Current Date

Search
Close this search box.
Search
Close this search box.

‘ഈ പടം ഞങ്ങള്‍ മുമ്പ് കണ്ടതാണ്’

ഈ പടം ഞങ്ങള്‍ മുമ്പ് കണ്ടതാണ്. ഇസ്‌ലാമിസ്റ്റുകളുടെ പ്രതിയോഗികളിലൊരാളെ വകവരുത്തിയതിന് ശേഷം ആരോപണവിരലുകള്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് നേരെ ചൂണ്ടുകയെന്നത് പുതിയ തന്ത്രമൊന്നുമല്ല. ഇത്തരം നാടകങ്ങള്‍ കൊണ്ട് നിബിഢമാണ് ആധുനിക തുര്‍ക്കിയുടെ ചരിത്രം. 2006 മെയില്‍ എ കെ പാര്‍ട്ടിയുടെ ഭരണകാലത്ത് നടന്നത് അവയില്‍ ഏറ്റവും പുതിയതാണ്. അന്‍ഖറയിലെ സുപ്രീം കോടതി ആസ്ഥാനത്തേക്ക് അലബ് അര്‍സലാന്‍ എന്ന പേരുള്ള ഒരു യുവാവ് ആക്രമിച്ച് കയറി, അവിടത്തെ ഏതാനും ജഡ്ജുമാര്‍ക്ക് നേരെ നിറയൊഴിച്ചതാണ് സംഭവം. എ കെ പാര്‍ട്ടിയെ നിരോധിക്കണമെന്ന ഒരു കേസിന്റെ വാദം കേള്‍ക്കല്‍ നടക്കുകയായിരുന്നു അവിടെ. വെടിയേറ്റവരില്‍ ഒരാള്‍ മരണപ്പെടുകയും, നാല്‍പേര്‍ക്ക് പരുക്കേല്‍ക്കുകയുമുണ്ടായി. കൃത്യനിര്‍വഹണത്തിന് ശേഷം അയാള്‍ ഓടി രക്ഷപ്പെട്ടു. ‘ഞങ്ങള്‍ അല്ലാഹുവിന്റെ സൈന്യമാണ്.. അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍..’ എന്ന് അക്രമി വിളിച്ച് പറഞ്ഞിരുന്നതായി ഒരു ജഡ്ജിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിയോഗികളായ മതേതരകക്ഷികള്‍ അവസരം മുതലെടുത്തു. കുറ്റകൃത്യത്തിന് പിന്നില്‍ എ കെ പാര്‍ട്ടിയാണെന്ന് ആരോപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അധികാരം ലഭിച്ചതിന് ശേഷം എ കെ പാര്‍ട്ടി തങ്ങളുടെ ശത്രുക്കളെ ഇത്തരം തീവ്രവാദ ആക്രമണങ്ങളിലൂടെ തുടച്ച് നീക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും അവര്‍ നാടുനീളെ കൊട്ടിഘോഷിച്ചു. നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷം മതേതരകക്ഷികളില്‍ പെട്ട ഒരു റിട്ടയേര്‍ഡ് പോലീസ് ഓഫീസറാണ് കൊലയാളിക്ക് വേണ്ട പ്രചോദനവും, സൗകര്യവും ചെയ്ത് കൊടുത്തതെന്ന് വ്യക്തമായി. തുര്‍ക്കിയിലെ അതീവ രഹസ്യമായി പ്രവര്‍ത്തിക്കുന്ന അര്‍ജന്‍ഗണ്‍ തീവ്രവാദ സംഘടനയുമായി ആ ഉദ്യോഗസ്ഥന് ബന്ധമുണ്ടെന്ന് കുറ്റസമ്മതവുമുണ്ടായി. എന്നാല്‍ പോലും ഇസ്‌ലാമിക മുന്നണിയെ തേജോവധം ചെയ്യുന്നതും അതിന്റെ മുഖം വികൃതമാക്കുന്നതും അഭംഗുരം തുടര്‍ന്ന് കൊണ്ടേയിരുന്നു. മതേതരകക്ഷികളെ ഭീഷണിപ്പെടുത്തുകയാണെന്നതായിരുന്നു പ്രചരണം. പോലീസ് ഓഫീസറെയും, കുറ്റവാളിയെയും പിടികൂടി. അവരിപ്പോള്‍ ജയില്‍ ശിക്ഷയനുഭവിക്കുകയാണ്. എ കെ പാര്‍ട്ടിയുടെ ഭരണത്തെ വികൃതമാക്കാന്‍ ഇറങ്ങിത്തിരിച്ച മറ്റ് തീവ്രവാദികളുമുണ്ട് കൂടെ.
സമാനമായ സംഭവം ഇറാനിലുമുണ്ടായി. ഷാഹ് മുഹമ്മദ് രിദാ പഹ്‌ലവിയുടെ ഭരണത്തിനെതിരെ ആത്മീയ നേതാവ് ഖുമൈനിയുടെ നേതൃത്വത്തില്‍ മതകീയ വിപ്ലവം നടക്കുന്ന കാലം. ഷാ അധികാരഭ്രഷ്ടനാവുന്നതിന് ഒരു വര്‍ഷം മുമ്പ് ഒരു സിനിമാ പ്രൊജക്റ്റര്‍ തീവെച്ച് നശിപ്പിക്കുകയും, ഓപറേറ്ററെ കൊലപ്പെടുത്തുകയും ചെയ്തു. സ്വാഭാവികമായി ഇറാനില്‍ കലാപം ആളിക്കത്തി. 370-ാളം പേര്‍ അന്ന് കൊല്ലപ്പെട്ടു. അന്ന് ഭരണാധികാരിയായിരുന്ന ഷായുടെ ഇന്റലിജന്റ്‌സ് വിഭാഗമായിരുന്നു സംഭവത്തിന് പിന്നിലെന്ന് വെളിപ്പെട്ടത് ഈയിടെയാണ്. കലയെ എതിര്‍ക്കുന്ന, സിനിമയെ നിഷിദ്ധമെന്ന് വിശ്വസിക്കുന്ന വിപ്ലവത്തിന് നേതൃത്വം നല്‍കുന്ന മതവിഭാഗമാണ് സംഭവത്തില്‍ പ്രതിയാക്കപ്പെടുകയെന്ന് ഷാക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തുനീഷ്യയില്‍ നടന്ന കൊലപാതകത്തെക്കുറിച്ച് കേട്ടപ്പോള്‍ എന്റെ മനസ്സിലേക്ക് ഇരച്ച് വന്നത് ഈ സംഭവവികാസങ്ങളായിരുന്നു. അവിടെ ഇസ്‌ലാമിസ്റ്റുകളുടെ നിശിത വിമര്‍ശനകനായ ഒരു പ്രതിയോഗി കൊല്ലപ്പെട്ടിരിക്കുന്നു. ഇടതുപക്ഷ നേതാവായ ശുക്‌രി ബല്‍ഈദ്. തുനീഷ്യന്‍ സമൂഹത്തെ പിടിച്ച് കുലുക്കിയ, ധാരാളം പ്രദേശങ്ങളില്‍ രോഷാഗ്നി കത്തിച്ച കുറ്റകൃത്യമായിരുന്നു അത്. അന്നഹ്ദക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയവര്‍ ഇസ്‌ലാമിക അടിത്തറയുള്ളവരായിരുന്നു. തങ്ങളുടെ കടുത്ത ശത്രുവായിരുന്ന വ്യക്തിയുടെ കൊലപാതകത്തിന് ഉത്തരവാദി അന്നഹ്ദയാണെന്ന് ആരോപണമുയര്‍ന്നു. ഇന്‍വെസ്റ്റിഗേഷന്‍ റിസല്‍ട്ട് ഇത് വരെ പുറത്ത് വന്നിട്ടില്ല. പക്ഷെ പ്രതിപക്ഷ ശക്തികളുടെ കാമ്പയിന്‍ കുറ്റകൃത്യത്തെ അന്നഹ്ദക്ക് മേല്‍ ചാടിവീഴാനുള്ള സുവര്‍ണാവസരമാക്കി മാറ്റുകയായിരുന്നു.

ഇവിടെ കഥ ഒരു നിലക്കും പുതിയതല്ല. പക്ഷെയത് തുനീഷ്യന്‍ സമൂഹത്തില്‍ പുതിയതാണെന്ന് മാത്രം. കുറ്റകൃത്യം അങ്ങേയറ്റം വൃത്തികെട്ടതായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. പക്ഷെ ആരോപണം അന്നഹ്ദക്കും, അത് നേതൃത്വം നല്‍കുന്ന ഭരണകൂടത്തിനുമെതിരെ ചൂണ്ടുന്നത് അല്‍ഭുതവും അതോടൊപ്പം സംശയവുമുളവാക്കുന്നു. കാരണം തങ്ങളുടെ മിതത്വവും പക്വതയും കൊണ്ട് പ്രസിദ്ധമാണ് അന്നഹ്ദ. ബലപ്രയോഗത്തെ ശക്തമായി നിരസിക്കുന്നവരാണ് അവര്‍. ഇത്തരത്തിലുള്ള ഒരു സംഘടന ഹീനമായ ഒരു കൃത്യത്തിന് മുതിരുമെന്ന് വിവേകമുള്ള ആരും വിശ്വസിക്കുകയില്ല. രാഷ്ട്രത്തിന്റെ സുസ്ഥിരതക്കും, പുതിയ പ്രഭാതത്തിനും വേണ്ടി അശ്രാന്തപരിശ്രമം നടത്തുന്ന ഈ വേളയില്‍ ഈ പ്രവര്‍ത്തനം സങ്കല്‍പിക്കാവതല്ല. മറിച്ച്, അന്നഹ്ദയോട് വിരോധമുള്ള ചില പ്രതിപക്ഷ വിഭാഗങ്ങള്‍ പഴയ പക പോക്കാനുള്ള സുവര്‍ണാവസരമായി നിലവിലുള്ള സാഹചര്യത്തെ ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തതെന്നത് വ്യക്തമാണ്.

നിലവില്‍ ഈജിപ്തില്‍ നടന്ന് കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുമായി ഇതിന് സമാനതകളേറെയുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരെ നിറയൊഴിച്ചത് ഇഖ്‌വാന്റെ രഹസ്യ സംഘടനകളാണെന്ന് പ്രതിയോഗികള്‍ ആരോപിക്കുന്നു. വളരെ ലളിതമായ ഒരു തത്വശാസ്ത്രമാണിത്. ഈജിപ്തില്‍ പ്രശ്‌നമുണ്ടാക്കാന്‍ പണിയെടുക്കുന്നത് ഇഖ്‌വാനാണ് എന്ന് പ്രചരിപ്പിക്കുന്നതിനുള്ള തന്ത്രം. പണ്ട് കാലത്ത് പറയപ്പെട്ടിട്ടുണ്ട് ‘കോപം അടിച്ച് വീശുന്ന കാറ്റാണ്. അത് ബുദ്ധിയുടെ പ്രകാശത്തെ അണച്ച് കളയും.’

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles