Current Date

Search
Close this search box.
Search
Close this search box.

ഉര്‍ദുഗാനും പുടിനും തമ്മിലിടയുമ്പോള്‍

റഷ്യന്‍ വിമാനം വീഴ്ത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ തിങ്കളാഴ്ച്ച പാരീസില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്താമെന്നുള്ള ഉര്‍ദുഗാന്റെ ആവശ്യത്തോട് റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍ പ്രതികരിച്ചിട്ടില്ല. പ്രതിസന്ധിയുടെ ഒന്നാം തിയ്യതി മുതല്‍ പുടിനുമായി ഒരു കൂടിക്കാഴ്ച്ച ഞങ്ങള്‍ ആവശ്യപ്പെടുന്നുണ്ട് അതിനൊരു മറുപടി ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട് എന്ന് ഉര്‍ദുഗാന്‍ പറഞ്ഞതായും തുര്‍ക്കി ന്യൂസ് ഏജന്‍സിയായ അനദോലു റിപോര്‍ട്ട് ചെയ്യുന്നു.

പുടിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരുപക്ഷെ ഈ ആവശ്യത്തോട് പരസ്യമായ മാപ്പുപറച്ചിലിന് ശേഷമല്ലാതെ പ്രതികരിക്കില്ലായിരിക്കാം. എന്നാല്‍ മാപ്പുപറയാന്‍ ഉര്‍ദുഗാനും തയ്യാറല്ല. തങ്ങളുടെ വ്യോമ മേഖലയുടെ സംരക്ഷണം എന്ന ഉത്തരവാദിത്വം മാത്രമാണ് തങ്ങള്‍ ചെയ്തിട്ടുള്ളതെന്നും വ്യോമപരിധി ലംഘിച്ചവരാണ് മാപ്പു പറയേണ്ടതെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രകൃതത്തിലും ചിന്താരീതിയിലും സ്വന്തത്തെ കുറിച്ച മതിപ്പിലും അഭിമാനബോധത്തിലും ജനസ്വാധീനത്തിലുമെല്ലാം ഒട്ടേറെ സാമ്യതകളുള്ള രണ്ട് പ്രസിഡന്റുമാര്‍ക്കിടയിലെ യുദ്ധത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്.

റഷ്യന്‍ സാര്‍ ചക്രവര്‍ത്തിമാരുടെ മഹത്വം വീണ്ടെടുക്കാനാഗ്രഹിക്കുന്ന പുടിന്‍ ആ ഉത്തരവാദിത്വം നിര്‍വഹിക്കാനുള്ള ആളായിട്ടാണ് സ്വന്തത്തെ കാണുന്നത്. ഉഥ്മാനി ഭരണത്തെ പുനരുജ്ജീവിപ്പിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ഉര്‍ദുഗാന്‍. ഇരുവരും പ്രധാനമന്ത്രി സ്ഥാനത്തും നിന്നും പ്രസിഡന്റ് പദവിയില്‍ എത്തിവരാണെന്നതും ശ്രദ്ധേയമാണ്. വോട്ടെടുപ്പിലൂടെയാണ് തെരെഞ്ഞെടുക്കപ്പെട്ടതെങ്കിലും എല്ലാ അധികാരങ്ങളും സ്വന്തത്തിലേക്ക് കേന്ദ്രീകരിച്ചതും എതിര്‍ നില്‍ക്കുന്ന മാധ്യമങ്ങളോടുള്ള വിരോധവും ഇരുവരെയും ഒന്നിപ്പിക്കുന്ന മറ്റൊരു കാര്യമാണ്.

ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ശക്തമായ ബന്ധം നിലനില്‍ക്കുന്നുണ്ടെങ്കിലും ഉര്‍ദുഗാനും പുടിനും പരസ്പരം സഹനം കൈകൊള്ളാനാവില്ല. ഒന്നരവര്‍ഷം മുമ്പ് പടിഞ്ഞാറിന്റെ മുന്നിലെ വ്യക്തിയെന്നാണ് പുടിന്‍ ഉര്‍ദുഗാനെ വിശേഷിപ്പിച്ചത്. തുര്‍ക്കിയുമായുള്ള വ്യാപാരം 30 ബില്യണില്‍ നിന്ന് 2020 ആകുമ്പോള്‍ 100 ബില്യണിലേക്ക് വര്‍ധിപ്പിക്കുന്നതിന് രണ്ട് മാസം മുമ്പാണ് റഷ്യയുമായി ധാരണയുണ്ടാക്കിയത്. റഷ്യന്‍ ഗ്യാസ് പൈപ്പ് ലൈന്‍ തുര്‍ക്കിയുടെ ഭൂപ്രദേശങ്ങളിലൂടെ യൂറോപിലേക്ക് നീട്ടാനും ഇരുരാഷ്ട്രങ്ങളും ധാരണയായിട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉര്‍ദുഗാനെ കുറിച്ച് പുടിന്‍ ഉന്നയിക്കുന്ന ആരോപണം ഐഎസിന്റെ പെട്രോളിയം ഒഴുക്കാന്‍ സൗകര്യമൊരുക്കുന്നുവെന്നും അവര്‍ക്ക് സാമ്പത്തിക, സൈനിക സഹായം ചെയ്യുന്നു എന്നുമാണ്. വളരെ രോഷത്തോടെയാണ് ഉര്‍ദുഗാന്‍ ആരോപണത്തെ നിഷേധിച്ചത്. ഇതിനെല്ലാം കാരണമായത് റഷ്യന്‍ വിമാനം വീഴ്ത്തിയതാണ്.

ഇരു പ്രസിഡന്റുമാര്‍ക്കും ഇടയിലുള്ള സാമ്യതകള്‍ വ്യക്തമാക്കുന്നത് ഒരു കൂട്ടിമുട്ടലിനുള്ള സാധ്യതയാണ്. അതില്ലാതിരിക്കണമെങ്കില്‍ ഇരുവരും പിന്‍വാങ്ങുകയും അയഞ്ഞു കൊടുക്കുകയും മൂന്നാമതൊരാള്‍ മധ്യസ്ഥ സ്ഥാനം വഹിക്കുകയും വേണം. അയഞ്ഞുകൊടുക്കുക എന്നു പറയുമ്പോള്‍ ഒരാള്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാവേണ്ടതുണ്ട്. അത് തന്റെ അഭിമാനത്തിന്റെ പ്രശ്‌നമായി കാണുമ്പോള്‍ രണ്ടു പേരില്‍ ആരും തന്നെ ഇപ്പോഴോ ഭാവിയിലോ ഒരു അയഞ്ഞുകൊടുക്കലിന് തയ്യാറാവില്ലെന്നാണ് എന്റെ വിശ്വാസം. ചക്രവാളത്തില്‍ ഏതെങ്കിലും മധ്യസ്ഥനെയും എനിക്ക് കാണാനാവുന്നില്ല.

മാപ്പു പറയാനുള്ള വിസമ്മതം, പൈലറ്റിന്റെ മൃതദേഹം മോസ്‌കോക്ക് കൈമാറിയത്, പാരാചൂട്ടുപയോഗിച്ച് ചാടിയ പൈലറ്റിനെ ബന്ധിയാക്കി വെടിവെച്ചു കൊന്നുവെന്ന സ്ഥിരീകരണം എന്നിവയെല്ലാം റഷ്യന്‍ പ്രസിഡന്റും റഷ്യന്‍ മാധ്യമങ്ങളും തുര്‍ക്കി വിരുദ്ധ വികാരം വളര്‍ത്തുന്നതിന് ഉപയോഗപ്പെടുത്തും. പ്രതിസന്ധി പരിഹരിക്കുന്നതിന് അതൊരിക്കലും സഹായിക്കില്ല.

ബഹുഭൂരിപക്ഷം റഷ്യക്കാരും പുടിനെ അനുകൂലിക്കുമ്പോള്‍ ഉര്‍ദുഗാനും അദ്ദേഹത്തിന്റെ മിലിറ്ററിക്കും ഇടയിലുള്ള വിയോജിപ്പിന്റെ വിത്തുകളാണ് പ്രകടമാവുന്നത്. ഈ വിയോജിപ്പ് അദ്ദേഹത്തിന്റെ നിലപാടിനെ ദുര്‍ബലപ്പെടുത്തും. തുര്‍ക്കിയിലെ ഒരു മുതിര്‍ന്ന സൈനികോദ്യോഗസ്ഥനെ ഉദ്ധരിച്ച് തുര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത് ‘റഷ്യയുടെ വിമാനമാണ് അതെന്ന് അറിഞ്ഞിരുന്നെങ്കില്‍ മറ്റൊരു രീതിയിലായിരിക്കുമായിരുന്നു ഞങ്ങള്‍ പെരുമാറിയിട്ടുണ്ടാവുക’ എന്നാണ്. പ്രദേശത്ത് വരുന്ന ഏത് വിമാനത്തെ കുറിച്ചും തുര്‍ക്കി വ്യോമസേനക്ക് അറിയാമെന്ന് വ്യക്തമാക്കിയ അദ്ദേഹം തങ്ങളോട് മൗനത്തിന്റെ ശ്രേഷ്ഠത പഠിക്കാന്‍ ആവശ്യപ്പെട്ട രാഷ്ട്രീയ നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്തു.

ഉര്‍ദുഗാനും സൈന്യത്തിനും ഇടയിലെ വിയോജിപ്പ് ഒരു പക്ഷെ റഷ്യന്‍ പ്രസിന്റുമായി അദ്ദേഹം നടത്തിയേക്കാവുന്ന കൂടിക്കാഴ്ച്ചയുടെ പശ്ചാത്തലത്തിലായിരിക്കാം. ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട നാല് ഭരണകൂടങ്ങള്‍ക്കെതിരെ അട്ടിമറി നടത്തിയ ഒരു സംവിധാനമാണ് അതെന്ന് ഉര്‍ദുഗാന് നന്നായി അറിയാം. 1980-ല്‍ ഇസ്‌ലാമിസ്റ്റായ നജ്മുദ്ദീന്‍ അര്‍ബകാനെതിരെ ജനറല്‍ കന്‍ആന്‍ എഫ്‌റിന്‍ നടത്തിയതാണ് അതില്‍ അവസാനത്തേത്.

‘സിറിയ തുര്‍ക്കി അതിര്‍ത്തി നാറ്റോ സഖ്യത്തിന്റെ കൂടെ അതിര്‍ത്തിയാണ്’ എന്നാണ് പാരീസില്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവെ തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഓഗ്‌ലു പറഞ്ഞത്. എന്നാല്‍ ആ സഖ്യം റഷ്യക്കെതിരെ തുര്‍ക്കിയെയും ഉര്‍ദുഗാനെയും സഹായിക്കുമെന്നതിന്റെ ഒരു സൂചനയും നല്‍കിയിട്ടില്ല. ഈ സഖ്യം ഓര്‍ത്തഡോക്‌സ് റഷ്യയേക്കാളേറെ ഇസ്‌ലാമിക് തുര്‍ക്കിയെ വെറുക്കുന്നു. 1952 മുതല്‍ അതില്‍ അംഗമായ തുര്‍ക്കിയെ പിന്തുണച്ചു കൊണ്ട് സഖ്യം ശക്തമായ ഒരു നിലപാടും ഇതുവരെ സ്വീകരിച്ചിട്ടില്ല. തുര്‍ക്കി ഈ വര്‍ഷം 1600 തവണ തങ്ങളുടെ വ്യോമപരിധി ലംഘിച്ചിട്ടുണ്ടെന്ന ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസിന്റെ ട്വീറ്റ് തുര്‍ക്കിക്കെതിരെയുള്ള ആക്ഷേപത്തിന്റെ സൂചനയായിരിക്കാം. തുര്‍ക്കിയുടെ നിലപാട് തെറ്റാണെന്ന സൂചന നല്‍കുന്ന അത് മറ്റൊരുതരത്തില്‍ റഷ്യന്‍ നിലപാടിനെ ന്യായീകരിക്കുന്നുമുണ്ട്.

സൗദി, ഖത്തര്‍ പോലുള്ള തുര്‍ക്കിയുടെ സഖ്യരാഷ്ട്രങ്ങളുടെ ഭാഗത്തു നിന്നും പ്രതിസന്ധിയില്‍ തുര്‍ക്കിയെ അനുകൂലിച്ച് ശക്തമായ ഒരു നിലപാടുണ്ടായിട്ടില്ല. തിങ്കളാഴ്ച്ച ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗത്തിന്റെ പ്രസ്താവന റഷ്യ-തുര്‍ക്കി പ്രതിസന്ധിയെ കുറിച്ച് ഒന്നും പരാമര്‍ശിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. പ്രാദേശികവും അന്തര്‍ദേശീയവുമായ എല്ലാ വിഷയങ്ങളെ കുറിച്ചും പരാമര്‍ശിക്കുന്ന അതില്‍ ഈജിപ്തിലെ അല്‍അരീശിലുണ്ടായ ഭീകരാക്രമണത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നുണ്ട്. അക്രമിയായ ഭരണകൂടത്തില്‍ നിന്ന് ഓടി രക്ഷപ്പെടുന്ന സിറിയന്‍ അഭയാര്‍ഥികളോട് അത് അനുകമ്പ പ്രകടിപ്പിക്കുകയും ചെയ്യുന്നു.

നിശ്ചയദാര്‍ഢ്യത്തിന്റെ വ്യക്തിത്വങ്ങളുടെയും സംഘട്ടനത്തിന് മുന്നിലാണ് നാം. വ്യാപാര താല്‍പര്യങ്ങളേക്കാല്‍ അതാണ് മുന്നിട്ടു നില്‍ക്കുന്നത്. ആരെങ്കിലും ഒരാള്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാവുന്നില്ലെങ്കില്‍ ബുദ്ധിയുടെയും യുക്തിയുടെയും ഭാഷ സൈനിക ഏറ്റുമുട്ടലിലേക്കായിരിക്കും നീങ്ങുക.

മൊഴിമാറ്റം: നസീഫ്

Related Articles