീയതലത്തില്‍, ഇസ്രായേല്‍ അല്ല, മറിച്ച് ഇറാനാണ് യഥാര്‍ത്ഥ ഭീഷണിയെന്ന നിലപാടിലേക്ക് ഗള്‍ഫ് രാഷ്ട്രങ്ങള്‍ എത്തിയിട്ടുണ്ട്. ജി.സി.സി രാഷ്ട്രങ്ങളുമായി ഇപ്പോള്‍ പങ്കുവെക്കുന്ന പൊതുവായ താല്‍പ്പര്യങ്ങളെയും, ‘സഹകരണത്തെയും’ കുറിച്ച് വളരെയധികം സംതൃപ്തിയോടെയാണ് ഇസ്രായേല്‍ ഔദ്യോഗികവൃത്തങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ സത്യസന്ധരാണെങ്കില്‍, 21-ാം നൂറ്റാണ്ടിലേക്കുള്ള സ്വപ്‌നതുടക്കം ഇസ്രായേലിന് സമ്മാനിച്ചത് അറബികളാണെന്ന സത്യം ഇസ്രായേല്‍ ഔദ്യോഗികവൃത്തങ്ങളും നിരീക്ഷകരും സമ്മതിക്കുക തന്നെ ചെയ്യും.

അങ്ങനെയൊക്കെ ആണെങ്കിലും, ശക്തമായ സുരക്ഷാസംവിധാനങ്ങളിലും, അമേരിക്ക ഭാവിയിലും വാഗ്ദാനം ചെയ്യുമെന്ന് ഉറപ്പുള്ള സൈനിക മേധാവിത്വത്തിലും ഇസ്രായേല്‍ സംതൃപ്തരാകുമെന്ന് നിങ്ങളൊരുപക്ഷെ ചിന്തിച്ചേക്കാം. പക്ഷെ അങ്ങനെയല്ല കാര്യങ്ങള്‍. ഫലസ്തീന്‍ ഭൂമിയടക്കമുള്ള അറബ് ഭൂപ്രദേശങ്ങളിലെ സൈനിക അധിനിവേശം അവസാനിപ്പിക്കുക എന്ന വാദത്തെ അയല്‍രാജ്യങ്ങളിലെ അരക്ഷിതാവസ്ഥ ഉപയോഗപ്പെടുത്തിയാണ് ഇസ്രായേല്‍ നേരിടുന്നത്. ഇറാന്‍, ഹിസ്ബുല്ല, ഐ.എസ് എന്നിവര്‍ ഉയര്‍ത്തുന്ന ഭീഷണികളെ ലോകം ഗൗരവപൂര്‍വ്വം പരിഗണിക്കണമെന്നും ഇസ്രായേല്‍ ആവശ്യപ്പെടുന്നു.

ഇസ്രായേല്‍ അതിന്റെ ഭാഗ്യനക്ഷത്രങ്ങളോട് നന്ദി പറയുക തന്നെ ചെയ്യണം. കാരണം അത് സ്ഥാപിതമായിടത്ത് തന്നെ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഫലസ്തീനികളുമായുള്ള സംഘര്‍ഷത്തിന് ഇസ്രായേല്‍ ഒരു പരിഹാരം കാണുകയും ചെയ്യും. അറബികള്‍ മുന്നോട്ട് വെച്ച സമാധാന കരാര്‍ ചിലപ്പോള്‍ സ്വീകരിക്കുകയും ചെയ്യും. പക്ഷെ ഇതെല്ലാം സംഭവിക്കുന്നതിന്റെ യാതൊരു സൂചനയും കാണുന്നില്ലെന്നതാണ് യഥാര്‍ത്ഥ വസ്തുത. സത്യത്തില്‍, ഇനിയും കൂടുതല്‍ ഫലസ്തീന്‍ ഭൂമി കൈയ്യേറുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇസ്രായേലിനകത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇസ്രായേലിന്റെ താല്‍പര്യങ്ങളും മറ്റും അഭിസംബോധന ചെയ്തു കൊണ്ടായിരിക്കണം സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരം കാണേണ്ടത് എന്നാണ് ഇസ്രായേലിന്റെ നിലപാട്.

അന്താരാഷ്ട്രാ സമൂഹത്തില്‍ ഇസ്രായേല്‍ ഒറ്റപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നതാണ് യഥാര്‍ത്ഥ വസ്തുത. നിയമവിരുദ്ധമായി ഫലസ്തീന്‍ ഭൂമിയില്‍ നടത്തുന്ന സൈനിക അധിനിവേശം തന്നെയാണ് അതിന് കാരണം. ജൂതന്‍മാരല്ലാത്തവര്‍ക്ക് നേരെയുള്ള വംശീയമായ വിവേചനവും അസഹിഷ്ണുതയും വര്‍ദ്ധിച്ചുവരികയാണ്. ബി.ഡി.എസ് (ഇസ്രായേലിനെ എല്ലാവിധത്തിലും ബഹിഷ്‌ക്കരിക്കല്‍) പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങള്‍ക്ക് പാശ്ചാത്യ സര്‍ക്കാറുകളുടെ പിന്തുണയുണ്ടെങ്കിലും, ഇസ്രായേലിനെ ഒറ്റപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്ന ലോകത്തുടനീളമുള്ള സാധാരണജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ റെഡ് ഇന്ത്യന്‍സിനെ പോലെയോ, ആസ്‌ത്രേലിയയിലെ ആദിവാസികളെ പോലെയോ അല്ല ഫലസ്തീനികള്‍ എന്ന് ഇസ്രായേല്‍ മനസ്സിലാക്കേണ്ടതുണ്ട്. ജനസംഖ്യ എടുക്കുകയാണെങ്കില്‍, ഇസ്രായേലിലെ ജൂതന്മാരേക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ഫലസ്തീനികള്‍ തന്നെയാണ്. കീഴടങ്ങാനും, പിന്തിരിഞ്ഞോടാനും അവര്‍ക്ക് യാതൊരു ഉദ്ദേശവുമില്ല. 21-ാം നൂറ്റാണ്ടിനെ കുറിച്ച് ഇസ്രായേല്‍ വെച്ചുപുലര്‍ത്തുന്ന സ്വപ്‌നങ്ങള്‍ ഒരു ദുഃസ്വപ്‌നമായി തീരാനാണ് കൂടുതല്‍ സാധ്യത.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles