Current Date

Search
Close this search box.
Search
Close this search box.

ഉറക്കം നഷ്ടപ്പെട്ട ഇസ്രയേല്‍ പ്രധാനമന്ത്രി

netanyanu.jpg

ഈജിപ്ഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇസ്രയേലിലും അറബ് ലോകത്തും സൃഷ്ടിക്കുന്ന പ്രതിധ്വനിയെക്കുറിച്ച് അധികപേരും ബോധവാന്‍മാരല്ല. മാത്രമല്ല തദ്വിഷയകമായി ആഗോള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്തകള്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന പ്രവണതയാണ് നമ്മുടെ പത്രങ്ങള്‍ സ്വീകരിച്ചത്. ഈജിപ്തുകാര്‍ തെരഞ്ഞെടുപ്പ് ഫലമറിയുന്നതിന് വേണ്ടി ഉറക്കൊഴിച്ച രാത്രിയില്‍ അങ്ങകലെ ഇസ്രയേലില്‍ പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹു ഒരു പോള കണ്ണടച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അദ്ദേഹം പ്രഭാതം വരെ വാര്‍ത്തകള്‍ വീക്ഷിക്കുകയും ഒടുവില്‍ ഡോ. മുഹമ്മദ് മുര്‍സി ഭൂരിപക്ഷം നേടിയതായി അറിയുകയും ചെയ്തു. അദ്ദേഹത്തിന്റെ ഇഷ്ടഭാജനമായ അഹ്മദ് ശഫീഖിനെ വിജയം കനിഞ്ഞില്ലെന്നും അല്‍പം ഞെട്ടലോടെ മനസ്സിലാക്കി.

 

മേല്‍ പറഞ്ഞത് എന്റെ ഭാവനയോ സങ്കല്‍പമോ അല്ല. മറിച്ച് തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് ഇസ്രയേല്‍ ടെലിവിഷന്‍ പുറത്ത് വിട്ട വാര്‍ത്തയാണത്. പ്രഭാതം വരെ വാര്‍ത്തകള്‍ വീക്ഷിക്കുക മാത്രമല്ല, മുര്‍സിയുടെ വിജയമറിഞ്ഞതിനെത്തുടര്‍ന്ന് തന്റെ ഉപദേശകരോട് വിഷയം ചര്‍ച്ച ചെയ്യുകയുമുണ്ടായി.
ഈ ഒരു അനുരണനം മാത്രമല്ല ഇസ്രയേലിലുണ്ടായത്. ഇസ്രയേല്‍ മീഡിയകള്‍ മറ്റ് പല കാര്യങ്ങളും അന്ന് പുറത്ത് വിടുകയുണ്ടായി. ചില അറബ് രാഷ്ട്രങ്ങളുടെ പിന്തുണയോടെ അഹ്മദ് ശഫീഖിന് വേണ്ടി പ്രചരണം നടത്താന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ പ്രേരിപ്പിച്ചുവെന്ന് മറ്റൊരു ഇസ്രയേലി ചാനല്‍ വെളിപ്പെടുത്തുന്നു. തെരഞ്ഞെടുപ്പില്‍ അഹ്മദ് ശഫീഖിനെ വിജയിപ്പിക്കുന്നതിന് വേണ്ടി നിരവധി രാഷ്ട്രങ്ങള്‍ കഠിനാധ്വാനം നടത്തിയിട്ടുന്നാണ് വാഷിംഗ്ടണില്‍ നിന്നുള്ള ഇസ്രയേല്‍ ചാനല്‍ വ്യക്തമാക്കുന്നത്.
മുഹമ്മദ് മുര്‍സിയുടെ വിജയവാര്‍ത്ത ഇസ്രയേല്‍ രാഷ്ട്രീയ വൃത്തങ്ങള്‍ക്കിടയില്‍ ശക്തമായ നടുക്കണമാണുണ്ടാക്കിയതെന്ന് ഒരു ഹിബ്രു റേഡിയോ വിശദീകരിക്കുന്നു. പ്രത്യേകിച്ചും, ഫലപ്രഖ്യാപനത്തിന് മുമ്പ് വാഷിംഗ്ടണ്‍ തെല്‍അബീബിലേക്കയച്ച അവലോകന സന്ദേശത്തില്‍ അഹ്മദ് ശഫീഖ് വിജയിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു.
ജനാധിപത്യ മാര്‍ഗത്തില്‍ ഉറച്ച് നിന്ന ഈജിപ്ഷ്യന്‍ ജനതയെ ആദരിച്ച് -മുര്‍സിയെ തെരഞ്ഞെടുത്തില്‍ നമുക്ക് നീരസമുള്ളതോടൊപ്പം- തലപ്പാവ് ഊരണമെന്നാണ് നേരത്തെ സൂചിപ്പിച്ച റേഡിയോ അറിയിച്ചത്. എന്നാല്‍ ഇസ്രയേല്‍ സൈന്യത്തിന്റെ റേഡിയോയില്‍ വിദേശകാര്യ മന്ത്രി ഉച്ചക്ക് പന്ത്രണ്ടിന് സൂചിപ്പിച്ചത് ഇപ്രകാരമാണ് ‘ഇറാനിനേക്കാള്‍ നൂറ് മടങ്ങ് വലിയ അപകടമായിരിക്കുന്നു ഈജിപ്ത്. പുതിയ സംഭവ ലോകത്തെ നേരിടാന്‍ ഇസ്രയേല്‍ ഒരുങ്ങേണ്ടതുണ്ട്’.
ബിന്‍യാമീന്‍ എന്ന് പേരായ ഒരു ഇസ്രയേലി മുന്‍ മന്ത്രി പറയുന്നത് ഇപ്രകാരമാണ് ‘ഈജിപ്തിന്റെ നിയന്ത്രണം കൈക്കലാക്കുന്നതില്‍ സൈന്യം കാണിക്കുന്ന സാമര്‍ത്ഥ്യത്തിലാണ് ഇസ്രയേലിന്റെയും പാശ്ചാത്യരുടെയും നേട്ടം. അത് കൊണ്ട് തന്നെ സൈനിക ഭരണം നിലനിര്‍ത്തുകയാണ് വേണ്ടത്. ലോക സാഹചര്യം ഇസ്രയേലനുകൂല സ്ഥിതിയില്‍ നിന്നും മാറിയെന്നാണ് മുര്‍സിയുടെ വിജയം സൂചിപ്പിക്കുന്നത്. വളരെ അപകടകരമായ സാഹചര്യത്തിലാണ് ഇസ്രയേല്‍ ഇപ്പോഴുള്ളത്. അതിനെ പ്രതിരോധിക്കാന്‍ സന്നദ്ധമാവേണ്ടതുണ്ട്.
സിറിയയില്‍ അസദ് കൂടി താഴെ വീണാല്‍ ഇസ്രയേലിന്റെ തകര്‍ച്ച പൂര്‍ണമായി എന്നാണ് മറ്റൊരു മുന്‍നേതാവ് വ്യക്തമാക്കുന്നത്.
മേല്‍പറഞ്ഞ കാര്‍മേഘങ്ങള്‍ ഇസ്രയേലില്‍ ഇരുള്‍ പരത്തിയ സന്ദര്‍ഭത്തിലാണ് മറ്റൊരു വാര്‍ത്ത കൂടി പ്രചരിക്കപ്പെട്ടത്. നെത്സാന എന്ന സ്ഥലത്ത് ഒരു ഇസ്രയേല്‍ പൗരന്‍ വെടിയേറ്റ് മരിച്ചുവെന്നതായിരുന്നു അത്. ഈജിപ്ഷ്യന്‍ ആധിപത്യത്തിന് കീഴില്‍ ഇസ്രയേലിന് അപകടം മണക്കുന്നുവെന്നാണ് ഇതിനെ പ്രതിരോധ മന്ത്രി യഹൂദ് ബറാക് വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സമാധാനക്കരാറുകള്‍ മുറുകെപ്പിടിക്കണമെന്ന് അദ്ദേഹം ഈജിപ്തിനോട് ആഹ്വാനം ചെയ്യുകയുമുണ്ടായി.
സന്ദേശം വളരെ വ്യക്തമാണ്. മുബാറകിന്റെ വീഴ്ചയില്‍ ഞെട്ടിയ ഇസ്രയേലിന്റെ ആശ്വാസത്തിന്റെ പിടിവള്ളിയായിരുന്നു ശഫീഖ്. മുന്‍കാലത്ത് പോലെ തങ്ങളുടെ സേവകനായ ഭരണാധികാരി അവിടെ നിയമിക്കപ്പെടുമെന്ന മിഥ്യാധാരണയിലായിരുന്നു അവര്‍. പക്ഷെ ഇപ്പോള്‍ ആ പ്രതീക്ഷയും അസ്ഥാനത്തായിരിക്കുന്നു. അതിനാല്‍ ഇപ്പോള്‍ പുതിയ ഈജിപ്ഷ്യന്‍ പ്രസിഡന്റിനോടാണ് അവര്‍ക്ക് കല്‍പിക്കാനുള്ളത്. അവരുടെ സുരക്ഷിതത്വുവും, സംരക്ഷണവും അദ്ദേഹം ഉറപ്പ് വരുത്തണമെത്രെ. സ്വയം ചെയ്ത് കൊണ്ടിരിക്കുന്ന തോന്നിവാസങ്ങള്‍ വിഷയമല്ല. ഫലസ്തീനികളെ ദിനേന അന്യായമായി വേദനിപ്പിക്കുന്ന അവരുടെ സുരക്ഷ ഈജിപ്ത് ഉറപ്പാക്കണം പോലും.
നിലവിലുള്ള നിര്‍ണായക സാഹചര്യത്തില്‍ ഇസ്രയേലിനും ഈജിപ്തിനുമിടയിലെ ബന്ധം അവഗണിച്ച് ആഭ്യന്തര സുരക്ഷക്ക് മുന്‍ഗണന നല്‍കണമെന്നാണ് എന്റെ അഭിപ്രായം. പ്രയാസകരമായ പല സാഹചര്യങ്ങളും നമുക്ക് അഭിമുഖീകരിക്കേണ്ടതായുണ്ട്. അതിനാല്‍ വൃത്തികെട്ട ഈ ബന്ധമല്ല നമുക്ക് പ്രധാനപ്പെട്ടത്. മറിച്ച് ഈജിപ്തിന്റെ സൗഖ്യത്തിനാവശ്യമായ ബോധവും, പ്രവര്‍ത്തനവുമാണ് നമുക്ക് ആവശ്യം.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles