Current Date

Search
Close this search box.
Search
Close this search box.

ഉര്‍ദുഗാന്റെ ഇസ്രയേല്‍ വിരുദ്ധ നിലപാടില്‍ അയവു വരുന്നുവോ?

ഫലസ്തീന്‍ വിവര വിനിമയ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് ഇസ്തംബൂളില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞയാഴ്ച എനിക്ക് അവസരമുണ്ടായി. മൂന്ന് ദിവസം നീണ്ട് നിന്ന പ്രസ്തുത സമ്മേളനത്തില്‍ അധിനിവേശ ഫലസ്തീനില്‍ നിന്നടക്കം അറബ് ലോകത്ത് നിന്നും യൂറോപ്പില്‍ നിന്നുമായി ധാരാളം രാഷ്ട്രീയക്കാരും ബുദ്ധിജീവികളും പങ്കെടുത്തു. തുര്‍ക്കി വിദേശ കാര്യ മന്ത്രി അഹ്മദ് ദാവൂദ് ഓഗ്‌ലുവാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക എന്നായിരുന്നു സമ്മേളന പ്രതിനധികളുടെ പ്രതീക്ഷ. എന്നാല്‍ തുര്‍ക്കി പ്രധാനമന്ത്രി സാക്ഷാല്‍ ഉര്‍ദുഗാന്‍ തന്നെ പ്രത്യക്ഷപ്പെട്ട് ജനങ്ങളെ സംഭ്രമിപ്പിക്കുമെന്ന് ആദ്യദിവസം രാവിലെ തന്നെ സമ്മേളന ഹാളിന്റെ വരാന്തകളില്‍ ചിലര്‍ അടക്കം പറഞ്ഞു. എന്നാല്‍ ദാവൂദ് ഓഗ്‌ലു സമ്മേളനത്തില്‍ സംബന്ധിക്കുകയോ ഉദ്ഘാടന പ്രഭാഷണം നിര്‍വഹിക്കുകയോ ചെയ്തില്ല. ശുഭാപ്തി വിശ്വാസക്കാരുടെ പ്രതീക്ഷക്ക് വിപരീതമായി ഉര്‍ദുഗാനും വന്നില്ല. ആഥിതേയരായ തുര്‍ക്കി തങ്ങളുടെ അഥിതികള്‍ക്ക് നല്‍കാറുള്ള സല്‍ക്കാരവും ഡിന്നറുമൊന്നും അവിടെയുണ്ടായിരുന്നില്ല.

ഇങ്ങനെ ഒരു ആമുഖം നല്‍കുന്നതിലൂടെ ഈ സമ്മേളനത്തിന്റെ പ്രാധാന്യത്തെ വില കുറച്ച് കാണുകയല്ല. തുര്‍ക്കിയുടെ സര്‍ക്കാര്‍ പ്രതിനിധികള്‍ പങ്കെടുക്കാതെ ഈ സമ്മേളനത്തിന്റെ വിലകുറിച്ചു എന്നും അഭിപ്രായമില്ല. മറിച്ച് അതിന്റെ കാരണങ്ങളെന്തായിരിക്കുമെന്ന അന്വേഷണം മാത്രമാണിത്. മൂന്ന് ദിവസം മുമ്പ് ഉര്‍ദുഗാന്‍ നടത്തിയ പ്രസ്താവനയോട് ഇതിന് ബന്ധമുണ്ടാകാതിരക്കാനിടയില്ല. ഇസ്രയേലുമായുള്ള ബന്ധം സാധാരണ രീതിയിലാക്കുന്നു എന്നായിരുന്ന ഉര്‍ദുഗാന്റെ പ്രസ്ഥാവന നാലു വര്‍ഷം മുമ്പ് ഇസ്രയേലിന്റെ ഗസ്സ ഉപരോധത്തെ ഭേദിക്കുന്നതിനായി പുറപ്പെട്ട തുര്‍ക്കി മനുഷ്യാവകശ പ്രവര്‍ത്തകരുടെ മാവി മര്‍മറ എന്ന കപ്പല്‍ ഇസ്രയേല്‍ ആക്രമിച്ചതില്‍ പ്രധിഷേധിച്ച് തുര്‍ക്കി ഇസ്രയേല്‍ ആഭ്യന്തര ബന്ധങ്ങള്‍ വഷളായിരിക്കുകയായിരുന്നു.

ആക്രമണത്തിന് വിധേയരായ ഇരകള്‍ക്കായി 20 മില്യണ്‍ ഡോളറിന്റെ നഷ്ടപരിഹാര പാക്കേജിന് പകരം തുര്‍ക്കിയും ഇസ്രയേലും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നുവെന്നാണ് അമേരിക്കന്‍ ടി.വി ചാനലായ പി.ബി.എസ് നടത്തിയ അഭിമുഖത്തില്‍ ഉര്‍ദുഗാന്‍ പറഞ്ഞത്.  ഗാസ ഉപരോധം പിന്‍വലിക്കാതെ മറ്റൊരു കരാറും ഇസ്രയേലുമായി ഉണ്ടാക്കില്ല എന്നതായിരുന്നു പണ്ട് ഉര്‍ദുഗാന്‍ പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ തുര്‍ക്കി വഴി ഫലസ്തീനികള്‍ക്ക് സഹായം നല്‍കാമെന്ന പാക്കേജിനെ അദ്ദേഹം സ്വീകരിച്ചിരിക്കുന്നു. സാധാരണ ബന്ധം സ്ഥാപിക്കലും ഇരു രാജ്യങ്ങളിലും വീണ്ടും എംബസി തുറക്കലും ഏതാനും ദിവസങ്ങള്‍ക്കുള്ളിലോ ആഴ്ചകള്‍ക്കുള്ളിലോ നടക്കുമെന്നാണ് ഉര്‍ദുഗാന്റെ പ്രതീക്ഷ. മാവിമര്‍മമര ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ നിയമപരമായ നടപടികളും അവസാനിപ്പിക്കുന്ന നടപടിയും ഈ കരാറിലുണ്ടെന്നാണ് ഇസ്രയേല്‍  സൈന്യത്തിന്റെ റേഡിയോ കഴിഞ്ഞ ദിവസം പറഞ്ഞത്.

തുര്‍ക്കിയുടെ ഈ നിലപാട് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. പ്രാഥമിക ആവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ഇസ്രയേല്‍ ഉപരോധത്തില്‍ കഴിയുന്ന രണ്ട് മില്യണോളം വരുന്ന ഗസ്സ പൗരന്മാരോട് അങ്കാറ ഭരണകൂടം കാണിക്കുന്ന മാനുഷിക പിന്തുണയെ ഞാനെപ്പോഴും വില മതിച്ചിരുന്നു. ഇസ്രയേലിനെ കൊണ്ട് ലോകത്തിന് മുന്നില്‍ ചരിത്രത്തില്‍ തന്നെ ആദ്യമായി മാപ്പു പറയിച്ചവരും കൊല്ലപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്ത രാജ്യമാണ് തുര്‍ക്കി എന്നതിനെ നാം അംഗീകരിക്കുന്നുണ്ട്.

ദുരിതത്തില്‍ കഴിയുന്ന ഗസ്സ നിവാസികളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ പേരിലായിരുന്നു ഉര്‍ദുഗാന്‍ ഇസ്രയേലുമായുള്ള ബന്ധം വിച്ഛേദിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇസ്രയേലിന്റെയും അമേരിക്കയുടെയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാതിരുന്നതും നഷ്ടപരിഹാരത്തുകയിലെ കുറവിന്റെ പേരിലായിരുന്നില്ല.

പലരുടെയും കാഴ്ച്ചപ്പാടില്‍ ഉര്‍ദുഗാന്‍ ഒരു പ്രായോഗിക വാദിയാണ്. തന്റെ പാര്‍ട്ടിയുടെയും നാടിന്റെയും ഗുണത്തിനായി നിലപാടുകളില്‍ മാറ്റം വരുത്തുന്ന വ്യക്തിയാണദ്ദേഹം. എന്നാല്‍ ഇസ്രയേലുമായുള്ള ബന്ധം സാധാരണ രീതിയിലാക്കുന്ന കാര്യത്തില്‍ അദ്ദേഹം അല്‍പം അവതാനത കാണിക്കേണ്ടിയിരിക്കുന്നു എന്നാണ് നാം പറയുന്നത്. ഫലസ്തീനുമായുള്ള സമാധാന ചര്‍ച്ചകള്‍ തകരുകയും, അതിന്റെ ഉത്തരവാദിത്വം അമേരിക്ക ഇസ്രയേലിന്റെ മേല്‍ കെട്ടിവച്ചിരിക്കുകയും ചെയ്തിരികുന്ന സന്ദര്‍ഭമാണിത്. പാശ്ചാത്യ ലോകത്ത് നിന്നും അവര്‍ ബഹിഷ്‌കരണ ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് ഇസ്രയേലിന് ഒരു രക്ഷാ കവാടം തുറന്നു കൊടുക്കാന്‍ പാടില്ലായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുര്‍ക്കി രാഷ്ട്രീയത്തില്‍ മറ്റൊരത്ഭുതവും സംഭവിച്ചിരിക്കുന്നു. തന്റെ പഴയ മിത്രവും ഇപ്പോള്‍ ശത്രുവുമായ ഗുലനെ കൈമാറാന്‍ അമേരിക്കയോട് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടിരുന്നു. ഓഫീസില്‍ നിന്ന് ചില രേഖകള്‍ ചോര്‍ന്നതും സോഷ്യല്‍ മീഡിയകളിലെ പ്രചാരണങ്ങളുമെല്ലാം ഉര്‍ദുഗാനെ അഴിമതിയുടെ മുനയില്‍ നിര്‍ത്തിയിരുന്നു. ഇതിന്റെ പിന്നില്‍ ഗുലാന്റെ ‘ഹിസ്മത്’ പാര്‍ട്ടിയാണെന്നാണ് ഉര്‍ദുഗാന്‍ വിശ്വസിക്കുന്നത്. സിറിയയിലെ സൈനിക ഇടപെടലുമായി ബന്ധപ്പെട്ട് അങ്കാറ ഭരണകൂടം കള്ള പ്രചാരണങ്ങള്‍ നടത്തിയെന്നാണ് പുറത്തായ ടേപ്പുകളിലൊന്നിലുള്ളത്. തന്നെ പുറത്താക്കാനായി ഗുലന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഉര്‍ദുഗാന്റെ ആരോപണം.  കഴിഞ്ഞ പ്രാദേശിക തെരെഞ്ഞടുപ്പില്‍ ഉര്‍ദുഗാന്റെ പാര്‍ട്ടി വിജയം വരിച്ചിരുന്നു. എന്നാല്‍ വിമര്‍ശന ശരങ്ങളെ എതിരിടാന്‍ ഉര്‍ദുഗാന് ഒബാമ ഭരണഗൂഢത്തിന്റെ പിന്തുണ ആവശ്യമായി വന്നേക്കാം.

സിറിയയില്‍ അസദ് ഭരണകൂടത്തെ താഴെയിറക്കാനുള്ള മത്സരത്തില്‍ ഉര്‍ദുഗാനുണ്ടായ പരാജയപ്പെടുകയും സിറിയന്‍ പ്രതിസന്ധി നാലാം വര്‍ഷത്തിലേക്ക് കടക്കുകയും ചെയ്തു. അമേരിക്കയുടെ മുന്‍ഗണന ക്രമത്തില്‍ സിറിയന്‍ ഭരണകൂടത്തെ താഴെയിറക്കുക എന്നതിന് പകരം തീവ്രവാദ ഗ്രൂപ്പുകളെ നേരിടുന്നതിന് സ്ഥാനം ലഭിച്ചു. ഇസ്രയേലുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന് പിന്നിലെ ഒരു പ്രേരകം ഇതായിരിക്കാം. സിറിയന്‍ ഭരണകൂടത്തെ പിന്തുണക്കുന്ന ഇറാന്‍, ഇറാഖ്, റഷ്യ എന്നീ രാഷ്ട്രങ്ങളോടും ഇതേ നിലപാടു തന്നെയാണ് ഉര്‍ദുഗാന്‍ സ്വീകരിച്ചത്. ‘zero problems with neighbours’ എന്ന ദാവൂദ് ഓഗ്‌ലു പയറ്റിയ പോളിസിയുടെ ഭാഗം തന്നെയായിരിക്കാം ഇത്.

മില്യണ്‍ കണക്കിന് അറബികളുടെയും മുസ്‌ലിംകളുടെയും മനസില്‍ ഉര്‍ദുഗാന് ഇന്നും വലിയ സ്ഥാനമുണ്ട്. അത് തുര്‍ക്കിയില്‍ സംഭവിച്ച സാമ്പത്തിക അത്ഭുത പ്രവര്‍ത്തിയുടെ ഭാഗമായി മാത്രം ഉണ്ടായതോ, ഇസ്‌ലാമും ജനാധിപത്യവും തമ്മില്‍ അദ്ദേഹത്തിന്റെ സാങ്കേതിക നേതൃത്വത്തില്‍ നടന്ന മിശ്രവിവാഹത്തിന്റെ ഫലമായി രൂപപ്പെട്ടതോ അല്ല. മറിച്ച് അത് 2009ല്‍ ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ ഷിമോണ്‍ പരസിനോട് പ്രതിഷേധിച്ച് ഇറങ്ങിപ്പോയത് മൂലമുണ്ടായതാണ്. ഗസ്സ ഉപരോധത്തിനെതിരെ അന്ന് ശ്ബ്ദിച്ച ഏക അറബ് നേതാവായിരുന്നു അദ്ദേഹം. മുസ്‌ലിം പണ്ഡിതവേദി യുടെ സെക്രട്ടറി ജനറല്‍ ആമിര്‍ മൂസ അദ്ദേഹത്തിന്റെ കൈപിടിച്ച് അഭിനന്ദിക്കുകയുണ്ടായി. ഇസ്രയേലിന്റെ ഉപരോധം ലംഘിക്കാന്‍ പുറപ്പെട്ട കപ്പലിന് തന്റെ രാജ്യത്തിന്റെ തുറമുഖം വിട്ടു കൊടുത്ത വ്യക്തികൂടിയാണ് അദ്ദേഹം.

ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയതിന് അദ്ദേഹത്തിന് എന്തെല്ലാം ന്യായീകരണങ്ങളുണ്ടെങ്കിലും, അറബികളില്‍ അദ്ദേഹത്തിനുള്ള വിശ്വാസ്യതയെയും സ്ഥാനത്തെയും അത് വല്ലാതെ ബാധിക്കും. തന്റെ എതിരാളികള്‍ക്കും അടിക്കാനുള്ള വടികൊടുക്കുകായണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ട്വിറ്ററും ഫേസ്ബുക്കും യൂട്യൂബും നിരോധിക്കാനുള്ള തീരുമാനത്തെ തന്നെ അവര്‍ നന്നായി ഉപയോഗപ്പെടുത്തിയിട്ടുള്ളതാണ്.

വിവ : അബ്ദുല്‍ മജീദ് താണിക്കല്‍

Related Articles