Current Date

Search
Close this search box.
Search
Close this search box.

ഉപരോധത്തില്‍ സ്തംഭിച്ചു നില്‍ക്കുന്ന ഗസ്സയിലെ നിര്‍മ്മാണ മേഖല

 1975 മുതല്‍ 2007 വരെ ഞങ്ങളുടെ വ്യാപാരം സ്ഥിരതയാര്‍ന്നതും ലാഭകരവുമായിരുന്നു. എന്നാല്‍ 2007 മുതല്‍ ഇസ്രായേലിന്റെ ഉപരോധം കാരണം കച്ചവടം പതിയെ നഷ്ടത്തിലാകാന്‍ തുടങ്ങി.’ ഇസ്രായേലില്‍ നിന്നുള്ള തന്റെ അസംസ്‌കൃത വസ്തുക്കളുടെ ചരക്കുകപ്പല്‍ പ്രതീക്ഷിച്ചു നില്‍ക്കുകയായിരുന്ന ഗസ്സയിലെ വ്യാപാരിയായ ഇബ്രാഹിമിന്റെ വാക്കുകളാണിത്. കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടെ ലഭിക്കുന്ന ആദ്യ ചരക്കു കപ്പലാണിത്.
കഴിഞ്ഞ ആഴ്ച ഇസ്രായേല്‍ അധികൃതര്‍ ഗസ്സിയിലേക്കുള്ള നിര്‍മ്മാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയില്‍ 50 ലോഡിന്റെ വര്‍ദ്ധനവ് അനുവദിച്ചിരുന്നു. എന്നാല്‍ സിമന്റ്, സ്റ്റീല്‍, കോണ്‍ക്രീറ്റ് തുടങ്ങിയ ഈ വസ്തുക്കള്‍ പ്രദേശത്തിന്റെ ആവശ്യം വച്ചു നോക്കുമ്പോള്‍ തുലോം കുറവാണ്. നേരത്തെ സ്വകാര്യ മേഖലയില്‍ ദിവസേന 20 ലോഡുകള്‍ ഇസ്രായേല്‍ അനുവദിച്ചിരുന്നു.
‘ ഞങ്ങള്‍ ഈജിപ്തില്‍ നിന്നുമുള്ള ഭൂഗര്‍ഭ ടണലുകളെ ആശ്രയിക്കാന്‍ തുടങ്ങി. പക്ഷെ സാധനങ്ങളുടെ ലഭ്യതയും വിലനിലവാരവും എപ്പോഴും ഏറിയും കുറഞ്ഞും കൊണ്ടിരുന്നു.’ ഇബ്രാഹിം പറുയുന്നു.
കഴിഞ്ഞ ജൂലൈ മുതല്‍ ഈജിപ്ഷ്യന്‍ സൈനിക ഭരണകൂടം ഭൂഗര്‍ഭ ടണല്‍ വീണ്ടും കയ്യേറിയതോടെ സിമന്റിനും മറ്റും ക്രമാതീതമായി വിലവര്‍ദ്ധനവുണ്ടായതായി അദ്ദേഹം പറയുന്നു. ഗസ്സക്കും ഈജിപ്തിനുമിടയിലെ ബന്ധം കുറഞ്ഞതിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് യു. എന്നിന്റെ മാനുഷിക കാര്യ ഏകോപന വകുപ്പ് ഒഫീസ് നടത്തിയ പഠനത്തില്‍ പറയുന്നത് സെപ്തംബര്‍ 21 വരെ 300 ടണലുകളില്‍ വെറും പത്തെണ്ണം മാത്രമെ പ്രവര്‍ത്തിക്കുന്നുള്ളൂ എന്നാണ്.
ഈജിപ്ഷ്യന്‍ അട്ടിമറിക്കുമുമ്പ് 7500 ടണ്‍ വരെ ദിനംപ്രതിയുണ്ടായിരുന്ന ചരക്കു കടത്ത് വെറും നൂറില്‍ താഴെ മാത്രമായി ചുരുങ്ങിയെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇസ്രായേലില്‍ നിന്നും ഗസ്സയില്‍ എത്തിയിരുന്ന ചരക്കുകളുടെ വില നിലവാരം നിശ്ചയിച്ചിരുന്നത് ഗസ്സയിലെ പ്രാദേശിക അധികൃതരായിരുന്നു.
ഇസ്രായേല്‍ ഉപരോധത്തിനു മുമ്പ് നൂറ് കണക്കിന് ടണ്‍ അസംസ്‌കൃത വസ്തുക്കള്‍ തനിക്ക് സ്റ്റോക്ക് ചെയ്യാന്‍ സാധിച്ചിരുന്നതായും തന്റെ വ്യാപാരം ഒരിക്കലും നിന്നു പോകാതെ കൊണ്ടുപോകാന്‍ സാധിച്ചിരുന്നതായും ഇബ്രാഹിം ഓര്‍ക്കുന്നു.
എന്നാല്‍ കഴിഞ്ഞ 5 വര്‍ഷമായി തുടരുന്ന ഉപരോധവും ടണലുകളില്‍ കൂടിയുള്ള  സ്ഥിരതയില്ലാത്ത വിഭവകൈമാറ്റവും ഞങ്ങളെ അവശരാക്കിയതായും അദ്ദേഹം പറയുന്നു. സാധനങ്ങള്‍ എവിടെയാണോ ലഭിക്കുന്നത് അങ്ങോട്ടുള്ള പരക്കം പാച്ചിലിലാണ് ഇന്ന് ഞങ്ങള്‍.
അപര്യാപ്തം.
ചരക്കുകപ്പലുകളുടെ കാര്യത്തില്‍ ഇസ്രായേല്‍ നടത്തിയ വര്‍ദ്ധനവ് ചെറിയ ആശ്വാസമായെങ്കിലും ഗസ്സയിലെ പൊതു സ്വകാര്യ മേഖലയിലെ നിര്‍മ്മാണ മേഖലക്ക് അവശ്യമായ സാധനങ്ങള്‍ വച്ചു നോക്കുമ്പോള്‍ അത് അപര്യാപ്തമാണെന്നു കാണാം. 1.7 മില്യണ്‍ ഫലസ്തീനികള്‍ താമസിക്കുന്ന നാടാണ് ഫലസ്തീന്‍.
വസ്തുക്കളുടെ അപര്യാപ്തത മൂലം 13 സര്‍ക്കാര്‍ സകൂളുകളുടെ നിര്‍മ്മാണം നിര്‍ത്തി വച്ചിരിക്കുന്നതായും വേറെ 26 സ്‌കൂളുകളുടെ ടെന്‍ഡര്‍ നീട്ടി വച്ചിരിക്കുന്നുവെന്നും യു. എന്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
2012 നവംബറിലെ ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന 76 കിന്റര്‍ഗാര്‍ട്ടണുകളുടെ പുന: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കുകയോ നീട്ടിവക്കുകയോ ചെയ്തിരിക്കുന്നു. അതു പോലത്തന്നെ അല്‍ അഖ്‌സ യൂണിവേഴ്‌സിറ്റിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം നിര്‍ത്തി വച്ചിരിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന 70 ട്രക്കുകളെന്നത് ഗസ്സയുടെ യഥാര്‍ഥ ആവശ്യത്തിന്റെ 25, 30 ശതമാനം മാത്രമേ ആകൂ എന്ന് ഗസ്സയിലെ ഫലസ്തീനിയന്‍ നിര്‍മ്മാണ യൂണിയന്‍ നേതാവ് നബീല്‍ അബൂ മുഅയ്‌ലിക് പറയുന്നു.
2010 മുതല്‍ അന്താരാഷ്ട്ര ഏജന്‍സികളുടെ കീഴില്‍ നടത്തപ്പെടുന്ന സ്‌കൂളുകള്‍ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ക്ലിനിക്കുകള്‍ തുടങ്ങിയ പ്രൊജക്ടുകള്‍ക്ക് പരിമിതമായ രീതിയില്‍ സാധനങ്ങള്‍ ഇസ്രായേല്‍ നല്‍കിത്തുടങ്ങി.
ഉപരോധത്തിനു മുമ്പ് ഇസ്രായേലിന്റെ ഒന്നിലധികം ചെക്‌പോസ്റ്റുകള്‍ കടന്ന് ദിനേന 250 ലധികം ട്രക് ലോഡുകള്‍ ഗസ്സയിലേക്ക് വന്നിരുന്നു. എന്നാല്‍ ഇന്ന് തെക്കേ ഭാഗത്തുള്ള കരീം ശാലോം ചെക്‌പോസ്റ്റ് മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. അതു തന്നെ ഒരു ക്രമവും വ്യവസ്ഥയുമില്ലാത്ത അന്തരീക്ഷത്തിലാണു താനും.
ഗസ്സയിലെ  300 കരാര്‍ സ്ഥാപനങ്ങളില്‍ പകുതി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂവെന്ന് അബൂ മുഅയ്‌ലിക്ക് പറയുന്നു.
‘ ഇവിടെ ഗസ്സയില്‍ നൂറ് കണക്കിന് നിര്‍മ്മാണ പദ്ധതികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.’ അദ്ദേഹം പറയുന്നു.
പ്രാഥമികമായ അവകാശം
സ്വകാര്യ മേഖലയിലേക്ക് നിര്‍മ്മാണ വസ്തുക്കള്‍ നല്‍കാന്‍ തീരുമാനിച്ചത് തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്ന ഒരു കാര്യമാണ്. എന്നാല്‍ ഗസ്സക്കാര്‍ പറയുന്നു ഇത് ഒട്ടും പര്യാപ്തമല്ല എന്ന്.
‘അടഞ്ഞു കിടക്കുന്ന എല്ലാ അതിര്‍ത്തിയും തുറക്കണമെന്നും ഫലസ്തീനികളുടെ പ്രാഥമികമായ അവകാശം മാത്രമായ ജീവിക്കാനുള്ള അവകാശം വകവച്ചുകൊടുത്തുകൊണ്ട് അവശ്യമായ എല്ലാ വസ്തുക്കളും ലഭ്യമാക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.’ യൂണിവേഴ്‌സിറ്റി അധ്യാപികയായ റാണി അഹ്മദ് പറയുന്നു. ‘ തീര്‍ച്ചയായും നിര്‍മ്മാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കള്‍ ഞങ്ങളുടെ പ്രാഥമികമായ ആവശ്യങ്ങളില്‍ പെട്ടതാണ്’ അവര്‍ പറയുന്നു.
ഇസ്രായേല്‍ പ്രതിഛായയുടെ സൗന്ദര്യവല്‍ക്കരണം
യഥാര്‍ഥത്തില്‍ നിര്‍മ്മാണ മേഖലയില്‍ ഇന്നനുഭവിക്കുന്ന പ്രതിസന്ധിയെന്നത് ജൂലൈ 3ന് ഈജിപ്തില്‍ സംഭവിച്ച സൈനിക അട്ടിമറിയോടു കൂടി ടണലുകളില്‍ വന്ന നിയന്ത്രണവും മറ്റും ഉണ്ടാക്കിയ സാമ്പത്തിക സാമൂഹിക അസ്ഥിരാവസ്ഥതയുടെ ഭാഗമാണ്.
ഗസ്സക്കകത്തും പുറത്തുമുള്ള ഫലസ്തീനികള്‍ക്ക് റഫ അതിര്‍ത്തിയിലൂടെ യാത്ര ചെയ്യുന്നിടത്ത് വന്ന ശക്തമായ നിയന്ത്രണവും ഇതില്‍ പെടും.
പുറത്താക്കപ്പെട്ട ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ പാര്‍ട്ടിയായ മുസ്‌ലിം ബ്രദര്‍ഹുഡിനെ പിന്തുണക്കുന്നു എന്ന ആരോപണം ഗസ്സയിലെ ഹമാസിനു നേരെ ഉന്നയിക്കുകയാണ് ഈജിപ്ഷ്യന്‍ ഭരണകൂടം ചെയ്യുന്നത്.
ഇസ്രായേല്‍ എങ്ങനെയാണ് നിര്‍മ്മാണ സാമഗ്രികള്‍ നല്‍കുന്നതിലെ നിയന്ത്രണത്തില്‍ നിന്നും എളുപ്പത്തില്‍ ഒഴിഞ്ഞു മാറുന്നതെന്ന് ഗസ്സയിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും യൂണിവേഴ്‌സിറ്റി അധ്യാപകനുമായ ഹൈദര്‍ ഈദ് വിവരിക്കുന്നതു കാണുക;
‘   ഇസ്രായേലിന് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഗസ്സയുടെ മേല്‍ അവര്‍ നടത്തുന്ന ഉപരോധങ്ങള്‍ മൂലവും ഫലസ്തീനികള്‍ക്കെതിരിലുള്ള ആക്രമണങ്ങള്‍ മൂലവും അന്താരാഷ്ട്ര തലത്തില്‍ അവരുടെ പ്രതിഛായ തകര്‍ന്നു കിടക്കുകയാണ്. ഇതില്‍ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നതാണ് 2009ലും 2012 നവംബറിലും നടന്ന ആക്രമണങ്ങള്‍. അപ്പോള്‍ അവര്‍ക്ക് ആ പ്രതിഛായയെ സൗന്ദര്യവല്‍ക്കരിക്കേണ്ട്തുണ്ട്. ഗസ്സ അത്തരം ഉപരോധങ്ങള്‍ അനുഭവിക്കുന്നില്ല എന്ന തെറ്റായ സന്ദേശം അവര്‍ക്ക് ലോകത്തിനു മുമ്പില്‍ നല്‍കേണ്ടതുണ്ട്.’ ഈദ് ചുണ്ടിക്കാണിക്കുന്ന പോലെ സ്വിസ് ചോക്കലേറ്റ് പോലെ ചില സൗകര്യങ്ങള്‍ വച്ചു നീട്ടുന്നതിലൂടെ ഇസ്രായേല്‍ യഥാര്‍ഥത്തില്‍ തങ്ങളുടെ മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇത് ഗസ്സന്‍ ജനതയുടെ ആവശ്യം അറിഞ്ഞുള്ളതോ അതിനു പര്യാപ്തമായതോ അല്ല. ഗസ്സ മരുന്നുകള്‍ക്കും മറ്റ് അത്യാവശ്യ സാധനങ്ങള്‍ക്കും നെട്ടോട്ടമോടുകയാണ്.
അതിര്‍ത്തികള്‍ വീണ്ടും തുറക്കുക
‘ഗസ്സയുടെ പ്രശ്‌നത്തിന് പരിഹാരം ഒന്ന് മാത്രമേ ഉള്ളൂ..അടഞ്ഞു കിടക്കുന്ന ആറ് അതിര്‍ത്തികളും വീണ്ടും തുറക്കുക. ഇസ്രായേല്‍ എന്ന അധിനിവേശ ശക്തി ഗസ്സയെ ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലാക്കി മാറ്റിയിരിക്കുകയാണ്.’ ഈദ് പറയുന്നു.
ഇസ്രായേലിന്റെ ശക്തമായ ആക്രമണത്തിനു പുറമെ ഈജിപ്തില്‍ നിലവില്‍ വന്ന സൈനിക ഭരണകൂടം ഗസ്സയെ അതി ക്രൂരമായി എതിര്‍ക്കുന്നു. ഹമാസിന്റെ അതേ ആദര്‍ശം പങ്കുവക്കുന്ന ബ്രദര്‍ഹുഡാണ് അവരുടെ എതിരാളി എന്നതിനാലാണിത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ലഭ്യതക്കുറവ് 2008-2009 കാലയളവിലെ ഇസ്രായേല്‍ അധിനിവേശാനന്തരം ഗസ്സയില്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ വരുന്നതിന് തടസ്സമായിട്ടുണ്ടെന്ന് അബൂ മുഅയ്‌ലിക് പറയുന്നു.
ഗസ്സയുടെ കാര്യത്തില്‍ ടണലിന്റെ അറ്റത്ത് ഒരു വെളിച്ചം കാണുന്നതായി തോന്നുന്നില്ല.
അവലംബം: ഇലക്ട്രോണിക് ഇന്‍തിഫാദ
വിവ: അത്തീഖുറഹ്മാന്‍

Related Articles