Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ഷ്യന്‍ വിപ്ലവം വിജയമര്‍ഹിക്കുന്നു

ഈജിപ്ഷ്യന്‍ വിപ്ലവം അതിന്റെ എല്ലാ ലക്ഷ്യങ്ങളും പൂര്‍ത്തീകരിച്ചില്ല എന്നത് നാം അംഗീകരിക്കുന്നു. എന്നാലും ബഹുഭൂരിപക്ഷം വരുന്ന ഈജിപ്ഷ്യന്‍ ഏകോപിച്ച മുഖ്യലക്ഷ്യം പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നുവെന്നാണ് നാം കരുതുന്നത്. ഈജിപ്തിന്റെ പവിത്രത കളങ്കപ്പെടുത്തിയ, നാല്‍പത് വര്‍ഷത്തോളം അതിനെ അടിച്ചമര്‍ത്തിയ, അമേരിക്കയും ഇസ്രായേലും പോലുള്ള വൈദേശിക ശക്തികളുടെ ആസൂത്രണത്തിന് രാഷ്ട്രത്തെ പണയപ്പെടുത്തിയ അക്രമഭരണവ്യവസ്ഥയെ തുടച്ച്‌നീക്കിയെന്നതാണ് അത്.

ഈജിപ്തില്‍ പ്രശ്‌നങ്ങളുണ്ടെന്നത് നേര് തന്നെയാണ്. ഉദാരവാദികള്‍ക്കും ഇസ്‌ലാമിസ്റ്റുകള്‍ക്കുമിടിയില്‍ ശക്തമായ വിയോജിപ്പുകളുണ്ടെന്നതും ശരിയാണ്. പക്ഷെ അതൊന്നും തന്നെ വിപ്ലവത്തിന്റെ പ്രാധാന്യത്തെ കുറക്കാനോ, ഈജിപ്ഷ്യന്‍ ജനതയുടെ മോചനമെന്ന വലിയ നേട്ടത്തെ നിസ്സാരമാക്കാനോ പര്യാപ്തമല്ല.
തങ്ങളുടെ വിപ്ലവവിജയത്തിന്റെ രണ്ടാം വര്‍ഷം ആഘോഷിക്കാന്‍ ലക്ഷക്കണക്കിന് വിപ്ലവകാരികള്‍ ഈജിപ്തിന്റെ തെരുവുകളില്‍ ഇറങ്ങണമെന്നായിരുന്നു നമ്മുടെ ആഗ്രഹം. അവര്‍ പരസ്പരം ആശംസകള്‍ കൈമാറുകയും, ആശ്ലേഷിക്കുകയും, പാട്ട്പാടി നൃത്തം ചെയ്യുകയും വേണമായിരുന്നു. പക്ഷെ വിപ്ലവത്തിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, ഇപ്പോള്‍ സ്വാതന്ത്രചത്വരത്തില്‍ ഒരുമിച്ച് കൂടിയിരിക്കുന്നത് ഭരണപ്രതിപക്ഷവും, ഇസ്‌ലാമിക രാഷ്ട്രത്തെയും അധികാരത്തിലേറിയ ഇഖ്‌വാനെയും എതിര്‍ക്കുന്നവരുമാണ്.

ജനാധിപത്യം എന്നത് സ്വേഛാധിപത്യം എന്നതിന്റെ വിപരീതമാണ്. അത് രാഷ്ട്രീയ വൈവിധ്യത്തെത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും മൂര്‍ത്തീഭാവമാണ്. അതോടൊപ്പം തന്നെ പോളിംഗ് ബൂത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ജനങ്ങളുടെ ഭരണത്തെ അത് മാനിക്കുകയും ചെയ്യുന്നു.

റോഡിലും നിരത്തിലുമിറങ്ങാനും ഭരണകൂടത്തെ എതിര്‍ക്കാനും, അതിന്റെ പരാജയങ്ങളെ നിരൂപിക്കാനും, രൂപപ്പെടുമെന്ന് അവര്‍ ആശങ്കിക്കുന്ന ഇസ്‌ലാമിക രാഷ്ട്രത്തെക്കുറിച്ച തങ്ങളുടെ ഭയം പ്രകടിപ്പിക്കാനുമുള്ള അവകാശം ഈജിപ്ഷ്യന്‍ പ്രതിപക്ഷത്തിനുണ്ടെന്നത് ശരി തന്നെയാണ്. പക്ഷെ അവയെല്ലാം സംഘട്ടനത്തില്‍ നിന്നും, സുരക്ഷ താളംതെറ്റിക്കുന്നതില്‍ നിന്നും, പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ നിന്നും കൃത്യമായ അകലം പാലിച്ചായിരിക്കണമെന്ന് മാത്രം.

നിലവിലുള്ള ഇടക്കാല ഭരണകാലത്ത് ചില വീഴ്ചകള്‍ ഭരണകൂടത്തിന് സംഭവിച്ചിട്ടുണ്ട് എന്നതില്‍ നാം തര്‍ക്കിക്കേണ്ടതില്ല. അധികാരത്തിലേറിയ ഇസ്‌ലാമിക രാഷ്ട്രീയധാരക്ക് ഇതര വിഭാഗങ്ങളുമായി ശക്തമായ ബന്ധം ഊട്ടിയുറപ്പിക്കാന്‍ സാധിച്ചില്ലെന്നതാണ് അവയിലൊന്ന്. വിപ്ലവത്തെ പരാജയപ്പെടുത്താനും, ശിഥിലമാക്കാനുമുള്ള എല്ലാ ശ്രമങ്ങളെയും അകറ്റി നിര്‍ത്താനും സാധിക്കേണ്ടിയിരുന്നു. ഉദാഹരണമായി പുതിയ ഈജിപ്തിന് വേണ്ടി തയ്യാറാക്കിയ ഭരണഘടനയുടെ പ്രഖ്യാപനം താല്‍ക്കാലികമായി നീട്ടിവെക്കാന്‍ സാധിക്കുന്നവയായിരുന്നു.

ഈജിപ്ത് ഭയപ്പെട്ട് കൊണ്ടിരിക്കുന്ന നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി വിപ്ലവത്തിന്റെ സന്തതിയൊന്നുമല്ല. അതിന്റെ ഉത്തരവാദിത്തം നിലവിലുള്ള ഭരണകൂടത്തിന് മാത്രമല്ല. പക്ഷെ എങ്കില്‍ പോലും ഈജിപ്ത് അതിന്റെ സുസ്ഥിരതക്ക് പോറലേല്‍പിക്കുന്ന രാഷ്ട്രീയ വിഭജനത്തിലാണ് ഇന്നുള്ളത്. ഇതിന് മുന്നില്‍ സമര്‍പിക്കപ്പെടുന്ന ഏതൊരു പരിഹാരവും ഫലം കാണാന്‍ കുറച്ച് സമയമെടുത്തേക്കും.
 
അമേരിക്ക നേതൃത്വം നല്‍കുന്ന പാശ്ചാത്യന്‍ മുതലാളിത്ത രാഷ്ട്രങ്ങളും നിലവില്‍ ശക്തമായ സാമ്പത്തിക പ്രതിസന്ധി അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഗ്രീസ്, അയര്‍ലണ്ട് തുടങ്ങിയവ പരാജയം സമ്മതിച്ച് കഴിഞ്ഞു. ഫ്രാന്‍സും, ഇറ്റലിയും,  പോര്‍ച്ചുഗലും ചക്രശ്വാസം വലിച്ച് കൊണ്ടേയിരിക്കുകയാണ്. ഇവയെല്ലാം പുരാതന ജനാധിപത്യ രാഷ്ട്രങ്ങളാണ്. അവിടെയൊന്നും ആഭ്യന്തര രാഷ്ട്രീയ ശൈഥില്യമോ, പിളര്‍പ്പോ ഇല്ല.

ഇഖ്‌വാന്റെ ഭരണത്തിനുള്ള ഒഴിവുകഴിവുകള്‍ നിരത്തുകയോ, പരിചയക്കുറവ് പ്രതിഫലിക്കുന്ന അവരുടെ പരാജിത രാഷ്ട്രീയനയങ്ങളെ ന്യായീകരിക്കുകയോ അല്ല ഞാന്‍. മറിച്ച്, വിഷയ സംബന്ധിയായ വിശദീകരണം നല്‍കുകയും വൈജ്ഞാനിക തുലനം നടത്തുകയുമാണ് ഞാന്‍ ചെയ്യുന്നത്. അത് മുഖേന ഒരു പക്ഷെ ഈജിപ്തില്‍ നടക്കുന്ന സംഭവവികാസങ്ങളെ ശരിയായി സമീപിക്കാന്‍ ജനങ്ങള്‍ക്ക് സാധിച്ചേക്കും.

ഈജിപ്ഷ്യന്‍ പൗണ്ടിന്റെ മൂല്യം തകര്‍ന്ന് കൊണ്ടേയിരിക്കുന്നു. വിലക്കയറ്റം അസഹ്യമായ വിധത്തില്‍ നടന്ന് കൊണ്ടിരിക്കുന്നു. ബജറ്റിലെ കുറവ് ഭീമമായ വിധത്തില്‍ പ്രകടമായിരിക്കുന്നു. ഇവയെല്ലാം നേരിടുന്നതിനുള്ള മുഖ്യപടി രാഷ്ട്രത്തിന്റെ അഖണ്ഡത വീണ്ടെടുക്കുക തന്നെയാണ്. ഈജിപ്തിന്റെ സാമ്പത്തിക സംസ്‌കരണം അത്ര എളുപ്പത്തില്‍ സാധ്യമാവുന്ന ഒന്നല്ല. സുരക്ഷാ വിഭാഗങ്ങളുടെ പുനര്‍സ്ഥാപനത്തിന് തന്നെ സമയമെടുക്കും. എന്നല്ല, മുന്‍ഭരണകൂടം ഇട്ടേച്ച് പോയിരിക്കുന്നത് ചുമക്കാന്‍ വയ്യാത്ത ഭാരമാണ്.

റെയില്‍വെ സ്റ്റേഷനുകള്‍ തകര്‍ത്തതും, കെട്ടിടങ്ങള്‍ നശിപ്പിച്ചതും വേദനാജനകമായ കാഴ്ചയായിരുന്നു. പൊതുസേവനത്തിനാവശ്യമായ സുരക്ഷാസംവിധാനമോ, നല്ല ഭരണമോ ഇല്ലായെന്ന് കുറിക്കുന്നതായിരുന്നു അതുപോലുള്ള എല്ലാ സംഭവങ്ങളും. ഈ സംഘട്ടനങ്ങളും, നിരപരാധികളുടെ രക്തവും നിലവിലുള്ളതും, വരാനിരിക്കുന്നതുമായ ഭരണകൂടത്തിന് മുന്നിലെ അപകടമണികളായിരുന്നു. തങ്ങളുടെ മുന്‍ഗണനാക്രമങ്ങള്‍ പുനപരിശോധിച്ച് ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നതാണ് അവ നല്‍കുന്ന സന്ദേശം.

പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന്റെ പടിവാതിലിലാണ് ഈജിപ്ത് ഇപ്പോഴുള്ളത്. വളരെ സുതാര്യതയോടും, ആരോഗ്യകരമായ മല്‍സരത്തോടും കൂടി അത് പൂര്‍ത്തിയാവുമെന്നാണ് നമ്മുടെ പ്രതീക്ഷ. ഇത് ഈജിപ്ഷ്യന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മാറ്റ് നോക്കുന്ന തെരഞ്ഞെടുപ്പാണ്. അതിനാല്‍ തന്നെ പോളിംഗ് ബൂത്ത് പ്രഖ്യാപിക്കുന്ന തീരുമാനം എല്ലാവരും അംഗീകരിച്ചേ മതിയാവൂ.

ഈജിപ്ഷ്യന്‍ പ്രതിപക്ഷം തങ്ങളുടെ ശക്തി തെളിയിച്ച് കഴിഞ്ഞിരിക്കുന്നു. ഒടുവില്‍ നടന്ന ഭരണഘടനാ ഹിതപരിശോധനയില്‍ മൂന്നിലൊന്ന് വോട്ടുകള്‍ അവര്‍ നേടിയിരിക്കുന്നു. പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിക്കാന്‍ അവര്‍ രംഗത്തിറങ്ങുമെന്നതില്‍ സംശയമില്ല. നന്നായി തയ്യാറെടുക്കുന്ന പക്ഷം അവര്‍ക്കതിന് സാധിക്കുകയും ചെയ്യും.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles