Current Date

Search
Close this search box.
Search
Close this search box.

ഈ ‘അത്ഭുതം’ എങ്ങനെ ട്രംപിന് സാധിച്ചു?

trump-win.jpg

ട്രംപ് വിജയിച്ചിരിക്കുന്നു. അമേരിക്കന്‍ ഭരണകൂടവും അതിനെ പ്രതിനിധീകരിക്കുന്ന ഹിലരി ക്ലിന്റനും പരാജയപ്പെട്ടിരിക്കുന്നു. അപ്രകാരം മാധ്യമ രാജാക്കന്‍മാരും പരാജയപ്പെട്ടിരിക്കുന്നു. അഭിപ്രായ സര്‍വേകളുടെ പൊള്ളത്തരം വ്യക്തമാക്കുന്നതു കൂടിയായിരുന്നു ഫലം. നൂറുകണക്കിന് നിരീക്ഷകരും മാധ്യമപ്രവര്‍ത്തകരും പ്രവചിച്ചിരുന്നത് അദ്ദേഹത്തിന്റെ പരാജയമായിരുന്നു. രാഷ്ട്രീയ പരിജ്ഞാനവും പരിചയവുമില്ലാത്തവനെന്ന് അവര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചു. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാക്കളും കോണ്‍ഗ്രസിലെയും സെനറ്റിലെയും പല അംഗങ്ങളും കൈവിട്ടിട്ടും വെല്ലുവിളിക്ക് മുമ്പില്‍ അദ്ദേഹം ഉറച്ചുനിന്നു. അമേരിക്കന്‍ ജനതയെയും അവരുടെ ആവശ്യങ്ങളെയും അവരുടെ പൊതുബോധവും മനസ്സിലാക്കുന്നതിലുള്ള തന്റെ കഴിവ് അദ്ദേഹം തെളിയിക്കുകയും ചെയ്തു. അതിനനുസൃതമായ അഭിസംബോധനകളാണ് അദ്ദേഹം നടത്തിയത്. നിലവിലെ ഭരണകൂടത്തെ തങ്ങള്‍ക്ക് മടുത്തിരിക്കുന്നു എന്നും അമേരിക്കന്‍ ജനത ഈ തെരെഞ്ഞെടുപ്പിലൂടെ തെളിയിച്ചു. അതുകൊണ്ടാണ് ഈ ‘കലഹപ്രിയനൊപ്പം’ നിന്ന് അദ്ദേഹത്തിന് അനുകൂലമായി അവര്‍ വോട്ടുരേഖപ്പെടുത്തിയത്.

ഈ മനുഷ്യനിലുള്ള ദോഷവശങ്ങളെയും അയാളുടെ വ്യക്തിത്വത്തിലും പെരുമാറ്റത്തിലുമുള്ള വൈര്യധ്യങ്ങളെയും കുറിച്ചു സംസാരിക്കുന്ന നിരവധി പേരുണ്ട്. അവരോട് ഞാന്‍ പൂര്‍ണമായി വിയോജിക്കുന്നില്ല. എന്നാല്‍ ബാലറ്റ് ബോക്‌സിലൂടെ ജനം തെരെഞ്ഞെടുത്തത് അദ്ദേഹത്തെയാണ്. ഭരണം ഇനി അയാളിലാണ്. പ്രത്യേക വിമാനത്തിലും ആഢംബര ബോട്ടുകളിലും യാത്ര ചെയ്യുന്ന കോടീശ്വരനായ ട്രംപ് തനിക്ക് വോട്ടുരേഖപ്പെടുത്തി വിജയിപ്പിച്ച പാര്‍ശ്വവല്‍കരിക്കപ്പെട്ട പാവങ്ങളുടെ പ്രതിനിധിയും അവരുടെ അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന ആളുമായി മാറുമെന്ന് സങ്കല്‍പിക്കാന്‍ പ്രയാസമാണ്. പൊതുവെ രാഷ്ട്രീയക്കാരില്‍ കാണാത്ത തുറന്നുപറച്ചിലും സ്വേച്ഛാപ്രകടനവുമായിരിക്കാം ഒരുപക്ഷേ അതിനവരെ പ്രേരിപ്പിച്ചത്.

മാധ്യമങ്ങളുടെ ഭാഗത്തു നിന്നും കടുത്ത വിമര്‍ശനമാണ് ട്രംപ് നേരിട്ടത്. അവ അദ്ദേഹത്തിന്റെ അഭിമാനം പിച്ചിചീന്തി. അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിന്റെയും കുടുംബ ജീവിതത്തിന്റെയും ആഴങ്ങളിലേക്ക് വരെ ഇറങ്ങിചെല്ലുകയും ചെയ്തു. സാമ്പത്തിക ഇടപാടുകളില്‍ സംശയം പ്രകടിപ്പിച്ചു. എന്നാല്‍ അത്തരം കുഴിബോംബുകള്‍ക്ക് മധ്യേ അദ്ദേഹം പ്രയാണം തുടരുകയായിരുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ 16 പേരെ പിന്തള്ളിയാണ് അദ്ദേഹം മുന്നോട്ട് വന്നത്. മത്സരത്തില്‍ എതിരാളിയായ ക്ലിന്റനെ മലര്‍ത്തിയടിച്ച് വൈറ്റ്ഹൗസിലേക്ക് കാലെടുത്തു വെക്കുകയാണ് അദ്ദേഹം.

വംശീയവാദി, വലതുപക്ഷക്കാരന്‍, സ്ത്രീ നിന്ദകന്‍, സ്ത്രീ പീഡകന്‍, ഇസ്‌ലാം-മുസ്‌ലിം വിരോധി, മുസ്‌ലിംകള്‍ക്കും മെക്‌സിക്കോയിലെയും ലാറ്റിനമേരിക്കയിലെയും പാവങ്ങള്‍ക്ക് മുമ്പില്‍ അതിര്‍ത്തി അടക്കാന്‍ ഉദ്ദേശിക്കുന്നവന്‍ ഇതൊക്കെയല്ലേ ട്രംപ്? എന്തത്ഭുതമാണിത്? അമേരിക്ക തന്നെയല്ലേ ഇത്? ടാങ്കുകളും ബോംബുകളും ഏജന്റുമാരുമായി നമ്മുടെ അടുത്തേക്ക് വന്ന് നമ്മില്‍പ്പെട്ട ലക്ഷക്കണക്കിനാളുകളെ കൊല്ലുകയും വിഭാഗീയ യുദ്ധത്തിന്റെ വിത്തുകള്‍ നമുക്കിടയില്‍ വിതക്കുകയും, ഭരണകൂടങ്ങളെ മാറ്റുകയും, രക്തരൂക്ഷിത അരാജകത്വം വ്യാപിപ്പിക്കുകയും ചെയ്തവരല്ലേ ഇത്? മുസ്‌ലിംകളോടുള്ള സ്‌നേഹവും താല്‍പര്യവുമായിരുന്നോ ഹിലരി ക്ലിന്റനില്‍ മുറ്റിനിന്നിരുന്നത്? സിറിയയില്‍ സൈനിക ഇടപെടല്‍ നടത്തുമെന്ന് വെല്ലുവിളി മുഴക്കിയത് അവരായിരുന്നില്ലേ? ഇറാഖ് യുദ്ധത്തെയും അധിനിവേശത്തെയും ധീരമായി പിന്തുണച്ചതും അറബ് നേതാവ് ഖദ്ദാഫിയെ വധിക്കാനും അദ്ദേഹത്തിന്റെ മൃതദേഹത്തോട് പോലും അനാദരവ് കാണിക്കാനും പ്രേരിപ്പിച്ചത് അവരായിരുന്നില്ലേ?

ആഭ്യന്തരവും വൈദേശികവുമായ വിഷയങ്ങളില്‍ ഇരു സ്ഥാനാര്‍ഥികള്‍ക്കുമിടയില്‍ ഒരുപക്ഷേ വ്യത്യാസങ്ങളുണ്ടായേക്കാം. എന്നാല്‍ അറബികളോടും മുസ്‌ലിംകളോടുമുള്ള വെറുപ്പില്‍ ഇരുവര്‍ക്കും ഏകസ്വരമാണ്. സത്ത ഒന്നു തന്നെയായിരുന്നെങ്കിലും അത് പ്രകടിപ്പിക്കുന്ന രീതിയില്‍ മാത്രമാണ് വ്യത്യാസമുണ്ടായിരുന്നത്.

ഇന്ന് ട്രംപ് വൈറ്റ്ഹൗസിന്റെ നടുത്തളത്തിലെത്തിയിരിക്കുന്നു. അദ്ദേഹത്തെ പ്രസിഡന്റായി അംഗീകരിക്കാന്‍ എല്ലാവരും നിര്‍ബന്ധിതരുമായിരിക്കുന്നു. പെരുമാറ്റത്തിലും നിലപാടുകളിലും ഒരുപാട് മാറ്റം വരുത്താന്‍ അദ്ദേഹം നിര്‍ബന്ധിതനാവുമെന്ന് ഉറപ്പാണ്. അല്ലാത്ത പക്ഷം അദ്ദേഹം കൊല്ലപ്പെടും, ഭരണ സംവിധാനത്തെ പ്രകോപിപ്പിച്ച മുന്‍ പ്രസിഡന്റുമാരെ പോലെ. ഇറാന്‍ ആണവ ഉടമ്പടയിലെ ചില വ്യവസ്ഥകള്‍ റദ്ദാക്കുമെന്ന അദ്ദേഹത്തിന്റെ ഭീഷണി ഒരുപക്ഷേ ഷെല്‍ഫില്‍ തന്നെ വെക്കേണ്ടി വരും. കാരണം ലോകത്തെ അഞ്ച് വന്‍ശക്തികളും ഒപ്പം ജര്‍മനിയും ചേര്‍ന്നാണ് ഇറാനുമായി ഉടമ്പടിയുണ്ടാക്കിയിരിക്കുന്നത്.

ട്രംപിനെ ബുദ്ധിശൂന്യനും ഭ്രാന്തനുമായി വിശേഷിപ്പിച്ച് മാധ്യമ സംവിധാനങ്ങള്‍ അദ്ദേഹത്തെ കുറിച്ച ഒരു വാര്‍പ്പുമാതൃക തീര്‍ത്തിട്ടുണ്ട്. ഒരു വന്‍രാജ്യത്തിന്റേത് പോയിട്ട് ഒരു ചെറിയ രാജ്യത്തിന്റെ പ്രസിഡന്റാവാനുള്ള യോഗ്യത അദ്ദേഹത്തിനില്ലെന്നാണ് അവ പറയുന്നത്. അവ ഉണ്ടാക്കിയെടുത്ത ചിത്രം ഏറ്റുപിടിക്കുന്നവരോട് എനിക്ക് യോജിപ്പില്ല. അവര്‍ പറയുന്ന പോലെ തന്നെയാണ് വസ്തുത എങ്കിലും സ്വതന്ത്രവും സുതാര്യവുമായ നടന്ന തെരെഞ്ഞെടുപ്പില്‍ മുപ്പത് കോടിയോളം അമേരിക്കക്കാരുടെ വോട്ടുനേടി വിജയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു.

റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിനോടുള്ള ട്രംപിന്റെ ആദരവ് ഒരു കുറ്റമോ കുറവോ അല്ല. ഗ്ലാസിന്റെ നിറഞ്ഞ പകുതി എന്താണ് നാം കാണാത്തത്? എന്തുകൊണ്ട് നമുക്കതിനെ പോസിറ്റീവായി വായിച്ചുകൂടാ? നിലവില്‍ കത്തിനില്‍ക്കുന്ന പല വിഷയങ്ങളിലും രണ്ട് വന്‍ശക്തികളുടെ സഹകരണം ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള സാധ്യത നമുക്കതില്‍ കണ്ടുകൂടേ? മിഡിലീസ്റ്റിലെ യുദ്ധങ്ങള്‍ തന്നെയാണ് അതില്‍ പ്രധാനം. രണ്ട് വന്‍രാഷ്ട്രങ്ങളുടെ പ്രസിഡന്റുമാര്‍ എപ്പോഴും ശീതയുദ്ധത്തിലും പരസ്പര ശത്രുതയിലും ആയിരിക്കേണ്ടത് അനിവാര്യതയാണോ? അവര്‍ക്കിടയിലെ ഏത് യുദ്ധവും നമ്മുടെ മണ്ണിലായിരിക്കുമെന്നതും അതിന്റെ ഇരകള്‍ നമ്മുടെ നാട്ടുകാരും മക്കളും ആയിരിക്കുമെന്നതും നാം മറന്നു പോയോ?

അമേരിക്കന്‍ എംബസി കിഴക്കന്‍ ഖുദ്‌സിലേക്ക് മാറ്റുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്. ആ വലിയ ദുരന്തത്തെ ചൊല്ലി നാം വിലപിക്കാന്‍ തുടങ്ങി. അതാണല്ലോ നമ്മുടെ രീതി. എന്നാല്‍ നാം എന്താണ് അതിന് വേണ്ടി ചെയ്തിട്ടുള്ളത്? ഇസ്‌ലാമിക സമൂഹത്തിന്റെ നിലവിലുള്ള ദാരുണമായ അവസ്ഥയില്‍ അത് തടയാനുള്ള ശക്തിയും മാര്‍ഗവും നമ്മുടെ പക്കലുണ്ടോ? ഖുദ്‌സിലെ അധിനിവേശവും അവിടത്തെ കയ്യേറ്റങ്ങളും ജൂതവല്‍കരണവും നാം തടഞ്ഞിട്ടുണ്ടോ? അതിന്റെ അറബ് ഇസ്‌ലാമിക സ്വത്വം കാത്തുസൂക്ഷിക്കാന്‍ രക്തവും ജീവനും സമര്‍പ്പിക്കുന്ന അധിനിവേശ മണ്ണിലെ ഫലസ്തീന്‍ വളന്റിയര്‍മാരെ സംരക്ഷിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നോ?

മുസ്‌ലിംകള്‍ക്ക് അമേരിക്കയില്‍ പ്രവേശനം അനുവദിക്കില്ലെന്നുള്ള ട്രംപിന്റെ ഭീഷണിയാണ് മറ്റൊരു വിഷയം. നിന്ദ്യവും നീചവുമായ വംശീയതയാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. എന്നാല്‍ സിറിയയിലെയും ഇറാഖിലെയും അഭയാര്‍ഥികള്‍ക്ക് മുമ്പില്‍ അറബ് നാടുകളും ഗള്‍ഫുനാടുകളും തങ്ങളുടെ വാതിലുകള്‍ തുറന്നുവെച്ചിട്ടുണ്ടോ എന്ന് ചോദിക്കാനുള്ള അവകാശം നമുക്കുണ്ട്. അവരുടെ ദുരന്തത്തിന്റെ പ്രധാന ഉത്തരവാദികള്‍ അവരാണല്ലോ. സിറിയയില്‍ ഭരണകൂടത്തെ താഴെയിറക്കാന്‍ കോടിക്കണക്കിന് ഡോളര്‍ ഒഴുക്കിയതും ഇറാഖ് യുദ്ധത്തെയും അതിന് മേലുള്ള ഉപരോധത്തെയും ഭരണമാറ്റത്തെയും പിന്തുണച്ചതും അവരായിരുന്നല്ലോ.

അമ്പതില്‍ പരം വരുന്ന ഇസ്‌ലാമിക രാജ്യങ്ങളില്‍ അമേരിക്കക്കാര്‍ക്ക് പ്രവേശനം വിലക്കി എന്തുകൊണ്ട് ഒരു തിരിച്ചടി നല്‍കിക്കൂടാ? അതുമല്ല, മുസ്‌ലിംകള്‍ എന്തിനാണ് അമേരിക്കയിലേക്ക് തന്നെ പോകുന്നത്? മറ്റ് എത്രയോ രാഷ്ട്രങ്ങളുണ്ടല്ലോ. സന്ദര്‍ശകനായിട്ടോ അഭയാര്‍ഥിയായിട്ടോ അമേരിക്കന്‍ മണ്ണില്‍ കാലുകുത്താന്‍ കഴിയാത്തതിന്റെ നിരാശ കാരണം മുസ്‌ലിംകള്‍ മരിച്ചുപോകുമെന്ന വിശ്വാസമൊന്നും എനിക്കില്ല. സമ്പത്ത് മുഴുവന്‍ ഊറ്റിയെടുത്ത് അമേരിക്കന്‍ ബാങ്കുകളില്‍ നിക്ഷേപിച്ച അഴിമതിക്കാരായ ഭരണാധികാരികളുടെ കണ്ണുതുറപ്പിക്കുന്നതായിരിക്കണം ആ മറുപടി. സാമൂഹ്യനീതിയിലും സമത്വത്തിലും രാഷ്ട്രീയവും സാമ്പത്തികവുമായ സംസ്‌കരണത്തിലും അധിഷ്ഠിതമായ സല്‍ഭരണം കാഴ്ച്ചവെക്കുന്നതിന് വേണ്ടിയുള്ളതാവണം അത്.

പ്രസിഡന്റ് ട്രംപിനെ പിന്തുണക്കുന്ന ഒരാളല്ല ഞാന്‍. ഏതൊരു അമേരിക്കന്‍ പ്രസിഡന്റിന്റെ കാര്യത്തിലുമെന്ന പോലെ അദ്ദേഹത്തിന്റെയും അനുയായിയാവാന്‍ നമുക്ക് സാധിക്കുകയുമില്ല. കാരണം, നാമനുഭവിക്കുന്ന മിക്ക പ്രയാസങ്ങളുടെയും കാരണം അമേരിക്കയും അവരുമായി സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്ന അറബ് ഭരണാധികാരികളുമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ അമേരിക്കന്‍ തെരെഞ്ഞെടുപ്പിനെ സംബന്ധിച്ച വേറിട്ട വായന നടത്താനാണ് ഞാനുദ്ദേശിച്ചത്. അറബികളും മുസ്‌ലിംകളും എന്ന നിലക്ക് നമ്മുടെ പ്രഥമവും പ്രധാനവുമായ അവലംബം നാം തന്നെയായിരിക്കണം.

അമേരിക്ക മാറിക്കൊണ്ടിരിക്കുകയാണ്. ആ മാറ്റത്തിന്റെ തുടക്കമാണ് ട്രംപ് വൈറ്റ്ഹൗസിലെത്തുന്നത്. നമ്മളും മാറേണ്ടത് അനിവാര്യമാണെന്നാണ് ബുദ്ധി പറയുന്നത്. തെറ്റുകളില്‍ നിന്ന് നാം പാഠം പഠിക്കേണ്ടതുണ്ട്. നമുക്ക് മേല്‍ ‘ജിസ്‌യ’ (കരം) ചുമത്താനും നമ്മുടെ അവശേഷിക്കുന്ന സമ്പത്ത് കൂടി കവര്‍ന്നെടുക്കാനും ഉദ്ദേശിക്കുന്ന അമേരിക്കയോടുള്ള വിധേയത്വ മനോഭാവത്തില്‍ നിന്ന് നാം മോചനം നേടേണ്ടതുണ്ട്.

വിവ: നസീഫ്

Related Articles